ശ്രീശ്രീയുടെ രക്തപ്പുഴ ഭീഷണി
text_fieldsഭൂമി ബാബരി മസ്ജിദിേൻറതാണെന്ന് വിധിച്ച് സുപ്രീംകോടതി അത് മുസ്ലിംകൾക്ക് വിട്ടുകൊടുത്താൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നു ശ്രീശ്രീ രവിശങ്കർ. ഇന്നലെവരെ അയോധ്യ പ്രശ്നത്തിൽ മാധ്യസ്ഥ ചർച്ചകളുമായി നടന്നയാളാണ് ജീവനകലാചാര്യൻ. അദ്ദേഹം മധ്യസ്ഥശ്രമവുമായി ഇറങ്ങിയപ്പോൾതന്നെ അത് വ്രണിത ഹൃദയങ്ങളെ ഇണക്കിച്ചേർക്കാനും രാജ്യത്ത് മതമൈത്രി പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള ആത്മാർഥ നീക്കമാണെന്ന തെറ്റിദ്ധാരണ ഒരുമാതിരിയാളുകൾക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴു പതിറ്റാണ്ടു നീണ്ട അനിശ്ചിതത്വത്തിനും കലാപ കലുഷിതമായ അന്തരീക്ഷത്തിനുമൊടുവിൽ പരമോന്നത കോടതി, കർസേവകർ 1992 ഡിസംബർ ആറിന് തകർത്തുകളഞ്ഞ ബാബരി മസ്ജിദിെൻറ ഭുമി നിയമപരമായി ആർക്കാണവകാശപ്പെട്ടത് എന്ന തർക്കത്തിൽ തീർപ്പുകൽപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീശ്രീ രവിശങ്കർ മധ്യസ്ഥെൻറ റോളിൽ പ്രത്യക്ഷപ്പെട്ടതുതന്നെ. രാമജന്മഭൂമി^ബാബരി മസ്ജിദ് തർക്കത്തെ കേവലം ഭൂമികേസായേ കോടതി പരിഗണിക്കുന്നുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഫെബ്രുവരി എട്ടിന് അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. വിശ്വാസപരമോ ഇതിഹാസപരമോ മറ്റോ ആയ വിഷയങ്ങളൊന്നും കോടതിയുടെ പരിഗണനയിലില്ലെന്നർഥം.
2010 സെപ്റ്റംബറിൽ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് തർക്കഭൂമി മൂന്നു കക്ഷികൾക്കായി പകുത്ത് നൽകിയ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇൗ സന്ദർഭത്തിൽ കക്ഷികളുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകളല്ലാതെ മറ്റൊന്നും പരിശോധിക്കാനാവില്ലെന്നും ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ അനുവദിക്കില്ലെന്നും കോടതി ഒാർമിപ്പിച്ചതുമാണ്. എങ്കിൽപിന്നെ കോടതിവിധി കാത്തിരിക്കുകയല്ലാതെ ആർക്കും ഒന്നും ചെയ്യാനില്ല. എഴുപതു കൊല്ലം കാത്തിരുന്നവർക്ക് ഇനി ഏതാനും ആഴ്ചകളോ മാസങ്ങളോ ക്ഷമിക്കാനാവില്ലെന്ന വാദഗതി തീർത്തും അസ്വീകാര്യമാണ്. നിയമവാഴ്ചയാണ് രാജ്യത്ത് നിലനിൽക്കുന്നതും നിൽക്കേണ്ടതുമെങ്കിൽ മറ്റൊരു പ്രതിവിധിയും പ്രശ്നത്തിലില്ല. ഇന്ത്യൻ മുസ്ലിംകളുടെ പൊതുപ്രാതിനിധ്യമുള്ള അഖിലേന്ത്യ പേഴ്സനൽ ലോ ബോർഡ് ഏറ്റവുമൊടുവിലും അംഗീകരിച്ച നിലപാട്, കോടതിവിധി എന്തായാലും അതംഗീകരിക്കും എന്നുള്ളതാണ്. തർക്കത്തിൽ കക്ഷികളായ ഹൈന്ദവ സംഘടനകളും അതംഗീകരിച്ചതുകൊണ്ടായിരിക്കണമല്ലോ അലഹബാദ് ഹൈകോടതിയുടെ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചത്. അെല്ലങ്കിലും കോടതിവിധിപ്രകാരം തർക്കഭൂമി ബാബരി മസ്ജിദിേൻറതല്ലെങ്കിൽ മുസ്ലിം സംഘടനകളോ സുന്നി സെൻട്രൽ വഖഫ് ബോർഡോ അത് മാനിക്കാതിരിക്കുന്ന പ്രശ്നമില്ലെന്നിരിക്കെ ഒരു മാധ്യസ്ഥ്യവും കൂടാതെതന്നെ രാമജന്മഭൂമി പ്രസ്ഥാനക്കാർക്ക് അവിടെ ക്ഷേത്രം പണിയാം. അതിനെതിരെ ഒരു കരിെങ്കാടിപോലും ഉയർത്താവുന്ന പരുവത്തിലല്ല ഇന്ത്യൻ മുസ്ലിംകൾ പൊതുവെയും, യു.പി മുസ്ലിംകൾ വിശേഷിച്ചും.
എന്നിരിക്കെ ശ്രീശ്രീ രവിശങ്കർ കോടതിവിധി രക്തപ്പുഴ ഒഴുകാൻ കാരണമാവുമെന്ന് മുന്നറിയിപ്പ്് നൽകിയതെന്തിന്? ഒന്നുകിൽ അത് പരമോന്നത കോടതിയെ സമ്മർദത്തിലാക്കാനുള്ള കുത്സിത തന്ത്രം. അല്ലെങ്കിൽ വിധി തങ്ങൾക്കെതിരായാൽ അത് മാനിക്കാതെ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കാൻ ഹിന്ദുത്വ ശക്തികൾക്ക് നൽകുന്ന ആഹ്വാനം. രണ്ടായാലും ജനാധിപത്യത്തിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരാൾക്കും മുഖവിലക്കെടുക്കാൻ കഴിയുന്നതല്ല രവിശങ്കറുടെ ഭീഷണി. നേരത്തേ മധ്യസ്ഥത്തിനിറങ്ങിയപ്പോൾതന്നെ സമാധാനപരമായ പരിഹാരത്തിനുള്ള നേരായ വഴിയിലൂടെയായിരുന്നില്ല അദ്ദേഹത്തിെൻറ നീക്കങ്ങൾ. ‘അയോധ്യ സദ്ഭാവന സമന്വയ് മഹാ സമിതി’ എന്ന പേരിൽ അമർനാഥ് മിശ്ര തട്ടിക്കൂട്ടിയുണ്ടാക്കിയ അനുരഞ്ജന സമിതിയുടെ പിന്നിലാരാണെന്നത് രഹസ്യമല്ല. ഇൗ മിശ്രയാവെട്ട മുസ്ലിം പേഴ്സനൽ േലാ ബോർഡിനെ പിളർത്തി ഒരു വിഭാഗം പണ്ഡിതന്മാരെ, മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാനും പള്ളി മറ്റൊരു സ്ഥലത്ത് നിർമിക്കാനുമുള്ള നിർദേശം സമ്മതിപ്പിക്കാനാണ് ഗൂഢശ്രമങ്ങൾ നടത്തിയത്.
ലഖ്നോവിലെ പ്രസിദ്ധമായ നദ്വത്തുൽ ഉലമയിലെ മുതിർന്ന ഭാരവാഹിയും പ്രശസ്ത പണ്ഡിതനായിരുന്ന മൗലാന അലിമിയാെൻറ സഹോദരപുത്രനുമായ സൽമാൻ നദ്വിയെ വ്യക്തിനിയമ ബോർഡിൽനിന്ന് അടർത്തിയെടുക്കുന്നതിൽ താൽക്കാലികമായി അമർനാഥ് മിശ്ര വിജയിക്കുകയും ചെയ്തു. എന്നാൽ, കോടതിക്കുപുറത്ത് മധ്യസ്ഥമോ പരിഹാരമോ പേഴ്സനൽ ലോ ബോർഡിന് സ്വീകാര്യമല്ലെന്ന് തീർത്തുപറഞ്ഞു സൽമാൻ നദ്വിയെ പുറംതള്ളുകയാണ് അതിെൻറ ചെയർമാനും സൽമാൻ നദ്വിയുടെ അടുത്ത ബന്ധുവുമായ മൗലാന റാബീ ഹസനി നദ്വി ചെയ്തത്. തെൻറ ചാഞ്ചല്യം തിരുത്താൻ തയാറായ സൽമാൻ നദ്വി ഇപ്പോൾ പേഴ്സനൽ ലോ ബോർഡിെൻറ തീരുമാനത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു എന്നതാണ് ഒടുവിലത്തെ സംഭവവികാസം. അതോടെ നിരാശരായ ശ്രീശ്രീ പ്രഭൃതികൾ ഇറക്കിയ ഒാലപ്പാമ്പായേ രക്തപ്പുഴ ഭീഷണിയെ കാണാനാവു. സുപ്രീംകോടതി വിധി എന്തായാലും ബന്ധപ്പെട്ട കക്ഷികളെല്ലാം അത് സർവാത്മനാ അംഗീകരിക്കണം. അതിൽ പ്രതിഷേധിച്ച് ചോരപ്പുഴ ഒഴുക്കാൻ മിനക്കെട്ടാലാണ് ശ്രീശ്രീ മുന്നറിയിപ്പ് നൽകുന്നപോലെ ഇന്ത്യ സിറിയയെപ്പോലെ ആഭ്യന്തര യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുക. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് അത്തരമൊരു ദുർഗതി വരുമെന്ന ചിന്തപോലും ദുരുപദിഷ്ടമാണ്. ഇൗ രാജ്യത്തെ സമാധാനപ്രിയരും ജനാധിപത്യ വിശ്വാസികളുമായ മഹാഭൂരിപക്ഷം അതനുവദിക്കാൻ പോവുന്നില്ലെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.