ആവർത്തിക്കപ്പെടുന്ന പൗരാവകാശ കശാപ്പുകൾ
text_fieldsപ്രധാനമന്ത്രി നേരിട്ട് ജനങ്ങളെ അഭിമുഖീകരിച്ചില്ല എന്നതു മാറ്റിനിർത്തിയാൽ നോട്ട് നിരോധനത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനും നിയന്ത്രണമേർപ്പെടുത്തിയ വിജ്ഞാപനം പുറത്തുവന്നത്. അപ്രതീക്ഷിതമായി, പാർലമെൻററി സംവിധാനങ്ങളെയോ സംസ്ഥാനങ്ങളെയോ പരിഗണിക്കുകയോ ഗൗരവപരമായ ചർച്ചകളിൽ പങ്കാളികളാക്കുകയോ ചെയ്യാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. സാമൂഹികവും സാമ്പത്തികവും കാർഷികവും തൊഴിൽപരവുമായ വിവിധ മേഖലകളിൽ വമ്പിച്ച പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാപനം എത്ര ലാഘവത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്! ഭരണഘടനാദത്തമായ പൗരാവകാശങ്ങളും സംസ്ഥാനങ്ങൾക്ക് വിഭാവനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും സാങ്കേതിക നിയമനടപടിക്രമങ്ങളിലൂടെ, ജനാധിപത്യ നൈതികത പാലിക്കാതെ കശാപ്പുചെയ്യുകയാണ് ഈ ഉത്തരവിലൂടെ കേന്ദ്ര സർക്കാർ നിർവഹിച്ചിരിക്കുന്നത്.
കാലിച്ചന്തകളിലും മറ്റും നികൃഷ്ടമായ രീതിയിൽ നടക്കുന്ന മൃഗങ്ങളോടുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈെയടുക്കണമെന്നായിരുന്നു 2014ലെ സുപ്രീംകോടതി വിധി. മൃഗങ്ങൾക്കുനേെര നടക്കുന്ന ക്രൂരതകൾ തടയണമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. കാലിച്ചന്തകളെ നവീകരിക്കാനും കന്നുകാലി വ്യാപാരത്തെ മെച്ചപ്പെടുത്താനുമുള്ള നീക്കങ്ങൾ അനിവാര്യമാണുതാനും. എന്നാൽ, 1960ലെ ജന്തുദ്രോഹം തടയാനുള്ള 38ാം ഉപവകുപ്പനുസരിച്ചുള്ള വിജ്ഞാപനം കർഷകതാൽപര്യംപോലും പരിഗണിക്കാതെ കന്നുകാലിച്ചന്തകളെ കാർഷിക ക്രയവിക്രയങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്തുകയും മതപരമായ മൃഗബലി നിരോധിക്കുകയും ചെയ്തതിലൂടെ തീവ്ര വലതുരാഷ്ട്രീയത്തിെൻറ വിേദ്വഷാത്മകവും സങ്കുചിതവുമായ അജണ്ടകൾക്കാണ് നിയമപ്രാബല്യം കൈവന്നിരിക്കുന്നത്. ഒപ്പം രാജ്യവ്യാപകമായി പരോക്ഷമായ മാട്ടിറച്ചി നിരോധനവും നടപ്പാകുകയാണ്.
ഇന്ത്യ ലോകത്തിലെ പ്രധാന മാംസം, തുകൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. അറുക്കപ്പെടുന്ന കാലികളിൽ 30 ശതമാനം മാത്രമാണ് രാജ്യത്ത് മാംസാഹാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നത്. 70 ശതമാനവും കയറ്റുമതിക്കും മറ്റു വ്യവസായ ആവശ്യങ്ങൾക്കുമാണ് പ്രയോജനപ്പെടുത്തുന്നത്. പ്രതിവർഷം 26,865ലധികം കോടി രൂപയാണ് മാംസ, തുകൽ വ്യവസായത്തിലൂടെ രാജ്യം നേടുന്നത്. മാത്രമല്ല, ഉൽപാദനരഹിതവും പ്രായമേറിയതുമായ ഉരുക്കളുടെ പുനർവിൽപനമൂല്യമാണ് കർഷകരുടെ കാലിവളർത്തൽ പ്രചോദനം. ക്ഷീര, കാർഷിക വ്യവസ്ഥയുടെ ഉപോൽപന്നമാണ് മാംസക്കച്ചവടവും തുകൽവിപണിയും. അത് കാർഷിക വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന സഹായസംവിധാനംകൂടിയാണ്.
വാങ്ങിയ ഉരുവിനെ ആറുമാസത്തേക്ക് വിൽക്കാൻ പാടില്ലെന്ന ചട്ടമേർപ്പെടുത്തുകയും കാർഷികേതര ആവശ്യങ്ങൾക്കുള്ള ക്രയവിക്രയം ചന്തകളിലൂടെ നിരോധിക്കുകയും ചെയ്തതിലൂടെ പുതിയ വിജ്ഞാപനം കർഷകരുടെ അന്തസ്സായ ജീവിതത്തിനും ജീവിതോപാധികളുടെ വിപണനത്തിനുമുള്ള മരണക്കുറിപ്പായിത്തീരുകയാണ്. ദരിദ്രരായ ദലിതുകളുടെയും മുസ്ലിംകളുടെയും പ്രധാന ഉപജീവനമേഖലകളായ തുകൽ-മാംസ വ്യവസായരംഗത്ത് രൂപപ്പെടുന്ന അരക്ഷിതാവസ്ഥയും തൊഴിൽനഷ്ടവും സൃഷ്ടിക്കുന്ന സാമൂഹിക ആഘാതവും അത്ര ചെറുതായിരിക്കുകയില്ല. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കർഷക ആത്മഹത്യയുടെ വർധന 26 ശതമാനമാണ്. എന്നിട്ടും കാർഷിക സബ്സിഡികൾ റദ്ദുചെയ്യുന്നതിൽ മനോദുഃഖമില്ലാത്ത സർക്കാർ കർഷക പ്രേമത്തിെൻറ നാട്യത്തിൽ കന്നുകാലികളുടെ വിപണനത്തിന് കർശന നിബന്ധനകൾ കൊണ്ടുവരുന്നത് ആരുടെ ഇച്ഛ സാക്ഷാത്കരിക്കാനാെണന്നത് പകൽപോലെ വ്യക്തം.
മൂന്നു വർഷം പിന്നിട്ട മോദി സർക്കാറിെൻറ മുൻഗണനാക്രമത്തിലെ വംശീയതാൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു ഈ വിജ്ഞാപനവും. എല്ലാ ജനങ്ങളുടെയും സാമൂഹിക പുരോഗതിയോ നിർഭയത്വമോ അല്ല ഉദ്ദേശ്യമെന്ന് വ്യക്തം. കുറച്ചുപേരുടെ ഉന്മാദത്തെ തൃപ്തിപ്പെടുത്താൻ ഭരണ-നിയമസംവിധാനങ്ങളെ നിരന്തരം ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ കാണിക്കുന്ന താൽപര്യം അപകടകരമായ രീതിയിൽ വർധിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തിലധികം ആളുകൾക്കാണ് ഗോരക്ഷകഗുണ്ടകളുടെ കൈകളാൽ ജീവൻ നഷ്ടപ്പെട്ടത്. കന്നുകാലിച്ചന്തകളെ നവീകരിക്കാനും മൃഗങ്ങൾക്കുനേെരയുള്ള ക്രൂരതയെ ഫലപ്രദമായി തടയാനുമുള്ള മികച്ച സാധ്യതയെ വംശീയ വെറുപ്പിനും പൗരാവകാശ കശാപ്പിനും ഉപയോഗിച്ചുവെന്നായിരിക്കും ഈ ഉത്തരവ് ചരിത്രത്തിൽ വിലയിരുത്തപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.