അഫ്ഗാനിൽ അനിശ്ചിതത്വം നീങ്ങുമോ?
text_fieldsഅമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽനിന്ന് പൂർണമായി പിൻവാങ്ങുകയും അതിനുമുേമ്പ യു.എസ് പാവ സർക്കാറിന്റെ മേധാവി അശ്റഫ് ഗനി രാജ്യംവിടുകയും താലിബാൻ, അഫ്ഗാൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തു മൂന്നാഴ്ച പിന്നിടുേമ്പാൾ പുതിയ ഭരണകൂടം അധികാരമേറുകയാണ്. മുല്ല മുഹമ്മദ് ഹസൻ അഖുന്ദിെൻറ നേതൃത്വത്തിൽ ഇടക്കാല സർക്കാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാൻ. ദോഹ കരാറനുസരിച്ച് ബന്ധപ്പെട്ട കക്ഷികളെ മുഴുവൻ ഉൾപ്പെടുത്തി ഒരു ദേശീയ സർക്കാർ തങ്ങൾ ഉടൻ രൂപവത്കരിക്കാൻ പോവുകയാണെന്ന് താലിബാൻ വക്താക്കൾ ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. അത് എത്രത്തോളമായി എന്നു അറിയാനിരിക്കുന്നതേയുള്ളൂ. ഉത്തരമേഖലയിലെ പ്രമുഖ നഗരമായ പഞ്ചശീർ കൂടി പിടിച്ചെടുക്കാൻ കാത്തിരിക്കുകയായിരുന്നു താലിബാൻ എന്നുതോന്നുന്നു. പൊരുതിനോക്കിയെങ്കിലും പിടിച്ചുനിൽക്കാനാവാതെ വടക്കൻ സഖ്യവും പിന്മാറേണ്ടി വന്നതോടെ ആ തടസ്സം നീങ്ങി.
താലിബാൻ നേതൃത്വത്തിലെ ഭിന്നസ്വരങ്ങൾ സമവായത്തിലെത്താൻ തടസ്സം സൃഷ്ടിക്കുന്നു എന്നു പ്രചരിക്കുന്നതിനിടെയാണ് മന്ത്രിസഭ പ്രഖ്യാപനം വന്നിരിക്കുന്നത്. എന്തായാലും പൂർണ പങ്കാളിത്തത്തോടെയും സമവായത്തോടെയും ഒരു സിവിലിയൻ ഗവൺമെൻറ് യാഥാർഥ്യമാക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല. ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരം നേടിയെടുക്കാൻ അതാവശ്യവുമാണ്. അതില്ലാതെ രണ്ടു പതിറ്റാണ്ടായി പിച്ചിച്ചീന്തപ്പെട്ട രാജ്യത്തിന് പിടിച്ചുനിൽക്കാനോ മുന്നോട്ടുനീങ്ങാനോ സാധിക്കുക അതി ദുഷ്കരമാണ്. അംഗീകാരവും സഹകരണവും ലഭിക്കണമെങ്കിൽ ഇതഃപര്യന്തം തുടർന്നുവന്ന നയനിലപാടുകളിൽ മൗലികമായ വിട്ടുവീഴ്ചകൾ വേണ്ടിവരും. രാജ്യത്തിന്റെ പേര് എന്തുമാവട്ടെ, വൻശക്തികളുടെ കൈത്താങ്ങോടും പരിഷ്കൃത ലോകത്തിന്റെ പിന്തുണയോടുംകൂടി സമാധാനപൂർണമായ ഒരു അഫ്ഗാനിസ്താൻ സ്ഥാപിതമാവണമെങ്കിൽ പഴയ ശാഠ്യങ്ങളും കടുംപിടിത്തങ്ങളും താലിബാൻ ഉപേക്ഷിക്കുകതന്നെ വേണ്ടിവരും. 'യുദ്ധം കഴിഞ്ഞു, ഇനി സമാധാനത്തിന്റെ സമയമാണ്' എന്ന താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ ഒടുവിലത്തെ പ്രഖ്യാപനത്തെ സാധൂകരിക്കേണ്ടത് പ്രായോഗിക നടപടികളാണ്. കഴിഞ്ഞ 20 വർഷമായി പരിശീലനം നേടിയ അഫ്ഗാൻ സൈന്യത്തോട് ഭരണത്തിന്റെ ഭാഗമാവാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണത്തിനെതിരായ ഏതു ചെറുത്തുനിൽപിനെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം താക്കീത് നൽകിയിട്ടുമുണ്ട്.
അതേസമയം, ഇക്കാലമത്രയും യു.എസ് അനുകൂല സർക്കാറിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാങ്കർഹാർ പ്രവിശ്യ ഗവർണർ മുല്ലാ നിദാ മുഹമ്മദ് ഐ.എസ് തീവ്രവാദികളെ അടിച്ചമർത്തുമെന്ന് ഭീഷണി മുഴക്കിയത് ശ്രദ്ധേയമാണ്. കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ് ഭീകരർ ഇപ്പോഴും അഫ്ഗാനിസ്താനിൽ സജീവമാണ്. അവരെ പൊറുപ്പിച്ചുകൊണ്ടോ നിലനിർത്തിക്കൊണ്ടോ സമാധാനപുനഃസ്ഥാപനം അസാധ്യമാണെന്ന് വ്യക്തം. രാജ്യത്തെ അഞ്ചാമത്തെ നഗരമായ ജലാലാബാദിൽനിന്ന് എൺപതോളം ഐ.എസുകാരെ താലിബാൻ സർക്കാർ പിടികൂടിയിട്ടുണ്ടെന്നാണ് ഗവർണർ അവകാശെപ്പട്ടിരിക്കുന്നത്. ലോകത്തെങ്ങുമുള്ള മുസ്ലിം ഭീകര സംഘങ്ങളുടെ താവളമാവും താലിബാൻ ഭരണത്തിലെ അഫ്ഗാനിസ്താനെന്ന ആശങ്ക പല രാജ്യങ്ങളും ഏജൻസികളും പങ്കിടുന്ന സാഹചര്യത്തിൽ അങ്ങനെയാവില്ലെന്ന് തെളിയിക്കേണ്ട ബാധ്യത താലിബാനുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്കണ്ഠക്കും ആശങ്കക്കും വഴിയൊരുക്കുന്നതാണ് ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങളുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്താൻ മാറുന്ന സാഹചര്യം. അതുകൊണ്ടുതന്നെയാണ് ഈ മാസം നടക്കാനിരിക്കുന്ന രാഷ്ട്രാന്തരീയ കൂട്ടായ്മകളിൽ സംബന്ധിക്കാനുദ്ദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അജണ്ടകളിലൊന്നായി അഫ്ഗാനിസ്താൻ പ്രശ്നത്തെ കാണുന്നതും. ചൈനയും റഷ്യയും പാകിസ്താനും ഇറാനും താലിബാൻ നിയന്ത്രിത അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളിലേർപ്പെട്ടിരിക്കെ കൈയുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യക്കാവില്ല. രാജ്യത്തിന്റെ സുരക്ഷക്കും സമ്പദ്്വ്യവസ്ഥക്കും പ്രതിസന്ധികൾ സൃഷ്ടിക്കാൻ നമ്മുടെ ജാഗ്രതയില്ലായ്മ കാരണമായിക്കൂടാ. താലിബാൻ സർക്കാർ ഇന്ത്യയുമായുള്ള സൗഹൃദത്തിനും സഹകരണത്തിനും മുന്തിയ പ്രാധാന്യം കൽപിക്കുന്നുവെന്ന് അതിന്റെ ഉന്നത വക്താക്കൾ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ലക്ഷംകോടികളുടെ വികസന പദ്ധതികളും പ്രവർത്തനങ്ങളും ഇന്ത്യ ആ രാജ്യത്ത് തുടങ്ങിവെച്ചിട്ടുണ്ട്. അതു തുടരാൻ ഇന്ത്യയുടെ സൗമനസ്യവും സൗഹൃദവും അഫ്ഗാനിസ്താന് അങ്ങേയറ്റം വിലപ്പെട്ടതാണ്. ഈ രാജ്യത്തെ പിണക്കിക്കൊണ്ട് അഥവാ, അവഗണിച്ചുകൊണ്ട് ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്നതിൽ തൽപരരല്ലാത്ത രാജ്യങ്ങളെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോവാനാണ് താലിബാൻ ഭരണകൂടം ആഗ്രഹിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിനുതന്നെ അപരിഹാര്യമായ നഷ്ടമാണ് വരുത്തിത്തീർക്കുക. ഇതു മനസ്സിലാക്കി ഇന്ത്യ-അഫ്ഗാൻ ബന്ധങ്ങളിൽ ക്രിയാത്മകമായ പുതിയൊരധ്യായം എഴുതിച്ചേർക്കാനായിരിക്കട്ടെ ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ ദൃഢനിശ്ചയം. ആഭ്യന്തര രംഗത്ത് ഓരോ സർക്കാറും എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് ആഭ്യന്തര കാര്യമായിത്തന്നെ കാണണം. ഇന്ത്യയുമായി ഉറ്റബന്ധം പുലർത്തുന്ന യു.എ.ഇയെപ്പോലുള്ള രാജ്യങ്ങൾ മറ്റു ഭിന്നതകൾ മറന്ന് അഫ്ഗാനിസ്താന് മാനുഷിക സഹായങ്ങളെത്തിക്കുന്നത് ഈയവസരത്തിൽ പാഠമാവേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.