അക്കിത്തം എന്ന പാഠപുസ്തകം
text_fields'ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം'
മലയാള തിരുമുറ്റത്ത് ജ്ഞാനപീഠ പുരസ്കാരത്തെ ആറാം തവണ എത്തിച്ച ഇതിഹാസ കവി അക്കിത്തം അച്യുതൻ നമ്പൂതിരി 94ാം വയസ്സിൽ സ്നേഹത്തിെൻറയും മാനവികതയുടെയും സൂക്ഷ്മഭാവങ്ങൾ തേടിയ കാവ്യജീവിതത്തിന് പൂർണവിരാമം കുറിച്ചിരിക്കുന്നു. ശൈശവത്തിൽ തന്നെ സർഗാത്മക കിരണങ്ങൾ പ്രസരിപ്പിച്ച അക്കിത്തം തലമുറകളുടെ ആകുലതകളിൽ പരിതപിച്ചും മനുഷ്യത്വത്തിലും സ്നേഹത്തിലും നിർവിശങ്കം വിശ്വസിച്ചും മലയാള കാവ്യനഭോമണ്ഡലങ്ങളിൽ സ്വന്തം വഴി വെട്ടിത്തെളിയിച്ചു. കുറുക്കിയെടുത്ത വാക്കുകളിലൂടെ അസ്തിത്വവ്യഥകളെ മനോഹരമായി സന്നിവേശിപ്പിച്ച അക്കിത്തത്തിെൻറ കവിതകൾ ആ കാലഘട്ടത്തെ അത്ഭുതപ്പെടുത്തി. അഹം എന്ന അഗ്നിയെ കെടുത്തുന്ന തീയാണ് കവിത എന്ന് ഉറച്ചുവിശ്വസിച്ചു അദ്ദേഹം. തെൻറ കാവ്യ പ്രതിഭകൊണ്ട് ലഭിച്ച ഒരു അംഗീകാരവും അദ്ദേഹത്തിെൻറ സഹജ സവിശേഷതകളായിരുന്ന വിനയത്തിനും ഭൗതികവൈരാഗ്യത്തിനും തെല്ലും പോറലേൽപിച്ചില്ല എന്നത് അങ്ങേയറ്റം മാതൃകാപരമാണ്. ഒരുവേള, മഹാകവി എന്നു വിളിക്കുന്നതുപോലും അദ്ദേഹം വിലക്കി.
1926 മാർച്ചിൽ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ച അക്കിത്തത്തിെൻറ ജീവിതവും ദർശനവും ലാളിത്യപൂർവവും സത്യസന്ധവുമായിരുന്നു. ജ്ഞാനപീഠമേറ്റുവാങ്ങി നിർവഹിച്ച പ്രഭാഷണം താൻ കടന്നുവന്ന വഴികളും ജീവിത കാഴ്ചകളും തെളിമയോടെ പങ്കുവെക്കുന്നുണ്ട്. ഇടശ്ശേരി ഗോവിന്ദൻ നായരും വി.ടി. ഭട്ടതിരിപ്പാടും സ്വാധീനിച്ച യൗവനവും കോഴിക്കോട്ടെ സൗഹൃദങ്ങളും അദ്ദേഹത്തിെൻറ കാവ്യജീവിതത്തെ സമ്പന്നമാക്കി. യൗവന കാലത്ത് കമ്യൂണിസത്തിൽ ആകൃഷ്ടനായിരുന്നുവെങ്കിലും വളരെ വേഗം അതിനോട് അകലംപാലിക്കുകയും ഭാരതീയ തത്ത്വചിന്തകളെ തെൻറ ചിന്താസരണിയുടെ ഉൾവെളിച്ചമായി സ്വീകരിക്കുകയും ചെയ്തു.
കമ്യൂണിസത്തോട് അദ്ദേഹത്തെ അടുപ്പിച്ചതുതന്നെ 'സമാനോ മന്തസ്സമാനീ സമാനാം മനസ്സഹ ചിത്തമേഷാം' എന്ന ഋഗ്വേദ സൂക്തത്തിലെ സമത്വഭാവമായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ക്ഷമാശീലനം മാത്രമേ സുഖമുള്ളൂ. അഥവാ സുഖം എന്നത് ദുഃഖത്തെ മറയ്ക്കൽ മാത്രമാണ്. ദുഃഖത്തിനൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ: നിരുപാധികസ്നേഹം. നിരുപാധികസ്നേഹമാണ് മനുഷ്യൻ എന്ന് ഉദ്ഘോഷിക്കുകയും ചെയ്തു. ജീവിതത്തിലെ മൂല്യമേറിയ ദിവ്യൗഷധമായി കണ്ണുനീരിനെ പ്രതിഷ്ഠിച്ച അക്കിത്തം, വിവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഏറെ അകന്നാണ് സഞ്ചരിച്ചത്. അക്രമത്തിെൻറയും അധർമത്തിെൻറയും മറുപക്ഷത്ത് നിലയുറപ്പിക്കുന്നതാണ് അദ്ദേഹത്തിെൻറ എല്ലാ കവിതകളും. അത് സ്നേഹത്തെ ആഘോഷിച്ചു. മാനവികതക്കുവേണ്ടി കലഹിച്ചു.
ആധുനികതയെ സ്വാംശീകരിക്കുന്നതിൽ വിജയിച്ച അക്കിത്തം ആധുനികാനന്തര ലോകമുയർത്തിയ ചോദ്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാനോ അഭിമുഖീകരിക്കാനോ ശ്രമിച്ചില്ല; അപ്പോഴേക്കും അദ്ദേഹം വൈദികപാരമ്പര്യത്തിെൻറ പ്രണേതാവായി മാറിയിരുന്നു. വൈദിക പാരമ്പര്യത്തിൽ ജനിച്ചുവളരുകയും ജീവിതാന്ത്യംവരെ അതിെൻറ പരിലാളനകളിൽ ജീവിക്കുകയും ചെയ്ത കവിയുടെ ചിന്തകൾ ഭാരതീയ വൈദിക പാരമ്പര്യത്തിൽ പരിപോഷിപ്പിക്കപ്പെട്ടത് സ്വാഭാവികം. അതുകൊണ്ടുതന്നെ, വേദത്തിെൻറയും ഉപനിഷത്തുക്കളുടെയും പരമമായ മാനവമതത്തെ ആ കവിതകളിൽ ധാരാളമായി ദർശിക്കാം. അദ്ദേഹത്തിെൻറ സമർശീർഷരുമായി താരതമ്യപ്പെടുത്തുമ്പോൾ ദാർശനികമായ അന്വേഷണങ്ങളും ഉൾക്കാഴ്ചകളുംകൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിെൻറ കവിതകൾ.
അനന്യസാധാരണമാം വിധത്തിൽ ദീനാനുകമ്പയെ കവിതകളിൽ സന്നിവേശിപ്പിച്ച കവിയെ സംഘ് രാഷ്ട്രീയത്തിെൻറ സഹകാരിയാക്കിയെന്നത് വിധിവൈപരീത്യം. കണ്ണീർകണത്തിെൻറയും പുഞ്ചിരിയുടെയും വിലയറിഞ്ഞ ഒരു മഹാമനുഷ്യൻ രാഷ്ട്രീയ നിലപാടിൽ സ്വന്തം കാഴ്ചപ്പാടുകളുടെ മറുപക്ഷത്ത് നിലയുറപ്പിക്കേണ്ടി വന്നത് ജീവിതത്തിലൂടനീളം പുലർത്തിപ്പോന്ന 'അലസ നിഷ്കളങ്കത' കൊണ്ടായിരിക്കാം. മാനവികതയുടെയും വിമോചനത്തിെൻറയും ഏക പാതയായി കമ്യൂണിസം കേരളത്തിൽ ഉദിച്ചുയരുമ്പോൾ ഹിംസാത്മക പ്രത്യയശാസ്ത്രത്തിനെതിരെ ഏവരുടെയും അപ്രീതി സമ്പാദിച്ച് നിലയുറപ്പിക്കാൻ ആർജവം കാണിക്കുകയും അക്രമാത്മക വിപ്ലവത്തിന് അൽപായുസ്സാെണന്ന് ദീർഘദർശനം ചെയ്യുകയും ചെയ്ത കവിക്ക് പക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിെല ഫാഷിസത്തെ മനസ്സിലാക്കാൻ സാധിക്കാതെ പോയതെന്തെന്ന് നിത്യമായി നിലനിൽക്കുന്ന അദ്ദേഹത്തിെൻറ രചനകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്നവർപോലും അത്ഭുതം കൂറും. ആ അർഥത്തിൽ, കവിതയിലെ ദർശനവും കവിയുടെ രാഷ്ട്രീയദർശനവും വഴിപിരിയുന്ന വൈരുധ്യത്തിെൻറ പാഠപുസ്തകം കൂടിയായാവും മഹാകവി അക്കിത്തം ഇനി മലയാള മണ്ണിൽ മഹത്ത്വത്തോടെ വിരാജിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.