ക്യാപ്റ്റൻ
text_fieldsആർത്തിരമ്പുന്ന ഗാലറികളായിരുന്നു മാനദണ്ഡമെങ്കിൽ സോക്കർ റാങ്കിങ്ങിൽ നമ്മുടെ രാജ്യമിപ്പോൾ ആദ്യ പത്തിലെങ്കിലും സ്ഥാനം പിടിച്ചേനെ. പക്ഷേ, കുമ്മായവരക്കുള്ളിലെ 90 മിനിറ്റ് നീളുന്ന ചലനങ്ങളും പ്രതിചലനങ്ങളുമൊക്കെയാണ് കാൽപന്തുകളിയുടെ ഗതിനിർണയിക്കുന്നത്. ഗാലറികളിലെ ആരവങ്ങളുടെ ചടുലത കളിക്കളത്തിൽ പാരമ്പര്യമായിത്തന്നെ ഇല്ലായ്കയാൽ എക്കാലത്തും പിന്നിൽ നിൽക്കാനാണ് നമുക്ക് യോഗം. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നമ്മളിപ്പോൾ 105നും മുകളിലാണ്. ഇതുപറയുേമ്പാൾ ആർക്കെങ്കിലും, മോദിക്കാലത്തെ പട്ടിണിസൂചിക ഒാർമവന്നാൽ അവരെ കുറ്റം പറയാനാകില്ല. ഫുട്ബാളിൽ ശരിക്കുമൊരു 'പട്ടിണിരാജ്യം' തന്നെയാണ് ഇന്ത്യ. പക്ഷേ, ഇൗ മെല്ലെപ്പോക്കിനിടയിലും 50കളിലെ ആ സുവർണ കാലത്തെ ഒാർമിപ്പിക്കുന്ന നിമിഷങ്ങൾ അപൂർവമായെങ്കിലും നമുക്കുമുന്നിലെത്താറുണ്ട്. അത്തരം സുന്ദര നിമിഷങ്ങളുമായി പലപ്പോഴും നമുക്ക് മുന്നിലെത്താറുള്ളത് സുനിൽ ഛേത്രി എന്ന കുറിയ മനുഷ്യനാണ്. ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ നായകൻ. ഇപ്പോൾ സാഫ് ഗെയിംസിലും ആ താരത്തിളക്കത്തിന് രാജ്യം സാക്ഷിയായി. എണ്ണം പറഞ്ഞ ഗോളുകളിലൂടെ പെലെ എന്ന ഇതിഹാസ താരത്തെയും ക്യാപ്റ്റൻ മറികടന്നിരിക്കുന്നു.
പന്തടക്കവും കളിമികവും കരിയർ നേട്ടങ്ങളുമെല്ലാം വെച്ചുനോക്കുേമ്പാൾ മെസി, ക്രിസ്റ്റ്യാനോ െറാണാൾഡോ തുടങ്ങിയ പേരുകൾക്കൊപ്പം ഛേത്രിയെ ചേർത്തുപറയാനാകില്ല. എങ്കിലും മൂവരെയും ചേർത്തുവെക്കാവുന്ന ഘടകങ്ങളുമുണ്ട്. അന്താരാഷ്ട്ര കരിയറിലെ ഗോൾവേട്ടയാണ് അതിലൊന്ന്. പട്ടികയിൽ ഇപ്പോഴും സജീവ ഫുട്ബാളിലുള്ള ആദ്യത്തെ മൂന്ന് പേരുകളാണ് അവ. 115 ഗോളുകളുമായി റോണോ ബഹുദൂരം മുന്നിലാണ്. 80 ഗോളുമായി മെസിയും 79 എണ്ണവുമായി ഛേത്രിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സാധാരണ, പ്രായം 30 കഴിഞ്ഞാൽ കളിവേഗം കുറയുന്നതാണ് സോക്കർ ചരിത്രം. സാക്ഷാൽ പെലെ അടക്കം 31ൽ കളി നിർത്തിയിട്ടുണ്ട്. ആ ഘട്ടമൊക്ക പിന്നിട്ടിട്ട് വർഷം പലതു കഴിഞ്ഞിട്ടും മൂവരുടെയും കുതിപ്പിന് കുറവില്ല. 34 പിന്നിട്ട മെസിയാണ് ഇക്കൂട്ടത്തിൽ 'ബേബി'. രണ്ട് വയസ്സ് മൂത്തതാണ് ക്രിസ്റ്റ്യാനോ. ഛേത്രിക്ക് പ്രായമിപ്പോൾ 37 കഴിഞ്ഞു. ഇപ്പോഴും ഛേത്രിയില്ലാത്തൊരു ഫസ്റ്റ് ഇലവൻ കോച്ച് സ്റ്റിമാക്കിന് ആലോചിക്കാനേ വയ്യ. കഴിഞ്ഞ 17 വർഷമായി ഇതാണ് അവസ്ഥ. ടീമിെൻറ കുന്തമുനയായി ഒരാൾ മാത്രം! രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം; ഏറ്റവും കുടുതൽ വല കുലുക്കിയ താരം; ഏറ്റവും കൂടുതൽ തവണ ക്യാപ്റ്റൻസി ബാൻഡ് അണിഞ്ഞ കളിക്കാരൻ. എല്ലാ അർഥത്തിലും ഇതിഹാസമെന്ന വിശേഷണത്തിനർഹൻ!
2005ലാണ് ദേശീയ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ആ ദിവസങ്ങളെക്കുറിച്ച് അന്നത്തെ പരിശീലകൻ സുഖ്വീന്ദർ സിങ് പല തവണ പറഞ്ഞിട്ടുണ്ട്. ബൈച്യൂങ് ബൂട്ടിയ ആയിരുന്നു ടീമിെൻറ സ്റ്റാർ സ്ട്രൈക്കർ. ആ വർഷത്തെ പാകിസ്താൻ പര്യടനത്തിനു തൊട്ടുമുമ്പായി ബൂട്ടിയക്ക് പരിക്കുപറ്റി. പകരം ആര്? മൂന്ന് വർഷത്തെ കരാറിനൊടുവിൽ ബഗാനിൽനിന്നും ജെ.സി.ടിയിലേക്ക് കളം മാറ്റിയ ഛേത്രി എന്ന 20കാരനെ സുഖ്വീന്ദർ പരിഗണിച്ചത് െഎ ലീഗിലെ പ്രകടനം കണ്ടാണ്. ആ തീരുമാനം ശരിയാണെന്ന് ക്വറ്റയിലെ അയ്യൂബ് സ്റ്റേഡിയത്തിലെ പ്രകടനം തെളിയിച്ചു. മഹേഷ് ഗാവ്ലിയും റെനഡി സിങ്ങും ക്യാപ്റ്റനായി എസ്. വെങ്കിടേഷുമൊക്കെ അണിനിരന്ന ഇന്ത്യൻ നിര. ആക്രമണവും പ്രത്യാക്രമണവുമായി മത്സരം പുരോഗമിക്കവെ 65ാം മിനിറ്റിൽ ഛേത്രിയുടെ കാലിൽനിന്ന് സ്റ്റേഡിയത്തിൽ വെടിപൊട്ടി. ഏതാനും മിനിറ്റുകൾ മാത്രമേ ഇന്ത്യക്ക് ലീഡ് നിലനിർത്താനായുള്ളൂ. മത്സരവും പരമ്പരയും സമനിലയിൽ കലാശിച്ചുവെങ്കിലും ആ ടൂർണമെൻറിെൻറ ശ്രദ്ധിക്കപ്പെടുന്ന താരമായി അതോടെ ഛേത്രി മാറി. പിന്നീട് ആറു വർഷം, ഛേത്രി-ബൂട്ടിയ കൂട്ടുകെട്ടിൽ ഇന്ത്യ പല നേട്ടങ്ങളും കുറിച്ചു. മൂന്ന് നെഹ്റു കപ്പുകളാണ് ആ സമയത്ത് ടീമിെൻറ ഷെൽഫിലെത്തിയത്; സാഫ് ഗെയിംസിലും എ.എഫ്.സി ചാലഞ്ച് കപ്പിലും ഇക്കാലത്ത് ഇന്ത്യ ചാമ്പ്യന്മാരായി. 2011ൽ, ബൂട്ടിയ ബൂട്ടഴിച്ചതോടെ, മുന്നേറ്റ നിരയിൽ ഛേത്രി ഒറ്റക്കായി. ഇതിഹാസ താരത്തിനൊപ്പം, മലയാളി താരങ്ങളായ മുഹമ്മദ് റഫി, സി.കെ. വിനീത് മുതൽ റോബിൻ സിങ് വരെയുള്ളവർ എത്തിയെങ്കിലും ഛേത്രിയുടെ ഗോൾപ്രവാഹം തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ മൻവീർ സിങ്ങാണ് മുന്നേറ്റ നിരയിൽ കൂട്ട്.
ഇൗ പ്രായത്തിലും മികച്ച കളി എങ്ങനെ പുറത്തെടുക്കാൻ കഴിയുന്നുവെന്ന് ചോദിച്ചാൽ ഛേത്രിക്ക് അതിന് കൃത്യമായ ഉത്തരമുണ്ട്. ജീവിതത്തിൽ ചെറുപ്പകാലം മുതലേ പുലർത്തുന്ന അച്ചടക്കമാണ് അതിലൊന്ന്. പട്ടാളക്കാരനായിരുന്നു പിതാവ് കെ.ബി ഛേത്രി. ആർമി ടീമിെൻറ കളിക്കാരനുമായിരുന്നു അദ്ദേഹം. മാതാവ് സുശീലയും ഫുട്ബാൾ കളിക്കാരിയായിരുന്നു. നേപ്പാൾ ദേശീയ ടീമിെൻറ താരമായിരുന്നു അവർ. പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന ഒരു ഫുട്ബാൾ കുടുംബമെന്ന് അവരെ വിശേഷിപ്പിക്കാം. ഇൗ രണ്ട് ഘടകങ്ങളും സുനിൽ ഛേത്രിയുടെ വ്യക്തിത്വത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഡൽഹിയായിരുന്നു ആദ്യ തട്ടകം. അവിടെനിന്നാണ് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞതിനുശേഷമാണ് ബഗാനിലേക്ക് പോയത്. അവിടെ കാത്തിരുന്നത് സാക്ഷാൽ സുബ്രതോ ഭട്ടാചാര്യയാണ്; ഒപ്പം ബൂട്ടിയയും. മൂന്നുവർഷം ഭട്ടാചാര്യയുടെ ശിക്ഷണത്തിൽ. അതാണ് ദേശീയ ടീമിലേക്ക് വഴി നടത്തിയത്. ബഗാനിൽനിന്ന് ജെ.സി.ടിയിലേക്കും തുടർന്ന് ഇൗസ്റ്റ് ബംഗാളിലേക്കും. അതുകഴിഞ്ഞ് ഡെംേപാ, ചർച്ചിൽ എന്നീ ഗോവൻ ജേഴ്സികളിലും നിറഞ്ഞാടി; ആ ക്ലബുകളുടെ െഎ ലീഗ് നേട്ടത്തിൽ പങ്കാളിയുമായി.
ഇതിനിടെ, വിദേശത്തും ഒരു കൈ നോക്കി. ഇംഗ്ലണ്ടിലെ ക്യൂൻസ് പാർക് ക്ലബിലേക്കാണ് ആദ്യം ശ്രമിച്ചതെങ്കിലും പരാജയപ്പെട്ടു. 2010ൽ, അമേരിക്കയിലെ കെൻസാസ് സിറ്റിക്കുവേണ്ടി കളിക്കാൻ അവസരം ലഭിച്ചു. കൻസാസിൽ പ്രീ സീസണിൽ ഏഴു കളിയിൽനിന്ന് രണ്ട് ഹാട്രിക് അടക്കം 14 ഗോളുകൾ നേടിയിട്ടും സീസൺ തുടങ്ങിയപ്പോൾ ബെഞ്ചിലിരിക്കാനായിരുന്നു വിധി. അതോടെ, ക്ലബ് വിടാൻ തീരുമാനിച്ചു. പിന്നീട് സ്പോർട്ടിങ് ക്ലബ് പോർചുഗലിൽ ചേർന്നെങ്കിലും ബി ടീമിലേക്കാണ് പരിഗണിച്ചത്. െസക്കൻഡ് ടീമിൽ കുറച്ചുകാലം കളിച്ചു. അതും മതിയാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. നേരെ ചിരാഗിലേക്ക്. തൊട്ടടുത്ത വർഷങ്ങളിലാണ് െഎ.എസ്.എൽ ആരംഭിക്കുന്നത്. ആദ്യം മുംബൈ എഫ്.സിക്കാണ് ബൂട്ടുകെട്ടിയത്. അതുകഴിഞ്ഞ് സ്വന്തം ക്ലബ്ബായ ബംഗളൂരുവിലേക്ക്. ബംഗളൂരു ഛേത്രിക്ക് വെറുമൊരു ക്ലബ്ബല്ല; സ്വന്തം വീടുതന്നെയാണ്. നഗരത്തിൽതന്നെയാണ് വീടുവെച്ചിട്ടുള്ളതും. മൂന്നു വർഷത്തിനിടെ, ക്ലബിനുവേണ്ടി 50ഒാളം ഗോളാണ് നേടിയത്.
സോഷ്യൽ മീഡിയയിലും ക്യാപ്റ്റൻ ബാൻഡ് അണിയാറുണ്ട്. 2018െല ഇൻറർകോണ്ടിനെൻറൽ കപ്പിൽ ചൈനീസ് തായ്പേയിയെ അഞ്ചു ഗോളിന് പരാജയപ്പെടുത്തുേമ്പാൾ ഗാലറിയിലുണ്ടായിരുന്നത് ആകെ 2500 പേരാണ്. പിന്നെയെങ്ങനെ ഇവിടെ ഫുട്ബാൾ വളരും? കെനിയക്കെതിരായ അടുത്ത മത്സരത്തിെൻറ തലേന്നാൾ, 'ദയവു ചെയ്ത് സ്റ്റേഡിയത്തിലേക്ക് വരൂ, ഞങ്ങളുടെ കളി കാണൂ' എന്ന അഭ്യർഥനയുമായി ഛേത്രി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ഛേത്രിയുടെ നൂറാം അന്താരാഷ്ട്ര മത്സരംകൂടിയായിരുന്നു അത്. ആ വിഡിയോ വിജയമായി; ഗാലറി നിറഞ്ഞു. മത്സരം ഏകപക്ഷീയമായ മൂന്ന് േഗാളിന് ജയിച്ചപ്പോൾ ഛേത്രിയുടെ വക രണ്ട് േഗാൾ! കളിക്കകത്തും പുറത്തും ഇതുപോലെ ഒരേസമയം നായകത്വം വഹിച്ച മറ്റെരു സോക്കർതാരം വേറെയുണ്ടാകുമോ? കോവിഡ് കാലത്ത്, മഹാമാരി സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നതിനായി സ്വന്തം ട്വിറ്റർ അക്കൗണ്ട് ആരോഗ്യ പ്രവർത്തകർക്ക് വിട്ടുനൽകി വിവര വിനിമയത്തിന് പുതിയ മാതൃക പകർന്നു നൽകിയതും സാമൂഹിക ഇടപെടലുകളുടെ മറ്റൊരു സന്ദർഭം. സുബ്രതോ ഭട്ടാചാര്യയുടെ മകൾ സോനം ആണ് ജീവിത സഖി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.