പാൽഘർ കുറ്റപത്രം വായിക്കുമ്പോൾ
text_fields2020 ഏപ്രിൽ 16ന് പുലർച്ച മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗഡ്ചിൻച്ലി ഗ്രാമത്തിൽ മൂന്നുപേർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ രീതിയിൽ വർഗീയ പ്രചാരണത്തിന് നിമിത്തമായ സംഭവമായിരുന്നു. ജുനാ അഖാഡ എന്ന സന്യാസിസംഘത്തിൽപെട്ട ചിക്നി മഹാരാജ് കൽപവൃക്ഷഗിരി (70), സുശീൽഗിരി മഹാരാജ് (30) ഇവരുടെ ൈഡ്രവർ നിലേഷ് തെൽഗാഡെ (30) എന്നിവരാണ് അന്ന് ഗ്രാമീണരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ ഗുരുവായ മഹന്ദ് രാമഗിരിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽനിന്ന് സൂറത്തിലേക്ക് പുറപ്പെട്ടതായിരുന്നു സന്യാസിമാർ. ലോക്ഡൗൺ കാരണം, പ്രധാന പാത ഒഴിവാക്കി സഞ്ചരിക്കവേയാണ് ആക്രമണം നടന്ന ഗ്രാമത്തിലൂടെ പോവേണ്ടി വന്നത്. ആ ഗ്രാമത്തിലാകട്ടെ, കുട്ടിക്കടത്തുകാർ സജീവമാണെന്നും ജാഗ്രത വേണമെന്നുമുള്ള സന്ദേശം നേരത്തേതന്നെ വ്യാപക പ്രചാരത്തിലുണ്ടായിരുന്നു. സന്യാസി വേഷത്തിലും വനപാലക വേഷത്തിലുമാണ് കുട്ടിക്കടത്തുകാർ കറങ്ങുന്നത് എന്നതുകൂടി അത്തരം സന്ദേശങ്ങളുടെ ഭാഗമായിരുന്നു. അസമയത്ത് അപരിചിതരെ കണ്ട ഗ്രാമീണർ അവരെ സംശയിക്കുകയും വാട്സ്ആപ് സന്ദേശം വഴി ആളുകളെ സംഘടിപ്പിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. തടയാൻ ചെന്ന പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേൽക്കുകയുണ്ടായി. ജീവനുവേണ്ടി കേണ എഴുപതുകാരനായ സന്യാസിയെപോലും വെറുതെ വിടാൻ ആൾക്കൂട്ടം സന്നദ്ധമായില്ല. തീർത്തും വേദനജനകമായ സംഭവമായിരുന്നു അത്.
രണ്ടു ദിവസത്തിനുശേഷം ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. നിരപരാധികളായ സന്യാസിമാർ കൊല്ലപ്പെട്ടതിലെ വിഷമം എന്നതിലപ്പുറം ഇതിലൂടെ വർഗീയ മുതലെടുപ്പ് നടത്താൻ പറ്റുമോ എന്ന ഹിന്ദുത്വവാദികളുടെ ഗവേഷണമാണ് സംഭവത്തിന് വിവാദമൂല്യം വർധിപ്പിച്ചത്. ബി.ജെ.പി-ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സമൂഹമാധ്യമ സൈന്യം പ്രശ്നം നാടാകെ എത്തിച്ചു. ഹിന്ദു സന്യാസിമാരെ മുസ്ലിം ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു എന്ന അടിക്കുറിപ്പോടെയാണ് സംഭ്രമജനകമായ ആ വിഡിയോകൾ പ്രചരിപ്പിക്കപ്പെട്ടത്. ആർ.എസ്.എസിെൻറ വാട്സ്ആപ് യൂനിവേഴ്സിറ്റികൾ മാത്രമല്ല, ഉത്തരേന്ത്യയിലെ ‘മുഖ്യധാര’ ടെലിവിഷൻ ചാനലുകളും വിഷയം ആ നിലയിൽതന്നെ ഏറ്റെടുത്തു. ഇന്ത്യയിലെ ഹിന്ദുത്വ ബ്രിഗേഡിെൻറ പോസ്റ്റർ ബോയ് ആയ മാധ്യമപ്രവർത്തകൻ, റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ നിലപാടുകളാണ് വിചിത്രമായത്. പാൽഘർ സംഭവത്തിനുപിന്നിൽ മുസ്ലിംകളാണ് എന്ന ധാരണയുടെ പുറത്താണ് കക്ഷി തെൻറ ചാനലിൽ ഏപ്രിൽ 21ന് ചർച്ച നയിച്ചത്. വർഗീയ അട്ടഹാസങ്ങൾകൊണ്ട് ടി.വി സ്ക്രീനിനെ നിറച്ച ആ കോമാളിവേഷക്കാരൻ സ്വതന്ത്ര മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവരെ ചീത്തവിളിക്കാനും ഈ അവസരം ഉപയോഗിച്ചു. കൂട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും കണക്കിന് ചീത്ത വിളിച്ചു. പ്രകോപിതരായ കോൺഗ്രസുകാർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗോസ്വാമിക്കെതിരെ കേസ് കൊടുത്തു. സംഘ്പരിവാർ ആൾക്കൂട്ടം മാത്രമല്ല, ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾപോലും ഈ പ്രചാരണത്തിെൻറ ഭാഗമായിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വിദ്വേഷം പടർത്തുന്നതിൽ തങ്ങൾക്കാകുംവിധം പങ്കുവഹിച്ചു. നമ്മുടെ കേരളത്തിൽ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കരിദിനാചരണം നടന്നു. നിധികിട്ടിയ പരുവത്തിൽ തുള്ളിച്ചാടി അർമാദിക്കുകയായിരുന്നു ഹിന്ദുത്വ പരിവാർ ഒന്നടങ്കം.
സംഭവം വിവാദമായതോടെ കൂടുതൽ ജാഗ്രതയോടെ ഇടപെടാൻ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 128 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്തന്നെ ഏപ്രിൽ 22ന് മാധ്യമങ്ങളുമായി പങ്കുവെച്ചു. വിചിത്രമായ കാര്യം, അറസ്റ്റ് ചെയ്യപ്പെട്ട 128 ആളുകളുടെയും പേരുവിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടു. ഒരു മുസ്ലിം പോലും അതിലില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇത്രയും നീണ്ട ലിസ്റ്റ് അദ്ദേഹം വായിച്ചത്.
പാൽഘർ സംഭവത്തെക്കുറിച്ച് വീണ്ടും എഴുതാൻ കാരണമുണ്ട്. ബുധനാഴ്ച ആ കേസുമായി ബന്ധപ്പെട്ട വിശദമായ കുറ്റപത്രം മഹാരാഷ്ട്ര എ.ഡി.ജി.പി അതുൽ ചന്ദ്ര കുൽക്കർണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദഹാനു കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുന്നു. 11000 പേജുള്ള കുറ്റപത്രം ഏപ്രിൽ 16ന് നടന്ന ആ ദൗർഭാഗ്യകരമായ സംഭവത്തിെൻറ അതിസൂക്ഷ്മ വിശദാംശങ്ങൾ വരെ പ്രതിപാദിക്കുന്നതാണ്. പൊലീസിെൻറ എല്ലാ പ്രഫഷനൽ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ആ കുറ്റപത്രം ആ രാത്രിയിൽ എന്താണ് നടന്നതെന്ന് ശരിയാംവിധം വരച്ചുവെക്കുന്നു. സന്യാസിമാരുടെ ജീവനെ മുൻനിർത്തി സംഘ്പരിവാർ അഴിച്ചുവിട്ട മുഴുവൻ കള്ളപ്രചാരണങ്ങളെയും സമ്പൂർണമായി തള്ളിക്കളയുന്ന വസ്തുതകളാണ് പതിനായിരത്തിലധികം വരുന്ന പുറങ്ങളിൽ കുൽക്കർണിയുടെ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.
ആകാശത്തിന് ചുവട്ടിൽ എന്തുനടന്നാലും അത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന സംഘ്പരിവാർ ശീലത്തെയാണ് പാൽഘർ സംഭവവും അടിവരയിട്ടത്. അതേസമയം, മാധ്യമ പ്രവർത്തകരും പൊലീസുമൊക്കെ അവരുടെ പ്രഫഷനൽ മൂല്യങ്ങൾ ബലികഴിക്കാതെ പണിയെടുക്കുകയാണെങ്കിൽ ഇത്തരം പ്രചാരണങ്ങളെ മറികടക്കാൻ കഴിയും എന്നതും യാഥാർഥ്യമാണ്. പാൽഘർ സംഭവത്തിന് അതിെൻറ ആദ്യനാളുകളിൽ ലഭിച്ച വാർത്തമൂല്യം ഇപ്പോൾ ആ സംഭവവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിന് ലഭിക്കാതെ പോവരുത്. ആ കുറ്റപത്രത്തെക്കുറിച്ച്, അതിലെ വസ്തുതകെളക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വ്യാജ പ്രചാരണ ഫാക്ടറികൾ നടത്തുന്നയാളുകൾ ഓരോ ദിവസവും ഓരോ പ്രചാരണവുമായി ഇറങ്ങും. അപ്പോഴും പഴയ പ്രചാരണങ്ങളുടെ വസ്തുതയെന്തായിരുന്നു എന്നു നാം ജനങ്ങളെ അറിയിച്ചുകൊണ്ടേയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.