പരിഹാരം തേടുന്ന മാനുഷിക പ്രശ്നം
text_fieldsമുൻകാലങ്ങെള അപേക്ഷിച്ച് കേരളത്തിലെ സർക്കാർ സ്കൂളുകളുടെ നിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സമ്മതിക്കുകതന്നെ വേണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അധ്യാപകരുടെ കർമശേഷി ഉറപ്പുവരുത്താനും സർക്കാർ നിഷ്ഠ പുലർത്തുന്നതുതന്നെയാണ് അതിന് മുഖ്യകാരണം. കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വർധിച്ചുവരുകയാണ്. ‘എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല’ എന്ന പരുവത്തിലെത്തിയ സർക്കാർവിലാസം സ്കൂളുകളിൽനിന്ന് സ്വന്തം മക്കളെ സ്വകാര്യസ്കൂളുകളിലേക്ക് വൻ ഫീസടച്ച് പറഞ്ഞയക്കാൻ ഒരുവക ഇടത്തരക്കാരെപ്പോലും നിർബന്ധിക്കുന്ന സാഹചര്യത്തിന് മാറ്റം വന്നിട്ടുണ്ട്, ഇനിയും വരുകയും ചെയ്യും.
തന്മൂലം വിദ്യാർഥികളുടെ ശേഷി വർധിക്കുന്നുണ്ടെന്നു മാത്രമല്ല, സംരക്ഷിത അധ്യാപകർ എന്ന ഭാരത്തിൽനിന്ന് സർക്കാർ ക്രമേണ മുക്തിനേടുകയും ചെയ്യുന്നു. ഏറ്റവുമൊടുവിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഏതാണ്ടെല്ലാ സ്കൂളുകളിലും സുസജ്ജമാക്കാനുള്ള യത്നങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. എം.പി-എം.എൽ.എ ഫണ്ടുകളൊക്കെ ഈ മഹദ്സംരംഭത്തിന് പ്രയോജനപ്പെടുന്നുണ്ടു താനും. എന്നാൽ, ഒഴിവുവരുന്ന അധ്യാപക തസ്തികകളിൽ പി.എസ്.സി നിയമനം വേണ്ടവിധവും വേണ്ട സമയത്തും നടക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന താൽക്കാലികാധ്യാപകരെ വെച്ചാണ് ഒട്ടേറെ സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇത് പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമെ യോഗ്യരും അർഹരുമായ യുവാക്കളുടെ ജോലി സാധ്യതകളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിയമനമൊന്നും നടക്കാതെ കാലഹരണപ്പെട്ടുപോവുന്ന അവസ്ഥയുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ അൺഎയ്ഡഡ് സ്കൂളുകളാണ് ബിരുദവും ബിരുദാനന്തര ബിരുദവും മാത്രമല്ല, ഡോക്ടറേറ്റ് പോലും നേടിയ യുവാക്കളുടെ അഭയകേന്ദ്രം. അവരെ ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന 1400 സി.ബി.എസ്.ഇ സ്കൂളുകളുണ്ട് കേരളത്തിൽ. സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന 863 സ്കൂളുമുണ്ട് എന്നാണ് കണക്ക്. ഇത്തരം സ്വകാര്യസ്കൂളുകൾ കേവലം ലാഭം മുൻനിർത്തി വിദ്യാഭ്യാസ കച്ചവടക്കാർ നടത്തുന്ന സ്ഥാപനങ്ങളാണെന്ന ധാരണയും പ്രചാരണവും സത്യസന്ധമല്ല. അത്തരം മാനേജ്മെൻറുകളും സംസ്ഥാനത്തുണ്ട് എന്നത് നേരായിരിക്കെ എല്ലാ സ്വകാര്യ സ്കൂളുകളെയും അതേ പട്ടികയിൽ പെടുത്തൽ നീതിയല്ല. വിശിഷ്യ, വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലും സമൂഹങ്ങളിലും കനത്ത സാമ്പത്തികബാധ്യതകൾ ഏറ്റെടുത്ത് ധാർമിക ദൗത്യമെന്ന നിലയിൽതന്നെ വിദ്യാലയങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒട്ടേറെ ഏജൻസികൾ സംസ്ഥാനത്തുണ്ടെന്നത് യാഥാർഥ്യമാണ്.
കടുത്ത മത്സരം നേരിടുന്ന വിദ്യാഭ്യാസ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ സമർഥരായ അധ്യാപകരെ നിയമിക്കുകയും നിലനിർത്തുകയും വേണം. ഉയർന്ന വേതനം ഉറപ്പുവരുത്താതെ അത് സാധ്യമല്ല. ജീവനക്കാരുടെ വേതനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ തുക ഫീസിനത്തിലൂടെ മാത്രമേ സംഭരിക്കാനാവൂ. സർക്കാർ ഇടപെട്ട് ഫീസിന് യാഥാർഥ്യബോധമില്ലാതെ പരിധി നിർണയിക്കുകയും നിശ്ചിത ഫീസടക്കുന്നതിൽ വീഴ്ചവരുത്തുന്ന രക്ഷിതാക്കളുടെ പേരിൽ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് ഉത്തരവിറക്കുകയും ചെയ്താൽ സ്കൂളുകളുടെ നടത്തിപ്പ് അവതാളത്തിലാവുക സ്വാഭാവികം മാത്രം. കോവിഡ് കാലം ആരംഭിച്ചേപ്പാൾതന്നെ സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ഫീസടക്കേണ്ടതില്ലെന്നും എന്നാൽ, അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം നൽകിയിരിക്കണമെന്നും വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തീരുമാനത്തിലെ അപ്രായോഗികതയെക്കുറിച്ച് ചിന്തിച്ചില്ല എന്ന ന്യായമായ പരാതി മാനേജ്മെൻറുകൾക്കുണ്ട്.
മുഖ്യമന്ത്രിയുടെ പ്രസ്താവന വരേണ്ട താമസം ശേഷിയുള്ള രക്ഷിതാക്കൾപോലും- ഫീസടക്കാൻ ശേഷിയുള്ളവരാണ് സ്വകാര്യസ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത്- ഫീസ് യഥാസമയം അടക്കാതിരിക്കാൻ ധിറുതി കാട്ടിയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്ത് ജീവനക്കാർക്ക് വേതന വിതരണം തടസ്സപ്പെട്ടതാണ് അനിവാര്യമായും സംഭവിച്ചത്. പുറമെ പുതിയ അധ്യയന വർഷമാരംഭിക്കുന്നതിനുമുമ്പ് തീർക്കേണ്ട അറ്റകുറ്റപ്പണികളെയും ഫണ്ടില്ലായ്മ പ്രതികൂലമായി ബാധിച്ചു. പ്രാഥമിക കണക്കുകളനുസരിച്ച് 210 കോടി രൂപയാണ് പ്രതിമാസം സി.ബി.എസ്.ഇ സ്കൂളുകളിലെ മാത്രം ജീവനക്കാരുടെ ശമ്പളം. ഫീസ് പിരിവ് മുടങ്ങിയിരിക്കെ ഇത് ഭാഗികമായോ പൂർണമായോ തടസ്സപ്പെട്ടിട്ടുണ്ടെന്നാണ് മിക്ക സ്കൂളുകളുടെയും അവസ്ഥ. വൻ ആസ്തി വഴികളും ധനസമാഹരണ സാധ്യതകളുമുള്ള ഏതാനും സമ്പന്ന മാനേജ്മെൻറുകളെ മാത്രം മാനദണ്ഡമാക്കി സാമാന്യ വിലയിരുത്തലും വിലക്കുകളും ന്യായമല്ല, സർക്കാർ നിലപാട് പുനഃപരിശോധിക്കുകതന്നെ വേണം.
പതിനായിരക്കണക്കിൽ സ്വകാര്യ സ്കൂൾ ജീവനക്കാരുടെ നിത്യജീവിതം ദുരിതത്തിലാവുന്നത് കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിച്ച സർക്കാർ നോക്കിനിൽക്കേണ്ടതല്ല. പ്രതിസന്ധിയിലായ സ്കൂളുകൾക്ക് ആറു മാസത്തേക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൗൺസിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്. 2020 മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലേക്ക് സ്കൂളുകളുടെ അക്കൗണ്ടുള്ള ബാങ്കുകൾ മുഖേന സ്റ്റാഫിെൻറ ശമ്പളത്തിന് വായ്പ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥിതി മെച്ചപ്പെട്ടാൽ വായ്പ തിരിച്ചെടുക്കാമെന്നും കൗൺസിൽ ബോധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സത്വരമായി പരിഗണിക്കേണ്ടതാണ് പതിനായിരക്കണക്കിന് അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ മാനുഷിക പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.