ഷാർജ പുസ്തകോത്സവത്തിലെ മലയാളം
text_fieldsസാഹിത്യത്തിെൻറയും സംസ്കാരങ്ങളുടെയും മഹോത്സവമായി പരിണമിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേള കൊടിയിറങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയായി മാറിയേക്കുമെന്ന അനുമാനത്തോടെയാണ്. 77 രാജ്യങ്ങളിൽനിന്ന് 1874 പ്രസാധകർ 16 ലക്ഷം ശീർഷകങ്ങളിൽ രണ്ടു കോടി പുസ്തകങ്ങളാണ് 11 ദിനരാത്രങ്ങളിൽ അക്ഷരങ്ങളുടെ കഥ പറഞ്ഞ് വായനലോകത്തെ വിസ്മയിപ്പിച്ചത്. അതിൽ 80,000 പുസ്തകങ്ങൾ ഏറ്റവും പുതിയ ശീർഷകങ്ങളുമായിരുന്നു. ലോകപ്രസിദ്ധ എഴുത്തുകാരും വായനക്കാരും സംഗമിച്ച അക്ഷരമേള സംഘാടനത്തിലും ആസൂത്രണത്തിലും മികച്ചതും അനുകരണീയവുമായി. കുട്ടികൾക്കുള്ള എഴുത്തുപരിശീലനക്കളരി മുതൽ സാങ്കേതികവിദ്യ വായനസമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ അതിജീവിക്കാനുള്ള പുതുവഴി അന്വേഷണങ്ങൾവരെ വിഷയവൈവിധ്യങ്ങളാൽ അനുഗൃഹീതവുമായിരുന്നു മേള. അക്ഷരസ്നേഹിയായ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സർഗാത്മക ഭാവനയുടെ സാക്ഷാത്കാരമായ മേള ലോകത്തിെൻറ അക്ഷരതലസ്ഥാനമായി ഷാർജയെ മാറ്റിത്തീർത്തിരിക്കുന്നു.
പ്രവാസി മലയാളികളുടെ സാംസ്കാരിക പൂരമായി വിശേഷിപ്പിക്കുന്ന ഷാർജയിലെ പുസ്തകോത്സവം ഇന്ന് മുഴുവൻ മലയാളികളുടെയും സാംസ്കാരികോത്സവമായി വികാസം പ്രാപിച്ചിരിക്കുന്നു. കേരളത്തിൽ നടക്കുന്ന ഏതു പുസ്തകമേളയേക്കാളും എഴുത്തുകാരുടെ സാന്നിധ്യം, പ്രസാധകരുടെ പങ്കാളിത്തം, വായനക്കാരുടെ സന്ദർശനം, പുസ്തകപ്രകാശനങ്ങൾ എന്നിവകൊണ്ടെല്ലാം ഏവരെയും വിസ്മയിപ്പിക്കുന്നതായി മലയാളി സാന്നിധ്യം. കേരളത്തിലും വിദേശങ്ങളിലുമുള്ള മലയാളി എഴുത്തുകാരെ മുതൽ സാംസ്കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങളെവരെ ആകർഷിക്കുന്ന മേള പ്രശസ്തരുമായി ആശയങ്ങൾ പങ്കുവെക്കാനും സംവദിക്കാനുമുള്ള ധാരാളം അവസരങ്ങൾ ഓരോ വായനക്കാരനും എളുപ്പത്തിൽ കരഗതമാകുന്ന ഇടമായിത്തീർന്നിട്ടുണ്ട്. അത് പ്രവാസ സമൂഹത്തിന് നൽകുന്ന സർഗോർജം ചെറുതല്ല. ഷാർജ പുസ്തകോത്സവത്തിൽ പ്രശസ്തരും അപ്രശസ്തരുമായ 150ലധികം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ 11 ദിവസങ്ങൾക്കുള്ളിൽ പ്രകാശിതമായെന്ന് കേൾക്കുമ്പോൾ ഒരുവേള ആരും അത്ഭുതം കൂറും. അന്താരാഷ്ട്ര പ്രസാധകരുമായി സഹകരിക്കാനുള്ള വലിയ സാധ്യതകളുടെ വാതായനങ്ങൾ തുറക്കാനും വലിയ വായനസമൂഹത്തോട് നേരിട്ട് സംവദിക്കാനും കേരളത്തിലെ ചെറു പ്രസാധകസംഘങ്ങൾക്ക് മികച്ച അവസരങ്ങളും പുസ്തകമേള പ്രദാനംചെയ്യുന്നുണ്ട്.
ഷാർജ അക്ഷരോത്സവം മലയാളികളുടെ മഹോത്സവമായി വാഴ്ത്തപ്പെടുന്നതിനാൽ ഗൗരവപൂർവമായ ചില അന്വേഷണങ്ങൾ അനിവാര്യമാക്കുന്നുണ്ട്. പ്രവാസികളായ എഴുത്തുകാർക്ക് ശരിയായ ഇടം ഷാർജ മേളയിൽ കിട്ടാതെപോകുന്നതിെൻറ കാരണമെന്താണ്, സാഹിത്യോത്സുകരായ ധാരാളം ചെറുപ്പക്കാരിൽ മുളപൊട്ടിയ ആശയങ്ങളെ വളർച്ച പൂർത്തിയാക്കുംമുേമ്പ അക്ഷരങ്ങളാക്കി മാറ്റുന്നതിലും അവരെ അപഹാസ്യരാക്കുന്നതിലും പ്രസാധക മാഫിയകൾക്ക് ഷാർജ നല്ലൊരു കൊയ്ത്തുത്സവമാകുന്നുണ്ടോ, മലയാളി പ്രസാധനസംഘങ്ങളിലെ നിത്യശാപമായ മേൽക്കോയ്മ നാട്യങ്ങളും വാണിജ്യതാൽപര്യങ്ങളും പുസ്തകമേളയെ അക്ഷരക്കളരിയും മികവുറ്റ സംവാദവേദിയുമായി പരിവർത്തിപ്പിക്കുന്നതിന് വിഘാതമാകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാകുന്നത് മേളയിലേക്കു വരുന്ന എഴുത്തുകാരുടെ തെരഞ്ഞെടുപ്പ് മുതൽ പരിപാടികളുടെ സ്വഭാവവും സമയക്രമവും നിശ്ചയിക്കുന്നതിൽ വരെ വിവേചനം നടക്കുന്നുവെന്ന വിമർശനങ്ങൾക്ക് കനമുള്ളതുകൊണ്ടുകൂടിയാണ്. പുസ്തക പ്രസാധനങ്ങളുടെ വരേണ്യതാബോധങ്ങൾ ഉല്ലംഘിക്കപ്പെടുന്നതിെൻറ ആഹ്ലാദാരവങ്ങൾ ഷാർജ പുസ്തകമേളയിൽ നിരന്തരം ഉയരുന്നതും കാണാം.
മലയാള സാഹിത്യത്തിെൻറ പുറംലോകത്തേക്കുള്ള സഞ്ചാരത്തിലെ ഇടത്താവളമായി ഷാർജ പുസ്തകോത്സവത്തെ മാറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ വർഷം വന്ന 77 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരുമായി മലയാളി സമൂഹവും പ്രസാധകരുമുണ്ടാക്കിയ സാംസ്കാരിക ബന്ധങ്ങളെത്രെയെന്ന് കണക്കെടുത്താൽ മാത്രം മതിയാകും ഷാർജ പുസ്തകോത്സവം നമ്മെ ഭ്രമിപ്പിക്കുന്നുണ്ടെങ്കിലും സർഗാത്മക ഉണർത്തുപാട്ടായി മാറുന്നില്ലെന്ന് മനസ്സിലാക്കാൻ. മികച്ച അറബ് എഴുത്തുകാരുടെ സാന്നിധ്യമുള്ള മേളയിൽ അവരുമായി ഇടപഴകാനുള്ള ഭാഷാപരവും സർഗാത്മകവുമായ കഴിവുള്ള വ്യക്തിത്വങ്ങൾ ധാരാളമായി പ്രവാസലോകത്ത് ഉണ്ടായിരുന്നിട്ടും നമ്മുടെ എഴുത്തുകാരെയും പുസ്തകങ്ങളെയും അറബ് ലോകത്തേക്ക് എത്തിക്കുന്നതിൽ അവരെ പ്രയോജനപ്പെടുത്താൻ നമുക്ക് പദ്ധതികളൊന്നുമില്ല. ജപ്പാനിൽനിന്നുള്ള എഴുത്തുകാർക്ക് അറബ് ലോകത്തേക്കുള്ള കിളിവാതിലാകാൻ ഷാർജ പുസ്തകോത്സവം ഉപകാരപ്പെട്ടെങ്കിൽ മലയാളി സാഹിത്യത്തിന് അറബ് ലോകത്തേക്കും അവിടെനിന്ന് തിരിച്ചും സഞ്ചരിക്കാനുള്ള സർഗാത്മക പാലമാകാൻ ഷാർജ അക്ഷരോത്സവത്തിന് സാധിക്കും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.