അകം ശൂന്യമായ കുടുംബഘടന
text_fieldsകേരളത്തിെൻറ സാമൂഹികജീവിതത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇരുണ്ടലോകത്തിലേക്ക് വെളിച്ചംവീശുന്ന രണ്ട് പരമ്പരകളാണ് ‘മാധ്യമം’ ദിനപത്രത്തിെൻറ താളുകളിൽ കഴിഞ്ഞദിനങ്ങളിൽ പ്രസിദ്ധീകൃതമായത്. ഒന്ന് വയോജനങ്ങൾ അനുഭവിക്കുന്ന ആഴമേറിയ സ്വത്വപ്രതിസന്ധിയെക്കുറിച്ചായിരുന്നെങ്കിൽ രണ്ടാമത്തേത് കൗമാരക്കാർക്കും യുവാക്കൾക്കും തിരിച്ചുകയറൽ പ്രയാസകരമായ ലഹരിക്കെണിയിലേക്കുള്ള എടുത്തുചാട്ടവുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ട് പരമ്പരയിെലയും വസ്തുതകൾ വ്യക്തമാക്കുന്നത്, കുടുംബഘടനയിലും മൂല്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങൾ അടിയന്തരശ്രദ്ധയും പരിഹാരവുമാവശ്യപ്പെടുന്ന സാമൂഹികപ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചിരിക്കുന്നുവെന്നാണ്. നമ്മുടെ വീടുകൾ മക്കൾക്കും മാതാപിതാക്കൾക്കും പറ്റാത്ത ഇടമായിരിക്കുന്നുവെന്ന്. ആഗോളീകരണാനന്തര സാമൂഹികജീവിതം സമ്മാനിച്ച തിരക്കുകൾ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കുക കുടുംബസംവിധാനത്തിനായിരിക്കുമെന്ന മുന്നറിയിപ്പ് അക്ഷരാർഥത്തിൽ പുലരുന്നുവെന്ന് വെളിപ്പെടുത്തുന്നു രണ്ട് പരമ്പരകളും.
വയോജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ 28 ശതമാനം കുടുംബത്തിലും ഒന്നോ അതിലധികമോ പ്രായമേറിയ ഒരാളെങ്കിലുമുണ്ട്. അവരിൽ ഭൂരിഭാഗവും അനാരോഗ്യത്തിെൻറ വൈഷമ്യങ്ങൾ അനുഭവിക്കുന്നവരാണ്. പരിചരണവും പരിഗണനകളും ആവശ്യമുള്ളവർ. വയോജനങ്ങളുടെ ക്ഷേമമുറപ്പുവരുത്തുന്ന നിയമങ്ങളും നയങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. അവർക്കായി സംസ്ഥാനത്ത് നാൽപതിലധികം ക്ഷേമപദ്ധതികളുമുണ്ട്. എന്നിട്ടും വാർധക്യകാലത്തെ അഭിമുഖീകരിക്കാനാകാതെ ആത്മഹത്യ തിരഞ്ഞെടുക്കുന്നവരുടെയും മക്കളുടെയും ബന്ധുമിത്രാദികളുടെയും പീഡനങ്ങൾ താങ്ങാനാകാതെ നിയമസംവിധാനങ്ങളിൽ അഭയം തേടുന്നവരുടെയും എണ്ണം വർധിക്കുകയാണ്. തിരക്കുകളിൽ ആമഗ്നരായ മക്കളും കൊച്ചുമക്കളും ശൂന്യമാക്കിയ വീടിെൻറ അകത്തളങ്ങളിൽ നിശ്ശബ്ദമായി അടക്കം ചെയ്യപ്പെട്ടവരായെന്ന ആധിയിലും തങ്ങളുടെ ജീവിതം നിരർഥകമായിത്തീർന്നിരിക്കുെന്നന്ന ഹതാശയിലുമാണ് വൃദ്ധരിൽ ഭൂരിഭാഗവും ജീവിക്കുന്നത്. വയോജനങ്ങൾ ബാധ്യതയായി മനസ്സിലാക്കപ്പെടുന്ന സാമൂഹികബോധം കേരളത്തിൽ പ്രബലമാവുകയാെണന്നാണ് സി.ഡി.എസ് (സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ്) പഠനത്തിെൻറ കണ്ടെത്തൽ.
വീട് വൃദ്ധർക്ക് ജയിൽസമാനമാകുന്നത് അവരാഗ്രഹിക്കുന്ന പരിചരണവും ശുശ്രൂഷയും ലഭിക്കാത്തതുകൊണ്ടാെണങ്കിൽ പുതുതലമുറയെ സംബന്ധിച്ചിടത്തോളം അത് അവർക്കാവശ്യമായ പരിഗണനയും ശ്രദ്ധയും ലഭിക്കാത്ത ബോറൻ ഇടമായതിനാലാണ്. തെരുവിൽ നിന്ന് വീട്ടിലേക്കുള്ള മടക്കം എത്രമാത്രം അനിഷ്ടകരമാകുന്നുവോ അത്രമാത്രം ലഹരിമാഫിയകളുടെ കെണികളിൽ ചെന്നുചാടുന്നു കൗമാരക്കാർ. വിദ്യാർഥികൾക്കിടയിൽ ലഹരിഉപയോഗം വർധിക്കുന്നുവെന്ന് മാത്രമല്ല, അവരിന്ന് അതിെൻറ വാഹകർകൂടിയായി പരിവർത്തിക്കപ്പെടുകയാണ്. കൗമാരക്കാരിൽ കൂടുതൽപേരും ലഹരിയിലേക്കുള്ള വലക്കെണികളിൽപെടുന്നത് സമൂഹമാധ്യമങ്ങൾ വഴിയും. എറണാകുളത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ യുവാക്കളും വിദ്യാർഥികളും പങ്കാളികളാകുന്നത് ലഹരിക്കുവേണ്ടി പണം കണ്ടെത്താനാെണന്നാണ് െപാലീസ് സ്ഥിരീകരിക്കുന്നത്. ലഹരിക്കടിപ്പെട്ടും അതിനുള്ള പണത്തിനുവേണ്ടിയും മാതാപിതാക്കളെ കൊലക്കിരയാക്കുന്ന സംഭവങ്ങളും മുൻവർഷങ്ങെളക്കാൾ അധികരിച്ചിരിക്കുന്നു 2017ൽ. കൗമാരക്കാരുടെ ലഹരിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ തിരിച്ചറിയാനും തിരുത്താനും രക്ഷിതാക്കൾ പരാജയപ്പെടുന്നതായി ഡീഅഡിക്ഷൻ കേന്ദ്രങ്ങളെ മുൻനിർത്തിയുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നു. മാതാപിതാക്കളെ പരിചരിക്കാൻ സമയം നൽകാത്ത അതേ ‘തിരക്കു’തന്നെ മക്കളെ നഷ്ടമാകുന്നതിനും കാരണമാകുന്നുവെന്ന ദുരന്തത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്.
മക്കൾക്കും മാതാപിതാക്കൾക്കും സ്വാസ്ഥ്യമനുഭവിക്കാനാകാത്തയിടമാണ് വീടുകളെന്നത് വർത്തമാനകാലത്തിെൻറ സവിശേഷതയായി വരവുവെച്ച് രക്ഷപ്പെടാനാകില്ല നമുക്ക്. സർക്കാറും നിയമസംവിധാനങ്ങളും ജാഗ്രതയും കാര്യക്ഷമവുമാകണമെന്നതിൽ തർക്കമില്ല. പ്രായമായവരുടെ ക്രിയാത്മക പൊതുഇടങ്ങൾ സംഘടിപ്പിക്കുന്നതിലും വിദ്യാർഥികളിൽ മൂല്യബോധമുയർത്തുന്നതിലും സർക്കാറിെൻറ സാമൂഹികസംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. പേക്ഷ, സ്നേഹവും പരിഭവങ്ങളും ശ്രദ്ധയും പരിചരണങ്ങളും ഒഴുകിപ്പരന്ന് വിവിധ പ്രായഘടനയിലുള്ളവർ ഒത്തുേചരുന്ന ഇമ്പമുള്ളയിടമാക്കാൻ വീടുകൾ പരാജയപ്പെടുന്നതിെൻറ ഉത്തരവാദികൾ സർക്കാറല്ല, നാം തന്നെയാണ്. വൃദ്ധസദനങ്ങളും ഡീഅഡിക്ഷൻ സെൻററുകളും ലാഭകരമായ വ്യവസായമാകുന്നത് സാമൂഹിക അരക്ഷിതാവസ്ഥയുടെ അടയാളമാണ്. രണ്ടിടത്തും പ്രവേശനം ലഭിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നവരുടെ എണ്ണക്കൂടുതൽ അകംശൂന്യമായ കുടുംബഘടനെയ വെളിപ്പെടുത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.