വർഗീയ ഭൂമികയിൽ മത്സരിക്കാൻ വഴിപിരിയുന്ന ശിവസേന
text_fieldsദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) ഏറ്റവും പഴക്കമുള്ള ഘടകകക്ഷിയായ ശിവസേന വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കായിരിക്കും മത്സരിക്കുക എന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതിനു പിന്നിൽ ബി.ജെ.പിക്കു മുന്നിൽ ശിഥിലീഭവിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ അസ്തിത്വം നിലനിർത്താനുള്ള ഒടുവിലത്തെ ശ്രമം എന്നതിനപ്പുറം ആരും വലിയ പ്രാധാന്യമൊന്നും കൽപിക്കില്ല. അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുവർഷമായി ശിവസേനയെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന പാർട്ടി ദേശീയ നിർവഹണസമിതിയുടെ പ്രമേയം, 29 വർഷത്തെ മുന്നണിബന്ധം അറുത്തുമാറ്റാൻ താക്കറെയുടെ പാർട്ടിയെ നിർബന്ധിച്ച സാഹചര്യത്തിലേക്കുള്ള സൂചനയാണ്. അതേസമയം, കേന്ദ്ര ^സംസ്ഥാന സർക്കാറുകളിൽനിന്ന് തൽക്കാലം പിന്മാറില്ലെന്ന വെളിപ്പെടുത്തൽ, പുതിയ രാഷ്്ട്രീയ തീരുമാനത്തിെൻറ ഭാഗമായി അധികാരം ത്യജിക്കാൻ തങ്ങൾ തയാറല്ല എന്ന സന്ദേശമാണ് നൽകുന്നത്. ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ചക്കളത്തിപ്പോര് പുതിയ സംഭവമല്ല. 2014 നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞവർഷം നടന്ന മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. 288 അംഗ സഭയിൽ 122 സീറ്റ് ബി.ജെ.പി കരസ്ഥമാക്കിയപ്പോൾ സേനക്ക് 63 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1989ൽ ബാൽതാക്കറെയുടെ നേതൃത്വത്തിൽ വർഗീയ, വിഭാഗീയ രാഷ്ട്രീയം പൊടിപൊടിക്കുന്ന കാലഘട്ടത്തിലാണ് ബി.ജെ.പിയുടെ മഹാരാഷ്്ട്രയിലെ കരുത്തനായ നേതാവ് പ്രമോദ് മഹാജൻ മുൻകൈയെടുത്ത് പുതിയ കൂട്ടുകെട്ടുണ്ടാക്കുന്നത്. 1995ൽ സേന നേതാവ് മനോഹർ ജോഷിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട സർക്കാർ നടപ്പാക്കിയത് ബാൽതാക്കറെയുടെ തിട്ടൂരങ്ങളായിരുന്നു. ബാൽതാക്കറെയുടെ വിയോഗശേഷം പിളർപ്പ് നേരിട്ട പാർട്ടി രണ്ടു വഴിക്ക് ചലിക്കാൻ തുടങ്ങിയപ്പോൾ ഉദ്ധവ് താക്കറെയുടെ ശേഷികുറഞ്ഞ നേതൃത്വത്തിന് ദേശീയതലത്തിൽ ഇരച്ചുകയറിയ കാവിരാഷ്ട്രീയത്തിനു മുന്നിൽ അടിയറവ് പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അപ്പോഴും മുംബൈ കോർപറേഷെൻറ കടിഞ്ഞാൺ കൈയിലൊതുക്കാൻ സാധിച്ചു എന്നത് മാത്രമാണ് സേനക്ക് പിടിച്ചുനിൽക്കാൻ വക നൽകിയത്. മഹാരാഷ്്ട്രയിൽ ഇപ്പോൾ മേധാവിത്വം നിലനിർത്തുന്ന ബി.ജെ.പിയുടെ തോളിൽ കൈയിട്ടു പോകുന്ന കാലത്തോളം സ്വന്തം സ്വാധീന മേഖല ശുഷ്കിച്ചുവരുകയല്ലാതെ, പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന ശിവസേനയുടെ കണക്കുകൂട്ടലാവണം പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെ അപ്രതീക്ഷിതമായി ഇങ്ങനെയൊരു തീരുമാനമെടുക്കാൻ േപ്രരിപ്പിച്ചത്.
തരവും സന്ദർഭവും ഒത്തുവരുമ്പോഴെല്ലാം മോദി സർക്കാറിനെയും ബി.ജെ.പി നേതൃത്വത്തെയും കണക്കിനു കശക്കാൻ സേനനേതാക്കൾ കാട്ടാറുള്ള ആവേശം അൽപം കൗതുകത്തോടെയാണ് നിഷ്പക്ഷമതികൾ നോക്കിക്കാണാറ്. അതല്ലാതെ, വർഗീയത മുഖ്യ ആയുധമായെടുത്ത് ജനവികാരം ഇളക്കിവിടാനും അതുവഴി വോട്ട് തരപ്പെടുത്താനും ഏത് കുത്സിത മാർഗവും സ്വീകരിക്കുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന ഇവർ തമ്മിൽ പ്രത്യയശാസ്ത്രപരമായോ രാഷ്ട്രീയ നയനിലപാടുകളിലോ ഒരന്തരവും ഇല്ലെന്ന് എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. ബി.ജെ.പിയുടെ ജൂനിയർ പങ്കാളിയായി എക്കാലവും തുടരുന്നത് പാർട്ടിയുടെ കാൽക്കീഴിൽനിന്ന് മണ്ണ് കുത്തിയൊലിച്ചുകൊണ്ടുപോവാനേ സഹായകരമാവൂ എന്ന കണക്കുകൂട്ടലിൽ ‘രാഷ്ട്രീയാചാര്യെൻറ’ പൈതൃകം തിരിച്ചുപിടിക്കാനാണ് ഉദ്ധവ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കിൽ തീവ്രവർഗീയതയുടെ വിളയാട്ടം മഹാരാഷ്്ട്രയിലും സമീപ സംസ്ഥാനങ്ങളിലും കാണേണ്ടിവരുമെന്ന് ഉത്കണ്ഠപ്പെടേണ്ടതുണ്ട്. പേരിന് ശിവസേന ദേശീയ പാർട്ടിയാണ്. പക്ഷേ, തൊട്ടടുത്ത ഗുജറാത്തിലോ കർണാടകയിലോ പോലും വേരാഴ്ത്താനോ ചലിക്കുന്ന പാർട്ടി സംവിധാനം ഉണ്ടാക്കാനോ സാധിച്ചിട്ടില്ല. അതേസമയം, മഹാരാഷ്്ട്രയിൽ ബി.ജെ.പിയുടെ അപ്രമാദിത്വം അംഗീകരിക്കാൻ ബാൽതാക്കറെയുടെ പിന്മുറക്കാർക്ക് സാധിക്കുന്നുമില്ല. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും തങ്ങളുടെ സ്വാധീന മേഖലയിലേക്കാണ് കാവിരാഷ്ട്രീയം അതിക്രമിച്ചുകയറുന്നതെന്ന തിരിച്ചറിവ് ഒരു പാർട്ടി എന്ന നിലയിൽ ശിവസേനയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഉള്ള അണികളെ പിടിച്ചുനിർത്താനും പാർട്ടിയുടെ പ്രഭാവം മങ്ങിയിട്ടില്ല എന്ന് വരുത്തിത്തീർക്കാനും സേനനേതാക്കൾക്ക് പുതിയ പ്രവർത്തനരീതി കാഴ്ചവെക്കേണ്ടിവരും. മണ്ണിെൻറ മക്കൾവാദവും പാകിസ്താൻ വിരോധവുമെല്ലാം ഉൗതിക്കത്തിച്ച് മുംബൈ മഹാനഗരത്തിൽ ഗുണ്ടാവിളയാട്ടം പാരമ്യതയിലെത്തിക്കാനും ക്രിക്കറ്റ് പിച്ച് കുത്തിക്കീറാനും യുവാക്കളെ കയറൂരിവിട്ട ബാൽതാക്കറെയുടെ നാം മറക്കാൻ ശ്രമിക്കുന്ന ഇരുണ്ട കാലഘട്ടത്തിലേക്ക് പാർട്ടി തിരിച്ചുപോകുന്ന കാഴ്ച കാണേണ്ടിവരുമോ എന്നാണ് സമാധാനകാംക്ഷികൾ ഭയപ്പെടുന്നത്.
ലോക്സഭയിൽ 18 അംഗങ്ങളുള്ള ശിവസേന ബി.ജെ.പി കഴിഞ്ഞാൽ എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയാണ്. ആ കക്ഷിയുടെ മുന്നണയിൽനിന്നുള്ള ഇറങ്ങിപ്പോക്ക് മോദി സർക്കാറിന് തൽക്കാലം ഭീഷണിയൊന്നും ഉയർത്തില്ലെങ്കിലും നല്ലതിെൻറ തുടക്കമല്ല എന്ന് വിലയിരുത്തുന്നതാവും ബുദ്ധി. സാമാന്യേന പ്രബലരായ 24 കക്ഷികളെ കൂടെ കൊണ്ടുനടക്കാനും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാനിക്കാനും ശുഷ്കാന്തി കാണിച്ച എ.ബി. വാജ്പേയിയുടെ പെരുമാറ്റരീതിയിൽനിന്ന് വ്യത്യസ്തമാണ് പ്രധാനമന്ത്രി മോദിയുടേത് എന്നതുകൊണ്ട്, സേനയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തൽക്കാലം ശ്രമങ്ങളൊന്നുമുണ്ടാവില്ല എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. മഹാരാഷ്്ട്രയിലെ കർഷകരുടെ പാർട്ടിയായി അറിയപ്പെടുന്ന ശേത്കാരി സംഘട്ടൻ മോദിസർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടിരുന്നു. മറ്റ് പാർട്ടികളിൽ, വിശിഷ്യാ കോൺഗ്രസിൽനിന്ന് അതിെൻറ ഉന്നത നേതാക്കളെ ഒന്നടങ്കം പാർട്ടിയിലേക്ക് ചാക്കിട്ടുപിടിക്കുന്ന തിരക്കിനിടയിൽ ഇത്തരം തിരിച്ചടികളെക്കുറിച്ച് മോദി ^അമിത് ഷാ പ്രഭൃതികൾ അലോസരപ്പെടാറില്ല എന്നത് അമിതമായ ആത്മവിശ്വാസംകൊണ്ടാവാനേ തരമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.