ചോദ്യങ്ങൾ ഉയർത്തുന്ന കോടതി വിധി
text_fieldsരാഷ്ട്രീയ, നിയമ മേഖലകളിൽ ഗൗരവമുള്ള ധ്വനികൾ ഉൾക്കൊള്ളുന്നതാണ് രാഹുൽ ഗാന്ധിയുടെ ഹരജി തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈകോടതി നൽകിയ വിധി. അപകീർത്തിക്കേസിൽ തന്നെ കുറ്റക്കാരനെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെ തീർപ്പ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഹൈകോടതി നിരസിച്ചതോടെ അദ്ദേഹത്തിന്റെ എം.പി സ്ഥാന അയോഗ്യത തുടരുമെന്നുകൂടി ഉറപ്പായി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതി തീർപ്പിൽ അപാകതകളും നിയമപരമായ സന്ദിഗ്ധതകളും ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. മജിസ്ട്രേറ്റ് കോടതിയുടെ വിധിക്ക് പിറകെ, അതിനെ ശരിവെച്ചും സ്വന്തമായി അധിക നിരീക്ഷണങ്ങൾ നടത്തിയും ഇപ്പോൾ ഹൈകോടതി നൽകിയ വിധിയും കുറെ ചോദ്യങ്ങൾ, അതിലെ നിയമപരമായ ഔചിത്യത്തെക്കുറിച്ചും നീതിനിർവഹണത്തെക്കുറിച്ചും ഉയർത്തുന്നുണ്ട്. 2019ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കവെ ‘മോഷ്ടാക്കൾക്കെല്ലാം മോദി എന്ന് പേരുവന്നതെങ്ങനെ’ എന്ന് രാഹുൽ പറഞ്ഞതാണ് കേസിന് ആധാരം. ബി.ജെ.പിക്കാരനായ ഗുജറാത്തിലെ എം.എൽ.എ പൂർണേശ് മോദി, ഇത് എല്ലാ മോദിമാർക്കും അപകീർത്തിയുണ്ടാക്കിയതായി പരാതി നൽകി. കഴിഞ്ഞ മാർച്ചിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിനെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയും രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ ജില്ല കോടതിയെയും ഹൈകോടതിയെയും രാഹുൽ സമീപിച്ചെങ്കിലും രണ്ടിടത്തും അപ്പീൽ തള്ളി. രാഹുലിന് ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ തീർപ്പ് ന്യായയുക്തവും നിയമാനുസൃതവുമാണെന്ന് ഹൈകോടതി ജഡ്ജി ഹേമന്ത് പ്രഛക് പറഞ്ഞു. ശിക്ഷ ചോദ്യം ചെയ്തുള്ള രാഹുലിന്റെ വാദഗതികൾ അടിസ്ഥാനമില്ലാത്തതാണ്. അന്തസ്സ് എന്ന മൗലികാവകാശത്തെ ഹനിക്കുന്ന കൃത്യമാണ് അപകീർത്തി. അത് രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന ഒരാളിൽനിന്നുണ്ടാകുമ്പോൾ ഗുരുതര കുറ്റമാണ് - ഹൈകോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ പോകുന്നു.
പരാതിക്കാരന് അപകീർത്തിയുണ്ടാകാൻ പോന്ന പരാമർശമാണോ രാഹുലിൽനിന്നുണ്ടായത് എന്ന മർമപ്രധാനമായ കാര്യത്തിൽ കോടതി തീർപ്പ് ന്യായയുക്തമല്ല എന്നതാണ് എതിർഭാഗത്തിന്റെ പ്രധാനവാദം. പ്രധാനമന്ത്രിയെയോ സർക്കാറിനെയോ വിമർശിക്കുന്നത് രാജ്യദ്രോഹമോ അപകീർത്തിയോ ആയി കാണാനാവില്ല എന്ന് കോടതികൾ തന്നെ പലകുറി നിരീക്ഷിച്ചിട്ടുള്ളതാണ്. ഇവിടെ രാഹുലിന്റെ പരാമർശത്തിന്റെ സന്ദർഭം പ്രധാനമാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ രൂപത്തിൽ മോദി ഭരണത്തെ ബാധിച്ച അഴിമതിയായിരുന്നു പ്രസംഗവിഷയം. അഴിമതിക്കാരെയും അവർക്ക് ഒത്താശ ചെയ്യുന്ന പ്രധാനമന്ത്രിയെയും വിമർശിക്കുന്നു എന്നല്ലാതെ, മറ്റു മോദിമാരെയോ മോദി സമുദായത്തെയോ അപകീർത്തിപ്പെടുത്തുന്നതല്ല ഇതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ വാദം പക്ഷേ കോടതിക്ക് ബോധ്യപ്പെട്ടില്ല. പരാമർശം അപകീർത്തിയാണെന്ന് അംഗീകരിച്ചാൽ തന്നെ പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് അത്യസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കാൻ ആവശ്യമായ ശിക്ഷ കാലയളവ് എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം. മാത്രമല്ല ആദ്യകുറ്റത്തിനുതന്നെ പരമാവധി ശിക്ഷ നൽകുന്നതും അസാധാരണമത്രേ. ഇതിന് ന്യായമെന്നോണം ഹൈകോടതി ഒരു കാര്യം എടുത്തുപറഞ്ഞു: രാഹുലിനെതിരെ ഇത്തരം പത്ത് അപകീർത്തിക്കേസുകളുണ്ട് എന്ന്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ കേസുകൾ കൊടുക്കുന്ന ശൈലി പ്രചാരത്തിലുള്ള ഒരു നാട്ടിൽ വിചാരണ നടക്കാത്ത കേസുകളുടെ എണ്ണം കാട്ടി സ്ഥിരം കുറ്റവാളിയെന്ന ധ്വനി സൃഷ്ടിക്കുന്നത് എത്രത്തോളം ന്യായമാണ് എന്നാണ് മറുചോദ്യം.
കേസുൾപ്പെട്ട സംഭവങ്ങളുടെ ഗതിപരിണാമങ്ങളും നാൾവഴിയും ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളുമുണ്ട്. അപകീർത്തികരമെന്ന് പറയുന്ന പ്രസംഗം നടന്നത് 2019 ഏപ്രിലിലാണ് - കർണാടകയിൽ. അങ്ങ് ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂർണേശ് മോദിക്ക് അത് തന്നെ അപകീർത്തിപ്പെടുത്തലാണെന്ന് തോന്നുകയും കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു. രണ്ടുവർഷം കേസ് ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു. വിചാരണകൾക്കിടയിൽ മാസങ്ങളുടെ ഇടവേള. രാഹുലിനെ കോടതിയിലേക്ക് വിളിപ്പിക്കുന്നു; രണ്ടാം വട്ടവും വിളിപ്പിക്കണമെന്ന പൂർണേശിന്റെ അപേക്ഷ കോടതി നിരസിക്കുന്നു. തുടർന്ന് പരാതിക്കാരൻ അസാധാരണമായ ഒരു ആവശ്യമുന്നയിക്കുന്നു: കേസ് അനിശ്ചിതമായി നീട്ടിവെക്കണമെന്ന്. ഗുജറാത്ത് ഹൈകോടതി ഇത് അംഗീകരിക്കുന്നു. ഇക്കൊല്ലം ഫെബ്രുവരിയിൽ പൂർണേശ് മറ്റൊരു ആവശ്യവുമായി ഹൈകോടതിയെ സമീപിക്കുന്നു: കേസ് ഉടൻ പുനരാരംഭിക്കണമെന്ന്. അതിന് പറഞ്ഞ കാരണം ‘പുതിയ തെളിവ്’ കണ്ടെത്തി എന്നതാണെങ്കിലും ആ തെളിവ് പിന്നീട് കോടതിയിലൊന്നുമെത്തിയില്ല. കേസ് മരവിപ്പിച്ചു കിടന്ന ഇടക്കാലത്ത് മറ്റൊന്നുകൂടി സംഭവിച്ചിരുന്നു - വിചാരണ കോടതിയിലെ ജഡ്ജി മാറിയിരുന്നു. കേസ് പുനരാരംഭിക്കണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചതോടെ കേസിന് മുമ്പില്ലാത്ത വേഗമായി. 20 ദിവസത്തിനുള്ളിൽ ഏഴ് വിസ്താരം; മാർച്ച് 23ന് രാഹുലിനെ കുറ്റക്കാരനായി വിധിക്കുന്നു. പരമാവധി ശിക്ഷയും നൽകുന്നു. അതിന്റെ ബലത്തിൽ 24 മണിക്കൂറിനകം രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കുന്നു. പതിവില്ലാത്ത പലതും കണ്ട കേസിന്റെ രാഷ്ട്രീയ പരിണതി മോദി-അദാനി ബന്ധത്തെപ്പറ്റി ശക്തമായ ചോദ്യങ്ങളടക്കം ഉന്നയിച്ച പ്രതിപക്ഷത്തെ പ്രമുഖ ശബ്ദം പാർലമെന്റിൽനിന്ന് നിഷ്കാസനം ചെയ്യപ്പെട്ടു എന്നതാണ്.
സുപ്രീംകോടതിയിൽ കേസ് എത്തുന്നതോടെ വിഷയത്തിൽ അന്തിമ തീർപ്പുണ്ടാകും. അത് എന്തുതന്നെയായാലും ഒരു അപകീർത്തിക്കേസ് എന്നതിനപ്പുറം ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവയുടെ വിശ്വാസ്യതയെയും ബാധിക്കുന്ന ഒന്നായി ഇത് പൊതുചർച്ചയിൽ വന്നുകഴിഞ്ഞു. പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്നതിൽ മോദി സർക്കാർ വിജയിച്ചുകൊണ്ടിരിക്കുന്നു. ജുഡീഷ്യറിക്കുമേൽ അധികാര സ്വാധീനങ്ങളുടെ കരിനിഴൽ വീണുകൊണ്ടിരിക്കുന്നു. ജഡ്ജി നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും കൈകടത്താനുള്ള സർക്കാർ ശ്രമങ്ങൾ തുടരുന്നു; റിട്ടയർമെന്റിനുശേഷം സർക്കാർ വെച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ ജഡ്ജിമാരുടെ വിധിന്യായങ്ങളെ സ്വാധീനിക്കുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. വിധിന്യായങ്ങളിൽ പോലും വിവാദപരവും വിഭാഗീയവുമായ ശൈലി ഇടംപിടിക്കുന്നു. ഭരണത്തിലെ നീതിയും ജനാധിപത്യത്തിന്റെ കരുത്തും ജുഡീഷ്യറിയുടെ വിശ്വാസ്യതയും ക്ഷയിക്കാൻ ഇതെല്ലാം ഇടവരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.