സോളാർ: ഉപ്പുതിന്നവർ വെള്ളം കുടിക്കണം
text_fieldsഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വൻ വിവാദമായി കത്തിപ്പടർന്ന വിഷയമായിരുന്നു സോളാർ കുംഭകോണം എന്ന പേരിലറിയപ്പെട്ട തട്ടിപ്പുകഥകൾ. അങ്ങേയറ്റം മലീമസമായ ആ കഥകൾ നമ്മുടെ പൊതുജീവിതത്തെ ബാധിച്ച ജീർണതയുടെ അടയാളങ്ങളായിരുന്നു. തെരുവുവിളക്കുകൾക്ക് സോളാർ പാനലുകൾ സ്ഥാപിക്കുക എന്ന ആശയവുമായി വന്ന ടീം സോളാർ എന്ന കമ്പനി നടത്തിയ ഇടപാടുകളും അതിന് മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ചെയ്തുകൊടുത്ത വഴിവിട്ട സഹായങ്ങളുമാണ് ഈ കഥകളുടെ രത്നച്ചുരുക്കം. ടീം സോളാർ കമ്പനിയുടെ പ്രധാനിയായ സരിത എസ്. നായർ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട അശ്ലീലകഥകൾ സോളാർ വിവാദത്തിന് എരിവ് നൽകുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ പ്രതിച്ഛായക്ക് വലിയ ഇടിവ് വരുത്തുന്നതിൽ സോളാർ കഥകൾ കാരണമായി. സോളാറിനെ മുൻനിർത്തി സി.പി.എമ്മും എൽ.ഡി.എഫും നിരവധി സമരങ്ങൾ നടത്തിയെങ്കിലും അത് വലിയ രാഷ്ട്രീയമുന്നേറ്റമാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അന്ന് നടത്തിയ സമരങ്ങളുടെ പേരിൽ എൽ.ഡി.എഫിനകത്തുതന്നെ ഭിന്നതയുണ്ടാവുകയും ഒത്തുതീർപ്പ് സമരമാണ് നടക്കുന്നതെന്ന് ഘടകകക്ഷികൾതന്നെ വിമർശനമുന്നയിക്കുകയും ചെയ്തു. അങ്ങനെ രണ്ടു മുന്നണികളെയും വലിയരീതിയിൽ പിടിച്ചുലച്ച് കത്തിനിന്ന ആ വിഷയം വീണ്ടും വാർത്തകളിൽ വന്ന് നിറഞ്ഞിരിക്കുകയാണ്. എൽ.ഡി.എഫ് സമരത്തെത്തുടർന്ന് രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമീഷൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് അവരുടെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിനെ മുൻനിർത്തി സർക്കാർ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് കേരള രാഷ്ട്രീയത്തിൽ പുതിയ കൊടുങ്കാറ്റായി മാറിയിരിക്കുന്നത്.
ഇതുപോലൊരു കോളത്തിൽ വിശദമാക്കാൻ കഴിയാത്തവിധം സങ്കീർണവും അപസർപ്പക സ്വഭാവത്തിലുള്ളതുമാണ് സോളാർ തട്ടിപ്പുകഥകൾ. അവ മൊത്തത്തിൽ പരിശോധിക്കുമ്പോൾ മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ ഇവയാണ്: അടിമുടി തട്ടിപ്പുമായി നടക്കുന്ന ഒരു കമ്പനിക്ക് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫിസുകളെ സ്വാധീനിക്കാനും കാര്യങ്ങൾ നടത്തിയെടുക്കാനും സാധിച്ചിട്ടുണ്ട്. ഈ ഇടപാടുകളിൽ ലൈംഗികത പ്രധാനപ്പെട്ട ഒരു ഘടകമായി വർത്തിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശിവരാജൻ കമീഷൻ വിശദമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽനിന്ന് മനസ്സിലാവുന്നത്. കമീഷൻ റിപ്പോർട്ടിെൻറ നിഗമനങ്ങളെ മുൻനിർത്തി സർക്കാർ നിയമോപദേശം തേടുകയും ചെയ്തു. പ്രസ്തുത നിഗമനങ്ങളും നിയമോപദേശങ്ങളും അതിൽ സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്ന നടപടികളുമാണ് മുഖ്യമന്ത്രി ബുധനാഴ്ച വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിെൻറ ജനകീയ മുഖവുമായ ഉമ്മൻ ചാണ്ടിയടക്കമുള്ള മുൻനിര കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾക്ക് കേസെടുത്ത് ക്രിമിനൽ നടപടിക്രമങ്ങളിലേക്ക് സർക്കാർ കടക്കുകയാണ്. അഴിമതി, മാനഭംഗം, ബലാത്സംഗം, കൈക്കൂലി തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾക്ക് അവരിൽ പലരും നിയമനടപടികൾ നേരിടേണ്ടിവരും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാനും തുടർനടപടികൾക്ക് നേതൃത്വം നൽകാനും പ്രത്യേക അന്വേഷണസംഘത്തെ നിശ്ചയിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ് സർക്കാർ നടപടികൾ എന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിെൻറ മുൻനിര നേതൃത്വം ഒന്നടങ്കം ക്രിമിനൽ നടപടിചട്ടങ്ങൾ അനുസരിച്ചുള്ള നിയമനടപടികളെ നേരിടേണ്ടിവരുന്നത് അവർക്ക് വലിയ ക്ഷീണമുണ്ടാക്കും. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണ് എന്ന നിലപാട് സ്വീകരിച്ച് പ്രതിരോധിക്കാനാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. വേങ്ങര തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇത് പുറത്തുവിട്ടത് അതിെൻറ ഭാഗമാണെന്നൊക്കെ അവർ ആരോപിക്കുന്നുണ്ട്. തങ്ങളുടെ ൈകയിലുള്ള ഒരു ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് രാഷ്ട്രീയമായി ഉപയോഗിക്കാൻ ഏതു സർക്കാറും ശ്രമിക്കുമെന്നത് യാഥാർഥ്യം മാത്രമാണ്. പക്ഷേ, അങ്ങനെ ശ്രമിക്കുന്നുവെന്ന് പരാതി പറഞ്ഞതുകൊണ്ട് മാത്രം കുരുക്കിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. സർക്കാർ നീക്കം നിയമപരമായി സാധുവാണ്. അതിനാൽതന്നെ അതിനെ നിയമപരമായി നേരിടാനാണ് അവർ ശ്രമിക്കേണ്ടത്. നീതിന്യായ സംവിധാനത്തിന് മുന്നിൽ കുറ്റക്കാരല്ലെന്ന് തെളിയിക്കുക എന്നതാണ് അവർക്കു മുന്നിലുള്ള വഴി.
അതേസമയം, സോളാർ വിവാദങ്ങളെ ആറ്റിക്കുറുക്കിയെടുത്താൽ മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ സത്യമുണ്ട്. ഭരണത്തിെൻറ ജീർണതയിൽ എന്തെല്ലാമോ അരുതായ്മകൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ സമയത്തുണ്ടായിട്ടുണ്ട്. അധികാരത്തോടൊപ്പം എപ്പോഴും ജീർണതയുണ്ടാകുമെന്നത് സാർവത്രിക യാഥാർഥ്യമാണെങ്കിലും സോളാറുമായി ബന്ധപ്പെട്ട കഥകൾ അതിെൻറ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. അതിനാൽതന്നെ ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. ഈ സന്ദർഭത്തെ കോൺഗ്രസ് രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുള്ള അവസരമായി കാണുകയാണ് അതിെൻറ നേതൃത്വം ചെയ്യേണ്ടത്. അല്ലാതെ, വെറുതെ രാഷ്ട്രീയ വാഗ്വാദങ്ങളിൽ ഏർപ്പെടാനാണ് അവർ മുതിരുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.