ആർ.സി.ഇ.പി കരാറും ഇന്ത്യയും
text_fieldsഎട്ടു വർഷത്തെ ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ ആർ.സി.ഇ.പി (റീജനൽ േകാംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്) എന്ന വ്യാപാരകൂട്ടായ്മ യാഥാർഥ്യമായിരിക്കുകയാണ്. ഞായറാഴ്ച വിയറ്റ്നാമിലെ ഹാനോയിൽ ആസിയാൻ വാർഷിക സമ്മേളനത്തിലാണ് ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പുവെച്ചത്. ആസിയാൻ രാജ്യങ്ങളായ ഇന്തോനേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണെ, കംബോഡിയ, മ്യാന്മർ, ലാവോസ് എന്നിവക്കൊപ്പം ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ന്യൂസിലൻഡും ആസ്ട്രേലിയയും അണിചേരുന്ന ഇൗ സംഘമായിരിക്കും ഇനിയങ്ങോട്ട് ആഗോള വ്യാപാരം നിയന്ത്രിക്കുക എന്നു കരുതിയാൽ തെറ്റുപറയാനാകില്ല. കാരണം, ലോകത്തെ മൂന്നിലൊന്ന് വ്യാപാരങ്ങളും നിയന്ത്രിക്കുകയോ അതിൽ ഇടപെടുകയോ ചെയ്യുന്നുണ്ട് ഇൗ 15 രാജ്യങ്ങൾ; ആഗോള ജി.ഡി.പിയുടെ 30 ശതമാനത്തോളം കൈവശംവെച്ചിരിക്കുന്നതും ഇൗ കൂട്ടായ്മയാണ്. 2012ൽ, കംബോഡിയയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ഇങ്ങനെയൊരു ആശയത്തിന് വിത്തുപാകുേമ്പാൾ മുൻപന്തിയിലുണ്ടാവുകയും കഴിഞ്ഞ വർഷം വരെയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്ത ഇന്ത്യ പിന്മാറി എന്നതുമാത്രമാണ് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഏക കാര്യം. ചൈനക്ക് എല്ലാ അർഥത്തിലും കൃത്യമായ മേൽക്കൈയുള്ള ഇൗ കരാർ ഇന്ത്യക്ക് വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്നതിനാലാണ് പിൻമാറിയതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഇൗ വിശദീകരണത്തിനപ്പുറം, ഇന്ത്യയുടെ തീരുമാനത്തിന് രാഷ്ട്രീയ-നയതന്ത്ര മാനങ്ങളുണ്ടെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതെന്തായാലും ആർ.സി.ഇ.പിയിൽനിന്നുള്ള പിന്മാറ്റം രാജ്യത്തെ കർഷകർക്കും ഇടത്തരം വ്യവസായികൾക്കും സംരംഭകർക്കുെമല്ലാം ചെറുതല്ലാത്ത ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ആ അർഥത്തിൽ പ്രസ്തുത തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
കഴിഞ്ഞ വർഷം നവംബറിൽ ബാേങ്കാക്കിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽവെച്ചുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽനിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. കരാർ വ്യവസ്ഥകൾ എല്ലാവർക്കും ഗുണകരമാകുന്ന തരത്തിൽ സന്തുലിതമല്ലെന്നായിരുന്നു അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. എന്നാൽ, കരാറിൽ ഒപ്പുവെക്കുന്നതിന് ഉപാധിയായി ചില പ്രത്യേക സംരക്ഷണ വ്യവസ്ഥകൾ അംഗീകരിച്ചുകിട്ടാൻ അവസാനവട്ടംവരെയും ശ്രമിച്ചു പരാജയപ്പെട്ടശേഷമാണ് ഇന്ത്യ പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചത്. ആ സാഹചര്യത്തിലാണ് ഇന്ത്യയില്ലെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്ന് ചൈനയും ആസ്ട്രേലിയയുമെല്ലാം പരസ്യപ്രസ്താവന നടത്തിയത്. വാസ്തവത്തിൽ, ആർ.സി.ഇ.പിയോട് മോദി സർക്കാറിന് തത്വത്തിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആസിയാൻ വേദിയിൽ ചർച്ചക്കും വിലപേശലിനും അദ്ദേഹം തയാറായത്. പ്രത്യക്ഷത്തിൽതന്നെ രാജ്യത്തിെൻറ സാമ്പത്തികമേഖലയെ തകർക്കാൻ പര്യാപ്തമായ പല വകുപ്പുകളും അതിലുണ്ടെന്ന് നിതി ആയോഗ് ഉൾപ്പെടെയുള്ള ഭരണകൂട വൃത്തങ്ങൾതന്നെ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നെയും കരാറിന് ചട്ടക്കൂട്ട് തയാറാക്കാൻ രണ്ട് ഡസനിലേറെ മന്ത്രിതല ചർച്ച നടന്നു. ഇതിനിടെ, പ്രതിപക്ഷവും കർഷക കൂട്ടായ്മകളും ഭരണപക്ഷത്തിലെ തന്നെ ചില സംഘടനകളും എതിർപ്പുമായി രംഗത്തുവന്നിട്ടും മോദി മുന്നോട്ടുതന്നെയായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പ്രത്യേക നിയമസഭ ചേർന്ന് കരാറിനെതിരെ പ്രമേയവും പാസാക്കി. ഇൗ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് മോദി അന്ന് ആസിയാൻ വേദിയിലെത്തിയത്. അതുകൊണ്ടുതന്നെ, ഇത്തവണ ഒരു മനംമാറ്റം ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കിലും ചൈനയുടെ അപ്രമാദിത്വത്തിന് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു സർക്കാർ.
മറിച്ചൊരു തീരുമാനം കേന്ദ്രഭരണകൂടം കൈക്കൊണ്ടിരുന്നുവെങ്കിൽ ആസിയാൻപോലെ മറ്റൊരു ദുരന്തചിത്രമായി ആർ.സി.ഇ.പി പരിണമിക്കുമായിരുന്നു. തീരുവ പരമാവധി വെട്ടിക്കുറച്ച് 'സ്വതന്ത്ര വ്യാപാരം' ലക്ഷ്യമിടുന്ന കരാർ നടപ്പാക്കിയിരുന്നുെവങ്കിൽ രാജ്യത്തെ കാർഷിക-വ്യവസായ രംഗം കടുത്ത പ്രതിസന്ധിയിലാകുമായിരുന്നു. കാർഷികവിഭവങ്ങളുടെ ഏറ്റവും വലിയ ആറാമത്തെ കയറ്റുമതിക്കാരായ ചൈനയിൽനിന്നുള്ള ഉൽപന്നങ്ങൾമാത്രം മതിയാകും ഇന്ത്യൻ കാർഷികവിപണിയെ തല്ലിക്കെടുത്താൻ. പാൽ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ന്യൂസിലൻഡും ആസ്ട്രേലിയയും കൂടി വരുന്നതോടെ രാജ്യത്തെ ക്ഷീരകർഷകരും പട്ടിണിയിലാകും. ഇങ്ങനെ കുടിൽ വ്യവസായം മുതൽ ആർടിഫിഷ്യൽ ഇൻറലിജൻസ് വരെയുള്ള ചെറുതും വലുതുമായ സംരംഭങ്ങളെ തകർക്കാൻ കഴിയുന്ന ഒരു കരാറിൽനിന്നാണ് നമ്മുടെ രാജ്യം രക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇൗ രക്ഷപ്പെടൽ തൽക്കാലത്തേക്കു മാത്രമാണ്. ഏതു നിമിഷവും കരാറിെൻറ ഭാഗമാകാൻ ഇന്ത്യക്ക് കഴിയും. അതിനുള്ള മുറവിളികൾ അകത്തുനിന്നും പുറത്തുനിന്നും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
കരാറിൽ പതിയിരിക്കുന്ന കെണികളിൽനിന്ന് വല്ലവിധേനയും കോർപറേറ്റുകളെ കരകയറ്റാനായാൽ ഒരുപക്ഷേ, മോദി സർക്കാർ പുനർചിന്ത നടത്തിയേക്കാം. അതേസമയം, ഇപ്പുറത്ത് അമേരിക്കയുടെയും യൂറോപ്യൻ യൂനിയെൻറയും സമ്മർദവും കേന്ദ്രത്തെ അലട്ടുന്നുണ്ട്. പ്രതിരോധമേഖലയിലടക്കം ഇൗ രാജ്യങ്ങളുമായി കരാറുള്ളതിനാൽ, അവരുടെ കുത്തക തകർക്കുന്നൊരു കൂട്ടായ്മയിൽ പങ്കാളിയാകുന്നതിലും ഇന്ത്യക്ക് പ്രയാസമുണ്ട്. എല്ലാത്തിനുമപ്പുറം, അതിർത്തിയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നിരിക്കെ ചൈനക്കെതിരായൊരു രാഷ്ട്രീയ നീക്കമെന്ന നിലയിലും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഏതായാലും, നോട്ടുനിരോധനമടക്കമുള്ള 'സാമ്പത്തിക പരിഷ്കരണ' പരിപാടികളും കോവിഡ് പ്രതിരോധത്തിനായുള്ള അശാസ്ത്രീയ ലോക്ഡൗണുമെല്ലാം നെട്ടല്ലു തകർത്ത് അക്ഷരാർഥത്തിൽതന്നെ പട്ടിണിയിലേക്ക് നിപതിക്കുന്നൊരു സമ്പദ്വ്യവസ്ഥക്ക് ഇത് ആശ്വാസം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.