ഈ വയോജന ദിനത്തിൽ അവരെക്കൂടിയോർമിക്കാം
text_fieldsസാധുക്കളും ദരിദ്രരുമായ ആദിവാസി ജനതക്ക് അറിവും കരുത്തും പകരാൻ ജീവിതം മുഴുവൻ ചെലവിട്ട സ്റ്റാൻ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതൻ നീതിയും ചികിത്സയും അടിസ്ഥാന മൗലികാവകാശങ്ങളും ലഭിക്കാതെ ജയിലിൽ മരണപ്പെട്ടത്, ഒരർഥത്തിൽ പറഞ്ഞാൽ വിധിന്യായമില്ലാത്ത വധശിക്ഷക്ക് വിധേയനാക്കപ്പെട്ടത്, ഈ വർഷം ജൂലൈ അഞ്ചിനാണ്. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. അന്യായമായി തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചും അനന്തമായി നീളുന്ന വിചാരണത്തടവിനെക്കുറിച്ചുമെല്ലാം ഫാ. സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ശബ്ദങ്ങളെല്ലാം ഏറക്കുറെ നേർത്തുകഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ അതിക്രമങ്ങളും പീഡനങ്ങളുമാകട്ടെ കൂടുതൽ കനംവെക്കുകയും ചെയ്യുന്നു.
ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയ അതേ ഭീമാ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട് മുംബൈയിലെ ബൈക്കുള ജയിലിൽ കഴിയുന്ന പ്രഫ. ഷോമ സെൻ (61), അഡ്വ. സുധ ഭരദ്വാജ് (59) എന്നിവർ വിവിധ രോഗങ്ങളാൽ കടുത്ത ആരോഗ്യ പ്രശ്നം അനുഭവിക്കുന്നവരാണ്. അതിനിടയിൽ ജയിലിനുള്ളിൽ കോവിഡ് കേസുകളും അധികരിച്ചു. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി പ്രഫ. ഷോമ സമർപ്പിച്ച ഹരജി ജാമ്യം നൽകാൻ കോവിഡ് ഒരു കാരണമല്ലെന്നു കാണിച്ച് പ്രത്യേക എൻ.ഐ.എ കോടതി തള്ളുകയും ചെയ്തു.
പ്രായം അറുപതു പിന്നിട്ട, ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലാഖ, വെർനോൺ ഗോൺസാൽവസ് എന്നീ തടവുകാരുടെ അപേക്ഷകൾക്കും സമാനഗതിയാണുണ്ടായത്. കേസിലെ മറ്റൊരു പ്രതി 81 വയസ്സുള്ള പ്രഫ. വരവര റാവു അതിഗുരുതരാവസ്ഥയിലായതോടെ ചികിത്സ നൽകാനും ആരോഗ്യാവസ്ഥ പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കാനും നീതിപീഠം ഇടപെട്ടതുകൊണ്ടു മാത്രം അൽപകാലത്തേക്കെങ്കിലും ജയിൽ വളപ്പിൽനിന്ന് പുറത്തിറങ്ങി. സ്റ്റാൻ സ്വാമിയെ മരണവും മോചിതനാക്കി.
പ്രായം കൂടുതലാണെന്നത് കുറ്റമുക്തരാക്കപ്പെടാനോ ശിക്ഷ ഒഴിവാക്കപ്പെടാനോ ഉള്ള കാരണമല്ലെന്ന് പലപ്പോഴും കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ചെയ്യാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുന്നതും മതിയായ ചികിത്സ നൽകാതെ നരകിപ്പിക്കുന്നതും സകലവിധ നീതിപ്രമാണങ്ങൾക്കും കടകവിരുദ്ധമല്ലേ; ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമല്ലേ?
ഇക്കഴിഞ്ഞ കാലമത്രയും അടിച്ചമർത്തപ്പെട്ടവരുടെ കേസുകൾ വാദിക്കുവാനും മൂടിവെക്കപ്പെട്ട വാർത്തകൾ പുറംലോകത്തെത്തിക്കാനും അന്യായങ്ങൾക്കെതിരെ ശബ്ദമുയർത്താനും വിനിയോഗിച്ച ഈ മനുഷ്യരൊന്നും ജീവിതസന്ധ്യയിൽ ഇത്തരമൊരു അനീതിക്ക് പാത്രമാവേണ്ടവരല്ല. അറസ്റ്റിലായി മൂന്നു വർഷത്തിലേറെ പിന്നിട്ടിട്ടും ജാമ്യമോ പരോളോ നൽകിയില്ലെന്നു മാത്രമല്ല, വിചാരണ ആരംഭിക്കാനും അധികാരികൾ തയാറാവുന്നില്ല.
ഏറെ ചർച്ച ചെയ്യപ്പെട്ട, ഏവർക്കും പെട്ടെന്ന് തിരിച്ചറിയുന്ന കേസ് എന്ന നിലയിലാണ് ഭീമാ കൊറേഗാവ് സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ കാര്യം എടുത്തുപറഞ്ഞത്. ഇവർ മാത്രമല്ല, രാജ്യത്തെ വിവിധ ജയിലുകളിലായി വിചാരണ കാത്തുകഴിയുന്ന നിരവധി മുതിർന്ന പൗരരുണ്ട്. നീതി നിർവഹണമാണ് ലക്ഷ്യമെങ്കിൽ വിചാരണ വേഗത്തിലാക്കി കുറ്റക്കാരെങ്കിൽ ശിക്ഷിക്കുകയും നിരപരാധികളെങ്കിൽ വിട്ടയക്കുകയുമാണ് വേണ്ടത്. എന്നാൽ, കെട്ടിച്ചമച്ച തെളിവുകളുടെ ബലത്തിൽ സൃഷ്ടിക്കപ്പെടുന്ന കേസുകളിൽ വിചാരണ അനന്തമായി വൈകിപ്പിച്ച്, തങ്ങൾക്കിഷ്ടമില്ലാത്തവരെ തടവറയിൽ സൂക്ഷിക്കാനാണ് ഭരണകൂടത്തിന് താൽപര്യം. വിചാരണ വല്ലാതെ വൈകുന്ന കേസുകളുടെ സ്വഭാവം പരിശോധിച്ചാൽ അതു വ്യക്തമാണ്. പ്രതികൾ ഒന്നുകിൽ രാഷ്ട്രീയ തടവുകാരായിരിക്കും അല്ലെങ്കിൽ ദുർബല-പിന്നാക്ക സമൂഹങ്ങളിൽനിന്നുള്ളവരായിരിക്കും.
മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ആറു വർഷമായി വിയ്യൂർ ജയിലിൽ വിചാരണ കാത്ത് തടവിൽ കഴിയുന്ന വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിം എന്ന 67കാരൻ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിെൻറ പശ്ചാത്തലത്തിൽ കേരളം ചർച്ച ചെയ്തിരുന്നു. രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള, കടുത്ത പ്രമേഹ രോഗിയായ ഈ മനുഷ്യന് ശരിയാംവിധത്തിലെ ചികിത്സ നൽകാഞ്ഞതിനെ തുടർന്ന് പല്ലുകൾ പൂർണമായി എടുത്തുമാറ്റേണ്ട അവസ്ഥയുണ്ടായി. പ്രതിചേർക്കപ്പെട്ട ഒരു കേസിൽ കുറ്റമുക്തനാക്കപ്പെട്ടു.
പൊലീസുകാരനെ ഭീഷണിപ്പെടുത്തി എന്ന കേസിൽ എട്ടാം പ്രതിയാണിപ്പോൾ. ഈ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽപോലും പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ നല്ല പങ്കും വിചാരണത്തടവിനത്തിൽ തന്നെ അനുഭവിച്ചു കഴിഞ്ഞു. ഇടക്കാല ജാമ്യമോ പരോളോ നൽകണമെന്നാവശ്യപ്പെട്ട് കുടുംബം ഏറക്കാലമായി മെഡിക്കൽ രേഖകളുമായി ഓഫിസുകൾ കയറിയിറങ്ങുന്നു. ഇബ്രാഹിമിന് മാനുഷിക പരിഗണന ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രഫ. കെ.സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്കർ മുതൽപേർ മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തതാണ്. ഈ വയോജന ദിനത്തിൽ ഇക്കാര്യം ഒരിക്കൽ കൂടി സംസ്ഥാന ഭരണകൂടത്തെ തെര്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.