ബലഹീനത മറയ്ക്കാൻ ബലിയാടുകൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിന് ഒരുവർഷം അവശേഷിക്കെ, ഗുജറാത്തിൽ മുഖ്യമന്ത്രിയെ മാറ്റി നിയമിച്ചിരിക്കുന്നു ബി.ജെ.പി. ഭരണപരാജയത്തെക്കുറിച്ച ആക്ഷേപങ്ങൾ തണുപ്പിക്കാനും ആസന്ന തെരഞ്ഞെടുപ്പിൽ പേട്ടൽ ജാതിവോട്ടുകൾ ഏകീകരിക്കാനുമാണ് വിജയ് രൂപാണിയെ മാറ്റി കന്നി എം.എൽ.എ ഭൂപേന്ദ്ര പേട്ടലിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞതവണ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആനന്ദിബെൻ പേട്ടലിനെ മാറ്റിയപ്പോൾ നറുക്കുവീണതായിരുന്നു വിജയ് രൂപാണിക്ക്. എന്നാൽ, കഴിഞ്ഞ ഒരു ടേമിലെ ബാലൻസ് ഷീറ്റിൽ പാളിച്ചകളല്ലാതെ ശിഷ്ടം ഒന്നുമില്ല എന്നു തിരിച്ചറിഞ്ഞതിൽനിന്നാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ വിശ്വസ്തൻ കൂടിയായ ഭൂപേന്ദ്രയെ കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസ് നേതാവായി സമുദായത്തിലെ ക്രൗഡ് പുള്ളറായിരുന്ന ഹാർദിക് പേട്ടൽ സജീവമായിരിക്കെ, ജൈനവിഭാഗക്കാരനായ രൂപാണിയെ വെച്ചുള്ള കളി കൈവിട്ടുപോകുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ പ്രകടനം പ്രതീക്ഷിച്ച നിലയിലേക്ക് കടക്കാതിരുന്നതാണ് സമുദായകോപം ആധിയായി ബി.ജെ.പിയെ പിടികൂടാനുള്ള കാരണം.
നരേന്ദ്ര മോദിക്കുശേഷം സംസ്ഥാനത്ത് വിശ്വാസത്തിലെടുക്കാവുന്ന ഒരു നേതാവിനെ കണ്ടെത്താൻ ബി.ജെ.പിക്ക് ആയിട്ടില്ല. പരസ്യമാനേജ്മെൻറ് കമ്പനികളുടെ സഹായത്തോടെ പൊലിപ്പിച്ചെടുക്കുന്ന ഗുജറാത്ത് മോഡൽ ആഘോഷത്തിനപ്പുറം സ്വന്തക്കാരായ സ്വകാര്യകുത്തകകളെ കൊഴുപ്പിച്ചതിൽകവിഞ്ഞ ഭരണമികവൊന്നും മോദിയുടെ വകയായും ഉണ്ടായിരുന്നില്ല. തിരുവായ്ക്കെതിരെ എതിർവായില്ലാത്ത ഏകാധിപത്യശൈലി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതിനാൽ മോദി കാലത്ത് പ്രതിശബ്ദങ്ങളൊന്നും ഏശാതെ പോയി. ഭരണത്തിലോ പാർട്ടിയിലോ രണ്ടാമനെ അനുവദിക്കാതിരുന്ന ആ ഏകഛത്രാധിപത്യത്തിെൻറ ദുരന്തഫലമാണ് ഗുജറാത്തിൽ ബി.ജെ.പി ഇപ്പോൾ നേരിടുന്നത്.
തെരഞ്ഞെടുപ്പിൽ ജനത്തെ അഭിമുഖീകരിക്കാൻ നിലവിലെ മുഖ്യമന്ത്രിയെക്കൊണ്ടു കഴിയില്ല എന്ന യാഥാർഥ്യത്തിനു നേരെ ബി.ജെ.പിക്കു കണ്ണടക്കാനാവുന്നില്ല. ദുർബലമായ പ്രതിപക്ഷത്തിനു മുന്നിൽ തോൽവി പേടിക്കാനില്ലെങ്കിലും ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ മിന്നുന്നൊരു വിജയത്തിന് പ്രാപ്തിയില്ലെന്നതു ബി.ജെ.പിയെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളിലെപോലെ ഗുജറാത്തിലും തൊലിപ്പുറ ചികിത്സക്കായി ബി.ജെ.പി ഇറങ്ങിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ രൂക്ഷവ്യാപനത്തിൽനിന്നു സംസ്ഥാനത്തെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ട രൂപാണിയെ ഗുജറാത്ത് ഹൈകോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഭരണപരാജയത്തിെൻറ ഫലമാണ് ആം ആദ്മി പാർട്ടിക്ക് പുതുതായി സംസ്ഥാനത്ത് ലഭിച്ച വേരോട്ടമെന്നും ബി.ജെ.പി വിലയിരുത്തുന്നുണ്ട്.
ഭരണത്തിലും പാർട്ടിനടത്തിപ്പിലുമുള്ള പരാജയം വിശകലനം ചെയ്ത് പോരായ്മകൾ തിരുത്തുകയല്ല, അതിെൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെമേൽ വെച്ചുകെട്ടി ആളെ മാറ്റുകയാണ് ഇപ്പോൾ ബി.ജെ.പിയുടെ പാർട്ടി/ഭരണപരിഷ്കാരം. ഉത്തരാഖണ്ഡിൽ ആറു മാസത്തിനുള്ളിൽ മൂന്നാമത്തെ മുഖ്യമന്ത്രി ഭരിക്കുന്നു. ത്രിവേന്ദ സിങ് റാവത്ത് മാറി തിറാത്ത് സിങ് റാവത്ത്, പിന്നെയും മാറി പുഷ്കർ ധാമി വന്നു. കർണാടകയിൽ ബി.എസ്. യെദിയൂരപ്പക്കു പകരം ബസവരാജ് ബൊമ്മൈ, അസമിൽ സർബാനന്ദ സൊനോവാളിനെ മാറ്റി ഹിമന്ത ബിശ്വശർമ എന്നിങ്ങനെ തലമാറ്റങ്ങൾ തിരുതകൃതിയിലാണ്.
കേന്ദ്ര കാബിനറ്റിലുമുണ്ടായി ഇൗയടുത്ത് ഇളക്കിപ്രതിഷ്ഠ. അങ്ങനെ കേന്ദ്രസർക്കാറിെൻറ വീഴ്ചക്ക് കാബിനറ്റിലെ അംഗങ്ങളെയും അധികാരകേന്ദ്രീകരണം കാരണം കൈയും കാലും കെട്ടിയ സംസ്ഥാന ഭരണകൂടങ്ങൾ ഒന്നും ചെയ്യാനാവാത്ത നിലവന്നു ജനരോഷം വിളിച്ചുവരുത്തുേമ്പാൾ മുഖ്യമന്ത്രിമാരെയും ബലിയാടാക്കി രക്ഷപ്പെടുകയാണ് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം അഥവാ മോദി-ഷാ ദ്വയം. വാക്സിനേഷൻ, ഒാക്സിജൻ ലഭ്യത, ഫലപ്രദമായ റേഷൻ സംവിധാനം തുടങ്ങി കോവിഡ് സാഹചര്യം മറികടക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിൽ കേന്ദ്രത്തിെൻറ കനിവിലും പിന്തുണയിലുമല്ലാതെ മുന്നോട്ടുപോകാനാവാത്ത നിലയിലാണ് ബി.ജെ.പിയുടെ സംസ്ഥാന ഭരണകൂടങ്ങൾ. അതിനു പുറമേ, കർണാടകയിലും ഉത്തരാഖണ്ഡിലുമെന്നപോലെ പാർട്ടിക്കകത്തെ പട തീർക്കുന്ന പ്രയാസങ്ങൾ വേറെയും. ഇതിനെല്ലാം ബി.ജെ.പി നേതൃത്വം കണ്ടുവെച്ച ഏക പരിഹാരക്രിയയാണ് തലമാറ്റം. ആകെ രണ്ടുപേരിലേക്ക് ഒതുങ്ങിയ കേന്ദ്രഭരണ, പാർട്ടി നേതൃത്വത്തിൽ അപ്രമാദിത്വത്തിനുള്ള കിടമത്സരം കൂടിയായി മാറുന്നുണ്ട് ഗുജറാത്തിലടക്കമുള്ള ഇളക്കി പ്രതിഷ്ഠ. അങ്ങനെ ഒരു ഏകാധിപത്യ, സ്വേച്ഛാവാഴ്ചയുടെ എല്ലാ ബലഹീനതകളും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി ബി.ജെ.പി വെളിവാക്കിക്കഴിഞ്ഞു. അതിനു ബലിയാടുകളെ കൊണ്ട് മറയിടാനും മറികടക്കാനുമുള്ള ചെപ്പടിവിദ്യയാണ് ഇപ്പോൾ നടന്നുവരുന്നത്. ഗുജറാത്തിലെ കഥയും മറ്റൊന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.