സിരിസേനയുടെ ലങ്കാദഹനം
text_fieldsശ്രീലങ്കയെ ‘ഇന്ത്യയുടെ കണ്ണീർ’ എന്നുവിശേഷിപ്പിക്കാറുള്ളത് ഭൂമി ശാസ്ത്രപരമായ കാരണങ്ങൾെകാണ്ടു മാത്രമാണ്. എന്നാൽ, ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ ലോകരാജ്യങ്ങളെ പലപ്പോഴും അക്ഷരാർഥത്തിൽതന്നെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട് ഇൗ കൊച്ചു ദ്വീപ്. ഏകാധിപത്യത്തിെൻറയും വംശഹത്യയുടെയും നീറുന്ന അനുഭവങ്ങൾ ദശാബ്ദങ്ങളോളം അഭിമുഖീകരിച്ചതിെൻറ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഏതാനും വർഷങ്ങളായി അതിൽനിന്നെല്ലാം പതിയെ കരകയറി, നവരാഷ്ട്ര നിർമാണത്തിെൻറ പാതയിൽ മുന്നേറിക്കൊണ്ടിരിക്കെയാണ് പ്രസിഡൻറ് മൈത്രിപാല സിരിസേനയെ ആ കെട്ട കാലത്തിെൻറ ദുർഭൂതങ്ങൾ പിടികൂടിയത്. അതോടെ, എല്ലാം തകർന്നു. പ്രധാനമന്ത്രി റിനിൽ വിക്രമസിംഗെയെ മാറ്റി മുൻപ്രസിഡൻറ് മഹിന്ദ രാജപക്സയെ തൽസ്ഥാനത്ത് അവരോധിച്ച് രാജ്യത്തെ ഫാഷിസത്തിെൻറ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നു അദ്ദേഹം. പുതിയ പ്രധാനമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായപ്പോൾ, പാർലമെൻറുതന്നെ പിരിച്ചുവിട്ട് ജനുവരി ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് സിരിസേന. തികച്ചും ഏകപക്ഷീയമായ ഇൗ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും വിക്രമസിംഗെയുടെ രാഷ്ട്രീയസഖ്യം നേരിടാനൊരുങ്ങുേമ്പാൾ, ഒരിടവേളക്കുശേഷം തിരിച്ചുകിട്ടിയ അധികാരം നിലനിർത്താൻ പുതിയ പാർട്ടി ബാനറിൽ ഗോദയിലിറങ്ങിയിരിക്കുകയാണ് രാജപക്സ. വിഷയത്തിൽ ജുഡീഷ്യറി കൂടി ഇടപെട്ടതോടെ, ശ്രീലങ്ക ഒരിക്കൽകൂടി രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് പൂർണമായും വഴിമാറിയിരിക്കുന്നു.
നാലു വർഷം മുമ്പ്, ശ്രീലങ്കൻ ഫ്രീഡം പാർട്ടിയിൽനിന്ന് (എസ്.എൽ.എഫ്.പി) കൂടുമാറി പ്രതിപക്ഷത്തിെൻറ പിന്തുണയോടെ ‘പൊതുസമ്മതനായി’ രാജപക്സക്കെതിരെ മത്സരിച്ച് ജയിച്ചാണ് സിരിസേന രാജ്യത്തിെൻറ പ്രസിഡൻറ് പദത്തിലെത്തിയത്. മുമ്പ്, രാജപക്സക്കു കീഴിൽ മന്ത്രിപദമലങ്കരിച്ചിട്ടുള്ള വിശ്വസ്തനായിരുന്നു സിരിസേന. ആ സൗഹൃദം ഉപേക്ഷിച്ച് മത്സരത്തിനിറങ്ങിയ സിരിസേനയുടെ തെരെഞ്ഞടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ‘സമാധാനവും രാഷ്ട്രീയ സന്തുലിതത്വവും നിറഞ്ഞ ക്ഷേമരാഷ്ട്ര’മായിരുന്നു. ഭരണത്തിെൻറ ആദ്യനാളുകളിൽ ആ പ്രഖ്യാപനത്തോട് അദ്ദേഹം പ്രതിബദ്ധത പുലർത്തുകയും ചെയ്തതാണ്. 2015ൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി വിക്രമസിംഗെയുടെയും അദ്ദേഹത്തിെൻറ പാർട്ടിയുടെയും പിന്തുണയോടെ തീർത്തും സുതാര്യമായ ഭരണം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. അതിെൻറ ഭാഗമായാണ് കാലഹരണപ്പെട്ടതും തികച്ചും മനുഷ്യത്വവിരുദ്ധവുമായ പല നിയമങ്ങളും ഭേദഗതി ചെയ്തത്. ഭരണഘടനയുടെ 19ാം ഭേദഗതി അത്തരത്തിലൊന്നായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറിനെ നാലര വർഷം കഴിയാതെയോ സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയില്ലാതെയോ പിരിച്ചുവിടാനാകില്ല എന്നതാണ് ഇൗ ഭേദഗതിയുടെ മർമം. ഏതെങ്കിലും ഏകാധിപതിയുടെ ചട്ടുകമായി പാർലമെൻറിനെ മാറ്റാതിരിക്കാനുള്ള ജാഗ്രതയായിട്ടാണ് ഇൗ ഭേദഗതിയെ ലോകരാജ്യങ്ങൾ നോക്കിക്കണ്ടതും അതിനെ സ്വീകരിച്ചതും. എന്നാൽ, ആ ജാഗ്രത ആദ്യം നഷ്ടമായത് സിരിസേനക്കു തന്നെയാണെന്നു പറയേണ്ടിവരും. 2015 ആഗസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറിനെ ഇൗ നിയമമനുസരിച്ച് പിരിച്ചുവിടാനാകില്ല. ഇൗ നീക്കത്തിന് സഭയിലെ പകുതി പേരുടെ പോലും പിന്തുണയുമില്ല. ഇൗ നടപടിയെ ഫാഷിസമെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?
സമാധാനത്തിെൻറ വക്താവായി ലങ്കൻ ജനത അധികാരത്തിൽ അവരോധിച്ച സിരിസേനയുടെ ഇൗ മാറ്റത്തിനു പിന്നിൽ എന്തായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. സഭയിൽ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടാതിരിക്കാനാണ് ഇങ്ങനെയൊരു നടപടിയെന്ന അദ്ദേഹത്തിെൻറ വിശദീകരണത്തിന് സത്യത്തിൽ ബലം പോരാ. അതേസമയം, ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ എസ്.എൽ.എഫ്.പിക്കുണ്ടായ വമ്പിച്ച മുന്നേറ്റമാണ് സിരിസേനയെ രാജപക്സയുമായി അടുപ്പിച്ചതെന്ന ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തെ എളുപ്പത്തിൽ തള്ളിക്കളയാനുമാകില്ല. രാജപക്സയുടെ കാലത്തെ അതിക്രമങ്ങളും അഴിമതികളുമെല്ലാം സർക്കാർ കാര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഇൗ അട്ടിമറി. മറ്റൊരർഥത്തിൽ, അധികാരത്തിൽ എങ്ങനെയെങ്കിലും കടിച്ചുതൂങ്ങുക എന്ന അജണ്ട മാത്രമാണ് അദ്ദേഹത്തെ ഇൗ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കേണ്ടിവരും. രാജപക്സയാകെട്ട, 1951ൽ തെൻറ പിതാവ് ഡി.എ രാജപക്സയടക്കമുള്ളവർ രൂപംനൽകിയ എസ്.എൽ.എഫ്.പി വിട്ട് തെൻറ ആരാധകവൃന്ദങ്ങൾ രണ്ടു വർഷം മുമ്പ് രൂപം നൽകിയ ശ്രീലങ്ക പീപ്പ്ൾ ഫ്രണ്ട് (എസ്.എൽ.പി.പി) എന്ന പാർട്ടിയിൽ ചേർന്ന് പുതിയൊരു രാഷ്ട്രീയ കളിക്ക് ഒരുങ്ങിയിരിക്കുകയാണ്. ജനുവരിയിലെ തെരഞ്ഞെടുപ്പിൽ ശ്രീലങ്ക തൂത്തുവാരുമെന്നാണ് രാജപക്സ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ലോകരാജ്യങ്ങളുടെ അതൃപ്തിക്കിടയിലും അതിനുള്ള ഒരുക്കങ്ങൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. തികഞ്ഞൊരു ഏകാധിപതിയെന്ന് ലോകം വിലയിരുത്തിയ വ്യക്തിയാണ് രാജപക്സ.
അദ്ദേഹത്തെപ്പോലൊരാളെ അധികാരത്തിെൻറ വഴിയിലേക്കുതന്നെ തിരിച്ചുനടത്തി എന്ന ചരിത്രപരമായ മണ്ടത്തമാണ് ഇൗ അട്ടിമറിയിലൂടെ സിരിസേന ചെയ്തിരിക്കുന്നത്. കൊളംബോയിൽനിന്ന് വരുന്ന ചില വാർത്തകൾ ആ രാജ്യത്തിെൻറ ഭാവിയെെന്തന്നതിെൻറ കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. പാർലെമൻറ് പിരിച്ചുവിട്ടതിെൻറ തൊട്ടടുത്ത ദിവസങ്ങളിൽ തലസ്ഥാന നഗരിയിൽ നടന്ന പ്രതിഷേധപ്രകടനങ്ങൾ ശ്രദ്ധിക്കുക. രാജ്യം രാജപക്സയുടെ കരങ്ങളിലെത്തുന്നതോടെ ആ കറുത്ത നാളുകൾ തിരിച്ചുവരുെമന്ന ആശങ്കയാണ് ഒാരോ പ്രതിഷേധ റാലിയും ലോകത്തോട് പങ്കുവെക്കുന്നത്. രാജപക്സയുടെ കാലത്ത് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ സംബന്ധിച്ച കേസുകൾ പൂർണമായും കുഴിച്ചുമൂടപ്പെടുമെന്ന് അവർ ന്യായമായും വിശ്വസിക്കുന്നു. രാജപക്സയുടെ സഹോദരനടക്കം അടുത്ത പല ബന്ധുക്കളും വിവിധ കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. അതൊന്നും ഇനി പുറംലോകം കാണാൻ ഒരു സാധ്യതയുമില്ല. ഇൗ രാഷ്ട്രീയ സങ്കീർണതയെ എളുപ്പത്തിൽ മറികടക്കുക ലങ്കൻ ജനതയെ സംബന്ധിച്ച് ബാലികേറാ മല തന്നെയാണ്. പാർലമെൻറ് പിരിച്ചുവിട്ട നടപടി റദ്ദാക്കി ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് വല്ല അത്ഭുത വിധിയും സംഭവിച്ചാൽ തന്നെയും അത് താൽക്കാലികാശ്വാസം മാത്രമേ ആകൂ. കാരണം, വംശീയതയിലധിഷ്ഠിതമായ ഭരണകൂട ഭീകരതയുടെ ഒരു ‘നിഴൽരാഷ്ട്രീയം’ ആ രാജ്യത്തെ ഇപ്പോഴും പിന്തുടരുന്നുണ്ട്. അതിനാൽ ശാശ്വതമായൊരു ജനാധിപത്യ ക്രമം അവർക്കിപ്പോഴും മരീചിക തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.