സയണിസ്റ്റ് ഭീകരർക്ക് മതിയായിട്ടില്ല
text_fieldsഇസ്രായേലിെൻറ നെറികേടുകൾ അതിനുതന്നെ തിരിച്ചടിയായ സംഭവമാണ് മസ്ജിദുൽ അഖ്സയിലേത്. മസ്ജിദ് പ്രദേശത്ത് മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കാനെടുത്ത തീരുമാനം തീർത്തും ദുരുപദിഷ്ടവും സ്വേച്ഛാപരവുമാണെന്ന് സയണിസ്റ്റ് ഭരണകൂടത്തിന് േബാധ്യപ്പെടാൻ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. വിശ്വാസികളുയർത്തിയ പ്രക്ഷോഭവും അന്താരാഷ്ട്രതലത്തിലുയർന്ന വിമർശനവും ഇസ്രായേലിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിരീക്ഷണ സംവിധാനങ്ങൾ എടുത്തുമാറ്റിയതോടെ മസ്ജിദിലെത്തിയ ആയിരക്കണക്കിന് വിശ്വാസികൾക്കുനേരെ ഇസ്രായേൽ സേന കണ്ണീർവാതകവും സ്റ്റെൻ ഗ്രനേഡും പ്രയോഗിച്ചതും സംഘർഷമുണ്ടാക്കി. 50 വയസ്സിൽ താഴെയുള്ള മുസ്ലിം പുരുഷന്മാർക്ക് വീണ്ടും പ്രവേശന വിലക്കേർപ്പെടുത്തി. ഇൗ നിലപാടും ഇപ്പോൾ ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. സൈനികശക്തിയും രാഷ്ട്രീയ സമ്മർദവും വംശീയവാദവുമൊക്കെ ഉപയോഗിച്ച് ഫലസ്തീൻ ജനതയെ അടിച്ചമർത്തുന്ന സയണിസ്റ്റ് രാജ്യം ഒറ്റപ്പെടലിെൻറ ഭീതിയിലാണ് ഇപ്പോൾ. കീഴടങ്ങിയെങ്കിലും നീചതന്ത്രങ്ങൾ ഉപേക്ഷിച്ചിട്ടില്ല.
അതിെൻറ ഒാരോ മന്ത്രിസഭായോഗവും കുടിലതന്ത്രങ്ങളുടെ പുതിയ പതിപ്പുകളുടെ ആസൂത്രണരംഗമാകുന്നു. ഇസ്രായേലിെൻറ സുരക്ഷക്ക് ചെയ്യേണ്ടത് മസ്ജിദുൽ അഖ്സയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയല്ല, പകരം ഇസ്രായേലിെൻറ കാബിനറ്റ് മുറിയിൽ അവ വെക്കുകയാണ് എന്ന ഒരു രാഷ്ട്രീയ നിരീക്ഷകെൻറ അഭിപ്രായത്തിൽ കാമ്പുണ്ട് -ഇസ്രായേലിെൻറ ഭാവിയെ ഏറ്റവും കൂടുതൽ ഇന്ന് അപകടപ്പെടുത്തുന്നത് നെതന്യാഹു മന്ത്രിസഭതന്നെയാണ് എന്നത്രേ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം വീണ്ടെടുക്കാനെന്നോണം വിദേശനാടുകൾ തോറും പറന്നുനടക്കുന്നതിനിടെ നെതന്യാഹു ഇടക്ക് തെൽ അവീവിൽ ഇറങ്ങുന്നത് കുതന്ത്രം മെനയാൻ മാത്രമാണെന്ന് വിമർശിക്കുന്നത് ഇസ്രായേലിലെതന്നെ രാഷ്ട്രീയ നിരീക്ഷകരാണ്.
പുതിയ ‘സമാധാനപദ്ധതി’ എന്ന ലേബലൊട്ടിച്ച് നെതന്യാഹു ഇപ്പോൾ പുതിയ ഉരുപ്പടിയുമായി ഇറങ്ങിയിട്ടുണ്ടത്രേ. ഇതിന് മുമ്പ് സയണിസ്റ്റ് രാഷ്ട്രം സമാധാനപദ്ധതി എന്ന് വിളിച്ചതെല്ലാം ഏകപക്ഷീയമായ പരിപാടികളും കെണികളുമായിരുന്നു എന്ന് ഫലസ്തീൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫലസ്തീൻ അതോറിറ്റിയുമായുണ്ടാക്കിയ പല കരാറുകളും ന്യായരഹിതമായിരുന്നുവെന്ന് മാത്രമല്ല, നിസ്സാരമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നതുപോലും പിന്നീട് ലംഘിക്കപ്പെടുകയും ചെയ്തു. 1993ലെ ഒാസ്ലോ കരാറും 2000ത്തിലെ ക്യാമ്പ് ഡേവിഡ് ഉച്ചകോടിയും ഫലസ്തീനെ കൂടുതൽ ഭിന്നിപ്പിക്കാനും വിധേയപ്പെടുത്താനും മാത്രമാണ് ഉപകരിച്ചത്. യു.എസ് അടക്കമുള്ള വൻശക്തികൾ അതിന് കൂട്ടുനിൽക്കുകയും ചെയ്തു. സമാധാനത്തിനുവേണ്ടിയുള്ള മഹത്തായ ഇളവെന്ന ഭാവത്തിൽ 2005ൽ ഗസ്സയിൽനിന്ന് ജൂത കുടിയേറ്റക്കാരെയും സൈന്യത്തെയും പിൻവലിച്ചത്, അതിനിഷ്ഠുരമായ ഉപരോധത്തിനു വേണ്ടിയായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചതാണ്. അന്ന് ഗസ്സ വിട്ടുപോയവർ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തകർത്തിട്ടാണ് സ്ഥലം വിട്ടത്. ഇത്തരം കുടില മനസ്സുള്ള ഒരു രാഷ്ട്രത്തിെൻറ ഭരണകൂടം ഇപ്പോൾ പുതിയ സമാധാനപദ്ധതി മുന്നോട്ടുവെക്കുേമ്പാൾ അതിലെ ചതി എന്തൊക്കെയെന്നാണ് ഫലസ്തീനികളും മറ്റ് ലോകരാഷ്ട്രങ്ങളും അന്വേഷിക്കേണ്ടത്. ഇസ്രായേലിൽ ഇപ്പോഴുള്ള ഫലസ്തീൻകാരുടെ പൗരത്വം എടുത്തുകളയുക, വരാൻ േപാകുന്ന ഫലസ്തീൻ ദേശത്ത് അവരെ കുടിയിരുത്തുക, ഇതിനു പകരം വെസ്റ്റ്ബാങ്കിലെ കുറേ ജൂതകുടിയേറ്റ മേഖലകൾ ഇസ്രായേലിൽ ചേർക്കുക തുടങ്ങിയവയാണത്രെ പുതിയ നിർദേശങ്ങളായി പ്രധാനമന്ത്രി നെതന്യാഹു ‘ഹാരറ്റ്സ്’ പത്രത്തോട് പറഞ്ഞ കാര്യങ്ങൾ. ‘‘അനീതി ഞങ്ങൾ ചെയ്യും. അതിന് വിലയായി നിങ്ങൾ കൂടുതൽ അനീതി സഹിക്കണം’’ -ഇതാണ് ഫലത്തിൽ ഇൗ പദ്ധതികൊണ്ട് ഇസ്രായേൽ ഉദ്ദേശിക്കുന്നത്.
ആറു ലക്ഷത്തിേലറെ ഫലസ്തീനികളെ ക്രൂരമായി കുടിയിറക്കി ആട്ടിയോടിച്ച് അഭയാർഥികളായി അലയാൻ വിട്ട് സ്ഥാപിച്ച ഇസ്രായേലിൽ, ആ ദുരന്തത്തെ അതിജീവിച്ചവരും അവരുടെ പിന്മുറക്കാരുമായി ഇപ്പോൾ 15 ലക്ഷം ഫലസ്തീനികളുണ്ട്. രണ്ടാംതരം പൗരന്മാരായാണ് അവർ കഴിയുന്നത്. അവരെ ഇനി പൂർണമായി ഒഴിവാക്കാനും പകരം കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈവശപ്പെടുത്താനുമുള്ള പരിപാടിയെ സമാധാനപദ്ധതി എന്ന് വിളിക്കാൻ ന്യായബോധമോ യാഥാർഥ്യബോധമോ വേണ്ടതില്ല. വംശശുദ്ധീകരണത്തെയും വംശവിവേചനത്തെയും മേന്മയാക്കി അവതരിപ്പിക്കാനുള്ള സിദ്ധി ഇസ്രായേൽ നേരത്തേ പ്രകടിപ്പിച്ചുകഴിഞ്ഞതാണ്. 70 വർഷത്തെ അധിനിവേശം സയണിസ്റ്റ് രാഷ്ട്രത്തിെൻറ ദുഷ്ടലാക്കെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. ഇനിയും അക്കാര്യത്തിൽ ഒന്നും അവ്യക്തമായി കിടക്കുന്നില്ല. ലോകം നേരിടുന്ന ചോദ്യം നിശിതമാണ്-ഇനിയെങ്കിലും യാഥാർഥ്യം അംഗീകരിക്കാൻ കഴിയുമോ? അധിനിവേശത്തെ സുരക്ഷാപദ്ധതിയെന്നും സ്വാതന്ത്ര്യപ്പോരാട്ടത്തെ ഭീകരതയെന്നും ചെറുത്തുനിൽപിനെ തീവ്രവാദമെന്നുമൊക്കെ അവതരിപ്പിച്ചുവന്ന സയണിസ്റ്റ് ഭാഷ മനസ്സിലായിക്കഴിഞ്ഞിരിക്കെ ഇനി ലോകം സ്വയം വഞ്ചിക്കപ്പെടാൻ നിന്നുകൊടുക്കരുത്. ഇസ്രായേൽ നിലവിൽ വന്ന് ഇതുവരെ അത് ഫലസ്തീനികളെ പീഡിപ്പിച്ചൊതുക്കുക മാത്രമല്ല ചെയ്തുവന്നിട്ടുള്ളത്. ആഗോളസമൂഹത്തിൽ വംശീയതക്ക് സ്വീകാര്യത നൽകാനും യുദ്ധജ്വരം വർധിപ്പിക്കാനുമാണ് ഏറ്റവും വലിയ ആയുധനിർമാതാക്കളായ ഇസ്രായേൽ ശ്രമിച്ചുവന്നിട്ടുള്ളത്. അടുത്തകാലത്തായി ഇസ്രായേലിെൻറ ഭരണകൂട ഭീകരതക്കെതിരെ രാഷ്ട്രത്തലവന്മാരിൽനിന്നും ജനനേതാക്കളിൽനിന്നും വ്യാപകമായി ശബ്ദമുയർന്ന് തുടങ്ങിയിട്ടുണ്ട്. ആഗോള സമൂഹത്തിെൻറ അജണ്ട തെൽ അവീവിൽവെച്ച് കുറിക്കപ്പെടുന്ന കാലം കഴിെഞ്ഞന്ന് പ്രഖ്യാപിേക്കണ്ട സമയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.