പ്രിന്‍സിപ്പലിന്‍െറ കസേര
text_fields
എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് നേതാക്കളായ വിഷ്ണു സുരേഷ്, കെ.എസ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെ സംഘടനയില്‍നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ല സെക്രട്ടേറിയറ്റിന്‍െറ പ്രസ്താവന വന്നത് ജനുവരി 21നാണ്. പുറത്താക്കാനുള്ള കാരണം രസാവഹമാണ്. ജനുവരി 19ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ആ കോളജില്‍ ഒരു സമരം നടന്നിരുന്നു -പ്രിന്‍സിപ്പലിന്‍െറ കസേര കത്തിക്കല്‍ സമരം. ആ സമരത്തിന് നേതൃത്വം കൊടുത്തവരെയാണ് സംഘടനയില്‍നിന്ന് പുറത്താക്കിയിരിക്കുന്നത്. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സാധാരണഗതിയില്‍ എസ്.എഫ്.ഐയില്‍ വലിയ സ്വീകാര്യത കിട്ടാറാണ് പതിവ്. അതിന് വിപരീതമായി അവരെ സംഘടനയില്‍നിന്നുതന്നെ പുറത്താക്കിയത് നിരീക്ഷകര്‍ക്കിടയില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചതിനോട് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വന്ന വിമര്‍ശനങ്ങളായിരിക്കാം ഇങ്ങനെയൊരു നടപടിയെടുക്കാന്‍ ആ സംഘടനയെ പ്രേരിപ്പിച്ചത്. പക്ഷേ, സംഘടന നടപടിയെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കോളജ് അധികൃതര്‍ക്ക് ഇതുവരെയും ധൈര്യം വന്നിട്ടില്ല എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
തങ്ങളുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പലിന്‍െറ കസേര എടുത്തുകൊണ്ടുപോയി ഗേറ്റിലിട്ട് കത്തിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് അന്തസ്സ് കുറഞ്ഞ സമരരീതി തന്നെയാണ്. ആണ്‍കുട്ടികളുമായി സംസാരിച്ചുനിന്ന കോളജിലെ ഏതാനും പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചിരുന്നുവത്രെ. അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും കോളജിലുണ്ടായിരുന്നു. സമരങ്ങളെ തുടര്‍ന്ന്, പ്രസ്തുത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ക്ഷമചോദിച്ചതുമാണ്. പ്രിന്‍സിപ്പല്‍ ക്ഷമചോദിച്ച് കടലാസില്‍ ഒപ്പുവെച്ചത് വിഡിയോ സഹിതം വിദ്യാര്‍ഥികള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും ഇങ്ങനെയൊരു സമരവുമായി എസ്.എഫ്.ഐ മുന്നിട്ടിറങ്ങിയത് ദുരൂഹമാണ്.
കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമെന്ന നിലക്ക് എസ്.എഫ്.ഐ ആത്മപരിശോധന നടത്തേണ്ട നിരവധി കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. സദാചാര പൊലീസിങ് നടത്തുന്നുവെന്ന് ആരോപിച്ചാണ് മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെതിരെ സമരമുന്നണി തുറന്നിരിക്കുന്നത്. ജനുവരി ഒമ്പതിന് മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്‍റ് മൂവ്മെന്‍റിന്‍െറ പ്രവര്‍ത്തകനായ ദലിത് വിദ്യാര്‍ഥി, വിവേക് കുമാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ദലിത് സംഘടനകളുടെ ഭാഗത്തുനിന്നും സമൂഹമാധ്യമങ്ങളിലും വന്‍വിമര്‍ശനമുണ്ടായപ്പോള്‍, വിവേക് സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണെന്നായിരുന്നു ഉത്തരവാദപ്പെട്ട എസ്.എഫ്.ഐ നേതാക്കളുടെ വിശദീകരണം. അതായത്, സദാചാരം എന്ന കാഴ്ചപ്പാടിനോട് ആ സംഘടനയുടെ നിലപാട് എന്ത് എന്നത് ഇവിടെ പ്രശ്നമാവുകയാണ്. ഒരു വശത്ത് ദലിത് വിവേചനത്തിനെതിരെ സംസാരിക്കുമ്പോള്‍ തന്നെ ദലിത്, ന്യൂനപക്ഷ സംഘടനാ രൂപങ്ങളോട് ഗുണാത്മകമായി സഹവര്‍ത്തിക്കാന്‍ അവര്‍ ഇനിയും ശീലിച്ചിട്ടില്ളെന്നതാണ് വാസ്തവം. മഹാരാജാസ് കോളജില്‍തന്നെയാണ് ജനുവരി 17ന് രോഹിത് വെമുല അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന്‍െറ പേരില്‍ ഇന്‍ക്വിലാബ് സ്റ്റുഡന്‍റ് മൂവ്മെന്‍റിന്‍െറ പ്രവര്‍ത്തകനായ ഫുആദ് എന്ന വിദ്യാര്‍ഥി ആക്രമിക്കപ്പെടുന്നത്. ദലിത്-ന്യൂനപക്ഷ പ്രശ്നങ്ങള്‍, സദാചാരം തുടങ്ങിയ വിഷയങ്ങളില്‍ ഇനിയും ഗൃഹപാഠം ചെയ്യാനും അതിനനുസരിച്ചുള്ള പ്രായോഗിക നിലപാടുകള്‍ എടുക്കാനും സംഘടന ഇനിയും ശ്രദ്ധിക്കേണ്ടി വരും.
ഒരു ഭാഗത്ത് കച്ചവട മുതലാളിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ കഴുത്തറപ്പന്‍ കൊള്ളയും വിദ്യാര്‍ഥിവിരുദ്ധ പ്രവര്‍ത്തനങ്ങളും. മറുവശത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ സംഘടനാ ഫാഷിസവും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും. അങ്ങനെ പൊതു, സ്വകാര്യ ഭേദമന്യേ നമ്മുടെ കലാലയങ്ങള്‍ അതിന്‍െറ ആകര്‍ഷണീയത നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ഖേദകരമായ കാര്യം. ഉയര്‍ന്ന അക്കാദമിക നിലവാരവും തുറന്ന ജനാധിപത്യ അന്തരീക്ഷവും സംഘടനാ സ്വാതന്ത്ര്യവും ആരോഗ്യകരമായ വിദ്യാര്‍ഥി-അധ്യാപക ബന്ധവും സമതുലിതമായി ഒത്തുചേരുമ്പോള്‍ മാത്രമേ നമ്മുടെ ഉന്നത കലാലയങ്ങള്‍ ഫലപ്രാപ്തിയിലത്തെുകയുള്ളൂ. അതിനായുള്ള പരിശ്രമത്തില്‍ എല്ലാവരും ഒരുമിച്ച് പണിയെടുക്കണം. മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചവര്‍ക്കെതിരെ സംഘടനാ നടപടിയെടുത്ത എസ്.എഫ്.ഐ തീരുമാനം അതിനാല്‍തന്നെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതേസമയം, പ്രസ്തുത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതര്‍ ഇതുവരെ ധൈര്യം കാണിച്ചില്ല എന്നത് വ്യവസ്ഥാപിത സംഘടനകളെ കോളജ് അധികൃതര്‍ എന്തുമാത്രം ഭയക്കുന്നുവെന്നതിന്‍െറ തെളിവുകൂടിയാണ്. വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും വികാസത്തെയും ത്വരിതമാക്കാനുള്ള സംവിധാനങ്ങളും സാമൂഹിക മാറ്റത്തിന്‍െറ ചാലകശക്തികളുമാണ്. അല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിന്‍െറ നടത്തിപ്പുകാരെയും ബന്ദികളാക്കി നിര്‍ത്തി വിലപേശാനുള്ള മാഫിയ സംവിധാനങ്ങളാവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.