ലവ് ജിഹാദിെൻറ പേരിലെ അറുകൊല
text_fieldsലവ് ജിഹാദില്‍നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനായി രാജസ്ഥാനില്‍, കൂലിവേലക്കാരനായ മുസ്ലിം മധ്യവയസ്കനെ മഴു കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയും അത് വിഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്ത അതിനീചമായ പ്രവൃത്തി, തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ്. ബംഗാളിലെ മാള്‍ഡയില്‍നിന്ന് രാജസ്ഥാനിലെത്തി കൂലിവേലചെയ്ത് ജീവിക്കുന്ന 47കാരനായ മുഹമ്മദ് അഫ്റാസുല്‍ എന്നയാളെയാണ് ലവ് ജിഹാദ് നടത്തുന്നയാളെന്ന പേരില്‍ പകല്‍ വെളിച്ചത്തില്‍ വെട്ടിയും തീ കൊളുത്തിയും കൊന്നുതള്ളിയിരിക്കുന്നത്.
ഹീനമായ ഈ ചെയ്തി നല്ല വ്യക്തതയോടെ വിഡിയോയില്‍ ചിത്രീകരിക്കുകയും അത് വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകം നടത്തുന്നതിെൻറ വിഡിയോക്കു പുറമെ, കൊലയാളിയായ ശംഭുലാല്‍, കാവിക്കൊടിയുടെ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് ലോകത്തോട് പറയുന്ന ചില കാര്യങ്ങളും ചിത്രീകരിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് ജിഹാദില്‍നിന്ന് ഹിന്ദു സഹോദരികളെ രക്ഷിക്കാനാണ് താൻ ഇൗ കൃത്യം ചെയ്യുന്നതെന്നാണ് അയാള്‍ പറയുന്നത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ പത്മാവതി, പി.കെ തുടങ്ങിയ സിനിമകളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഇയാള്‍. ബാബരി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷമായി. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? അതിനാല്‍, ജിഹാദികള്‍ക്കെതിരെ ഈ വഴിതന്നെ തെരഞ്ഞെടുക്കണം. ഇസ്ലാമിക വിചാരധാര പിന്തുടരുന്നവരും കറുത്ത വസ്ത്രമണിഞ്ഞ് പള്ളിക്ക് പുറത്തും അങ്ങാടികളിലും വന്നുനില്ക്കുന്നവരും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന് ഭീഷണിയാണ്. മഹാരാജാ പ്രതാപ് സിങ് ഇസ്ലാമിക ജിഹാദിനെതിരെ പോരാടിയതുപോലെ നമ്മളും പോരാടണം. അതിനാല്‍, ഞാന്‍ അത് ചെയ്തു. ഏതായാലും ഒരു ദിവസം മരിക്കണം. അതിനാല്‍ അവന്മാരെ തുടച്ചുനീക്കിയശേഷം മരിക്കുന്നതല്ലേ നല്ലത്...? ഞാനിതെല്ലാം രാജസമന്ദിലെ മഹാദേവ ക്ഷേത്രത്തില്‍ പോയി പറയാന്‍ പോവുകയാണ്. മേവാറിലെ മുഴുവന്‍ സഹോദരന്മാരും സഹോദരിമാരും എന്നെ പിന്തുണക്കണം... ഇങ്ങനെ പോകുന്നു ശംഭുലാലിെൻറ പ്രഭാഷണം.
മുഹമ്മദ് അഫ്റാസുലിെൻറ കൊലപാതകം ഈ സ്വഭാവത്തിലുള്ള ആദ്യത്തെ സംഭവമല്ല. രാജസ്ഥാനില്‍ മാത്രം കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ നാല് മുസ്ലിംകളാണ് ഈ വിധം വിവിധ കാരണങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടത്. നിയമപാലന സംവിധാനത്തിെൻറ പരാജയമല്ല ഇത്. മറിച്ച് ഭരണകൂടവും പൊലീസ് അടക്കമുള്ള നിയമപാലക സംവിധാനവും മാധ്യമങ്ങളും ഒരു പരിധിവരെ കോടതികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചെടുത്തിട്ടുള്ള അത്യന്തം ഹീനമായ പൊതുബോധത്തിെൻറ സൃഷ്ടിയാണ് അഫ്റാസുലിെൻറ കൊലപാതകം. ഹിന്ദു സ്ത്രീകളെ വളഞ്ഞിട്ട് പിടിക്കാന്‍വേണ്ടി മുസ്ലിംകളുടെ നേതൃത്വത്തില്‍ ലവ് ജിഹാദ് എന്നൊരു സംവിധാനം സര്‍വസജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യാജപ്രചാരണം നമ്മുടെ രാജ്യത്ത് തുടങ്ങിവെച്ചത് സംഘ്പരിവാറാണ്. മുഖ്യധാര മാധ്യമങ്ങള്‍ ഇതിന് വലിയ പ്രചാരം നല്കി. ഇടത്, മതേതരപക്ഷത്ത് നില്ക്കുന്നവര്പോലും ഇതിന് പരോക്ഷമായെങ്കിലും പിന്തുണ നല്കുന്ന അവസ്ഥയുണ്ടായി. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് ലവ് ജിഹാദ് പ്രചാരണത്തെ ശരിവെക്കുന്ന തരത്തില്‍ പരസ്യപ്രസ്താവന നടത്തി. വിവാദമായ ഹാദിയ കേസിന്, ഏതാണ്ടെല്ലാ ദേശീയ മാധ്യമങ്ങളും നല്കിയ തലക്കെട്ട് ‘കേരളാസ് ലവ് ജിഹാദ് കേസ്’ എന്നാണല്ലോ. അങ്ങനെ കേരളത്തില്‍നിന്ന് തുടങ്ങി ഉത്തരേന്ത്യ കടംകൊണ്ട ഈ വ്യാജപ്രചാരണത്തിെൻറ രക്തസാക്ഷിയാണ് യഥാര്‍ഥത്തില്‍ അഫ്റാസുല്‍ എന്ന നിര്ഭാഗ്യന്.
അഫ്റാസുലിെൻറ ഘാതകന് സ്വയം കാമറക്കു മുമ്പില്‍ വന്ന് താനാണ് കൊലപാതകം നടത്തിയതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഗത്യന്തരമില്ലാതെ അവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ സംഘ്പരിവാര കേന്ദ്രങ്ങള്‍ ഇേതക്കുറിച്ചും മറ്റെന്തെങ്കിലും കഥകള്‍ പ്രചരിപ്പിക്കുമായിരുന്നു. ഹരിയാനയിലെ ജുനൈദിനെ അടിച്ചുകൊന്നപ്പോള്‍ തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തിെൻറ പേരിലുള്ള സംഘര്‍ഷം മാത്രമാണതെന്ന് പ്രചരിപ്പിച്ചവരാണവര്‍. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശംഭുലാലിെൻറ പ്രവൃത്തി മഹത്തായ കാര്യമാണെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. ഈ കാട്ടാള മനഃസ്ഥിതിക്കാര്‍ നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത്? ജനാധിപത്യത്തിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസമുള്ളവര്‍ അലസസമീപനങ്ങള്‍ അവസാനിപ്പിച്ച് രംഗത്തു വരേണ്ട സമയം അതിക്രമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.