അരുത്, ഈ അധികാരം വിട്ടുകൊടുക്കരുത്
text_fieldsസ്വ തന്ത്ര ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യമെന്നു വിളിക്കപ്പെട്ട വിവരാവകാശ നിയമം (ആർ.ടി.െഎ) അതിശക്തമായ ഭീഷണി നേരിടുകയാണ്. 2005 ഒക്ടോബർ 12ന് പ്രാബല്യത്തിൽവന്നതിനുശേഷം അത് ഭരണകർത്താക്കളിൽനിന്നും ബ്യൂറോക്രസിയിൽനിന്നും മാത്രമല്ല, ജുഡീഷ്യറിയിൽനിന്നുപോലും വെല്ലുവിളി നേരിടേണ്ടിവന്നിട്ടുണ്ട്. ജനങ്ങളാണ് യജമാനന്മാർ എന്ന ജനായത്ത തത്ത്വത്തിെൻറ സാക്ഷാത്കാരമാണ് ആർ.ടി.െഎ മുഖേന നടപ്പായിത്തുടങ്ങിയത്. ഇത് അധികാരകേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയത് സ്വാഭാവികം. നടപ്പിൽവന്ന് ആറു മാസത്തിനുള്ളിൽ ഭേദഗതിശ്രമങ്ങളെ നേരിട്ടുതുടങ്ങിയ അപൂർവ ചരിത്രമുണ്ട് ആർ.ടി.െഎക്ക്. പുരോഗമന നാട്യത്തോടെയാണ് ഒാരോ തവണയും മാറ്റങ്ങൾ കൊണ്ടുവന്നത്; ഒാേരാ തവണയും അതിൽ വെള്ളംചേർക്കാനും നിയമം ദുർബലമാക്കാനുമുള്ള ശ്രമങ്ങൾ പ്രകടമായിരുന്നു.
എൻ.ഡി.എ സർക്കാറിനു കീഴിൽ ഇത്തരം ശ്രമങ്ങൾ ഉൗർജിതമായി. ചട്ടപ്രകാരമുള്ള മുൻകൂർ അറിയിപ്പോ പൊതുചർച്ചയോ കൂടാതെ കഴിഞ്ഞ വർഷം മോദി സർക്കാർ ആർ.ടി.െഎ ഭേദഗതി കൊണ്ടുവന്നപ്പോൾ ശക്തമായ എതിർപ്പുകാരണം മാറ്റിവെക്കുകയായിരുന്നു. കൂടുതൽ അംഗബലേത്താടെ അധികാരത്തിൽവന്ന രണ്ടാം മോദി സർക്കാർ ജനതാൽപര്യത്തെ ഹനിക്കുന്ന നിയമഭേദഗതിക്ക് ഇപ്പോൾ ഒരുങ്ങിയതും തിടുക്കത്തിൽ, പൊതുചർച്ചക്കോ പാർലമെൻറ് സ്ഥിരം സമിതിയുടെ പരിശോധനക്കുപോലുമോ നിന്നുകൊടുക്കാതെയാണ്. എന്നിട്ടും ജൂലൈ 19ന് ലോക്സഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞത്, നിയമത്തിലെ തകരാറുകൾ തീർത്ത് അത് കുറ്റമറ്റതാക്കാനാണിത് എന്നാണ്. എന്താണീ ഭേദഗതി? പ്രധാനമായും രണ്ടു മാറ്റങ്ങളാണ് 2005ലെ നിയമത്തിൽ വരുത്തുന്നത്.
ആർ.ടി.െഎയുടെ 13, 16, 27 വകുപ്പുകളിലെ മാറ്റത്തിലൂടെ വിവരാവകാശ കമീഷനുമേൽ കേന്ദ്ര സർക്കാറിന് മുമ്പില്ലാതിരുന്ന ആധിപത്യം സ്ഥാപിക്കുക, സംസ്ഥാന കമീഷനുകൾക്കുമേലും അധീശത്വം സ്ഥാപിക്കുക എന്നിവയാണ് അപ്രഖ്യാപിത ഉദ്ദിഷ്ട ലക്ഷ്യങ്ങൾ. വിവരാവകാശ മുഖ്യ കമീഷണറുടെയും മറ്റ് കമീഷണർമാരുടെയും കാലപരിധിയും ശമ്പളമടക്കമുള്ള േവതനങ്ങളും കേന്ദ്രസർക്കാറിെൻറ തീരുമാനപ്രകാരമാകും എന്നതാണ് പ്രധാന ഭേദഗതി. തെരഞ്ഞെടുപ്പ് കമീഷന് സമാനമാണ് ഇന്നുള്ള വ്യവസ്ഥകൾ. അവ സർക്കാറിെൻറ ദയക്കു വിട്ടുകൊടുക്കുന്നതോടെ വിവരാവകാശ കമീഷെൻറ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടും; അതോടെ സർക്കാറിെൻറ പ്രവർത്തനങ്ങളെ പരിശോധിക്കാനുള്ള ജനങ്ങളുടെ അധികാരവും ഫലത്തിൽ നഷ്ടപ്പെടും. സംസ്ഥാന കമീഷണർമാരുടെ നിയമനവും വേതന-സേവന വ്യവസ്ഥകളും തീരുമാനിക്കാനുള്ള അധികാരം സ്വന്തമാക്കുംവിധം ആർ.ടി.െഎ 16ാം വകുപ്പ് മാറ്റുന്നതോടെ ഫെഡറലിസത്തിന് മറ്റൊരു ആഘാതംകൂടി ഏൽപിക്കുകയാണ് മോദി സർക്കാർ.
ദുർഭരണത്തിനും അഴിമതിക്കും അസത്യപ്രചാരണങ്ങൾക്കുമെതിരെ ജനങ്ങൾക്കു കിട്ടിയ കരുത്തുറ്റ ആയുധമാണ് ആർ.ടി.െഎ. ഒാരോ വർഷവും 60 ലക്ഷം ചോദ്യങ്ങളാണ് ആ നിയമമനുസരിച്ച് ജനങ്ങൾ ഉന്നയിക്കുന്നത്; കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആർ.ടി.െഎ പ്രകാരമുള്ള അന്വേഷണങ്ങളിൽ 35 ശതമാനം വർധന ഉണ്ടായിട്ടുമുണ്ട്. സർക്കാർ പക്ഷത്തുനിന്നുണ്ടായ പല വ്യാജപ്രചാരണങ്ങളും ആർ.ടി.െഎ പൊളിച്ചിട്ടുണ്ട്. ബ്യൂറോക്രസിയിലെ അഴിമതിക്കാർക്ക് അതൊരു പേടിസ്വപ്നമാണ്. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികൾ സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിലെ കള്ളങ്ങൾവരെ അത് തുറന്നുകാട്ടി. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് താൻ ബിരുദം നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടപ്പോൾ മാർക്ക് ഷീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ആക്ടിവിസ്റ്റുകൾ സർവകലാശാലയെ സമീപിച്ചതിനു പിന്നിൽ ആർ.ടി.െഎ നൽകിയ ബലമായിരുന്നു; അതിനെതിരെ കോടതിയെവരെ ഇടപെടുവിച്ചത് മറ്റൊരു ചരിത്രം. ആർ.ടി.െഎ ആരെയൊക്കെ അലോസരപ്പെടുത്തുന്നു എന്നു കാണാൻ പ്രയാസമില്ല.
അതുകൊണ്ടുതന്നെ, ജനങ്ങൾക്കുവേണ്ടി അധികാരപൂർവം ഭരണകർത്താക്കളോട് കൽപിക്കുന്ന ഇൻഫർമേഷൻ കമീഷനെ സ്വന്തം ആജ്ഞാനുവർത്തിയാക്കാൻ പര്യാപ്തമായ ഭേദഗതികളാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. ആർ.ടി.െഎ ദുർബലമാകുന്നത് രണ്ടു കൂട്ടർക്കാണ് പ്രധാനമായും ഗുണംചെയ്യുക- ഭരണത്തിലുള്ള രാഷ്ട്രീയക്കാർക്കും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തിനും. ഒരു നിലക്കും ന്യായീകരിക്കാനാവാത്തതാണ് ഇത്. മാധ്യമങ്ങളെ അകറ്റിയും ഒതുക്കിയും ഭരണസുതാര്യതയിൽ ഇടിവുണ്ടാക്കിയ സർക്കാർ അറിയാനുള്ള ജനങ്ങളുടെ നിയമപരമായ അവകാശത്തെതന്നെ ഇപ്പോൾ നിയന്ത്രണത്തിലാക്കുേമ്പാൾ ആർ.ടി.െഎ എന്ന സ്ഥാപനംകൂടി ‘കൂട്ടിലെ തത്ത’യായി മാറുകയാണ്. ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യവാദികളുടെ അവകാശവും ഉത്തരവാദിത്തവുമാണെന്ന് പറയേണ്ടതില്ല.
പാർലമെൻറിെൻറ സ്ഥിരം സമിതി വിശദമായി പരിശോധിക്കുകയും പാർലമെൻറ് നിഷ്കൃഷ്ടമായി ചർച്ച നടത്തുകയും ചെയ്തശേഷം ഏകകണ്ഠമായിട്ടാണ് 2005ൽ ആർ.ടി.െഎ നിയമം പാസാക്കുന്നത്. അതാണിപ്പോൾ ഒരു സമിതിക്കും നൽകാതെ തിടുക്കത്തിൽ മാറ്റിയെടുക്കുന്നത്. ഫെഡറലിസത്തെ തകർക്കുകയും വിവരാവകാശ കമീഷനുകളുടെ സ്വതന്ത്ര സ്വഭാവം നശിപ്പിക്കുകയും ഭരണസുതാര്യതയുടെ ഏക പഴുതുപോലും ഇല്ലാതാക്കുകയും ചെയ്യാൻ സർക്കാർ തയാറാകുേമ്പാൾ അതിനെ രക്ഷിക്കാൻ ഭരണപക്ഷക്കാർക്കോ ഉദ്യോഗസ്ഥർക്കോ ഒന്നും താൽപര്യം കാണില്ല. വിവരാവകാശം ഭരണഘടന നൽകുന്ന അവകാശമാണെന്ന് വിളിച്ചുപറയേണ്ടത് ജനങ്ങളാണ്.
അവരത് തങ്ങളുടെ എം.പിമാർക്കും കേന്ദ്രസർക്കാറിനും മുമ്പാകെ ഉന്നയിക്കണം. സദ്ഭരണത്തിനുള്ള അവകാശത്തിന് എതിരുനിൽക്കരുതെന്ന് ആവശ്യപ്പെടണം. ലോക്സഭ കടന്നാലും നിയമഭേദഗതിയെ രാജ്യസഭയെങ്കിലും പരാജയപ്പെടുത്തണം. അറിയാനുള്ള ജനാധിപത്യ അവകാശം ഉപയോഗിച്ചതിെൻറ പേരിൽ എൺപതിലേറെ ആർ.ടി.െഎ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ രക്തസാക്ഷിത്വം വെറുതെയാകരുത്. വിവരാവകാശനിയമത്തെ രക്ഷിക്കാൻ മാത്രമല്ല, ഭരണത്തിലെ അഴിമതി പുറത്തുപറയാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന ‘വിസിൽ ബ്ലോവേഴ്സ്’ നിയമം പാസാക്കാൻകൂടി ജനങ്ങൾ ശബ്ദമുയർത്തണം. ജനങ്ങളാണ് യജമാനന്മാരെന്ന് ഉറക്കെ പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.