അടിയന്തരാവസ്ഥ മണക്കുന്നു
text_fieldsതങ്ങൾക്കിഷ്ടമില്ലാത്തവരെ പൈശാചികവത്കരിച്ച് ആക്രമിക്കാൻ ചില പ്രത്യേക പദാവലികൾ രൂപപ്പെടുത്തുകയെന്നത് ഭരണകൂടത്തിെൻറ ശീലമാണ്. വിമത സ്വരങ്ങൾ ഉയർത്തുന്നവരെയും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെയും കുറിക്കാൻ ഭരണകൂടവും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ചേർന്ന് രൂപപ്പെടുത്തിയ പ്രയോഗമാണ് നഗര മാവോവാദികൾ (അർബൻ മാവോയിസ്റ്റ്) എന്നത്. മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ഭരണകൂട കൈയേറ്റങ്ങൾക്കുമെതിരെ ശബ്ദിക്കുന്ന വിദ്യാസമ്പന്നരും പ്രഫഷനലുകളും പൊതുവെ നഗരവാസികളുമായ ആളുകളെ കുറിക്കാനാണ് ഈ പദം ഉപയോഗിച്ചുപോരുന്നത്. അങ്ങനെ ഭരണകൂടം അർബൻ മാവോയിസ്റ്റുകൾ എന്ന മുദ്രകുത്തിയ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരും അക്കാദമീഷ്യരുമടങ്ങിയ അഞ്ചുപേരെയാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നായി ചൊവ്വാഴ്ച പുണെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷക, േട്രഡ് യൂനിയൻ പ്രവർത്തക, പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് നേതാവ് എന്നീ നിലകളിൽ പ്രശസ്തയായ ഛത്തിസ്ഗഢ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുധ ഭരദ്വാജ് ആണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. അമേരിക്കയിൽ ജനിച്ച്, കാൺപുർ ഐ.ഐ.ടിയിൽനിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ച് തെൻറ സമ്പന്നമായ ചുറ്റുപാടുകൾ കൈയൊഴിഞ്ഞ് ദരിദ്ര മനുഷ്യർക്കു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിനുടമയാണ് സുധ. തെലങ്കാനയിൽനിന്നുള്ള മാർക്സിസ്റ്റ് എഴുത്തുകാരനും കവിയുമായ വരവര റാവുവാണ് മറ്റൊരാൾ. അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരാളായ അരുൺ ഫെരേര മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനാണ്. പല സമയങ്ങളിൽ ഭരണകൂട വേട്ടക്കിരയായി അറസ്റ്റ് ചെയ്യപ്പെട്ട ഫെരേര മുമ്പ് അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളിൽനിന്നെല്ലാം കുറ്റമുക്തനാക്കപ്പെട്ട ആളുമാണ്. അറിയപ്പെടുന്ന പത്രപ്രവർത്തകനാണ് അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവ്ലഖ. ഇന്ത്യയിലെ വിവിധ മനുഷ്യാവകാശ സംരക്ഷണ സമരങ്ങളിൽ സജീവ സാന്നിധ്യമായ വെർണർ ഗൊൻസാൽവസും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. ഡൽഹി, ഹൈദരാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്നായാണ് പുണെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവിലുണ്ടായ ദലിത് –സവർണ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് മലയാളിയായ റോണ വിൽസൻ ഉൾപ്പെടെ അഞ്ചുപേരെ ജൂൺ ആറിന് പുണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു സംസ്ഥാന പൊലീസ് രാജ്യവ്യാപക റെയ്ഡ് നടത്തി, ഭരണകൂടത്തോട് രാഷ്ട്രീയ വിയോജിപ്പുള്ളവരെ അറസ്റ്റ് ചെയ്യുന്നത് അപൂർവമായ സംഭവവികാസമാണ്. ബ്രാഹ്മണ ചക്രവർത്തിയായ പേഷ്വക്കെതിരെ ദലിതുകൾ നയിച്ച സമരത്തിെൻറ ഓർമ പുതുക്കുന്ന പരിപാടി എല്ലാ വർഷവും ജനുവരിയിൽ ഭീമ-കൊറേഗാവിൽ സംഘടിപ്പിക്കപ്പെടാറുണ്ട്. ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ച സമകാലിക പശ്ചാത്തലത്തിൽ ഇത്തവണത്തെ പരിപാടി കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടതായിരുന്നു. സ്വാഭാവികമായും സംഘ്പരിവാർ നേതൃത്വത്തിനും ബി.ജെ.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാറിനും അത് വലിയ തലവേദനയായിരുന്നു. അങ്ങനെയാണ് ഈ വർഷത്തെ പരിപാടി തടയുമെന്ന പ്രഖ്യാപനവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നത്. ഹിന്ദുത്വവാദിയായ സംഭാജി ബിഡെയുടെ നേതൃത്വത്തിലുള്ള ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയാണ് ഭീമ-കൊറേഗാവിൽ സംഘർഷത്തിന് നേതൃത്വം നൽകിയത്. എന്നാൽ, ആ സംഘടനക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ സന്നദ്ധമായിട്ടില്ല. സവർണ സംഘടനകളുടെ ഭീഷണിയെ അവഗണിച്ച് അനുസ്മരണ പരിപാടിയുമായി മുന്നോട്ടു പോയി ചെറുത്തുനിന്ന ദലിത് പ്രവർത്തകരുടെ നിലപാട് സംഘ്പരിവാരത്തെ ചൊടിപ്പിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അതിനുള്ള പ്രതികാരമായിട്ടു വേണം ഇപ്പോഴത്തെ കൂട്ട അറസ്റ്റുകളെ കാണേണ്ടത്.
എല്ലാ തരത്തിലുള്ള ഭരണകൂട വേട്ടകളെയും മാധ്യമ തമസ്കരണങ്ങളെയും അതിജീവിച്ച് നിസ്സഹായരായ മനുഷ്യരുടെ അവകാശ സമരങ്ങൾ രാജ്യത്തെങ്ങും ശക്തിപ്പെട്ടുവരുന്നുണ്ട്. വലിയ ത്യാഗങ്ങൾ സഹിച്ച് പ്രവർത്തിക്കുന്ന ഒട്ടേറെ ആക്ടിവിസ്റ്റുകൾ ഇത്തരം സമരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നുമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലുമെല്ലാം ഇത്തരം മനുഷ്യരുടെ കൂട്ടായ്മകളുണ്ട്. അവർ ഉയർത്തുന്ന ഐക്യദാർഢ്യത്തിെൻറ ശബ്ദമാണ് നിസ്സഹായരായ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്നത്. സുസംഘടിതമായ സംഘടന ഘടനയിലൂടെയല്ലെങ്കിലും ആശയപരമായ യോജിപ്പിലൂടെ ഇവരെല്ലാം പരസ്പരം ബന്ധപ്പെടുന്നുമുണ്ട്. ഈ ബന്ധത്തെ തകർക്കുകയും ആക്ടിവിസ്റ്റുകളുടെ ഇത്തരം മുൻകൈകളെ ഭയപ്പെടുത്തി ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരിക്കും ഈ കൂട്ട അറസ്റ്റുകളുടെ ലക്ഷ്യം. വിയോജിപ്പുകളില്ലാത്ത, അനുസരണയുള്ള പ്രജകളെക്കൊണ്ട് നിറഞ്ഞ ഒരു രാജ്യം സ്വപ്നം കാണുന്നവരാണ് ഈ വേട്ടക്കു പിറകിൽ. ലളിതമായി പറഞ്ഞാൽ ജനാധിപത്യത്തിനെതിരായ കൈയേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ സ്വഭാവത്തിലേക്കാണ് രാജ്യം പോകുന്നത്. ഭയത്തിന് വിധേയരാവാതെ ഉറച്ച ശബ്ദത്തോടെ ജനാധിപത്യത്തിന് നിലകൊള്ളുക എന്നതു മാത്രമാണ് പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.