ദേവീന്ദർ സിങ് ഈ ഗൃഹത്തിന്‍റെ ഐശ്വര്യം
text_fieldsഇന്ത്യയിലെ ഭീകരാക്രമണക്കേസുകൾ പിന്തുടരുന്ന ആർക്കും മറക്കാൻ കഴിയാത്ത പേരാണ് ദേവീന്ദർ സിങ്. ജമ്മു-കശ്മീർ പൊലീസിൽ ഡി.എസ്.പിയായി ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് അത്യന്തം ദുരൂഹമായ ഒരു ഭീകരവാദക്കേസുമായി ബന്ധപ്പെട്ടാണ്. രണ്ടു ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളോടൊപ്പം കാറിൽ യാത്രചെയ്യവെ 2020 ജനുവരി 11ന് കശ്മീരിലെ കുൽഗാമിൽവെച്ച്, പതിവ് പരിശോധനക്കിടെ അദ്ദേഹം പൊലീസ് പിടിയിലാവുകയായിരുന്നു. ആ തീയതി പ്രത്യേകം ശ്രദ്ധിക്കണം.
കേന്ദ്ര സർക്കാറിെൻറ പൗരത്വനിയമത്തിനെതിരെ ഡൽഹി കേന്ദ്രീകരിച്ച് വിദ്യാർഥിപ്രക്ഷോഭം അലയടിച്ചുയരുന്ന സന്ദർഭമാണ്. സംഘ്പരിവാർ ഭരണകൂടത്തിന് രാജ്യത്തിനകത്തും പുറത്തും ഇത്രമേൽ പ്രഹരമേൽപിച്ച മറ്റൊരു സമരം ഉണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ജനകീയമായ ബഹുജന സമരമായിരുന്നു പൗരത്വപ്രക്ഷോഭം. ആ ജനകീയ ഉയിർപ്പിനെ തകർക്കാനുള്ള സർവ അടവുകളും മോദി-അമിത് ഷാ ടീം നീക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അതിനിടക്കാണ് റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് 'ഇൻറലിജൻസ് ഏജൻസി'കളെ ഉദ്ധരിച്ചുകൊണ്ട് 'ദേശീയ മാധ്യമ'ങ്ങളിൽ വാർത്തകൾ വരുന്നത്. ശ്രദ്ധിച്ച് വായിക്കണം; പൗരത്വസമരം ഡൽഹിയിൽ കത്തിയാളുമ്പോൾ, ഇൻറലിജൻസിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഭീകരാക്രമണ വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. ആ വാർത്തകളുടെ ചൂടാറുംമുമ്പാണ് ദേവീന്ദർ സിങ് ഭീകരവാദികളോടൊപ്പം പിടിയിലാവുന്നത്. ഭീകരവാദികളെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു ദേവീന്ദറിെൻറ ലക്ഷ്യമെന്ന് ജമ്മു-കശ്മീർ പൊലീസ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇതേക്കാൾ കൗതുകമുണർത്തുന്നതാണ്. കാർഗിലിൽ രക്തസാക്ഷികളായ ജവാന്മാരുടെ മൃതശരീരങ്ങൾ കൊണ്ടുവരാനായി ശവപ്പെട്ടി വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണം പാർലമെൻറിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, 2001 ഡിസംബർ 13ന് പ്രമാദമായ പാർലമെൻറ് ആക്രമണം ഉണ്ടാവുന്നത്. ഈ കേസിൽ കുറ്റമാരോപിക്കപ്പെട്ട് വധശിക്ഷക്കു വിധേയനായ ആളാണ് കശ്മീരിയായ അഫ്സൽ ഗുരു. പാർലമെൻറ് ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിൽ എത്തിച്ചുവെന്നതാണ് അഫ്സൽ ഗുരുവിനെതിരായ ചാർജ്. ഈ കുറ്റം അഫ്സൽ ഗുരു നിഷേധിച്ചിട്ടുണ്ടായിരുന്നില്ല.
എന്നാൽ, ഇവരെ താൻ ഡൽഹിയിൽ എത്തിച്ചത് ദേവീന്ദർ സിങ് പറഞ്ഞിട്ടാണ് എന്നതായിരുന്നു അഫ്സൽ ഗുരു അഭിഭാഷകന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. പാർലമെൻറ് ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിൽ എത്തിക്കാൻ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചുമതലപ്പെടുത്തിയെന്ന അഫ്സൽ ഗുരുവിെൻറ വാദം യഥാർഥത്തിൽ ഞെട്ടിക്കുന്നതാണ്. എന്നാൽ, അതിനെ ഗൗരവത്തിലെടുക്കാൻ നമ്മുടെ രാഷ്ട്രീയനേതൃത്വമോ നിയമസംവിധാനമോ സന്നദ്ധമായില്ല. അഫ്സൽ ഗുരു തൂക്കിലേറ്റപ്പെടുകയും ചെയ്തു. അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ട് വർഷങ്ങൾ കഴിഞ്ഞ് അതേ ദേവീന്ദർ സിങ് വീണ്ടും തീവ്രവാദികളെ ഡൽഹിയിലെത്തിക്കാനുള്ള പദ്ധതിക്കിടെ പൊലീസ് പിടിയിലാവുന്നു. ഇതൊന്നും അപസർപ്പക കഥകളല്ല; നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ഇപ്പോൾ സംഭവിച്ചിരിക്കുന്നതാണ് ഏറ്റവും ഗംഭീരം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിക്കപ്പെടാത്തതിനാൽ മഹാനായ ആ പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം ലഭിച്ചിരിക്കുകയാണ്. എത്ര സഹാനുഭൂതിയോടെയാണ് നമ്മുടെ അന്വേഷണ സംവിധാനങ്ങൾ ആ മനുഷ്യെൻറ കാര്യത്തിൽ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതിൽപരം മറ്റെന്ത് തെളിവ് വേണം! പൗരത്വസമരത്തിൽ പങ്കെടുത്തവരെയും അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തവരെയുംവരെ ഭീകരനിയമങ്ങൾ ചാർത്തി ജയിലിലിട്ട് പീഡിപ്പിക്കുന്ന അതേ ഭരണകൂടംതന്നെയാണ്, ദേവീന്ദർ സിങ്ങിന് കുറ്റപത്രം നൽകുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്.
സമയത്തിന് കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ലെങ്കിൽ ജാമ്യം എന്നത് നിയമമാണ്. കോടതിക്ക് അങ്ങനെയേ ചെയ്യാൻ പറ്റൂ. എന്നാൽ, ഗർഭിണിയായ സഫൂറ സർഗാറിനെ ജയിലിൽ നിലനിർത്താൻ പണിപ്പെടുന്ന അതേ പൊലീസ് ദേവീന്ദർ സിങ്ങിന് കുറ്റപത്രം നൽകുന്നതിൽ 'പരാജയപ്പെടു'ന്നത് എന്തുകൊണ്ടാണ്? തീവ്രവാദികൾക്ക് കഞ്ഞിവെച്ച ആ ഉദ്യോഗസ്ഥനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ പണിയെടുക്കുന്നവർ ആരാണ്? തീവ്രവാദത്തെക്കുറിച്ചും തീവ്രവാദവിരുദ്ധ പോരാട്ടത്തെക്കുറിച്ചുമുള്ള അപ്രിയ സത്യങ്ങൾ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാനുള്ള ദൃഷ്ടാന്തമാണ് ദേവീന്ദർ സിങ്ങിെൻറ ജീവിതവും അറസ്റ്റും ജാമ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.