ആർ.എസ്.എസിന്റെ ഇച്ഛാഭംഗം
text_fieldsഅടുത്ത തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി അജണ്ട പ്രഖ്യാപിച്ചുകൊണ്ടാണ് ആർ.എസ്.എസ് സർസം ഘ്ചാലക് മോഹൻ ഭാഗവത് ഇൗ വർഷത്തെ വിജയദശമി നാളിലെ ദസറ പ്രഭാഷണം അവസാനിപ്പിച്ചത്. സംഘ്പരിവാറിെൻറ രാഷ്ട്രീയഘടകമായ ബി.ജെ.പിയുടെ ഭരണം നാലുവർഷം പിന്നിടുകയും അടുത്ത വിജയദശമി നാളിനു മുേമ്പ രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഭാവി ഇന്ത്യയുടെ നീക്കം ഏതു തരത്തിലാണെന്ന കൃത്യമായ നിശ്ചയമോ നിർദേശമോ ഇല്ലെങ്കിലും സംഘ്പരിവാറിെൻറ പാർലമെൻറ് തെരഞ്ഞെടുപ്പിലേക്കുള്ള ആയുധം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഗ്പുരിലെ വാർഷികപ്രഭാഷണം. അത് മറ്റൊന്നുമല്ല, അയോധ്യയിലെ രാമക്ഷേത്ര നിർമാണംതന്നെ. ബാബരി മസ്ജിദ് തല്ലിത്തകർത്ത് താൽക്കാലികക്ഷേത്രം ചിരകാലത്തേക്ക് പ്രതിഷ്ഠിച്ച ശേഷം അതിെൻറ ചെലവിൽ ആദ്യം ഭാഗികമായും പിന്നീട് പൂർണമായും കേന്ദ്രത്തിൽ രണ്ട് ഉൗഴം ഭരിച്ച അടൽ ബിഹാരി വാജ്പേയിയും ഇപ്പോൾ നാലുകൊല്ലമായി ഭരണത്തിലിരിക്കുന്ന നേരന്ദ്ര മോദിയും ഇന്നോളം സാക്ഷാത്കരിച്ചിട്ടില്ലാത്ത ദൗത്യംതന്നെ പിന്നെയും പൊടിതട്ടിയെടുക്കുകയാണ് സർസംഘ് ചാലക്. കാരണമൊന്നുമില്ലാതെ സമൂഹത്തിെൻറ ക്ഷമ പരീക്ഷിക്കുന്നത് ആർക്കും നന്നല്ലെന്നും ക്ഷേത്രനിർമാണം ആത്മാഭിമാനത്തിെൻറ വീണ്ടെടുപ്പിനും രാജ്യത്തെ സൗഹാർദത്തിലേക്കും ഏകതയിലേക്കും നയിക്കുന്നതിനും അത് ആവശ്യമാണെന്നും ഭാഗവത് മുന്നറിയിപ്പ് നൽകി.
ഭൂവുടമസ്ഥതയുടെ കാര്യത്തിൽ തർക്കമില്ലെന്നും അത് രാമജന്മഭൂമിയാണെന്നത് നിസ്തർക്കമാണെന്നും അവിടെ വിശാലക്ഷേത്രം പണിയുന്നതിനുള്ള ഉചിതവും അത്യാവശ്യവുമായ നിയമസാധുത നേടിയെടുക്കണമെന്നും അദ്ദേഹം ഗവൺമെൻറിനോട് ആവശ്യപ്പെട്ടു. കോടതിയിൽ അനാവശ്യമായ നിയമവ്യവഹാരങ്ങൾക്ക് ശ്രമിക്കുന്നവരുടെ കുത്സിതതാൽപര്യങ്ങൾക്ക് വഴങ്ങരുതെന്നു പറഞ്ഞ ആർ.എസ്.എസ് അധ്യക്ഷൻ കോടതിവിധി ഏതുവിധമായിരിക്കണമെന്ന് ശബരിമല വിധിയിലെ അസംതൃപ്തി വെളിപ്പെടുത്തി വിശദീകരിക്കുന്നുമുണ്ട്. സമൂഹം അംഗീകരിച്ചും അനുഷ്ഠിച്ചും പോരുന്ന നാട്ടാചാരങ്ങൾ പരിഗണിക്കാതെ, ഭക്തജനകോടികളുടെ വിശ്വാസം കണക്കിലെടുക്കാതെ, മതാചാര്യന്മാർക്ക് ചെവികൊടുക്കാതെ നടത്തുന്ന വിധികൾ പരിഹാരമല്ല, പ്രശ്നമാണുണ്ടാക്കുകയെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. എന്തുകൊണ്ട് ഹിന്ദുസമൂഹം മാത്രം ഇത്തരത്തിലുള്ള വിശ്വാസാചാരങ്ങളുടെ അവമതിക്ക് ഇരയായിത്തീരുന്നുവെന്ന് വൈകാരിക ചോദ്യവുമുയർത്തുന്നുണ്ട്. നേരത്തേ ഇതേ ആർ.എസ്.എസ് തന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് പ്രോത്സാഹനം നൽകിയതെന്ന കാര്യം തൽക്കാലം മറന്നേക്കുക. ശബരിമല വിഷയത്തിൽ മലക്കംമറിഞ്ഞ ആർ.എസ്.എസിെൻറ അധ്യക്ഷൻ ജനവികാരം പരിഗണിച്ചു വേണം കോടതിവിധിയെന്ന് പറഞ്ഞുവെക്കുന്നത് ബാബരി കേസ് കണ്ടുള്ള ഒരു മുഴം നീട്ടിയേറാണ്. അങ്ങനെ എന്തുവന്നാലും രാമക്ഷേത്രം പണിതേ തീരൂ എന്ന അന്ത്യശാസനത്തോടെ അടുത്ത തെരഞ്ഞെടുപ്പിന് സംഘ്പരിവാറിന് കോപ്പൊരുക്കുകയാണ് മോഹൻ ഭാഗവത്.
ആർ.എസ്.എസ് റോഡ് മാപ്പനുസരിച്ചുള്ള സംഘ്പരിവാറിെൻറ നാലുവർഷത്തെ സംഭവബഹുലമായ സ്വന്തം ഭാരതസർക്കാർ ഭരിച്ചിട്ടും അതിെൻറ നേട്ടങ്ങളൊന്നും എടുത്തുകാട്ടാനില്ലാത്ത ഇച്ഛാഭംഗവും കൊച്ചുന്നാളിലേ കേന്ദ്രത്തിൽ ഭരണം പിടിക്കാൻ ബി.ജെ.പി ഉയർത്തിക്കാട്ടുന്ന രാമക്ഷേത്രംതന്നെ ഇപ്പോഴും കൈവിടാതെ കൊണ്ടുനടക്കേണ്ട ഗതികേടും പ്രതിഫലിപ്പിക്കുന്നതാണ് ദസറ പ്രഭാഷണം. രാജ്യം ഭരിക്കുന്ന കക്ഷിക്ക് തീട്ടൂരമിറക്കിക്കൊടുക്കുന്ന ദൗത്യമേറ്റെടുത്ത സർസംഘ് ചാലകിന് സ്വന്തം ഭാരതസർക്കാറിന് പ്രജാക്ഷേമതൽപരമായ ഭരണനിർവഹണരീതിയോ, സാർവദേശീയരംഗം മുതൽ പ്രാദേശികതലം വരെ ഇന്ത്യ നാനാരംഗങ്ങളിൽ പ്രതിസന്ധി നേരിടുേമ്പാൾ അതിനൊരു പരിഹാരമോ നിർദേശിക്കാനില്ല. ആഭ്യന്തര, പുറംഭീഷണികളെക്കുറിച്ച് ദീർഘമായി ഉപന്യസിക്കുന്ന പ്രഭാഷണത്തിൽ കൈയൂക്കിനാൽ അടിച്ചമർത്തലിെൻറ പരിഹാരമാണ് ജിഹാദി- അർബൻ നക്സൽ ഭീഷണികൾക്കെതിരെ നിർദേശിക്കുന്നത്. നഗരവാസികളായ ബുദ്ധിജീവികളും ചിന്തകരും ആദിവാസികളെയും പട്ടികജാതി ജനവിഭാഗങ്ങളെയും സ്വാധീനിക്കുന്നത് രാജ്യതാൽപര്യത്തിനു ഹാനികരമാണെന്ന കാര്യം ഭാഗവത് ചൂണ്ടിക്കാട്ടുന്നു. സർക്കാർ പദ്ധതികൾ സമൂഹത്തിലെ അടിത്തട്ടിലെ വാലറ്റക്കാരനിലേക്ക് എത്തുന്നില്ലെന്ന കേട്ടുതഴമ്പിച്ച പല്ലവി ആവർത്തിക്കുന്ന അദ്ദേഹം ആദിവാസി പിന്നാക്ക മേഖലകളിലെ പദ്ധതിനിർവഹണത്തിൽ സുതാര്യതയും ക്ഷേമതാൽപര്യവുമില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, ദേശീയഭ്രമം മൂത്ത സ്വന്തം സർക്കാർ ഇക്കാര്യത്തിൽ ഇൗ നാലുവർഷം എന്തെടുക്കുകയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. എന്നല്ല, മോദി ഗവൺമെൻറിെൻറ ‘അച്ഛേ ദിൻ’ അഞ്ചാമത്തെയും അവസാനത്തെയും വർഷത്തേക്കു കടക്കുേമ്പാഴും പ്രശ്നങ്ങൾ ബാക്കിയാണെന്ന ആക്ഷേപം സംഘ്പരിവാറിനെതന്നെ തിരിഞ്ഞുകുത്തുന്നു.
ഇൗ സെപ്റ്റംബറിൽ ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന പ്രഭാഷണപരമ്പരയിൽ മോഹൻ ഭാഗവത്, ആർ.എസ്.എസിെൻറ ദർശനങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തി എല്ലാവരെയും ഉൾക്കൊള്ളാൻ വിശാലമാണ് സംഘം എന്ന് അവകാശപ്പെട്ടിരുന്നു. ആർ.എസ്.എസുകാർ ബി.ജെ.പിയിൽ മാത്രം ചേർന്ന് പ്രവർത്തിക്കണമെന്ന് നിർബന്ധമില്ലെന്നു പ്രസ്താവനയുണ്ടായി. അതു പൊക്കിപ്പിടിച്ച് ഭാഗവത് ആർ.എസ്.എസിൽ ഗ്ലാസ്നോസ്ത് നടപ്പാക്കുകയാണെന്നു വരെ സംഘത്തിെൻറ കൂലിയെഴുത്തുകാർ വിവിധ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. അതിെൻറ പശ്ചാത്തലത്തിൽ ദസറ പ്രഭാഷണം എന്താകും എന്ന് ഉറ്റുനോക്കുകയായിരുന്നു ഇൗ വ്യാഖ്യാനപടുക്കളെല്ലാം. എന്നാൽ, അവരെയെല്ലാം നിരാശപ്പെടുത്തി പഴകിയ ഹിന്ദുത്വ മുദ്രാവാക്യംതന്നെ ചർവിതചർവണം ചെയ്യുന്ന ഭാഗവതിനെയാണ് നാഗ്പുരിൽ കണ്ടത്. ഹിന്ദുമതാചാരങ്ങളുടെ പിന്തുടർച്ചക്കാർക്കേ ഹിന്ദുവാകാനാകൂ എന്നും ആ ഹിന്ദുത്വക്കേ ഇന്ത്യയെ രക്ഷപ്പെടുത്താനാകൂ എന്നും തുറന്നുപറയുന്നുണ്ട് ആർ.എസ്.എസ് ആചാര്യൻ. ഇൗ താൽപര്യത്തിനുതകുംവിധമായിരിക്കണം വോട്ട് വിനിയോഗിക്കേണ്ടതെന്ന് ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്. എല്ലാം ചേർത്തുവായിച്ചാൽ ഉത്തരം വ്യക്തം: ആയിരക്കണക്കിനു വർഷത്തെ ഇതിഹാസപാരമ്പര്യം അവകാശപ്പെടുന്ന ആർ.എസ്.എസിനു ഭരണം പിടിക്കുകയെന്നതിൽ കവിഞ്ഞ് രാജ്യതന്ത്രത്തിലോ ഭരണനിർവഹണത്തിലോ തങ്ങളുടേതായ സംഭാവനകളൊന്നും അർപ്പിക്കാനില്ല. ഭരണത്തുടർച്ചക്കു പോലും പരവിദ്വേഷത്തിെൻറ വർഗീയരാഷ്ട്രീയം കത്തിക്കുക മാത്രമേ അവർക്കു മുന്നിൽ വഴിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.