ഹൃദയഭേദകമായ പട്ടിണിക്കാഴ്ച
text_fieldsസംസ്ഥാന തലസ്ഥാന നഗരിയിൽ ഭരണ സിരാേകന്ദ്രത്തിെൻറ മൂക്കിനുനേരെ റെയിൽേവ 18 സെൻറ് പുറേമ്പാക്ക് ഭൂമിയിൽ കഴിയുന്ന പതിമൂന്ന് കുടുംബങ്ങളിലൊന്നിൽ ഒറ്റമുറി പാർപ്പിടത്തിൽ മൂന്നു മാസം മുതൽ ഏഴു വയസ്സുവരെയുള്ള ആറു കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന ഒരു വീട്ടമ്മയുടെ കദനകഥയുമായാണ് കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ പുറത്തിറങ്ങിയത്. എരിയുന്ന കുഞ്ഞുവയറുകളെ ശമിപ്പിക്കാൻ കഞ്ഞിവെള്ളംപോലും പകർന്നുനൽകാനില്ലാതെ വെറും മണ്ണുതീറ്റിക്കാൻ നിർബന്ധിതയായ ആ ഹതഭാഗ്യ ഗത്യന്തരമില്ലാതെ ആദ്യത്തെ നാലു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയെ ഏൽപിച്ചതോടെയാണ് പട്ടിണികുടുംബം വാർത്തകളിൽ സ്ഥലംപിടിക്കുന്നത്.
ഒടുവിലത്തെ കുരുന്നുകളെ ഒഴിച്ചുനിർത്തി അവശേഷിച്ച നാലു കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. ഹൃദയമുള്ള മനുഷ്യരെ മുഴുവൻ കരയിക്കുന്ന ഖാദുക സംഭവം സർക്കാറിനെ ഞെട്ടിച്ചപ്പോൾ മന്ത്രിമാരും ജനപ്രതിനിധികളും നഗരസഭാധികൃതരുെമല്ലാം സ്ഥലത്തെത്തി ധിറുതിപിടിച്ച ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നു. അമ്മയെയും കുട്ടികളെയും തൽക്കാലം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുടിൽ റെയിൽവേ പുറേമ്പാക്കിലായതുകൊണ്ടാവാം അവർക്ക് പട്ടയമോ മറ്റു ഭൂരേഖകളോ ഇല്ല. അതിനാൽത്തന്നെ, ആധാറോ റേഷൻ കാർഡോ ഒന്നും പരമ്പരാഗതമായി പുറേമ്പാക്കിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഈ കുടുംബത്തിനില്ല. ലഹരിപദാർഥങ്ങളുടെ അടിമയായ ഗൃഹനാഥൻ സാമാന്യം നല്ല കൂലികിട്ടുന്ന തെങ്ങു കയറ്റക്കാരനാണെങ്കിലും അയാളിൽനിന്ന് ഭാര്യക്കും സന്തതികൾക്കും ലഭിക്കുന്നത് പീഡനം മാത്രമാണത്രെ. അമ്മക്ക് താൽക്കാലികമായി നഗരസഭയുടെ കീഴിൽ ശുചിത്വേജാലി നൽകിയ അധികൃതർ മക്കളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും മതിയായ ഏർപ്പാടുകൾ ചെയ്യുമെന്നും അറിയിക്കുന്നു. വാഗ്ദാനങ്ങളും പ്രഖ്യാപിത നടപടികളും വിളംബംവിനാ പൂർത്തിയാക്കാൻ ഉത്തരവാദപ്പെട്ടവർ അമാന്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കുക.
അതേസമയം, മെച്ചപ്പെട്ട ആരോഗ്യം, കുറഞ്ഞ പട്ടിണി നിരക്ക്, ലിംഗസമത്വം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് കേരളമെന്ന് നിതി ആയോഗ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമായിരിക്കെ സംസ്ഥാനത്ത് പട്ടിണിമൂലം മണ്ണു തിന്നേണ്ടിവരുന്ന കുഞ്ഞുങ്ങൾ ഇപ്പോഴുമുണ്ടെന്ന സത്യം സർവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. 2019ലെ ആഗോള പട്ടിണി സൂചികയിൽ 102ാം സ്ഥാനത്താണ് ഇന്ത്യയെന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിച്ചോ എന്നറിയില്ല. കേവലം 15 രാജ്യങ്ങളേ ഇന്ത്യക്കുതാഴെ സ്ഥലം പിടിച്ചിട്ടുള്ളൂ. രാജ്യത്ത് ആറു മാസം മുതൽ 23 മാസം വരെ പ്രായമുള്ള മൊത്തം കുട്ടികളിൽ 9.6 ശതമാനം മാത്രമാണ് സ്വീകാര്യമായ അളവിൽ പോഷകാഹാരം ലഭിക്കുന്നവരെന്നും കണക്കുകളിലുണ്ട്.
ഗ്രാമീണ മേഖലയിൽ ഭക്ഷ്യ ഉപയോഗം ഏതാനും വർഷങ്ങൾക്കിടെ 10 ശതമാനം കുറഞ്ഞു. എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന അവസ്ഥയിൽ ആശ്വസിച്ചിരിക്കുകയാണ് കേരളം എന്നതോടൊപ്പം തന്നെ പട്ടിണി സഹിക്കാനാവാതെ ഒന്നര വർഷത്തിനിടയിൽ 822 പേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി 2018 മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തുകയുണ്ടായി. ഔദ്യോഗിക രേഖകളിൽ സ്ഥലംപിടിക്കാത്തതാണ് എരിയുന്ന വയറുമായി ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങുന്ന കുഞ്ഞുങ്ങളുടെ എണ്ണം. മിക്കപ്പോഴും പോഷകാഹാരക്കുറവു മൂലം ഉണ്ടാവുന്ന രോഗങ്ങൾ നിമിത്തമാവും മരണം സംഭവിക്കുക എന്നതുകൊണ്ട് നിരവധി ശിശുമരണങ്ങൾ പട്ടിണിയുടെ പട്ടികയിൽ വരില്ല. സാമ്പത്തികാസമത്വത്തിൽ രാജ്യത്തേറ്റവും മുകളിൽ സ്ഥാനംപിടിച്ച സംസ്ഥാനമാണ് കേരളം എന്നുകൂടി ഓർക്കണം.
0.37 ആണ് കേരളത്തിെൻറ അനുപാതം. എന്നുവെച്ചാൽ, ആഹാരം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മാനവിക വികസന സൂചികകളിലെല്ലാം കേരളത്തിൽ ഒരുവിഭാഗം സമ്പന്നരോ അതിസമ്പന്നരോ ആണെങ്കിൽ മറുഭാഗത്ത് പാവപ്പെട്ടവരും ദരിദ്രരുമായ ഒരു വിഭാഗവും സംസ്ഥാനത്തുണ്ടെന്നർഥം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും സോഷ്യലിസ്റ്റ് ചിന്തകൾക്ക് മെച്ചപ്പെട്ട സ്വാധീനം ലഭിച്ച കേരളത്തിൽ ഈയവസ്ഥ നിസ്സാരമായി കാണേണ്ടതല്ല. നക്ഷത്ര ഹോട്ടലുകളിലും സൽക്കാരങ്ങളിലും മിച്ചംവരുന്ന ഭക്ഷ്യവിഭവങ്ങൾ ടൺകണക്കിൽ നശിപ്പിക്കപ്പെടുേമ്പാഴാണ് ജീവിതത്തിെൻറ പുറേമ്പാക്കിൽ കുരുന്നുകൾ മണ്ണുതിന്ന് വയറിെൻറ എരിച്ചിലടക്കേണ്ടിവരുന്നതെന്ന വിരോധാഭാസം കൂടി ഓർത്ത് നാം തലതാഴ്ത്തണം.
തിരുവനന്തപുരത്തെ കരളലിയിക്കുന്ന സംഭവത്തിലൂടെ ഒരിക്കൽകൂടി അനാവരണം ചെയ്യപ്പെട്ടത് മദ്യപനായ കുടുംബനാഥെൻറ മനുഷ്യത്വഹീനമായ അലംഭാവവും പീഡനത്വരയും കൂടിയാണ്. പകലന്തിയോളം പണിയെടുത്ത് മോന്തിക്ക് വയറുനിറയെ മോന്തി നാലുകാലിൽ കുടിലിലണയുന്ന ഗൃഹനാഥൻ എന്ന മനുഷ്യമൃഗം വീട്ടുകാരിയോടും കുഞ്ഞുങ്ങളോടും കാണിക്കുന്ന കൊടും ക്രൂരതകൾ ഒറ്റപ്പെട്ടതല്ലേയല്ല. അക്കാര്യത്തിലും മദ്യപരുടെ എണ്ണത്തിലും രാജ്യത്ത് കേരളത്തിെൻറ സ്ഥാനം പ്രഥമമോ ദ്വിതീയമോ എന്നതിലേ സംശയമുള്ളൂ. ശരാശരി ഇന്ത്യക്കാരൻ വർഷത്തിൽ 3.5 ലിറ്റർ മദ്യംകൊണ്ട് തൃപ്തിപ്പെടുേമ്പാൾ കേരളീയന് 8.7 ലിറ്റർ മതിയാവാതെയാണ് വന്നിരിക്കുന്നത്. അതുകൊണ്ടായിരിക്കണമല്ലോ മുഖ്യമന്ത്രിയും സഹപ്രവർത്തകരും അനുദിനം വികസിച്ചുവരുന്ന ബാർ ഹോട്ടൽ ശൃംഖലയോടൊപ്പം പബുകളെക്കുറിച്ചുകൂടി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നത്. വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം കുടികേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഇനിയും കൂടുതൽ മദ്യപരെ സൃഷ്ടിക്കാനും അനുദിനം ശോഷിച്ചുവരുന്ന ഖജനാവിനെ അതുവഴി കൊഴുപ്പിക്കാനും ഉദ്ദേശിച്ചല്ലെങ്കിൽ മറ്റെന്തിനാണ്? രാത്രി വൈകിയും പ്രവർത്തിക്കുന്ന പബുകൾക്ക് പച്ചക്കൊടി കാട്ടുന്നതോടെ വീട്ടകങ്ങൾ പൂർവാധികം നരകമാവുമെന്ന് നിശ്ചയം. കഞ്ഞിക്കുവേണ്ടി കരയുന്ന കുരുന്നുകളെ ഓർത്തെങ്കിലും ഈ മദ്യവ്യാപന പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയുമോ എന്നാണറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.