കേരളത്തിന്‍െറ സ്വന്തം സാക്ഷി മഹാരാജാക്കന്മാര്‍
text_fieldsകഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ്, നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിഹാറിലെ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് പ്രസ്താവിച്ചത്. ഗിരിരാജിന്‍െറ പ്രസ്താവന രാജ്യമാസകലം വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. എന്നാല്‍, ഗിരിരാജ് സിങ്ങിന് തന്‍െറ മന്ത്രിസഭയില്‍ ഇടംനല്‍കി ആദരിച്ചുകൊണ്ടാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. മുരത്ത വര്‍ഗീയത നിരന്തരം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ മോദിക്കോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കോ പ്രത്യേകിച്ചൊരു വൈമനസ്യവുമുണ്ടായില്ല. അത് ആ പാര്‍ട്ടിയുടെ സംസ്കാരം. പക്ഷേ, അതിലപ്പുറം ഇത്തരം പ്രസ്താവനകളിലൂടെ തങ്ങളുടെ വോട്ടുബാങ്ക് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ആ പാര്‍ട്ടി വിചാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
അടുത്തിടെ, പാര്‍ട്ടി എം.പിയായ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവനയെയും ഈ നിലയിലാണ് കാണാന്‍ സാധിക്കുക. ഇന്ത്യയിലെ ജനസംഖ്യ വര്‍ധനക്കു കാരണം നാല് പെണ്ണുകെട്ടി നാല്‍പത് മക്കളെ ഉല്‍പാദിപ്പിക്കുന്ന മുസ്ലിംകളാണ് എന്നാണ് സാക്ഷി മഹാരാജ് പറഞ്ഞിരിക്കുന്നത്. ബഹുഭാര്യത്വം താരതമ്യേന കുറഞ്ഞ സമൂഹമാണ് മുസ്ലിംകള്‍ എന്ന, നിരവധി ഏജന്‍സികള്‍ നടത്തിയ പഠനങ്ങളിലെ കണക്കുകള്‍ അവര്‍ അറിയാഞ്ഞിട്ടല്ല. മറിച്ച്, ഉത്തര്‍പ്രദേശിലെ അസംബ്ളി തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ഇത്തരമൊരു വിദ്വേഷ പ്രസ്താവന നടത്തുക വഴി ലഭിക്കാനിടയുള്ള സാധ്യതയെക്കുറിച്ചാണ് ആ പാര്‍ട്ടി ആലോചിക്കുന്നത്. ഒരു വിഭാഗം നേതാക്കള്‍ അത്യന്തം വിഷം വമിക്കുന്ന പ്രസ്താവനകള്‍ ഇറക്കുക. മറ്റുചില നേതാക്കള്‍ അതിനെ തള്ളിപ്പറഞ്ഞ് മാന്യന്മാരായി നടിക്കുക. ഈ ഇരട്ടമുഖം പാര്‍ട്ടി എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ബി.ജെ.പി നേതാക്കളെപ്പോലെ അത്യന്തം വിഷം വമിക്കുന്ന പ്രസ്താവനകള്‍ പൊതുവെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്താറുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തില്‍ അത് വിപരീതഫലമുണ്ടാക്കുമെന്ന ശരിയായ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാകും അത്. എന്നാല്‍, സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍നിന്ന് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ കേരളത്തിലും ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു എന്നതിന്‍െറ സൂചനകളാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രമുഖ സിനിമ സംവിധായകനുമായ കമല്‍ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളയാളും അതിനാല്‍ തന്നെ നാടുവിട്ടുപോകാമെന്നുമുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍െറ പ്രസ്താവന സാക്ഷി മഹാരാജാക്കന്മാര്‍ കേരളത്തിലും കളി തുടങ്ങുന്നുവെന്നതിന്‍െറ തെളിവാണ്.
വിദ്വേഷ രാഷ്ട്രീയമാണ് ബി.ജെ.പിയുടെ അടിസ്ഥാന സംസ്കാരം എന്നത് അദ്ഭുതകരമായ ഒരു വാര്‍ത്തയല്ല. എന്നാല്‍, കേരളത്തിലും അത്തരം രാഷ്ട്രീയം പ്രകടമായി പയറ്റാം എന്ന നിഗമനത്തില്‍ ആ പാര്‍ട്ടി എത്തിയിട്ടുണ്ടെങ്കില്‍ നാം ഗൗരവത്തില്‍ ആലോചിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതായത്, രാഷ്ട്രീയ മാന്യതയുടെയും പ്രബുദ്ധതയുടെയും സംസ്കാരം വെറും മേല്‍ക്കുപ്പായങ്ങള്‍ മാത്രമാണെന്നും അകമേ വിദ്വേഷം വമിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നുമുള്ള വിപല്‍ സന്ദേശമാണ് അത് നല്‍കുന്നത്. അത്തരമൊരു സാമൂഹിക വിഭാഗത്തെ, അവരുടെ ലോലവികാരങ്ങള്‍ തട്ടിയുണര്‍ത്തി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാല്‍ കൊള്ളാമെന്നാണ് ആ പാര്‍ട്ടി വിചാരിക്കുന്നത്.
എ.എന്‍. രാധാകൃഷ്ണനും ശശികല ടീച്ചറുമൊക്കെ നടത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുപോലും തങ്ങള്‍ക്ക് ഉപകാരം ചെയ്യുമെന്നാണ് സംഘ്പരിവാര്‍ വിചാരിക്കുന്നത്. അതായത്, അസഹിഷ്ണുതയും വിദ്വേഷവും ഒളിച്ചുവെക്കേണ്ട ദുര്‍വിചാരങ്ങളല്ല എന്ന് അവര്‍ കരുതുന്നു. അത് പരമാവധി പ്രകടമാക്കുകയും വിവാദങ്ങളുണ്ടാക്കുകയും അതിനെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് അവരുടെ പ്ളാന്‍. അതായത്, ഇത്തരം പ്രസ്താവനകളോടുള്ള എതിര്‍പ്പുകള്‍പോലും തങ്ങള്‍ക്ക് ഗുണപ്രദമാക്കാം എന്നാണവര്‍ വിചാരിക്കുന്നത്. മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും അന്തരീക്ഷം അപകടംപറ്റാതെ നിലനില്‍ക്കണം എന്നു വിചാരിക്കുന്നവര്‍ വലിയ ജാഗ്രതയോടെ സമീപിക്കേണ്ട കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയാണിത്. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കാതെ നമുക്ക് പറ്റില്ല. അതേസമയം, ആ എതിര്‍പ്പിനെപ്പോലും സമൂഹത്തെ കൂടുതല്‍ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരമാക്കുന്ന പശ്ചാത്തലത്തില്‍ നാം നല്ല ഗൃഹപാഠം ചെയ്യേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.