റഫാൽ: സി.എ.ജി കണ്ടതും കാണേണ്ടിയിരുന്നതും
text_fieldsറഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച കംട്രോളർ-ഒാഡിറ്റർ ജനറലിെൻറ (സി.എ.ജി) റിപ്പോർട്ട് പ്രത്യക്ഷത്തിൽ കേന്ദ ്ര സർക്കാറിനെ ഭാഗികമായെങ്കിലും പിന്തുണക്കുന്നതാണെന്നു പറയാം. കരാറിനെതിരായ ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാ യിരുന്നു യു.പി.എ ഒപ്പുവെച്ച കരാറിനേക്കാൾ കൂടിയ വിലയാണ് ഇതിലെന്നത്. എന്നാൽ, മുൻ കരാറിേനക്കാൾ 2.86 ശതമാനം കുറവാ ണ് എൻ.ഡി.എ കരാറിലെന്ന് സി.എ.ജി റിപ്പോർട്ട് മൊത്തമായി പറയുന്നു.
അതേസമയം, സംശയങ്ങളും ആരോപണങ്ങളും ദൂരീകര ിക്കാൻ ഇൗ റിപ്പോർട്ട് മതിയാകുമെന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പിന് മുമ്പത്തെ അവസാനത്തെ പാർലമെൻറ് സമ്മ േളനത്തിൽ റിപ്പോർട്ടവതരണം അവസാന ദിവസത്തേക്ക് നീട്ടുകയായിരുന്നു. റിപ്പോർട്ടിന്മേൽ ചർച്ചക്ക് അവസരമുണ്ടായില്ല. അത് ഇപ്പോഴത്തെ പാർലമെൻറിെൻറ സമിതികൾ ഇനി പരിശോധിക്കുകയുമില്ല. സംശയങ്ങൾ ബാക്കിയാകാൻ ഇതുതന്നെ ഒരു കാരണമാണ്. വ്യോമസേനയുടെ ആസ്തിസമ്പാദനം സംബന്ധിച്ച നടപടിക്രമം ഒാഡിറ്റ് ചെയ്തതിെൻറ റിപ്പോർട്ടിൽ പകുതിയും റഫാൽ ഇടപാടിനെപ്പറ്റിയാണെങ്കിലും അതിനെപ്പറ്റി പ്രത്യേകമായി ഉയർന്ന ആരോപണങ്ങൾ വേർതിരിച്ച് പരിശോധിക്കുക സി.എ.ജിയുടെ വിഷയമായിരുന്നില്ല. തന്നെയുമല്ല, വിലവിവരങ്ങളൊന്നും പരിശോധിച്ചിട്ടില്ലതാനും.
വില രഹസ്യമാക്കിവെച്ചതിൽ സർക്കാറിനുള്ള ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സൈനിക രഹസ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പരിശോധന എത്താത്തത് മനസ്സിലാക്കാം. പക്ഷേ, ഇടപാടിലെ വാണിജ്യ വശങ്ങൾ പരിശോധിക്കാതെ റിപ്പോർെട്ടങ്ങനെ പൂർണമാകും? വിലവിവരം പരിശോധിക്കാതെ 2.86 ശതമാനം ചെലവു കുറവെന്ന നിഗമനം എങ്ങനെ വിശ്വസനീയമാകും? ഒമ്പതു ശതമാനം ചെലവുകുറവെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവകാശപ്പെട്ടിരുന്നു. അത് തെറ്റാണെന്നും സത്യത്തിൽനിന്ന് ഏറെ അകലെയാണെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ഇന്ത്യക്കുവേണ്ടി വരുത്തിയ പരിഷ്കരണങ്ങളുടെ (െഎ.എസ്.ഇ) പേരിൽ വൻ തുക ദസോ കമ്പനി ഇൗടാക്കുന്നു. ഇൗ പരിഷ്കരണങ്ങൾ മിക്കതും ‘ആവശ്യമില്ലാത്ത’താണെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പുതിയ കരാറിൽ ബാങ്ക് ഗാരൻറി ഇല്ലെന്നത് സാരമായ വീഴ്ചയാണ്. മുൻകരാറിൽ ഉണ്ടായിരുന്ന ഇത് ഒഴിവായതുമൂലം ദസോ കമ്പനി വലിയ നേട്ടമുണ്ടാക്കി എന്നുപറയുന്ന സി.എ.ജി ആ തുക എത്രയാകാമെന്ന് സൂചിപ്പിക്കുന്നില്ല. എന്നാൽ, ഇന്ത്യൻ സംഘം തയാറാക്കിയ ഒരു കുറിപ്പ് ‘ഹിന്ദു’പത്രം പുറത്തുവിട്ടിട്ടുണ്ട്. അതു പ്രകാരം 57.4 കോടി യൂറോയുടെ ചേതമാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുേമ്പാൾ പുതിയ കരാർ ഫലത്തിൽ ചെലവേറിയതാണെന്നുവരും. ഇക്കാര്യം സി.എ.ജി എന്തുകൊണ്ട് കണക്കിലെടുത്തില്ല എന്ന് വ്യക്തമല്ല. 2.86 ശതമാനം ചെലവുകുറഞ്ഞെന്ന കണക്ക്, ഫ്രാൻസുമായി ചർച്ചനടത്തിയ വിദഗ്ധ സംഘത്തിലെ മൂന്നു പേർ അംഗീകരിക്കുന്നില്ല.
സി.എ.ജി പരിഗണിക്കാതെ വിട്ട വിഷയങ്ങളിലാണ് അഴിമതിയുടെ പഴുതുകൾ ഏറെയുള്ളത്. വിലയുടെ കാര്യം അത്തരമൊന്നാണ്. അതുപോലെ, വ്യോമസേനക്ക് വിമാനങ്ങൾ ആവശ്യമുണ്ടായിരിക്കെത്തന്നെ വാങ്ങുന്നതിെൻറ എണ്ണം ആദ്യ കരാറിലെ 126ൽനിന്ന് 36 ആക്കി ചുരുക്കിയതിെൻറ യുക്തി പരിശോധിച്ചിട്ടില്ല. 126 വിമാനങ്ങൾക്കായി സജ്ജീകരിക്കേണ്ട പടക്കോപ്പുകൾ 36ലേക്ക് ക്രമീകരിച്ചപ്പോൾ ദസോ കമ്പനിയാവണം ലാഭമുണ്ടാക്കിയത്. ഇതും പഠനവിഷയമായില്ല. പലതും കണക്കിലെടുക്കാതെയാണ് സി.എ.ജി ‘വിലക്കുറവെ’ന്ന അനുമാനത്തിലെത്തിയതെങ്കിൽ വിമാനം നിർമിച്ചു കിട്ടാനെടുക്കുന്ന സമയം കുറഞ്ഞെന്ന അവകാശവാദത്തിൽ സി.എ.ജിക്കുതന്നെ സംശയമുണ്ട്. യു.പി.എ ഒപ്പുവെച്ച കരാറനുസരിച്ച് 36 വിമാനം എത്തിക്കാൻ 72 മാസമാണ് ദസോ ചോദിച്ചിരുന്നത്. ഇപ്പോഴത്തെ കരാറിൽ 67 മാസം മതി എന്നാണ് പറയുന്നത്. വ്യോമസേനക്ക് അടിയന്തരാവശ്യമുണ്ടെന്നിരിക്കെ, കരാർ മാറ്റുക വഴി വന്ന കാലവിളംബം മാത്രമല്ല ഇവിടെ പ്രശ്നം. കരാർ 67 മാസമെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാകില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ദസോ കമ്പനി പലർക്കുമായി ഏറ്റ 83 വിമാനങ്ങൾ ഇനിയും നിർമിക്കാൻ ബാക്കിയാണത്രെ. ഉൽപാദിപ്പിക്കുന്നതാകെട്ട വർഷം 11 എന്ന തോതിലും. കൊടുക്കാൻ ബാക്കിയുള്ള വിമാനങ്ങളുണ്ടാക്കാൻതന്നെ വേണം ഏഴു വർഷം. ഇൗ അവസ്ഥയിലാണ് മുൻ കരാറിനെക്കാൾ അഞ്ചു മാസം നേരത്തെ വിമാനമെത്തുമെന്ന് സർക്കാർ വാദിക്കുന്നത്. കമ്പനി വീഴ്ചവരുത്തിയാലോ, ആർബിട്രേഷൻ മാത്രമാണ് പരിഹാരമാർഗം. പരിഹാരം ഉണ്ടായെങ്കിലായി -അത്രതന്നെ.
റഫാൽ കരാറിലെ വിവാദ വിഷയങ്ങൾ ഏറെയും അന്വേഷിക്കപ്പെടാതെ കിടക്കുന്നു. കരാറിെൻറ നടപടിക്രമങ്ങൾ, അംബാനിയുടെ റിലയൻസിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചതിലെ യുക്തി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) ഒഴിവാക്കിയതിലെ യുക്തി, പ്രധാനമന്ത്രിയുടെ ഒാഫിസ് നേരിട്ടിടപെട്ടതായും സമാന്തര കൂടിയാലോചന നടത്തിയതായുമുള്ള ആരോപണങ്ങളുെട നിജഃസ്ഥിതി, കരാർ തീരുമാനിച്ച നടപടിക്രമങ്ങളുടെ സുതാര്യത, വിലവിവരം രഹസ്യമാക്കിയതിെൻറ ന്യായം തുടങ്ങി ഒട്ടനേകം കാര്യങ്ങൾ ഇന്നും നിഗൂഢമാണ്. പാർലമെൻററി സമിതിയോ ജുഡീഷ്യൽ സമിതിയോ പരിശോധിക്കേണ്ട വിഷയങ്ങളാണിവ.
ബാങ്ക് ഗാരൻറി വേണ്ടെന്നു വെച്ചതുവഴി ദസോക്ക് കിട്ടിയ മെച്ചം അവർക്കുള്ള പ്രത്യുപകാരമായിരുന്നോ? സി.എ.ജി റിപ്പോർട്ട് കണ്ടതായി രണ്ടു മാസം മുമ്പ് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചത് ആര്, എന്തിന്? ഡിസംബറിൽ സർക്കാറിന് ഹിതകരമായ വിധി കോടതി പുറപ്പെടുവിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നിരിക്കെ, ഉത്തരവാദികൾ ആരാണ്? ഇതുതന്നെ ഒരു ജുഡീഷ്യൽ പരിശോധന തേടുന്ന വിഷയമാണ്. ഗുരുതരമായ ഇൗ കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പിനുമുമ്പ് അന്വേഷിക്കപ്പെടില്ലെന്ന് തീർച്ചയായിരിക്കുന്നു. കാര്യങ്ങൾ അത്ര തെളിയേണ്ട എന്ന് ആർക്കൊക്കെയോ നിർബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.