മാതൃകാപരം, ഈ പ്രാതൽ പരീക്ഷണം
text_fieldsപൊതുവിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലെ ഡി. എം.കെ സർക്കാർ. വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും ലഭ്യമാക്കി കുട്ടികളുടെ പഠനവും ആരോഗ്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലധികമായി നമ്മുടെ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഇതിലേക്ക് പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് സ്റ്റാലിനും കൂട്ടരും. ഇനിയങ്ങോട്ട് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ പ്രാതലും സജ്ജമാക്കും.
പദ്ധതിയുടെ പ്രാഥമികഘട്ടം കഴിഞ്ഞദിവസം മധുരയിലെ ഒരു പ്രൈമറി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പം പ്രാതൽ കഴിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ, 1500 സ്കൂളുകളിലെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് പ്രഭാതഭക്ഷണ പരിപാടിയുടെ ഗുണഭോക്താക്കളാവുക. ഇതിനായി 33.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി ഏതെങ്കിലും തരത്തിലുള്ള സൗജന്യമോ ജീവകാരുണ്യ പ്രവർത്തനമോ അല്ലെന്നും സർക്കാറിന്റെ പ്രാഥമിക ചുമതലകളിൽ പ്രധാനപ്പെട്ടതാണെന്നും സ്റ്റാലിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതിക്കുവരുന്ന പണം അധിക ചെലവായി കണക്കാക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നടത്തുന്ന ഈ പ്രാതൽ പരീക്ഷണം എന്തുകൊണ്ടും ചരിത്രപരവും അനുകരണീയവുമാണ്.
നമ്മുടെ രാജ്യത്ത് വിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കമിട്ടതും തമിഴ്നാടാണ്. മദ്രാസ് പ്രവിശ്യയിലെ പ്രമുഖ നിയമജ്ഞനും വ്യവസായിയും 'ജസ്റ്റിസ് പാർട്ടി'യുടെ സ്ഥാപക നേതാക്കളിലൊരാളുമായ പി. ത്യാഗരാജ ചെട്ടി മദ്രാസ് കോർപറേഷൻ മേയറായിരിക്കെയാണ് മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ആ ചരിത്രസംഭവത്തിന് നൂറുവർഷം പിന്നിടുമ്പോഴാണ് സ്റ്റാലിന്റെ മറ്റൊരു ചരിത്രദൗത്യം. ത്യാഗരാജന്റെ ഉച്ചക്കഞ്ഞി പദ്ധതി 1930കളുടെ അവസാനത്തിൽ ബ്രിട്ടീഷുകാർ അവസാനിപ്പിച്ചു. പിന്നീട്, കെ. കാമരാജ് മുഖ്യമന്ത്രിയായിരിക്കെ 1956ൽ പദ്ധതി പുനരാരംഭിച്ചു. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതായി പറഞ്ഞുകേൾക്കുന്നൊരു സംഭവമുണ്ട്. ഒരിക്കൽ കാർ യാത്രക്കിടെ ഒരു റെയിൽവേ ലെവൽക്രോസിൽ തീവണ്ടി പോകുന്നതുവരെ അൽപനേരം അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു.
അന്നേരം കാലികളെയും മേയ്ച്ചുകൊണ്ട് അതുവഴി കടന്നുപോയ കുട്ടികളോട് അദ്ദേഹം ''എന്തുകൊണ്ട് സ്കൂളിൽ പോയില്ല'' എന്നു തിരക്കി. പൊതുവിൽ ആർഭാടങ്ങളോട് അകലംപാലിച്ചിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിൽ ബീക്കൺ ലൈറ്റുപോലും ഘടിപ്പിച്ചിരുന്നില്ലത്രെ. കാറിലിരിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് മനസ്സിലാക്കാതെ കുട്ടികളിലൊരാൾ ഇങ്ങനെ പറഞ്ഞു: ''സ്കൂളിൽപോയാൽ ഞങ്ങൾക്ക് പശിയടക്കാനുള്ള ഭക്ഷണം ആരുതരും?'' സമാനമായ രീതിയിലൊരു പ്രതികരണം അടുത്തിടെ സ്റ്റാലിനും കേൾക്കേണ്ടിവന്നു. ചെന്നൈയിലെ ഒരു സ്കൂൾ സന്ദർശിക്കവേ, പല കുട്ടികളും പ്രാതൽ കഴിച്ചില്ലെന്ന് അവരുടെ സംസാരത്തിൽനിന്ന് മനസ്സിലായതോടെയാണ് അദ്ദേഹം സ്കൂളുകളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാൻ നിർബന്ധിതനായത്.
കോവിഡാനന്തര ഇന്ത്യയിൽ ഭക്ഷ്യ ദൗർലഭ്യം ഒരു യാഥാർഥ്യമാണ്; പല കുടുംബങ്ങളും മൂന്നുനേരത്തെ ഭക്ഷണം രണ്ടാക്കി ചുരുക്കിയെന്നതിന്റെ റിപ്പോർട്ടുകളും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പലർക്കും പ്രഭാത ഭക്ഷണം നിഷേധിക്കപ്പെടുന്നുവെന്നത് ആ പ്രതിസന്ധിയുടെ തുടർച്ച മാത്രമാണ്. സ്റ്റാലിനോട് ചെന്നൈയിലെ വിദ്യാർഥികൾ പറഞ്ഞതും അതുതന്നെയാണ്. ഇത് ഇന്ത്യയിലെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നൊരു ദുരന്തമാണ്. വിദ്യാർഥികൾക്ക് സ്കൂളിൽ പ്രഭാതഭക്ഷണം കൂടി നൽകണമെന്ന് പുതിയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നുണ്ടെങ്കിലും സാമ്പത്തികബാധ്യത പറഞ്ഞ് കേന്ദ്ര സർക്കാർ അത് നിർദാക്ഷിണ്യം വെട്ടി. ദയാരഹിതമായ ആ ക്രൂരനടപടിയോടുള്ള രാഷ്ട്രീയ പ്രതികരണംകൂടിയാണ് സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
സർക്കാറുകൾ നടത്തിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിതന്നെയും കുത്തഴിഞ്ഞ സന്ദർഭം കൂടിയാണിത്. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രം നൽകേണ്ട 60 ശതമാനം വിഹിതം കിട്ടാത്തതിനാൽ, കേരളത്തിലടക്കം ഉച്ചഭക്ഷണ വിതരണം പലപ്പോഴും താളംതെറ്റാറുണ്ട്. പി.ടി.എയുടെയും മറ്റും സഹകരണമുള്ളതിനാൽ അത് നിലച്ചുപോകുന്നില്ലെന്നുമാത്രം. യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്ക് ചപ്പാത്തിയും ഉപ്പും വിളമ്പിയ സംഭവങ്ങൾവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്റ്റാലിന്റെ പ്രഭാതഭക്ഷണ പദ്ധതി പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ഫാഷിസത്തിന്റെ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക-വിദ്യാഭ്യാസ നയങ്ങൾക്കെതിരായ ക്രിയാത്മക പ്രതിരോധമായി ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഈ പ്രതിരോധ സമരത്തിൽ കേരളമടക്കമുള്ള 'പ്രതിപക്ഷ സംസ്ഥാന'ങ്ങൾക്കും പങ്കാളികളാകാവുന്നതേയുള്ളൂ. 1980കൾ മുതൽതന്നെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തിട്ടുള്ള കേരളത്തിന് ഇക്കാര്യത്തിൽ വേറിട്ടൊരു മാതൃക കാണിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.