വിദ്വേഷമല്ല, സഹവർത്തിത്വമാണ് റിയൽ കേരള സ്റ്റോറി
text_fieldsമലബാറിൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളൊരു ക്രൈസ്തവ ദേവാലയാങ്കണം, ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹിന് വേദിയായത് മലയാള മാധ്യമങ്ങളിൽ വളരെ പ്രധാനപ്പെട്ടൊരു വാർത്തയായിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള സി.എസ്.ഐ നിക്കോളസ് ദേവാലയമുറ്റമാണ് പ്രദേശത്തെ മുസ്ലിം മതവിശ്വാസികൾക്കായി തുറന്നുകൊടുത്തത്. അന്നാട്ടിലെ ഒരു സ്കൂൾ മൈതാനത്താണ് അവർ സ്ഥിരമായി ഈദ് ഗാഹ് നടത്താറുണ്ടായിരുന്നത്. ഇക്കുറി തെരഞ്ഞെടുപ്പായതിനാൽ ആ സ്ഥലം വിട്ടുകിട്ടിയില്ല. തുടർന്നാണ്, അവർ ചർച്ച് അധികൃതരുമായി സംസാരിച്ചതും മഹാ ഇടവക ബിഷപ്പിന്റെ പ്രത്യേക താൽപര്യത്തോടെ ഈദ് ഗാഹിന് അനുമതി ലഭിച്ചതും.
സമാനമായൊരു സ്നേഹമാതൃക കണ്ണൂരിൽനിന്നുമുണ്ട്. ചാല അമലോത്ഭവ മാതാ ചർച്ച് മൈതാനിയിലും നടന്നു മതസൗഹാർദത്തിന്റെ മറ്റൊരു ഈദ്ഗാഹ്. വാസ്തവത്തിൽ, ഇതിലൊന്നും വലിയ അത്ഭുതമില്ല. കാലങ്ങളായി കേരളത്തിൽ ഇങ്ങനെയൊക്കെത്തന്നെയാണ്; ആരാധനാലയങ്ങൾ ഇതര വിശ്വാസികൾക്ക് പല സന്ദർഭങ്ങളിലും തുറന്നുകൊടുക്കുന്നതും സൗഹൃദസന്ദർശനങ്ങളും സ്നേഹസംവാദങ്ങളും സംഘടിപ്പിക്കുന്നതുമെല്ലാം കേരളത്തിൽ നിത്യസംഭവങ്ങളാണ്. അത്തരമൊരു ‘കേരള മോഡലിന്റെ’ കൂടി ഉടമകളാണ് മലയാളികൾ.
എന്നിട്ടും എന്തുകൊണ്ട് ഇതൊക്കെ വലിയ സംഭവങ്ങളായി ആഘോഷിക്കുന്നുവെന്ന് ചോദിച്ചാൽ, ഉത്തരം ലളിതമാണ്: മേൽസൂചിപ്പിച്ച ‘കേരള മോഡലി’നെ തകർക്കാനായി വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും ‘കേരള സ്റ്റോറി’കൾ രചിക്കപ്പെടുകയും അത് ഭരണകൂട ഒത്താശയോടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം സ്നേഹഗാഥകളുടെ ആഘോഷങ്ങളിലൂടെ അതിന് സർഗാത്മക രാഷ്ട്രീയ പ്രതിരോധം തീർക്കുകയാണ് കേരളം.
ഏതാണ്ട് ഒരു വർഷം മുമ്പാണ് സുദീപ്തോ സിങ് രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’എന്ന സിനിമ ‘കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ’എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയത്. അമുസ്ലിം പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തി കേരളത്തിൽ വ്യാപകമായി ഐ.എസ് റിക്രൂട്ട്മെന്റ് നടത്തുന്നുവെന്നത് ഏതാനും വർഷങ്ങളായി ദേശവ്യാപകമായി സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. യാഥാർഥ്യത്തിന്റെ ഒരു കണികപോലുമില്ലാത്ത ഈ ആരോപണത്തെ ദൃശ്യവത്കരിക്കുകയാണ് ‘ദി കേരള സ്റ്റോറി’. സ്വാഭാവികമായും ഈ പ്രോപഗണ്ട ചിത്രം വിവാദമായി.
ചലച്ചിത്ര വ്യാകരണത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും മാനദണ്ഡങ്ങൾവെച്ച് ശരാശരിയിലും താഴെമാത്രം നിലവാരമുള്ള സിനിമ ബോക്സ് ഓഫിസിലും അതുകഴിഞ്ഞ് ഒ.ടി.ടിയിലും പരാജയപ്പെട്ടത് സ്വാഭാവികം. എന്നിട്ടും, ഭരണകൂടം ഈ നുണക്കഥ ഏറ്റുപിടിച്ചു. സാക്ഷാൽ മോദി അടക്കമുള്ള നേതാക്കൾപോലും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രഭാഷണങ്ങളിൽ സിനിമ ബോധപൂർവം നിരന്തരമായി പരാമർശിച്ചു. അതുംകഴിഞ്ഞാണ്, സിനിമയുടെ മലയാള പതിപ്പ് ദൂരദർശനിൽ പ്രദർശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇടുക്കി രൂപതയടക്കം ചിലർ ദേവാലയങ്ങളിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതോടെ വിദ്വേഷപ്പകർച്ചയുടെ നെറികെട്ട രാഷ്ട്രീയത്തിന് പുതിയ മുഖം കൈവന്നു.
അതിനിർണായകമായൊരു പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ നീക്കം ആരെ സഹായിക്കാനാണെന്ന് വ്യക്തം. വ്യാജപ്രചാരണങ്ങളുടെയും കള്ളങ്ങളുടെയും വക്താക്കളായ ഹിന്ദുത്വ ഫാഷിസത്തിന്റെ കുഴലൂത്തുകാരായി ഒരു സംഘം പുരോഹിതർ അധഃപതിക്കുന്ന അതിനിർഭാഗ്യകരമായ കാഴ്ചയെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.
പക്ഷേ, മതേതര കേരളത്തിന് ഇതിനെ പ്രതിരോധിച്ചേ മതിയാകൂ. അതുകൊണ്ടാണ്, സംഘ്പരിവാർ ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും നവസാമൂഹിക സംഘടനകളുമെല്ലാം ഒരേസ്വരത്തിൽ ഈ വിഷലിപ്ത രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ചത്. എന്നല്ല, അതേ സഭകളിൽനിന്നുതന്നെയുള്ള ചില പുരോഹിതർ ഈ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയെന്നതും ആശ്വാസകരമായി. മണിപ്പൂർ കലാപത്തെ അവലംബിച്ചുള്ളതും സംഘ്പരിവാർ ഭീകരതയെ തുറന്നുകാണിക്കുന്നതുമായ ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് അവർ വിഷയത്തിൽ സർഗാത്മക പ്രതിരോധവും തീർത്തു.
അടുത്തകാലത്തായി ഓരോ തെരഞ്ഞെടുപ്പുസമയത്തും ഇതുപോലുള്ള വ്യാജപ്രചാരണങ്ങളുമായി ചിലർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഇറങ്ങിപ്പുറപ്പെടാറുണ്ട്. 2021ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ‘ലവ് ജിഹാദ്’ വിവാദം ഉയർത്തിക്കൊണ്ടുവന്നത് കെ.സി.ബി.സിയിലെ ഏതാനും നേതാക്കളാണ്. മുസ്ലിംകളെ അപരസ്ഥാനത്തുനിർത്തി നാല് വോട്ട് അധികം വാങ്ങാമെന്ന ധാരണയിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്ന തരത്തിൽ ഇടതു സ്ഥാനാർഥി ജോസ് കെ. മാണി പ്രസ്താവന നടത്തുകയും ചെയ്തു.
അതേകാലത്തുതന്നെയാണ്, മദ്റസ അധ്യാപകർ സർക്കാറിൽനിന്ന് അനധികൃതമായി ഫണ്ട് പറ്റുന്നുവെന്ന വ്യാജ ആരോപണവുമായി ചില പുരോഹിതരും അവരെ പിന്തുണക്കുന്ന പത്രവും രംഗത്തെത്തിയത്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിന് മറുപടി പറയാതെ അന്ന് സർക്കാറും മന്ത്രിയും ഒളിച്ചുകളിച്ചു.
മറ്റൊരർഥത്തിൽ, കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഈ നാട്ടിലെ മതേതര മഹിമയെ ഒറ്റുകൊടുക്കുന്ന പ്രവണത അടുത്ത കാലത്തായി നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തെ കൃത്യമായി സംഘ്പരിവാർ മുതലെടുക്കുകയാണ്. മുസ്ലിം മതതീവ്രവാദികളുടെ പറുദീസയായിട്ടാണ് അവർ കേരളത്തെ പലപ്പോഴും ചിത്രീകരിക്കുന്നത്. ഈ പ്രതിലോമ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കേരളത്തിന്റെ ക്രൈസ്തവ പള്ളിയങ്കണത്തിലെ ഈദ്ഗാഹ് പോലെയുള്ള കേരളത്തിന്റെ യഥാചിത്രം ഉയർത്തിപ്പിടിച്ച് നമ്മുടെ മതസൗഹൃദ പാരമ്പര്യം ആവർത്തിച്ച് ഉദ്ഘോഷിച്ചേ മതിയാകൂ; അത് സ്വയമൊരു ഓർമപ്പെടുത്തലും വിദ്വേഷ പ്രചാരകർക്കുള്ള മുന്നറിയിപ്പുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.