'ഭീകര'വേട്ടക്കുമുമ്പ് ചില ആലോചനകൾ
text_fields
അൽഖാഇദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) കേരളത്തിൽനിന്നും പശ്ചിമബംഗാളിൽനിന്നുമായി പിടികൂടിയ ഒമ്പതു പേരുടെ ചോദ്യം ചെയ്യൽ ഡൽഹിയിൽ പുരോഗമിക്കുകയാണ്. എൻ.െഎ.എയുടെ ഒൗദ്യോഗിക വിശദീകരണങ്ങൾ പുറത്തുവരും മുമ്പുതന്നെ, പിടികൂടപ്പെട്ടവരെക്കുറിച്ചുള്ള അപവാദങ്ങളും അപസർപ്പക കഥകളും മുഖ്യധാരാ മാധ്യമങ്ങളിലും നവസാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇസ്ലാമിക തീവ്രവാദം, ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം, പാകിസ്താനിൽനിന്നുള്ള ആയുധ ഇറക്കുമതി, കശ്മീരിലെ വിഘടനവാദികളുമായുള്ള ബന്ധം തുടങ്ങി മുൻകാലങ്ങളിലെല്ലാം കേട്ടുതഴമ്പിച്ചതും കഴമ്പില്ലെന്നുകണ്ട് ഇതേ അന്വേഷണ ഏജൻസികൾ പലപ്പോഴും തള്ളിക്കളഞ്ഞതുമായ ആരോപണ പ്രചാരണങ്ങൾ തന്നെയാണ് പുതിയ സാഹചര്യത്തിലും ഉയർന്നുകേൾക്കുന്നത്.
കേന്ദ്രഭരണകൂടത്തിെൻറ ഇംഗിതങ്ങൾക്കും വംശീയ മുൻവിധികൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന അന്വേഷണ സംഘമെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടും എൻ.െഎ.എയുടെ പുതിയ ദൗത്യത്തിൽ സംശയമോ മറുചോദ്യങ്ങളോ പൊതുവിൽ ഉയർന്നുവന്നിട്ടില്ല. അൽഖാഇദ വേട്ടയെക്കുറിച്ചും ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചും മുഖ്യധാര മാധ്യമങ്ങളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും സൃഷ്ടിച്ചെടുത്ത പൊതുബോധത്തിെൻറ ചിറകിലേറിയുള്ള ജനങ്ങളുടെ ആഘോഷങ്ങളിൽ ഇൗ മറുചോദ്യങ്ങൾ പതിവുപോലെ മറഞ്ഞുപോവുകയാണ്.
കേരളത്തിൽതന്നെ എൻ.െഎ.എ അന്വേഷിച്ച മറ്റു പല കേസുകളിലുമെന്നപോലെ ഇപ്പോഴത്തെ അൽഖാഇദ വേട്ടക്കു പിന്നിലും ദുരൂഹതകൾ നിഴലിക്കുന്നുണ്ടെന്ന വാദത്തെ അത്ര എളുപ്പത്തിൽ തള്ളിക്കളയാനാകില്ല. സെപ്റ്റംബർ 11ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നേല്ലാ എറണാകുളം ജില്ലയിലെ മൂന്നിടത്തും പശ്ചിമബംഗാളിലെ മുർശിദാബാദിലും ശനിയാഴ്ച ഏതാണ്ട് ഒരേസമയത്ത് എൻ.െഎ.എ റെയ്ഡ് നടത്തിയത്. ഡൽഹിയടക്കം രാജ്യത്തെ നാലു നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെയാണത്രെ പിടികൂടിയത്. കേരളത്തിൽനിന്ന് പിടിക്കപ്പെട്ടത് പശ്ചിമബംഗാളിൽനിന്നെത്തിയ തൊഴിലാളികളാണ്. അതിലൊരാൾ ഇവിടെ പത്തു വർഷമായി ജോലി ചെയ്തു സകുടുംബം കഴിയുന്നയാളാണ്.
പിടിയിലായവരെക്കുറിച്ച് പരിചയക്കാർക്കോ നാട്ടുകാർക്കോ പ്രത്യേകിച്ച് സംശയെമാന്നുമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ കേരളത്തിലെ സവിശേഷ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ കേട്ടറിഞ്ഞ് ഇവിടെയെത്തിയ മറ്റേത് അതിഥി തൊഴിലാളികളെയും പോലെ െപാറോട്ട മേക്കറായും തുണിക്കടയിൽ പണിയെടുത്തും കെട്ടിട നിർമാണത്തിലേർപ്പെട്ടും ജീവിക്കുകയായിരുന്നു അവരും. ദുരൂഹമായ സാഹചര്യത്തിൽ ലാപ്ടോപ്പും മൊബൈലും ഉപയോഗിക്കുന്നു, എല്ലാ ദിവസങ്ങളിലും േജാലിക്ക് പോകുന്നില്ല തുടങ്ങിയവയൊക്കെയാണ് ഇവർ സംശയിക്കപ്പെടാനുള്ള കാരണമായി പറഞ്ഞത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന ലഘുലേഖകൾ, നാടൻ ബോംബ് നിർമിക്കുന്നതിനുള്ള സാമഗ്രികൾ, തദ്ദേശീയമായി നിർമിച്ച പ്രതിരോധ കവചങ്ങൾ തുടങ്ങിയവയും റെയ്ഡിൽ കണ്ടെത്തിയതായി പറയുന്നുണ്ട്. കൊച്ചി കപ്പൽ നിർമാണശാല, സംസ്ഥാനത്തെ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവ ആക്രമിക്കുന്നതിനും ഇവർ പദ്ധതിയിട്ടുവത്രെ. മറ്റൊരർഥത്തിൽ, ഏതൊരാളുടെ മേലിലും ആരോപിക്കാവുന്ന സംശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൗ അറസ്റ്റും ഭീകരമുദ്ര ചാർത്തലുമെല്ലാം.
ഇൗ ആരോപണങ്ങളത്രയും ശരിയെങ്കിൽ ആ 'ഭീകരർ' സഹതാപമർഹിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നും മികച്ച ഇൻറലിജൻസ് സംവിധാനവുമുള്ള ഒരു രാജ്യത്തോട് ഏറ്റുമുട്ടാൻ നാടൻ ബോംബുകളും തദ്ദേശീയ പ്രതിരോധ കവചങ്ങളുമായി ഒരു കെട്ടിട നിർമാണ െതാഴിലാളിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടവർക്ക് ഇൗ നാട്ടിൽ ചെറിയൊരു അസ്വസ്ഥതപോലും സൃഷ്ടിക്കാനാവില്ലെന്ന് ആർക്കാണ് അറിയാത്തത്? ഇവിടെയാണ് ആരോപണങ്ങൾ ഉന്നയിച്ച എൻ.െഎ.എയെയും അതേറ്റുപിടിക്കുന്ന മാധ്യമങ്ങെളയും അവിശ്വസിക്കേണ്ടിവരുന്നത്.
സമാനരീതിയിൽ ഇസ്ലാമിക തീവ്രവാദമെന്ന പേരിൽ കേരളത്തിൽതന്നെ മുൻകാലങ്ങളിലുണ്ടായ വിവാദങ്ങൾക്ക് പിന്നീട് എന്തുസംഭവിച്ചുവെന്നു പരിശോധിക്കുേമ്പാഴും ഇപ്പോൾ കേൾക്കുന്ന ഒൗദ്യോഗിക വിശദീകരണങ്ങളെ തള്ളിക്കളയേണ്ടിവരും. ലവ് ജിഹാദ്, കശ്മീരിലേക്കുള്ള തീവ്രവാദി റിക്രൂട്ട്മെൻറ്, പാനായിക്കുളം സിമി രഹസ്യ ക്യാമ്പ്, െഎ.എസ് റിക്രൂട്ട്മെൻറ് തുടങ്ങി എത്രയോ കേസുകളുടെ പരിണതി മലയാളികളുടെ മുന്നിലുണ്ട്. അവയത്രയും സംഘ്പരിവാറിനു വേണ്ടിയുള്ള സ്പോൺസേഡ് മാധ്യമ സൃഷ്ടിയായിരുന്നുവെന്ന് നീതിപീഠങ്ങളും അന്വേഷണ ഏജൻസികളും തന്നെ സാക്ഷ്യപ്പെടുത്തിയതാണ്.
കേരളത്തിൽ െഎ.എസ് സാന്നിധ്യമുണ്ടെന്ന യു.എൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തന്നെ തള്ളിയിട്ടുമുണ്ട്. എന്നിട്ടും പക്ഷേ, ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾക്ക് കുറവൊന്നുമില്ല. വസ്തുതയുടെ ഒരംശംപോലുമില്ലാതിരിക്കെ, കേരളം ഇസ്ലാമിക തീവ്രവാദത്തിെൻറ ഹബ്ബായി മാറിയിരിക്കുന്നുവെന്നും ഏതു നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സ്ലീപിങ് സെല്ലുകൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നുമൊക്കെയാണ് ഇൗ 'ഭീകരവിരുദ്ധ സാഹിത്യ'ങ്ങളുടെ പൊരുൾ. അതിന് എരിവും പുളിയും പകരാൻ സംഘ്പരിവാറിെൻറ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളും വരും.
ഇസ്ലാമോഫോബിയ സജീവമാക്കി നിർത്തുന്ന സംഘ്പരിവാറിെൻറ ഇൗ കെണിയിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യപാർട്ടിയും പെട്ടുപോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിെൻറ കൂടി സഹായത്തോടെ നടത്തിയ റെയ്ഡാണ് ഇതെന്ന് ഭരണകക്ഷി ജിഹ്വ ഉൗറ്റം കൊള്ളുന്നതു വെറുതെയാവില്ല. പ്രതിപക്ഷവും മോശമല്ല. സംസ്ഥാനത്ത് ഇത്രയും കാലം 'ഭീകരർ തങ്ങി'യതിന് സർക്കാറിെന കുറ്റപ്പെടുത്തി ചാനൽ മുറികൾ സജീവമാക്കാൻ അവരുമുണ്ട്. ഇൗ വാദകോലാഹലങ്ങൾക്കിടയിൽ മലപോലെ വന്ന അൽഖാഇദ വേട്ടയുടെ ഭാവി എന്താകും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.