ചാരപ്പണി വ്യവസായത്തിന് അരങ്ങുണരുേമ്പാൾ
text_fields
ആറുമാസം മാത്രം പ്രായമുള്ള രണ്ടാം മോദിസർക്കാർ പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷത്തിെൻറ പിൻബലത്തിൽ ചുട്ടെടുത്ത നിയമങ്ങളധികവും ‘രാഷ്ട്രസുരക്ഷ’യുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് യാദൃച്ഛികമല്ല. സത്യാനന്തര കാലത്ത് ഏറ്റവും കൂടുതൽ വിറ്റുവരവുള്ളതും തൊട്ടാൽ പൊള്ളുന്നതുമായ രാഷ്ട്രീയ പദമാണ് ‘രാഷ്ട്രസുരക്ഷ’. അതിനാൽ, രാഷ്ട്രസുരക്ഷ ലക്ഷ്യമാക്കി സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്കെതിരെ വിമർശനമുന്നയിക്കുന്നതുപോലും വലിയ കുറ്റകൃത്യമായിത്തീരും. യു.എ.പി.എ ഭേദഗതി, കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങി ഏറ്റവുമൊടുവിൽ നിയമമായിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ വരെയുള്ള സർക്കാർ നടപടികളുടെയെല്ലാം പ്രധാന ലക്ഷ്യവും ‘രാഷ്ട്രസുരക്ഷ’ തന്നെയായിരുന്നു. ഈ നിയമങ്ങളുടെയെല്ലാം ജനവിരുദ്ധത പലകുറി തുറന്നുകാണിക്കപ്പെട്ടിട്ടും തീരുമാനവുമായി സർക്കാറിന് മുന്നോട്ടുപോകാനുള്ള ധൈര്യം നൽകിയത് തീവ്രദേശീയതയുടെ വിഷവിത്തുകൾ ഒളിപ്പിച്ച ഈ പദപ്രയോഗത്തിലൂടെയാണ്. ഇതേ ന്യായവുമായാണ് ഡേറ്റ സംരക്ഷണ ബില്ലും (പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ 2019) പാർലമെൻറിലെത്തിയത്. സൈബറിടങ്ങളിലും മറ്റുമുള്ള വ്യക്തിഗതവും അല്ലാത്തതുമായ ഡേറ്റ സർക്കാർ ഏജൻസികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ അനുവാദം നൽകുന്ന ബിൽ ഇതിനകംതന്നെ വിവാദമായതാണ്. ലോക്സഭയിലെത്തിയ ബിൽ പേക്ഷ, പ്രതിപക്ഷത്തിെൻറ ശക്തമായ ഇടപെടലിനെ തുടർന്ന് സഭയുടെ സംയുക്ത കമ്മിറ്റിക്ക് വിടാൻ നിർബന്ധിതരായിരിക്കുന്നു സർക്കാർ.
ബി.ജെ.പി വക്താവ് കൂടിയായ മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ബിൽ പുനഃപരിശോധിക്കേണ്ടത്. ലോക്സഭയിൽ ഇപ്പോഴത്തെ ബില്ലിനെ ന്യായീകരിച്ച അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സമിതി കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ അടുത്ത ബജറ്റ് സമ്മേളനത്തിനു മുേമ്പ ബിൽ പാസാക്കിയെടുക്കുമെന്നത് തീർച്ചയാണ്. സമിതി അംഗമായ ശശി തരൂരിനെപ്പോലുള്ളവർ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. രണ്ടുവർഷം മുമ്പ്, സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ പാനലാണ് ഡേറ്റ പ്രൊട്ടക്ഷൻ ബിൽ തയാറാക്കാൻ നിയോഗിക്കപ്പെട്ടത്. കഴിഞ്ഞവർഷം ബില്ലിെൻറ ആദ്യ ഡ്രാഫ്റ്റ് സമർപ്പിച്ചു. എന്നാൽ, അത് പൊതുജനാഭിപ്രായ ശേഖരണത്തിനായി പുറത്തുവിട്ടില്ല. അതിൽ ഗുരുതരമായ മാറ്റിത്തിരുത്തലുകളോടെയുള്ള പുതിയ ബില്ലാണ് ഇപ്പോൾ സഭാംഗങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. വിഷയം ലോക്സഭയിൽ ചർച്ചയായപ്പോൾ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത്, മോദിസർക്കാറിനു കീഴിൽ ‘ചാരപ്പണി വ്യവസായം’ തഴച്ചുവളരുന്നുവെന്നാണ്. ഒരുവശത്ത്, സൈബറിടങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തുകയും മറുവശത്ത് സ്വകാര്യ കമ്പനികൾക്ക് വിവിധോദ്ദേശ്യ പദ്ധതികൾക്കായി വ്യക്തികളുടെ ഡേറ്റ നൽകുകയും ചെയ്യുന്ന വൈരുധ്യത്തെയാകാം അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്.
ഒരു വ്യക്തിയെ തിരിച്ചറിയാൻ സാധിക്കുന്ന ഏതു ചെറിയ വിവരവും എന്നാണ് ബില്ലിൽ ‘പേഴ്സനൽ ഡേറ്റ’യെ നിർവചിച്ചിരിക്കുന്നത്. പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, രക്തഗ്രൂപ് തുടങ്ങി മെഡിക്കൽ ഇൻഷുറൻസ് വരെയുള്ള സകല വിവരങ്ങളും ഇതിലുൾപ്പെടും. ഇത്തരം ഡേറ്റ ഭരണകൂടം, സ്വകാര്യ കമ്പനികൾ, വ്യക്തികൾ എന്നിവർ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വ്യവസ്ഥകളാണ് ഈ ഡേറ്റ സംരക്ഷണ ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും പുതിയ കാലത്ത് ഇത്തരം ഡേറ്റ ഏറെ വിലപിടിപ്പുള്ളതാണ്. അതുകൊണ്ടുതന്നെ, സ്വകാര്യ കമ്പനികൾ അത് വ്യാപകമായി പല കേന്ദ്രങ്ങളിൽനിന്നും ചോർത്താറുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ ആരോഗ്യവിവരങ്ങൾ ചോർന്നുകിട്ടുക മെഡിക്കൽ ഇൻഷുറൻസ് സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. അത്തരം കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാൻ സാധ്യതയേറെയാണ്. സൈബർ യുഗത്തിെൻറ തലവേദനകളിലൊന്നായ ഈ ഡേറ്റ ചോരണത്തിൽനിന്ന് പൗരനെ സംരക്ഷിക്കുക, അതുവഴി ദേശസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഡേറ്റ സംരക്ഷണ ബില്ലിെൻറ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്. ഒറ്റനോട്ടത്തിൽ മികച്ചതെന്ന് തോന്നാം. എന്നാൽ, ഈ ലക്ഷ്യപ്രാപ്തിക്കായുള്ള മാർഗങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുേമ്പാൾ അതിെൻറ അപകടങ്ങൾ വ്യക്തമാകും.
ഫേസ്ബുക്ക്, ഗൂഗ്ൾ പോലുള്ള കമ്പനികൾ ശേഖരിച്ചിട്ടുള്ള നമ്മുടെ വിവരങ്ങൾ ചോദിച്ചുവാങ്ങാൻ സർക്കാറിന് അധികാരം നൽകുന്നുണ്ട് ഈ ബിൽ; ഇത്തരം കമ്പനികൾ ശേഖരിച്ച വിവരങ്ങൾ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത്രയും കാര്യങ്ങൾ നല്ലതുതന്നെ. എന്നാൽ, ഈ വിവരങ്ങൾ മറ്റു കമ്പനികൾക്ക് കൈമാറുന്നതിന് കുഴപ്പമില്ല! മാത്രവുമല്ല, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എത്രവേണമെങ്കിലും സർക്കാർ ഏജൻസിക്ക് ആവശ്യപ്പെടുകയുമാകാം. അഥവാ, വ്യക്തിവിവര ശേഖരണ നിയന്ത്രണത്തിൽനിന്ന് അന്വേഷണ ഏജൻസികൾ അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ ഒഴിവാക്കിയിരിക്കുന്നു. ഏറെ അപകടകരമാണ് ബില്ലിലെ ഈ വകുപ്പുകൾ. കാരണം, അത് സ്വകാര്യതയെ ഹനിക്കുന്നു. ഇവിടെ ‘രാജ്യരക്ഷ’യുടെ വിഷയം ഉന്നയിക്കാം. ഇവിടെയാണ് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നിർദേശം പ്രസക്തമാകുന്നത്. പൗരെൻറ സ്വകാര്യതയും രാജ്യസുരക്ഷയും ഒരുപോലെ മാനിക്കപ്പെടണമെങ്കിൽ, ഡേറ്റ ശേഖരണം നടത്തുന്ന സർക്കാർ ഏജൻസിക്ക് ജുഡീഷ്യറിയുടെ നിയന്ത്രണമുണ്ടായിരിക്കണം. ബില്ലിൽ നിർദേശിച്ച നിയമലംഘകർക്കുള്ള കടുത്ത ശിക്ഷ ഈ ഉദ്യോഗസ്ഥർക്കും ബാധകമാക്കുകയും വേണം. യൂറോപ്യൻ യുനിയൻ 2012ൽ കൊണ്ടുവന്ന ഡേറ്റ പ്രൊട്ടക്ഷൻ ബിൽ ഈ മാതൃകയിലുള്ളതാണ്. സൈബറിടങ്ങളിൽ വലിയതോതിൽ സാന്നിധ്യമറിയിക്കുന്ന നമ്മുടെ രാജ്യത്തിനും അഭികാമ്യം അതാണ്. നിർഭാഗ്യവശാൽ, ഇക്കാര്യത്തിൽ ഭരണകൂടത്തിെൻറ മാതൃക കമ്യൂണിസ്റ്റ് ചൈനയുടെ ഡ്രാക്കോണിയൻ സൈബർ നിയമങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.