Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവിടപറഞ്ഞ വിപ്ലവ നായിക

വിടപറഞ്ഞ വിപ്ലവ നായിക

text_fields
bookmark_border
വിടപറഞ്ഞ വിപ്ലവ നായിക
cancel


ഫ്യൂഡലിസത്തിന​ും ഭൂദുഷ്​പ്രഭുത്വത്തിനും അധികാര വർഗ തേർവാഴ്​ചക്കുമെതിരെ, ചൂഷിതരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പക്ഷത്ത്​ നിലയുറപ്പിച്ച്​ സുധീരം പോരാടിയ വിപ്ലവ നായികയാണ്​ നൂറ്റാണ്ടു പിന്നിട്ട സംഭവബഹുലമായ ജീവിതത്തിനൊടുവിൽ കേരളത്തോട്​ കഴിഞ്ഞ ദിവസം വിടപറഞ്ഞ കെ.ആർ. ഗൗരിയമ്മ.

സ്​ത്രീകൾക്ക്​ പൊതുരംഗത്തിറങ്ങി പ്രവർത്തിക്കുന്നതുപോയിട്ട്​ പുറത്തിറങ്ങി നടക്കാൻപോലും വിലക്കുണ്ടായിരുന്ന കാലത്ത്​ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്​ സമൂഹമധ്യത്തിലിറങ്ങി നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ചോരക്കൊടി പിടിച്ച്​ പൊലീസി​ന്‍റെ ചവിട്ടും ലാത്തിയടിയും തൃണവൽഗണിച്ച്​ കാരാഗൃഹത്തിൽ കഴിഞ്ഞ ഗൗരിയമ്മ നിശ്ചയമായും കേരള ചരിത്രത്തിൽ സ്വന്തം രക്തത്തിലൂടെ വേറി​ട്ടൊരധ്യായം എഴുതിച്ചേർത്ത ധീരവനിതയാണ്​.

അവരോടും അവർ പ്രവർത്തിച്ച പ്രസ്​ഥാനത്തോടും ഭിന്നാഭിപ്രായം പുലർത്തുന്നവർക്കുപോലും നിഷേധിക്കാനാവില്ല ത്യാഗപൂർണമായ ആ ജീവിതത്തിലെ സാമൂഹിക പ്രതിബദ്ധതയും മാറ്റത്തിനായുള്ള ത്വരയും. അതുകൊണ്ടുതന്നെയാണ്​ 1957ലെ പ്രഥമ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ചേർത്തല മണ്ഡലത്തിൽനിന്ന്​ കമ്യൂണിസ്​റ്റ്​ പാർട്ടി സ്​ഥാനാർഥിയായി വിജയിച്ചുകയറാനും ജനാധിപത്യാടിസ്​ഥാനത്തിൽ ഒന്നാമതായി അധികാരം പിടിച്ച കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ മന്ത്രിസഭാംഗമായി ചരിത്രത്തിൽ ഇടംപിടിക്കാനും ഗൗരിയമ്മക്കായത്​.

സംസ്​ഥാനാധികാരത്തി​ന്‍റെ പരിമിതിയിൽനിന്നുകൊണ്ട്​ രാജ്യത്തിന്നാകെ മാതൃകയായി ഭൂപരിഷ്​കരണ നിയമം ​െകാണ്ടു​വരുകയെന്ന ഐതിഹാസിക ദൗത്യം നിറവേറ്റാനായതും അവിസ്​മരണീയ സംഭവമാണ്​. ത​ന്‍റെ സ്വന്തം കുടുംബത്തി​ന്‍റെ ഉടമസ്​ഥതയിലുള്ള വിശാലമായ കൃഷിഭൂമിയിലെ കുടിയാന്മാരിൽ ഒരാളെപോലും ഒഴിപ്പിക്കാതെ നിയമാനുസൃത ഭൂവിഹിതം അവർക്ക്​ പതിച്ചുകൊടുത്തുകൊണ്ടാണ്​ കാർഷിക ബന്ധ നിയമം അവർ നടപ്പാക്കാനാരംഭിച്ചതെന്ന ചരിത്ര വസ്​തുത അടിവരയിട്ടുവേണം ഓർമിക്കാൻ. അതിരുകളില്ലാത്ത ജന്മിത്വത്തി​ന്‍റെ അന്ത്യംകുറിക്കാൻ കമ്യൂണിസ്​റ്റ്​ സർക്കാർ നിയമം കൊണ്ടുവരുന്നു എന്നുകേട്ടപ്പോഴേക്ക്​ തങ്ങളുടെ കുടിയാന്മാരെ മുഴുവൻ ഒഴിപ്പിച്ചെടുക്കാൻ കുതന്ത്രം പയറ്റിയ ഒ​ട്ടേറെ പ്രമുഖരെക്കുറിച്ച്​ പിന്നീട്​ ചരിത്രം പറഞ്ഞുതന്നിട്ടുണ്ട്​.

സ്​ത്രീശാക്തീകരണത്തെയും വനിത മുന്നേറ്റത്തെയും കുറിച്ച്​ വാചാലരാവുന്നവരൊക്കെ ചൂണ്ടിക്കാട്ടാറുള്ളതാണ്​ ഗൗരിയമ്മയുടെ മാതൃക. അതുപക്ഷേ, ആരെങ്കിലും നൽകിയ ഔ​ദാര്യം മൂലമോ വനിതാ സംവരണത്തിലൂടെയോ നേടിയെടുത്തതായിരുന്നില്ല എന്നതാണേറ്റവും ശ്രദ്ധേയം. സ്വന്തം കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കി അവർ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്​ഥാനങ്ങളും പദവികളുമേ അവരുടെ ജീവിതത്തിൽ കാൺമാനാവൂ.

പാർലമെൻറിലെയും നിയമസഭകളിലെയും സ്​ത്രീ സംവരണം എന്ന സ്വപ്​നം എങ്ങുമെത്താതെ തുടരുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഗൗരിയമ്മയിൽനിന്ന്​ നമ്മുടെ സ്​ത്രീ സമൂഹം ഉൾക്കൊള്ളേണ്ട മാതൃകയും അതുതന്നെ. അതേസമയം, പുരുഷമേധാവിത്വം ഗൗരിയമ്മയുടെ മാർഗത്തിൽപോലും തടസ്സം സൃഷ്​ടിച്ചുവോ എന്ന ആലോചനക്ക്​ പ്രസക്തിയുണ്ട്​. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാറി​നെ നയിക്കേണ്ടത്​ ഗൗരിയമ്മ ആയിരുന്നുവെന്നും 'കേരം തിങ്ങും കേരള നാട്ടിനെ കെ.ആർ. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സി.പി.എം മുന്നണി സമയമായപ്പോൾ അവരെ തഴഞ്ഞ്​ ഇ.കെ. നായനാരെ മുഖ്യമന്ത്രി പദത്തിലേക്ക്​ കൊണ്ടുവരുകയായിരു​ന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്​. എന്നാൽ, കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സംസ്​കാരവും വഴക്കവുമനുസരിച്ച്​ ആഗ്രഹിക്കുന്നവർക്ക്​ പദവി നൽകാറില്ലെന്നും കെ.ആർ. ഗൗരിക്കർഹമായത്​ അപ്പോഴും പാർട്ടി നൽകിയി​ട്ടുണ്ടെന്നും അവർ മുഖ്യമന്ത്രി പദം മോഹിച്ചതാണ്​ തെറ്റെന്നുമാണ്​ താത്ത്വികാചാര്യനും പാർട്ടി സെക്രട്ടറിയുമായിരുന്ന ഇ.എം.എസ്​ ന്യായീകരിച്ചത്​.

ഇപ്പറയുന്നതിലെ തെറ്റും ശരിയും ഇനിയും വിവാദ വിധേയമായി തുടരാനാണിട. എന്തുതന്നെയായാലും ഗൗരിയമ്മക്ക്​ ഒരിടതുപക്ഷ സർക്കാറി​ന്‍റെ സാരഥ്യം വഹിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ പുതിയ ചരിത്രം സൃഷ്​ടിക്കപ്പെടുമായിരുന്നു എന്നു കരുതുന്നു വലിയൊരു വിഭാഗം.

പാർട്ടിയിൽ നിന്ന്​ പുറംതള്ളപ്പെട്ട ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്നപേരിൽ രാഷ്​ട്രീയകക്ഷി രൂപവത്​കരിച്ചതും അത്​ വലതു​ മുന്നണിയുടെ ഭാഗമായതും തുടർന്ന്​ അധികാരത്തിലേറിയ യു.ഡി.എഫ്​ മന്ത്രിസഭയിൽ അവർ അംഗമായതുമൊക്കെ സംഭവിക്കാൻ പാടില്ലാത്ത ഫൗൾ ആയിരുന്നു എന്നും അവർ കരുതുന്നുണ്ടാവും. സ്​ത്രീ ആയത്​ മാത്രമല്ല, പിന്നാക്ക ജാതിക്കാരിയായതു കൂടിയാണ്​ സംഭവത്തിലെ ഇരുണ്ടവശമെന്ന്​ അഭിപ്രായപ്പെടുന്നവർ, മണ്ഡൽ കമീഷൻ റിപ്പോർട്ട്​ വി.പി. സിങ്​ സർക്കാർ നടപ്പാക്കുന്ന ഘട്ടത്തിൽ ഇ.എം.എസ്​ നമ്പൂതിരിപ്പാട്​ സാമ്പത്തിക സംവരണത്തിനു കൂടി വാദിച്ചതും ഗൗരിയമ്മ അതിനെ എതിർത്തതും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിൽ കേന്ദ്രത്തിലെ മോദി സർക്കാറിനെപ്പോലെ കേരളത്തിലെ പിണറായി സർക്കാറും സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കയാണല്ലോ. ഇന്ത്യയിൽ ഇടതോ വലതോ ആർ അധികാരത്തിൽ വന്നാലും സവർണബോധം അതി​ന്‍റെ അന്തർധാരയായുണ്ടാവും എന്നായിരിക്കുമോ ഇതു നൽകുന്ന പാഠം?

ഗൗരിയമ്മയെപ്പോലുള്ള ചരിത്രസ്രഷ്​ടാക്കൾ അപൂർവവേളകളിൽ ഉയർന്നുവരുന്നവരാണ്​. അവരുടെ ഭൂമികയായിരുന്ന ഇടതുപക്ഷ രാഷ്​ട്രീയം ബംഗാളിൽ ദൃശ്യമാവുന്നപോലെ ഉന്മൂലന ഭീഷണി നേരിടു​േമ്പാൾ, പലതരം ഒത്തുതീർപ്പുകളിലൂടെ കേരളത്തിൽ നേടിയെടുത്ത വൻ വിജയം അതിജീവനശേഷി കൈവരിക്കുമോ എന്നാണിനി അറിയാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkr gouri amma
News Summary - revelutionary leader gouri amma became memory
Next Story