ആത്മഹത്യയിൽ തൂങ്ങിയാടുന്ന കേരളം
text_fieldsസാക്ഷരതയുടെയും പ്രബുദ്ധതയുടെയും മലയാളി മേനിപറച്ചിലുകളെയൊക്കെ അസ്ഥാനത്താക്കിക്കളയുന്ന സംഭവവികാസങ്ങളും സ്ഥിതിവിവരങ്ങളുമാണ് കൂടക്കൂടെ വാർത്തകളിൽ നിറയുന്നത്. ഇൗയിടെ പലതവണയായി ഇത്തരം അനഭിലഷണീയമായ പ്രവണതകൾ ഇൗ കോളത്തിൽ വിഷയീഭവിച്ചിട്ടുണ്ട്.
കേരളീയരുടെ ജീവിതചുറ്റുപാടും സാമൂഹികാന്തരീക്ഷവുമൊക്കെ ഇതര സംസ്ഥാനങ്ങളുടേതിൽനിന്ന് ഏറെ മികവുള്ളതാണെന്നു സമർഥിക്കാൻ സാധാരണക്കാർ മുതൽ ഭരണാധികാരികൾ വരെ വെമ്പൽകൊള്ളാറുണ്ട്. സാധാരണ മോശമായ ഏതു സംഗതിയും സംഭവവും താരതമ്യം ചെയ്യപ്പെടാറുള്ളത് ഇതര പ്രദേശങ്ങേളക്കാൾ എത്ര ഭേദം എന്ന വീരസ്യത്തിലാണ്.
ഏറ്റവുമൊടുവിൽ കോവിഡ് നിയന്ത്രണം കൈവിട്ടുപോകുന്ന ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളിലെ കണക്കുകളെല്ലാം മുന്നിൽ നിരത്തിവെച്ച് തമ്മിൽ ഭേദം നമ്മൾ തന്നെ എന്ന പ്രതീതിയാണ് സംസ്ഥാന സർക്കാർ സായാഹ്ന വാർത്താവതരണങ്ങളിൽ പറഞ്ഞുവരുന്നത്.
എന്നാൽ, നിഷേധാത്മകമായ പ്രവണതകളുടെയും പ്രവർത്തനങ്ങളുടെയും പ്രതികരണ പ്രതിരോധരാഹിത്യത്തിെൻറയും കാര്യത്തിൽ കേരളം പലപ്പോഴും അതിെൻറ ഉയർന്നുനിൽക്കുന്ന സാക്ഷരതനിരക്കുമായോ, ഉയർത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെയും സാംസ്കാരികോൽക്കർഷത്തിെൻറയും അവകാശവാദങ്ങളുമായോ ഒരു ബന്ധവും പുലർത്തുന്നില്ല എന്നുതന്നെ പറയേണ്ടിവരും.
അതിലൊന്നാണ് ഇന്ന്, സെപ്റ്റംബർ 10ന് ലോകത്തിെൻറ ചർച്ചയിൽ വരുന്ന ആത്മഹത്യ എന്ന ദുരന്തം. ഗുണഗണങ്ങളായി കേരളം സ്വയം പാടിപ്പറയുന്ന എല്ലാ കാര്യങ്ങളും വിനാശകാലേ വിപരീതമായി ഭവിക്കുന്ന വിപത്സന്ധിയിലാണ് കേരളമുള്ളത്. സാക്ഷരത, വിദ്യാഭ്യാസം, തൊഴിൽസാധ്യതയും സാഹചര്യവും, സാമൂഹികാന്തരീക്ഷം തുടങ്ങി കേരളം മികവായി എടുത്തുകാട്ടുന്ന ഒാരോന്നും കേരളത്തെ ആത്മഹത്യക്കെണിയിൽ അകപ്പെടുത്തുന്നതായാണ് അനുഭവം.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഉയർന്നുവന്നതിനൊപ്പം അതേ ചൊല്ലിയുണ്ടായ അനാരോഗ്യകരമായ മത്സരവും അയഥാർഥ മോഹങ്ങളും അക്രമത്തിലേക്കും ആത്മഹത്യയിലേക്കും നാടിനെ തള്ളിവിട്ടു. തൊഴിലിനും ജീവിതായോധനത്തിനും കേരളത്തിൽ മുട്ടനുഭവപ്പെട്ടപ്പോൾ മലയാളി ദേശങ്ങളിൽനിന്നു ദേശങ്ങളിലേക്കു ചേക്കേറി.
അതുകൊണ്ടുവന്ന വിദേശനാണ്യത്തിെൻറയും ജീവിതനിലവാരത്തിെൻറയും പളപ്പിലും പുളപ്പിലും ഞെളിയാൻ സാവകാശം നൽകാതെ അതിെൻറ സാമൂഹിക കെടുതികളിലേക്ക് മലയാളി എടുത്തെറിയപ്പെട്ടു. വിവരവിദ്യാരംഗത്തെ സാക്ഷരതയിലും സൗകര്യത്തിലും മുന്നിൽ നടന്ന നമ്മുടെ നാട് അതിെൻറ ദുരുപയോഗങ്ങളിലും അതുവഴിയുള്ള ദുരന്തങ്ങളിലുംപെട്ട് കരകയറാൻ മാർഗം കാണാതെ പ്രയാസപ്പെടുന്നു.
2019ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന അഞ്ചു സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. 8556 പേരാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്വയം ജീവനൊടുക്കിയത്. ഇത് ദേശീയ ശരാശരിയിലും മീതെയാണ് എന്നോർക്കണം. ഒരു ലക്ഷം പേരിലെ ആത്മഹത്യ കണക്കുവെച്ചുള്ള ദേശീയ ആത്മഹത്യ നിരക്ക് 10.4 ആണെങ്കിൽ കേരളത്തിൽ കഴിഞ്ഞ വർഷം അത് 24.3ലെത്തി.
2018ൽ 23.5 ആയിരുന്നു നിരക്ക്. 8237 പേരാണ് 2018ൽ ആത്മഹത്യ ചെയ്തത്. നഗരങ്ങളിലെ ആത്മഹത്യ നിരക്കിലും കേരളം ദേശീയ ശരാശരിയിലും മേലെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന നഗരമായി കൊല്ലം മാറിയിരിക്കുന്നു. പശ്ചിമബംഗാളിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമായ അസൻസോളിനൊപ്പമാണ് കൊല്ലം. 457 പേരുടെ ആത്മഹത്യയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
തൃശൂർ (405), തിരുവനന്തപുരം (331), കോഴിക്കോട് (258), കൊച്ചി (222) എന്നിങ്ങനെയാണ് ഇതര കേരളനഗരങ്ങളുടെ ആത്മഹത്യ നില. 10.4 ശതമാനവും സെക്കൻഡറിതലത്തിനു മുകളിൽ ഉന്നതവിദ്യാഭ്യാസം വരെ നേടിയവരാണ്. തൊഴിൽരഹിതരാണ് 14 ശതമാനം പേർ. 11 കുടുംബങ്ങൾ കൂട്ടമായി ജീവനൊടുക്കിയപ്പോൾ സ്ത്രീകളിൽ ആത്മഹത്യ ചെയ്തവരിൽ പകുതിയിലേറെ (51.5 ശതമാനം) വീട്ടമ്മമാരാണ്.
കുടുംബപ്രശ്നങ്ങളാണ് കേരളത്തിൽ 3655 ആത്മഹത്യകൾക്ക് കാരണമായി രേഖെപ്പട്ടിരിക്കുന്നത്. രോഗപീഡ മൂലം 974 പേരും മദ്യ, മയക്കുമരുന്ന് അടിമത്തം മൂലം 792 പേരും ജീവനൊടുക്കി. കടബാധ്യത, പ്രേമനൈരാശ്യം, വിവാഹബന്ധത്തിലെ തകർച്ച, സ്വന്തക്കാരുടെ മരണം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു കാരണങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ വർഷംതോറും മുകളിലോട്ടുതന്നെയാണ്. ആത്മഹത്യയുടെ കാരണങ്ങളിൽ കാര്യമായ മാറ്റങ്ങളും ദൃശ്യമല്ല. എന്നിട്ടും ഇൗ ദുരന്തം ലഘൂകരിക്കാനും കൂടുതൽ പേരെ ആത്മഹത്യാമുനമ്പിലേക്ക് തള്ളിവിടാതിരിക്കാനും കേരളത്തിലെ ഭരണകൂടവും പൊതുസമൂഹവും എന്തുചെയ്യുന്നു എന്ന ചോദ്യമാണ് പ്രസക്തം.
ആത്മഹത്യക്കുള്ള ഉപാധികളുടെ ലഭ്യതയിൽ കർക്കശമായ നിയന്ത്രണം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ചെറുപ്പക്കാരാണ്. കൂടുതൽ മദ്യാസക്തരും ചെറുപ്പക്കാർതന്നെ. അമിത മദ്യപാനികളിൽ 100ൽ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുമെന്നാണ് വിദഗ്ധനിരീക്ഷണം. എന്നിട്ടും സംസ്ഥാനത്ത് മദ്യമൊഴുക്കാൻ മത്സരിക്കുകയാണ് സർക്കാർ.
ഭരണകൂടം ആത്മഹത്യയെ ഇനിയും ഗൗരവമായെടുത്തിട്ടില്ല എന്നതിെൻറ മികച്ച തെളിവാണിത്. പ്രതിവർഷം എണ്ണായിരത്തിലേറെ പേർ സ്വയം ജീവനൊടുക്കിക്കൊണ്ടിരുന്നിട്ടും ഇനിയും ഒരു ആത്മഹത്യ പ്രതിരോധ നയം രൂപവത്കരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
സമൂഹമാകെട്ട, പുതിയ വിദ്യാഭ്യാസ, തൊഴിൽ, ഗൃഹജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റമാണ് ഇതിനൊക്കെ കാരണമെന്നറിഞ്ഞിട്ടും അതൊരു ബോധ്യമായി ഏറ്റുവാങ്ങാനും പരിഹാരത്തിന് ഒറ്റക്കും കൂട്ടായുമുള്ള ശ്രമം നടത്താനുമുള്ള വീണ്ടുവിചാരത്തിലേക്ക് പരുവപ്പെടുന്നുമില്ല. ആത്മഹത്യയിൽ തൂങ്ങിയാടുന്ന കേരളത്തെ പിന്നെ ആരു രക്ഷിക്കാനാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.