റേറ്റിങ്: സമഗ്രമായ തിരുത്താണാവശ്യം
text_fields
ഉള്ളതിലേറെ പ്രചാരമുണ്ടെന്നു വരുത്താൻ കണക്കുകളിൽ കൃത്രിമം കാട്ടിയ ചാനലുകളെപ്പറ്റി മുംബൈ പൊലീസ് നടത്തിയ വെളിപ്പെടുത്തൽ ഈ രംഗത്തെ കള്ളക്കളികളെക്കുറിച്ച ആരോപണങ്ങൾ ബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. മാധ്യമരംഗത്തെ പ്രചാരക്കണക്കുകൾ തയാറാക്കുന്നതിലെ സുതാര്യതയില്ലായ്മയിലേക്കുകൂടി അത് വിരൽചൂണ്ടുന്നുണ്ട്. രണ്ടു മറാത്തി ചാനലുകൾക്കു പുറമെ വാർത്താചാനലായ റിപ്പബ്ലിക് ടി.വിയും ടെലിവിഷൻ റേറ്റിങ് പോയൻറ് (ടി.ആർ.പി) ഉയർത്തിക്കാണിക്കാൻ കൃത്രിമം കാണിച്ചെന്നാണ് ആരോപണം.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) നിയോഗിച്ച ഹാൻസ് എന്ന ഏജൻസി നൽകിയ പരാതിയിലാണ് മുംബൈ പൊലീസ് അന്വേഷണം നടത്തുന്നത്. 'ബാർകി'നുവേണ്ടി വീടുകളിൽ മീറ്റർ സ്ഥാപിക്കേണ്ട ജീവനക്കാരിലൊരാളുടെ പക്കൽനിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു; കുറെ വീടുകളിൽ 400ഉം 500ഉം രൂപ മാസംതോറും വിതരണം ചെയ്യാനുള്ളതാണ് പണമെന്ന് അയാൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൃത്രിമത്തിനിറങ്ങിത്തിരിച്ച ചാനലുകൾ എപ്പോഴും തുറന്നുവെക്കുന്നതിനുള്ള പ്രതിഫലമാണ് ഈ കൈക്കൂലി. ഇംഗ്ലീഷ് ഒട്ടും അറിയാത്ത വീട്ടുകാർ ഇംഗ്ലീഷ് വാർത്താചാനൽ മണിക്കൂറുകളോളം തുറന്നുവെക്കുന്നു. ചില പ്രത്യേക ചാനലുകളുടെ ടി.ആർ.പിയിൽ അസ്വാഭാവികമായ കുതിച്ചുകയറ്റമുണ്ടാകുന്നു. റേറ്റിങ് കണക്കാക്കാൻ മീറ്റർ സ്ഥാപിച്ച ചില വീടുകളിൽ ആളില്ലാത്ത സമയത്തും പ്രത്യേക ചാനലുകൾ തുറന്നുവെച്ച സംഭവങ്ങളുണ്ടാകുന്നു. ഇങ്ങനെ വ്യാജമായ പ്രചാരക്കണക്ക് ഉണ്ടാക്കുന്നത് പരസ്യവരുമാനം വർധിപ്പിക്കാനാണ്. 'ബാർക്' നൽകുന്ന ടി.ആർ.പി കണക്കനുസരിച്ചാണ് പരസ്യദാതാക്കൾ ഏതൊക്കെ ചാനലിന് ഏതെല്ലാം നിരക്കിൽ പരസ്യം നൽകണമെന്ന് തീരുമാനിക്കുന്നത്. കണക്കിൽ കൃത്രിമം കാണിക്കുകവഴി ചാനലുകൾ കോടിക്കണക്കിന് രൂപയാണ് പരസ്യദാതാക്കളിൽനിന്ന് അവിഹിതമായി തട്ടിയെടുക്കുന്നത്. ഈ തട്ടിപ്പ് രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്ന പൊലീസിെൻറ അനുമാനവും തള്ളിക്കളയാനാവില്ല.
കണക്കിലെ ഈ കൃത്രിമങ്ങൾക്ക് ഇന്ത്യയിൽ സ്വകാര്യ ചാനലുകളുടെ വരവോളം പഴക്കമുണ്ട്. ടെലിവിഷൻ ഓഡിയൻസ് മെഷർമെൻറ് (ടാം) എന്നപേരിൽ നടന്നുവന്ന കണക്കെടുപ്പിൽ ഭീമവും വ്യാപകവുമായി കള്ളത്തരം കണ്ടെത്തിയതോടെയാണ് അളവെടുക്കാൻ 'ബാർകി'നെ ചുമതലപ്പെടുത്തിയത്. ദൂർദർശന് ഏറക്കുറെ സമ്പൂർണമായ കുത്തക ഉണ്ടായിരുന്ന കാലത്തും ചിലപ്പോൾ, ജനപ്രീതിയുള്ള ആദ്യ 50 എണ്ണത്തിൽ ദൂർദർശെൻറ ഒരു പരിപാടിയും പെട്ടിരുന്നില്ല. ഇത്തരം കള്ളക്കണക്കുകളുമായി പതിറ്റാണ്ടുകൾ കഴിഞ്ഞശേഷമാണ്, 2015ൽ, 'ബാർക്' എന്ന പുതിയ സംവിധാനത്തെ കണക്കെടുപ്പ് ചുമതല ഏൽപിക്കുന്നത്. പക്ഷേ, പരാതികൾക്ക് എന്നിട്ടും വലിയ കുറവില്ല. കാഴ്ചക്കാർ ധാരാളമുള്ള പരിപാടികൾ റേറ്റിങ്ങിൽ താഴെ കാണപ്പെടുേമ്പാൾ കാഴ്ചക്കാർ താരതമ്യേന കുറഞ്ഞവ മുകളിലേക്കു കയറുന്നത് ഇപ്പോഴും കാണുന്നു. മേൽനോട്ടസംവിധാനങ്ങളുടെ തലപ്പത്തുള്ളവരുമായി ബന്ധമുള്ള ചാനലുകൾ റേറ്റിങ്ങിൽ ഒരു പരിധിക്കു താഴെ വരുന്നേയില്ല. ടി.ആർ.പി കണക്കുകളും സമൂഹമാധ്യമങ്ങളിലെ കണക്കുകളും തമ്മിലുള്ള അന്തരം പലപ്പോഴും വിശദീകരിക്കപ്പെടാതെ പോകുന്നു.
മുെമ്പന്നപോലെ ഇപ്പോഴും വീടുകളിൽ സ്ഥാപിക്കുന്ന മീറ്ററുകൾ- കൃത്രിമങ്ങൾക്ക് പഴുത് ധാരാളമുള്ള അതേ സംവിധാനം- തന്നെയാണ് കണക്കുകൾക്കാധാരം. മുമ്പത്തെ അതേ സുതാര്യതയില്ലായ്മ ഇപ്പോഴുമുണ്ട്. 20 വർഷം മുമ്പ് രാജ്യത്താകെ 2000 മീറ്ററുകളാണ് സ്ഥാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 40,000 മീറ്ററുകളേ ആയിട്ടുള്ളൂ. 15 കോടി 35 ലക്ഷം വീടുകളെയാണ് ഈ 40,000 പ്രതിനിധാനം ചെയ്യുന്നത്. ഇതുവെച്ചാണ് 27,000 കോടി രൂപ വരുന്ന വാർഷിക പരസ്യങ്ങൾ വിതരണം ചെയ്യപ്പെടുന്നത് എന്നോർക്കണം. കൃത്രിമത്തിനുള്ള സൗകര്യവും സാമ്പിളുകളുടെ അപര്യാപ്തതയും ഈ കനത്ത പരസ്യബജറ്റിെൻറ വ്യയരീതി തീരുമാനിക്കുേമ്പാൾ എന്തു സംഭവിക്കാമോ അതാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത്. അല്ലാതെ പരസ്യദാതാക്കൾ ഇന്നോ ഇന്നലെയോ വഞ്ചിക്കപ്പെട്ടുതുടങ്ങിയതൊന്നുമല്ല. മൂന്നുവർഷം മുമ്പ് ഒരു ചാനൽ 'ബാർകി'ന് എഴുതിയ കത്തിൽ, മറ്റുചില ചാനലുകളുടെ കണക്കിൽ ഗുജറാത്തിലെ ഏതാനും വീടുകളിലെ റേറ്റിങ് വഴി വൻ വർധന കാണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കൊല്ലംതന്നെ ടി.വി ഭാരത്വർഷ് എന്ന ചാനലിെൻറ പ്രചാരക്കണക്ക് വല്ലാതെ പെരുപ്പിച്ചു കാണിക്കുന്നതായി 'ബാർകി'ന് പരാതി ലഭിച്ചിരുന്നു. പല സ്ഥലങ്ങളിലും 'റേറ്റിങ് കൺസൽട്ടൻറു'മാർ വരെ ഉണ്ടത്രെ. മീറ്റർ സ്ഥാപിച്ചത് ഏതൊക്കെ വീട്ടിൽ എന്നത് രഹസ്യമാണെന്നാണ് പറയാറെങ്കിലും കൺസൽട്ടൻറുമാർ എല്ലാമറിയുന്നു; ആവശ്യമുള്ള ചാനലുകൾക്കായി 'സേവനം' നൽകുന്നു.
ചാനലുകളുടെ പ്രചാരക്കണക്കിെൻറ ഏക മാനദണ്ഡം 'ബാർകി'െൻറ കൈവശമാണെന്നിരിക്കെ, ആ കുത്തകാധികാരം ആവശ്യപ്പെടുന്ന ആധികാരികതയോ സുതാര്യതയോ അതിെൻറ കണക്കെടുപ്പിനില്ല എന്നത് ഒരു വസ്തുതയാണ്. മുമ്പത്തെ 'ടാമി'നുണ്ടായിരുന്ന പോരായ്മകൾ 'ബാർകി'െൻറ ടി.ആർ.പിയെയും വേട്ടയാടുന്നുണ്ടെങ്കിൽ പ്രശ്നം പഴുതുകൾ മുതലെടുക്കുന്ന വിരുതന്മാർ മാത്രമല്ല, വാർത്താചാനലുകൾപോലും വിനോദമായിത്തീരുകയും സംവാദങ്ങൾ ആക്രോശങ്ങളാവുകയും ഉള്ളടക്കത്തിെൻറ വിശ്വാസ്യത നഷ്ടമാവുകയും ചെയ്തപ്പോഴും അവയുടെ വ്യാപാരവശം ഭദ്രമാണെന്ന് കരുതിപ്പോന്ന ചിലരെങ്കിലുമുണ്ടായിരുന്നു. അതിനപ്പുറം, മറ്റൊരു കണക്കും ലഭ്യമല്ലാത്തതിനാൽ നിവൃത്തികേടുകൊണ്ടു മാത്രം 'ബാർകി'െൻറ കണക്കിനെ ആശ്രയിക്കേണ്ടിവരുന്ന പരസ്യദാതാക്കളുമുണ്ട്. ഇതിനെല്ലാം പുറമെ, സമൂഹത്തെ ആഴത്തിലും പരപ്പിലും സ്വാധീനിക്കാൻ പോന്ന ടെലിവിഷൻ ചാനലുകളുടെ ലോകത്ത് ഒരൽപമെങ്കിലും നേരും നന്മയും ബാക്കിനിൽക്കണമെന്ന് മോഹമുള്ള സാധാരണ ജനങ്ങളുമുണ്ട്. ഈ രംഗത്ത് സമഗ്രമായ ശുദ്ധീകരണം ഇവരെല്ലാവരുടെയും താൽപര്യമാണ്. മുംബൈയിലെ ഒരു പൊലീസ് കേസിൽ ഒതുങ്ങേണ്ടതല്ല അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.