സംഭാവനകൾ മാത്രം പോരാ; ചെലവുകൾ ചുരുക്കുകകൂടി വേണം
text_fieldsമഹാപ്രളയ ദുരന്തത്തിെൻറ കെടുതികളിൽനിന്ന് കേരളത്തെ കരകയറ്റാനും സംസ്ഥാനത്തെ അക്ഷരാർഥത്തിൽ പുനർനിർമിക്കാനുമുള്ള നമ്മുടെ യത്നം ആരംഭിച്ചിേട്ടയുള്ളൂ. നാശനഷ്ടങ്ങളുടെ കണക്കുകൾ പൂർണമായും വിശദമായും കിട്ടിക്കഴിഞ്ഞിട്ടില്ല. അത് ലഭിച്ചുകഴിഞ്ഞാലേ ഇപ്പോൾ കണക്കാക്കുന്ന 20,000 കോടി രൂപയുടെ പര്യാപ്തിയും അപര്യാപ്തിയും കൃത്യമായി വിലയിരുത്താൻ പറ്റൂ. അതേസമയം, ആ 20,000 കോടിതന്നെ എങ്ങനെ സമാഹരിക്കും എന്നതിനെക്കുറിച്ച് നമുക്ക് ശുഭപ്രതീക്ഷകളല്ലാതെ പ്രായോഗിക നിർദേശങ്ങളും നടപടികളും ഇനിയും കണ്ടെത്തിയിട്ടു വേണം. പൂർണ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറും സകലവിധ ഭിന്നതകൾക്കും അതീതമായി സർക്കാറിനോടൊപ്പം നിൽക്കുന്ന ജനങ്ങളുമാണ് ഇപ്പോൾ ആശ്വാസം നൽകുന്ന പ്രധാന ഘടകം. അതോടൊപ്പം കേരളം ഒറ്റക്കല്ല രാജ്യം കൂടെയുണ്ട് എന്ന പ്രധാനമന്ത്രിയുടെ സമാശ്വാസ വാക്കുകളും ഇപ്പോൾ പ്രഖ്യാപിച്ച 600 േകാടി പ്രഥമഗഡു മാത്രമാണെന്നും നാശനഷ്ടങ്ങളുടെ യഥാർഥ കണക്കുകൾ ആധികാരികമായി ലഭ്യമാവുന്നതനുസരിച്ച് കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കാമെന്നുമുള്ള കേന്ദ്ര ഭരണാധികാരികളുടെ ഉറപ്പും നമുക്ക് ശുഭപ്രതീക്ഷ പകരുന്നു. സുഹൃദ്രാജ്യങ്ങളുടെ സഹായ വാഗ്ദാനങ്ങൾ വിവാദങ്ങളിൽ ഒഴുകിപ്പോവാതെ അത് സ്വീകരിക്കുന്നതിലുള്ള സാേങ്കതിക തടസ്സങ്ങൾ വൈകാതെ നീങ്ങിപ്പോവുമെന്നും കേരളജനത പ്രത്യാശിക്കുന്നു. പ്രളയെക്കടുതികൾ നേരിൽ മനസ്സിലാക്കാൻ സംസ്ഥാനം സന്ദർശിക്കുന്ന ലോകബാങ്ക് പ്രതിനിധിസംഘത്തിെൻറ റിപ്പോർട്ട് പലിശനിരക്ക് ഉദാരമായി കുറച്ചുകൊണ്ടുള്ള വായ്പകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതേണ്ടത്.
ലോകത്തുള്ള ഒാരോ മലയാളിയും ഒരുമാസത്തെ ശമ്പളം പുനർനിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ആഹ്വാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ആവേശകരമായ പ്രതികരണം തികച്ചും പ്രോത്സാഹജനകമാണ്. അതേസമയം, മലയാളികൾ പകുതിപോലും തൃപ്തികരമായ ജോലിചെയ്യുന്നവരോ അത്യാവശ്യങ്ങൾക്കപ്പുറത്ത് വേതനം ലഭിക്കുന്നവേരാ അല്ല എന്ന് നമുക്കറിയാം. നല്ലൊരു വിഭാഗം ദരിദ്രരോ ദിവസക്കൂലിക്കാരോ കരാർ തൊഴിലാളികേളാ ആണ്. ഒരുവക ഇടത്തരക്കാർതന്നെ കുതിച്ചുയരുന്ന വിലക്കയറ്റത്തിനും ജീവിതച്ചെലവുകൾക്കും മുന്നിൽ പകച്ചുനിൽക്കുകയാണ്. നിമിഷംപ്രതി കയറുന്ന ഇന്ധനവിലയും തദ്വാര അനിയന്ത്രിതമാവുന്ന അവശ്യസാധന വിലവർധനയും എല്ലാ വിഭാഗങ്ങളുടെയും നെട്ടല്ലൊടിക്കുന്നു. ഗൾഫ്നാടുകളിൽ ഉപജീവനം തേടുന്ന പ്രവാസി സഹോദരന്മാരാവെട്ട ഒാർക്കാപ്പുറത്തെ ജോലി നഷ്ടവും കാത്ത് അനിശ്ചിത ഭാവിയുടെ തടവുകാരായി കഴിയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആഹ്വാനം എത്രമേൽ സ്വാഗതം ചെയ്യപ്പെട്ടാലും പരിമിതിയും പരിധിയും കാണാതിരുന്നുകൂടാ.
ഇൗ പശ്ചാത്തലത്തിലാണ് ചെലവുചുരുക്കൽ എന്ന ചിരകാല അജണ്ട പ്രായോഗികമാക്കുന്നതിനെക്കുറിച്ച് ഇടതുമുന്നണി സർക്കാർ സഗൗരവം ചിന്തിക്കേണ്ടതും മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് പരിഗണിക്കേണ്ടതും. 20 അംഗ മന്ത്രിസഭയിൽനിന്നുതന്നെ അത് തുടങ്ങാം. കേരളംപോലുള്ള വലുതല്ലാത്ത ഒരു സംസ്ഥാനത്തിന് മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാരെ യഥാർഥത്തിൽ ആവശ്യമില്ല. പലരുടെയും വകുപ്പുകൾ നാമമാത്രമാണ്. നന്നെചുരുങ്ങിയത് മൂന്നു മന്ത്രിമാരെയെങ്കിലും കുറച്ചാൽ ഒന്നും സംഭവിക്കാൻ പോവുന്നില്ല. നേരത്തേ 17 പേരെക്കൊണ്ട് ഇ.കെ. നായനാർ ഭരിച്ചതും കേരളത്തെത്തന്നെയാണല്ലോ.
ഒാരോ മന്ത്രിമാർക്കുമുള്ള പേഴ്സനൽ സ്റ്റാഫിനെ വെട്ടിക്കുറക്കുകയാണ് ഉടനടി ചെയ്യേണ്ട മറ്റൊരു കാര്യം. പിന്നെ കാബിനറ്റ് റാേങ്കാടുകൂടിയ ഒരു ചീഫ് വിപ് പദവി, ആ സ്ഥാനത്തിരിക്കുന്ന വ്യക്തിക്കല്ലാതെ ആർക്കെന്ത് പ്രയോജനം ചെയ്യാനാണെന്നും സത്വരമായി ആേലാചിക്കണം. ഒരു മന്ത്രിയെക്കൂടി ആവശ്യപ്പെട്ട സി.പി.െഎയെ തൃപ്തിപ്പെടുത്താനാണ് ചീഫ് വിപ് സ്ഥാനം പകരം നൽകാൻ തീരുമാനിച്ചതെന്ന വാർത്ത അപ്പടി ശരിയാണെങ്കിലും അല്ലെങ്കിലും മാറിയ പരിതഃസ്ഥിതിയിൽ അത് വേണ്ടെന്നുവെക്കാനുള്ള സന്മനസ്സ് എൽ.ഡി.എഫിലെ രണ്ടാമത്തെ പാർട്ടി കാട്ടിയേ തീരൂ. കോർപറേഷനുകളുടെയും ക്ഷേമനിധി ബോർഡുകളുടെയും പ്രളയത്തിൽനിന്ന് കേരളത്തെ രക്ഷിക്കുകയാണ് സത്വരശ്രദ്ധ പതിയേണ്ട മറ്റൊരു കാര്യം. 35 കമീഷനുകളും 31 ക്ഷേമനിധി ബോർഡുകളുമുണ്ട് സംസ്ഥാനത്ത് എന്നാണ് കണക്ക്. ഒരു ജോലിയുമില്ലാതെ രാഷ്ട്രീയ ഭിക്ഷാംദേഹികളെയും വേണ്ടപ്പെട്ടവരെയും സ്റ്റാഫും കാറും ഒാഫിസ് വാടകയും കൊടുത്ത് കുടിയിരുത്തുന്ന ഏർപ്പാട് എന്നല്ലാതെ ജനങ്ങൾക്കതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഭരണപരിഷ്കാര കമീഷൻ, ചലച്ചിത്ര വികസന കോർപറേഷൻ, മുന്നാക്ക സമുദായ വികസന ബോർഡ്, ന്യൂനപക്ഷ വികസന ബോർഡ് തുടങ്ങി അനവധി ഏർപ്പാടുകൾ ഖജനാവിനേൽപിക്കുന്ന ആഘാതം ചെറുതല്ല. ഇപ്പറയുന്ന സ്ഥാപനങ്ങളൊന്നുമില്ലെങ്കിലും ബന്ധപ്പെട്ട മന്ത്രാലയങ്ങളും അവയിലൊക്കെ ആവശ്യത്തിലധികം സെക്രട്ടറിമാരും വേണ്ടുവോളം ഉദ്യോഗസ്ഥരും ഉണ്ടെന്നിരിക്കെ കോർപറേഷൻ, ബോർഡ് ഇത്യാദിയെ പിരിച്ചുവിട്ടാലും ഒന്നും സംഭവിക്കാൻ പോവുന്നില്ല.
2016-17ൽ സംസ്ഥാനത്ത് ആകെ നികുതി വരുമാനം 42,177 കോടി രൂപയും ശമ്പളം, പെൻഷൻ മുതലായവക്ക് ചെലവിട്ടത് 43,650 കോടിയുമാണെന്ന് ധനമന്ത്രി തോമസ് െഎസക് നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിേപ്പാർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത്, പിരിഞ്ഞുകിട്ടുന്ന മൊത്തം നികുതി വരുമാനം ശമ്പളത്തിനും പെൻഷനും തികയുന്നില്ലെന്ന്. എന്നിട്ടുവേണ്ടേ വികസനത്തിന്? ഇൗ അസന്തുലിതത്വത്തിന് പ്രധാനകാരണം ശമ്പളപരിഷ്കരണമാണെന്നും റിപ്പോർട്ടിലുണ്ട്. കേരളമാകെ പ്രളയത്തിൽ മുങ്ങിത്താണാലും ശമ്പളവർധനക്കുള്ള മുറവിളി ജീവനക്കാരും മറ്റും അവസാനിപ്പിക്കാനും പോവുന്നില്ലെന്നുറപ്പ്. 117 പൊതുമേഖല സ്ഥാപനങ്ങളിൽ മുക്കാൽ ഭാഗവും ഖജനാവ് മുടിക്കുന്നതാണെന്നതുകൊണ്ട് അവ അടച്ചുപൂട്ടുന്ന കാര്യവും ഉടനടി തീരുമാനിച്ചേപറ്റൂ. ഇൗ ദിശയിലൊന്നും ആലോചനയോ നീക്കമോ നടക്കുന്നില്ലെങ്കിൽ കേരളം അതിജീവിക്കുകതന്നെ ചെയ്യുമെന്ന പ്രേഘാഷം അർഥശൂന്യമായി കലാശിക്കുമെന്ന് ഭയപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.