സംഘ്പരിവാറും ഇന്ത്യൻ ഭരണഘടനയും
text_fieldsഇടതുമുന്നണി സർക്കാറിൽ ഫിഷറീസ്-സാംസ്കാരിക വകുപ്പുമന്ത്രിയായിരുന്ന സജി ചെറിയാൻ സി.പി.എം പാർട്ടി പരിപാടിയിൽ സംസാരിക്കെ നടത്തിയ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച പരാമർശങ്ങൾ സംസ്ഥാനരാഷ്ട്രീയത്തിൽ ഉണ്ടാക്കിയ കോളിളക്കവും തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രിസഭയിൽനിന്ന് പുറത്തുപോവേണ്ടിവന്നതും ദിവസങ്ങൾക്ക് മുമ്പാണ്. പക്ഷേ, മന്ത്രിയുടെ രാജിയോടെ അലയൊലികൾ അടങ്ങിയിട്ടില്ല, പ്രത്യുത ഭരണഘടന കേന്ദ്ര വിഷയമാക്കിക്കൊണ്ടുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. ആർ.എസ്.എസിന്റെ താത്വികാചാര്യൻ മാധവ് സദാശിവ് ഗോൾവാൾക്കർ നേരത്തേതന്നെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കെ ഇക്കാര്യത്തിൽ സി.പി.എമ്മിനെയോ സജി ചെറിയാനെയോ കുറ്റപ്പെടുത്താൻ ആർ.എസ്.എസിനോ ബി.ജെ.പിക്കോ ധാർമികമായി അവകാശമില്ലെന്ന വാദവും അതിനോടുള്ള സംഘ്പരിവാർ പക്ഷത്തിന്റെ പ്രതികരണവുമാണ് ഒടുവിലത്തെ ചർച്ചവിഷയം.
ഭരണഘടനയെ ഭാരതീയവത്കരിക്കണം; വികലമായ മതേതരസങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നത്; പാശ്ചാത്യസങ്കൽപമായ സോഷ്യലിസം ഇന്ത്യക്ക് യോജിച്ചതല്ല; ഭരണഘടനയുടെ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങൾ ഭേദഗതി വരുത്തണം എന്നിങ്ങനെ ഗോൾവാൾക്കറെ അവലംബിച്ച് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളെച്ചൊല്ലിയാണ് ഒടുവിലത്തെ ഒച്ചപ്പാടുകൾ. താൻ അങ്ങനെയല്ല പറഞ്ഞതെന്നും ഗുരുജി ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിരുന്നു എന്നൊക്കെ ഇപ്പോൾ കൃഷ്ണദാസ് വാദിക്കുന്നുണ്ടെങ്കിലും ബി.ജെ.പി അധ്യക്ഷൻ നഡ്ഡ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വാർത്ത. അതിന്റെ ഗതിയെന്താവുമെന്ന് കാത്തിരുന്ന് കാണാം.
എന്നാൽ, മൗലികമായി വിലയിരുത്തപ്പെടേണ്ട ചില വാദഗതികൾ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ ഉന്നയിച്ചിട്ടുണ്ടെന്ന സത്യം നിഷേധിക്കാനാവില്ല. അദ്ദേഹത്തിന്റെ വിചാരധാരയെ തള്ളിപ്പറയാൻ സംഘ്പരിവാറിന് സാധ്യവുമല്ല. കാരണം, ഗോൾവാൾക്കറുടെ ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് ആർ.എസ്.എസ് നിലനിന്നതും ഇന്നും നിൽക്കുന്നതും. തദടിസ്ഥാനത്തിലുള്ള രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ഹിന്ദുത്വസർക്കാറിന്റെ ലക്ഷ്യവും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് മുതലായ വിവിധ പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനയിൽനിന്നെടുത്ത ഖണ്ഡികകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന അക്കാരണത്താൽതന്നെ സ്വീകാര്യമായി അദ്ദേഹം കരുതിയില്ല. സ്വരാജ്യ, ധർമരാജ്യ മുതലായ പരാമർശങ്ങൾ ആമുഖത്തിൽ പോലുമില്ലാത്ത ഭരണഘടന ഭാരതീയ പശ്ചാത്തലമോ രാഷ്ട്രീയദർശനമോ പ്രതിഫലിക്കുന്നില്ല എന്നദ്ദേഹം പറയുന്നു. പരിമിതാധികാരങ്ങളെങ്കിലുമുള്ള സംസ്ഥാനങ്ങളുടെ യൂനിയനായി ഭരണഘടന ഇന്ത്യയെ വിഭാവനംചെയ്തതും ഗോൾവാൾക്കർക്ക് അംഗീകരിക്കാനായില്ല.
സ്റ്റേറ്റുകളുടെ യൂനിയനല്ല ഇന്ത്യ, മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ് എന്നദ്ദേഹം വാദിക്കുന്നു. ദേശീയപതാകയുടെ വർണവൈവിധ്യത്തെപ്പോലും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. കുങ്കുമവർണം ഹിന്ദുക്കളെയും പച്ചനിറം മുസ്‍ലിംകളെയും വെളുപ്പ് മറ്റുള്ളവരെയുമാണത്രെ പ്രതിനിധാനംചെയ്യുന്നത്. ഇത് വർഗീയ സമീപനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കുങ്കുമനിറം ത്യാഗത്തെയും പച്ച പ്രകൃതിയെയും ശുഭ്രവർണം സംശുദ്ധിയെയുമാണ് പ്രതിനിധാനംചെയ്യുന്നത് എന്ന വ്യാഖ്യാനം വന്നതത്രെ. ന്യൂനപക്ഷ മതങ്ങളും-ഇസ്‍ലാമും ക്രിസ്തുമതവും-കമ്യൂണിസ്റ്റുകളും ആഭ്യന്തര ഭീഷണികളായി കണ്ട ഗോൾവാൾക്കർക്ക് മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തജ്ജന്യ അവകാശങ്ങളും വകവെച്ചുനൽകുന്ന ഭരണഘടനയുടെ 25 മുതൽ ഖണ്ഡികകളോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും? ന്യൂനപക്ഷ സംരക്ഷണവകുപ്പ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയപ്പോഴും സ്വാതന്ത്ര്യത്തിന്റെ അമ്പത് വർഷത്തെ മുസ്‍ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ചാർ സമിതിയെ നിയോഗിച്ചപ്പോഴും ബി.ജെ.പി ശക്തമായെതിർത്തതിന്റെ പശ്ചാത്തലം ഇതാണ്. മോദിസർക്കാർ അധികാരത്തിലേറിയശേഷവും ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് നിലനിർത്തുന്നത് സ്വന്തക്കാരെ കുടിയിരുത്താനും ഒപ്പം പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടി മാത്രമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞതാണ്. 15 ശതമാനം വരുന്ന മുസ്‍ലിം സമൂഹത്തിൽനിന്ന് ഒരാൾപോലുമില്ലാത്ത മന്ത്രിസഭ എന്നതാണ് മോദിസർക്കാറിന്റെ സവിശേഷതയും.
ചുരുക്കത്തിൽ മതനിരപേക്ഷ ജനാധിപത്യത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ നിലവിലെ ഭരണഘടന സംഘ്പരിവാറിന് സ്വീകാര്യമേ അല്ല. തങ്ങളെ അധികാരത്തിലേറ്റാൻ സഹായിച്ചത് ഈ ഭരണഘടന ആയതുകൊണ്ട് തൽക്കാലം അതവർ നിലനിർത്തുന്നു. അതുതന്നെയും തരംകിട്ടുമ്പോൾ ഭേദഗതി വരുത്തിയും അല്ലാത്തപ്പോൾ അതിന്റെ ചൈതന്യത്തിന് നിരക്കാത്ത നിയമങ്ങൾ പാസാക്കിക്കൊണ്ടും ചില ഖണ്ഡികകൾ മരവിപ്പിച്ചുകൊണ്ടുമാണ് എന്നതും സത്യം മാത്രം. രാജ്യസഭയിൽ കൂടി മതിയായ ഭൂരിപക്ഷം തരപ്പെട്ടുകഴിഞ്ഞാൽ ഹിന്ദുരാഷ്ട്ര നിർമിതിക്കാവശ്യമായ മൗലിക ഭേദഗതികൾ കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമേ ഇല്ല. ഈ സത്യം തിരിച്ചറിഞ്ഞുവേണം ബി.ജെ.പി ഇതരകക്ഷികൾക്ക് തങ്ങളുടെ മതനിരപേക്ഷത പ്രതിബദ്ധതയിൽ ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം നിലപാടുകൾ രൂപപ്പെടുത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.