റിക്രൂട്ട്മെന്റ് സ്വർഗത്തിലേക്കോ നരകത്തിലേക്കോ?
text_fieldsപോയവർഷം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് അങ്കലാപ്പിലായ ഇസ്രായേൽ വൈകാതെ തിരിച്ചടി ആരംഭിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ കൂടുതൽ ദിവസങ്ങൾ പിന്നിട്ട് ഗസ്സ ആക്രമണം അനിശ്ചിതമായി നീണ്ടുപോവുകയും ചെയ്തിരിക്കേ ആ രാജ്യം നേരിടുന്ന സാമ്പത്തികവും സാമൂഹികവും സുരക്ഷാപരവുമായ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. അതിലേറ്റവും പ്രധാനമാണ് വെസ്റ്റ്ബാങ്കിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന ഒന്നരലക്ഷം ഫലസ്തീനികളുടെയും ഗസ്സ നിവാസികളായ 18,500 പേരുടെയും പിരിച്ചുവിടൽ. സുരക്ഷാകാരണങ്ങൾ പറഞ്ഞ് ഇത്രയും പൗരന്മാരെ വഴിയാധാരമാക്കിയതിലെ മാനുഷിക പ്രശ്നം കൊടുംക്രൂരതയുടെ ഭീകര മാതൃകയായ നെതന്യാഹു ഭരണകൂടത്തിന് ഭൂഷണമായിരിക്കാം. പക്ഷേ, പ്രസ്തുത നടപടി കാർഷിക, ആരോഗ്യ, ഗാർഹിക രംഗങ്ങളിൽ വരുത്തിവെച്ച വിടവ് എങ്ങനെ നികത്തുമെന്നതാണ് ജനരോഷം മൂർച്ഛിച്ചുകൊണ്ടിരിക്കെ തീവ്രവലതുപക്ഷ സർക്കാറിന്റെ ഇപ്പോഴത്തെ അടിയന്തര പ്രശ്നം. സത്വര പരിഹാരാർഥം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യമായി സമീപിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്നത് ശ്രദ്ധേയം. നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കാതെ എത്രയും പെട്ടെന്ന് ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്കയക്കണമെന്നാണ് കഴിഞ്ഞ ഡിസംബർ 19ന് നെതന്യാഹു ഫോൺ വഴി മോദിയോട് അഭ്യർഥിച്ചിരിക്കുന്നത്. ഗസ്സ യുദ്ധം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്ന യു.എൻ പൊതുസഭ പ്രമേയത്തെ പിന്താങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നോർക്കണം. ഫലസ്തീന്റെ സ്വതന്ത്രമായ അസ്തിത്വത്തെ ഇന്ത്യ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇസ്രായേലിന് ഏകപക്ഷീയമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച മോദിക്ക് അതൊന്നും പ്രശ്നമല്ല.
നിർമാണ ജോലികൾക്കും ഗാർഹിക സേവനങ്ങൾക്കുമൊപ്പം നഴ്സുമാർക്കുമുള്ള അവസരങ്ങൾ കാണിച്ച് അപേക്ഷകൾ ക്ഷണിച്ച് പരസ്യങ്ങൾ ചെയ്തിരിക്കുകയാണ് യു.പി, ഹരിയാന സംസ്ഥാന സർക്കാറുകൾ. ഈ അപേക്ഷകർ വ്യവസ്ഥയനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ എമിഗ്രേഷൻ പോർട്ടലിൽ പേർ രജിസ്റ്റർ ചെയ്യുകപോലും വേണ്ടതില്ല. ദേശീയ നൈപുണ്യ വികസന കോർപറേഷൻ എന്ന എൻ.എസ്.ഡി.സിക്ക് 10,000 രൂപ ഫീസടക്കുകയും വിമാന ടിക്കറ്റിന്റെ വില സ്വന്തം വഹിക്കുകയും വേണമെന്നു മാത്രം. പക്ഷേ, സുരക്ഷയെക്കുറിച്ചോ തൊഴിലിന്റെ ഗാരന്റിയെക്കുറിച്ചോ ഒരുറപ്പും നൽകുന്നില്ല. വിദേശത്ത് തൊഴിൽ തേടുന്ന മറ്റെല്ലാവർക്കും ഇൻഷുറൻസും തൊഴിൽ ഗാരന്റിയും ആരോഗ്യപരിരക്ഷയും നിർബന്ധമാക്കിയ സർക്കാർതന്നെയാണ് ഇസ്രായേലിന്റെ അടിയന്തര റിക്രൂട്ട്മെന്റിൽ അതെല്ലാം മാറ്റിനിർത്തിയിരിക്കുന്നതെന്ന് തൊഴിലാളി യൂനിയനുകളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിലും ഗസ്സയിലും മൃഗീയാക്രമണങ്ങൾ തുടരവേതന്നെ ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ ചവിട്ടിക്കേറ്റുന്ന ഈ കിരാത നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്റ്റിവിസ്റ്റുകൾ. 1,37,000 രൂപയാണ് തൊഴിലാളികൾക്ക് ഓഫർ ചെയ്തിരിക്കുന്ന ശമ്പളമത്രെ. എന്നാൽ താമസം, ഭക്ഷണം, മെഡിക്കൽ ഇൻഷുറൻസ് ചെലവുകൾ ഈ ശമ്പളത്തിൽനിന്ന് വെട്ടിക്കുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുദ്ധാവസ്ഥയിലെ സ്വാഭാവിക വിലക്കയറ്റത്തോടൊപ്പം ഇസ്രായേലിലെ ജീവിതനിലവാരംകൂടി കണക്കിലെടുക്കുമ്പോൾ എന്ത് മിച്ചം വരുമെന്ന കാര്യം ദുരൂഹം. അങ്ങനെയൊക്കെയാണെങ്കിലും ‘വിദേശ ജോലി സ്വപ്നങ്ങൾക്കുള്ള പാസ്പോർട്ട്’ എന്നും ‘ഇസ്രായേലിൽ പുതിയ ചക്രവാളങ്ങൾ എത്തിപ്പിടിക്കുക’ എന്നുമൊക്കെയുള്ള പരസ്യങ്ങളിൽ വീണുപോവുന്ന ആയിരങ്ങൾ ഒട്ടുമേ നേരം കളയാതെ അപേക്ഷകളയക്കുന്നുണ്ടെന്നാണ് വിവരം. ചൈന, ശ്രീലങ്ക, തായ്ലൻഡ്, മൾഡോവ എന്നീ രാജ്യങ്ങളിൽനിന്നുകൂടി തൊഴിലന്വേഷകരെ തേടാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആ രാജ്യങ്ങളുടെ പ്രതികരണം അറിവായിട്ടില്ല.
മതേതര ജനാധിപത്യത്തിന്റെ ഒരേയൊരു പശ്ചിമേഷ്യൻ മാതൃക രാഷ്ട്രമായി പാശ്ചാത്യരും നമ്മുടെ നാട്ടിലെ പുരോഗമനവാദികളും അവതരിപ്പിക്കുന്ന ഇസ്രായേൽ സ്വന്തം പൗരന്മാരിൽ ഒരു പ്രത്യേക വിഭാഗത്തെ വംശീയാടിസ്ഥാനത്തിൽ മുച്ചൂടും വഴിയാധാരമാക്കി, ഉപജീവനമാർഗവും പ്രാഥമിക ജീവിതോപാധികളും നിഷ്കരുണം നിഷേധിക്കുമ്പോൾ ലോകം മൗനമാണ്. ഗാന്ധിജിയുടെ ഇന്ത്യയാകട്ടെ, ഭരണകൂട ഭീകരതയോടും നീതിനിഷേധത്തോടുമൊപ്പം നിൽക്കുകയും ചെയ്യുന്നു. ആക്രമണം തുടങ്ങിയത് ഹമാസാണെന്ന വാദം സ്ഥിരമായുന്നയിക്കുന്നവരോട് ചോദിക്കേണ്ട ചിലതുണ്ട്. യുദ്ധത്തിലോ ആക്രമണങ്ങളിലോ ഒരുനിലക്കുംപങ്കാളികളല്ലാത്ത വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പൗരരെ കൊന്നുതീർക്കുന്നതും തടവറകളിൽ തള്ളിവിടുന്നതും തൊഴിലുകളിൽനിന്ന് പുറന്തള്ളുന്നതും എങ്ങനെ ന്യായീകരിക്കും? ഈ കൊടിയ അനീതി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിനു പകരം, ആ നിരാലംബരെ മരണത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിന് അവരാവശ്യപ്പെടുന്ന സഹായങ്ങൾ എത്രയും പെട്ടെന്ന് നിറവേറ്റിക്കൊടുക്കാൻ തത്രപ്പെടുന്നതിലെ മാനുഷികത എത്രത്തോളം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.