വിവാഹപ്രായം ഉയർത്തുന്നതെന്തിന്?
text_fieldsരാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം പുനഃപരിശോധിച്ചുവരുകയാണെന്നും 21 ആയി ഉയർത്താൻ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ചതു മുതൽ അതേപ്പറ്റിയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ് ഇന്ത്യയിലുടനീളം. ബാലവിവാഹ നിയന്ത്രണ നിയമത്തിൽ1978ൽ കൊണ്ടുവന്ന േഭദഗതി പ്രകാരം പെൺകുട്ടികൾക്ക് 18ഉം പുരുഷന്മാർക്ക് 21ഉം ആണ് വിവാഹപ്രായമായി നിജപ്പെടുത്തിയിരിക്കുന്നത്.
നിയമം അതാണ് അനുശാസിക്കുന്നതെങ്കിലും എല്ലാ മതസ്ഥർക്കും ജാതികൾക്കുമിടയിൽ നിർണിത പ്രായത്തിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം വ്യാപകമായി നടക്കുന്നുണ്ടെന്നതാണ് പരസ്യമായ രഹസ്യം. ഇളംപ്രായത്തിലേ വിവാഹിതരാവുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതോടൊപ്പം രാജ്യത്ത് മാതൃ മരണനിരക്കും ശിശുമരണനിരക്കും വർധിക്കാനുള്ള പ്രധാന കാരണവും അതാണെന്ന് സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. വിവാഹപ്രായം 18 ആക്കി ഉയർത്തിയ ശേഷം ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാഭ്യാസത്തിൽ വിദ്യാർഥിനികളുടെ അനുപാതം ഗണ്യമായി വർധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2013-14 കാലത്ത് സെക്കൻഡറി ഘട്ടത്തിൽ 100 ആൺകുട്ടികൾക്ക് 90 എന്ന തോതിലും സീനിയർ സെക്കൻഡറിയിൽ 89 എന്ന തോതിലും പെൺകുട്ടികൾ പഠിച്ചിരുന്നതായി 2014ലെ വിദ്യാഭ്യാസ സ്ഥിതിവിവരക്കണക്കുകളിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് അഭിമാനകരമായ നേട്ടമാണ്. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഏറക്കുറെ തുല്യമായിവരുകയാണ് ഡിഗ്രി തലത്തിൽ ആൺ-പെൺ അനുപാതം.
തീർച്ചയായും വലിയൊരളവോളം വിദ്യാഭ്യാസ നിലവാരത്തിലൂടെ പരിഹരിക്കപ്പെടേണ്ടതു തന്നെയാണ് മാതൃ ശിശു മരണങ്ങളുടെ കൂടിയ നിരക്ക്. വിവാഹത്തെയും മാതൃത്വത്തെയും ശിശുപരിപാലനത്തെയും കുറിച്ച് യുവതികൾക്ക് ശരിയായ പ്രബുദ്ധതയുണ്ടാവണമെങ്കിലും തൃപ്തികരമായ ജോലികളിലേർപ്പെടണമെങ്കിലും അവർക്ക് ഹയർ സെക്കൻഡറിയോ അതിനു മീതെയോ ഉള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. പക്ഷേ, വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തേണ്ടത് ഒരു അനിവാര്യതയാണോ എന്നതാണ് ചർച്ചയുടെ മർമം.
2020 ജൂൺ നാലിന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം വിവാഹപ്രായ പുനർനിർണയത്തിനായി നിയോഗിച്ച ദൗത്യസംഘം സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരം തദ്സംബന്ധമായ തീരുമാനമുണ്ടാവുമെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചത്. ഇപ്പോൾ പ്രധാനമന്ത്രി മോദിയും അതുതന്നെ പറഞ്ഞിരിക്കുന്നു.
അതിനർഥം അധികം താമസിയാതെ സ്ത്രീകളുടെ വിവാഹപ്രായം പുരുഷേൻറതിന് തുല്യമായി 21 ആയി നിശ്ചയിക്കും എന്നു തന്നെ. അത് ബിൽ രൂപത്തിൽ പാർലമെൻറിൽ അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം പാസാക്കുമോ അതല്ല ധിറുതിപിടിച്ച് ഓർഡിനൻസായി പുറത്തിറക്കുമോ എന്നാണറിയേണ്ടത്. കണ്ടേടത്തോളം രണ്ടാമത് പറഞ്ഞതിനാണ് സാധ്യത കൂടുതൽ. പാർലമെൻറിൽ ഭൂരിപക്ഷം ഉറപ്പായതിനാൽ ഓർഡിനൻസ് പുറത്തിറങ്ങി ആറു മാസത്തിനകം ബിൽ അവതരിപ്പിച്ച് പാസാക്കിയെടുത്താൽ മതി എന്നാണ് മോദി സർക്കാറിെൻറ സാമാന്യ ശൈലി. ഇത്രത്തോളം ധിറുതി എന്തിന് എന്നു ചോദിച്ചാൽ കൃത്യമായ മറുപടി ലഭ്യമല്ല.
സ്ത്രീകളുടെ ആരോഗ്യത്തിന് അതു വേണം എന്ന സാമാന്യ മറുപടിയേ സർക്കാർ വൃത്തങ്ങളിൽനിന്നും അനുകൂലികളിൽനിന്നും ലഭിക്കുന്നുള്ളൂ. സ്ത്രീ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഇന്ത്യയേക്കാൾ എത്രയോ മുന്നിലുള്ള യു.എസ്, ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ആസ്ട്രേലിയ, നോർവേ, സ്വീഡൻ, നെതർലൻഡ്സ്, ബ്രസീൽ, റഷ്യ തുടങ്ങിയവയടക്കം 143ലോക രാജ്യങ്ങളിൽ 18 വയസ്സാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം. ഇന്ത്യയെ പോലെ വികസ്വര രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, നൈജീരിയ, ഫിലിപ്പീൻസ് തുടങ്ങി 20 രാജ്യങ്ങളിൽ മാത്രമാണ് 21 കുറഞ്ഞ പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിനും തൊഴിലിനും ഉയർന്ന ജീവിതനിലവാരത്തിനുമൊക്കെ വിവാഹം തടസ്സമാണെങ്കിൽ
നടേ പറഞ്ഞ വികസിത രാജ്യങ്ങളിൽ എന്തുകൊണ്ട് സ്ത്രീയുടെ വിവാഹപ്രായം 18 ആക്കി നിലനിർത്തി എന്ന ചോദ്യമുണ്ട്. സ്ത്രീ പ്രബുദ്ധത കൂടുന്നതനുസരിച്ച് വിവാഹിതരായാലും പഠനം തുടരാനും തൊഴിലിലേർപ്പെടാനും യുവതികൾക്ക് സാധ്യമാവുന്നുണ്ട് എന്നതാണ് നമ്മുടെതന്നെ സമീപകാല അനുഭവങ്ങൾ. കേരളത്തിൽ പ്രഫഷനൽ കോളജുകളിൽ പഠിക്കുന്നവരും ഡൽഹിയിലും ഹൈദരാബാദിലുമൊക്കെ പോയി ഉയർന്ന വിദ്യാഭ്യാസം നേടുന്നവരുമായ യുവതികളിൽ വലിയൊരു വിഭാഗം വിവാഹിതരാണ്. ഈ വസ്തുതകളൊന്നും പഠനവിധേയമാക്കാതെ
മറ്റെന്തോ ഹിഡൻ അജണ്ടയുമായി വിവാഹപ്രായമുയർത്താൻ, മോദി സർക്കാർ തത്രപ്പെടുന്നത് ദുരൂഹവും സംശയാസ്പദവുമാണ്. ഈ കെട്ടകാലത്ത് തങ്ങളുടെ ആൺ-പെൺ സന്തതികൾ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾ തന്നെയാണ് അവർ സമയമാവു
േമ്പാൾ വിവാഹിതരാവണമെന്നും ഉത്തരവാദിത്തപൂർണമായ കുടുംബജീവിതം നയിക്കണമെന്നും ആഗ്രഹിക്കുന്നത്. മാനുഷികമായ ഈ താൽപര്യത്തിന് നിയമം മൂലം തടയിടാനുള്ള നീക്കം പുരോഗമനത്തിെൻറ പേരിൽ ന്യായീകരിക്കേണ്ടതല്ല. സർവോപരി ഉയർന്ന വിദ്യാഭ്യാസത്തിെൻറ സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാത്ത ദരിദ്രജന കോടികളുടെ നാടായ ഇന്ത്യയിൽ 18 വയസ്സ് പൂർത്തിയായിട്ടെങ്കിലും തങ്ങളുടെ പെൺമക്കളെ ഒരു ഇണതുണയെ ഏൽപിച്ച് നിത്യദുരിതങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് രക്ഷിതാക്കൾ എന്ന പച്ചയായ സത്യം കണ്ടില്ലെന്നും കേട്ടില്ലെന്നും വെക്കാൻ ആർക്കാണ് കഴിയുക? വിശിഷ്യ, പെരുകുന്ന പെൺവാണിഭത്തിെൻറയും മനുഷ്യക്കടത്തിെൻറയുമൊക്കെ സാഹചര്യത്തിൽ ഇക്കാര്യം കാണാതെ പോവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.