സുപ്രീംകോടതിയുടെ നുറുങ്ങുവെട്ടം
text_fieldsവാർത്ത തേടിയുള്ള യാത്രക്കിടെ ഉത്തർപ്രദേശ് പൊലീസ് 2020 ഒക്ടോബർ 15ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യമനുവദിച്ചിരിക്കുന്നു. സിദ്ദീഖിനെ പിടികൂടി തടവിൽ പാർപ്പിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ ബി.ജെ.പി സർക്കാർ പറഞ്ഞ ന്യായങ്ങൾ നിലനിൽപില്ലാത്ത ബാലിശങ്ങളാണെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് സിദ്ദീഖിനെ ജാമ്യത്തിൽ വിട്ടത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന മോചനം യാഥാർഥ്യമായത് കാപ്പന്‍റെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും മാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്ന എല്ലാവർക്കും സന്തോഷം പകരുന്നതാണ്. ഒപ്പം രാജ്യത്ത് നിലനിന്നുവരുന്ന ജനാധിപത്യധ്വംസനത്തിന്‍റെ ആഴം എത്രത്തോളമെന്നും വൈരനിര്യാതനത്തിനുവേണ്ടി ഭരണകൂടങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഏതറ്റംവരെ പോകുമെന്നുകൂടി വെളിപ്പെടുത്തുന്നുണ്ട് കോടതി ഉത്തരവ്.
2020 സെപ്റ്റംബർ 14ന് ഉത്തർപ്രദേശിലെ ഹാഥറസിൽ ജാതിവെറിയന്മാർ ഒരു ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം സ്വന്തം കുടുംബത്തിനു സംസ്കരിക്കാൻപോലും നൽകാതെ പൊലീസ് രായ്ക്കുരാമാനം ചുട്ടെരിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്തത് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യയെ മാനംകെടുത്തിയ സംഭവം അന്ന് ഏറെ ഒച്ചപ്പാടുകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. അതേ തുടർന്ന് സ്ഥിതിഗതികൾ നേരിൽകണ്ട് റിപ്പോർട്ട് ചെയ്യാനായി ഹാഥറസിലേക്കു തിരിച്ച വഴിയിലാണ് 2020 ഒക്ടോബർ അഞ്ചിന് മഥുര ടോൾപ്ലാസയിൽവെച്ച് സിദ്ദീഖ് കാപ്പനും പോപുലർ ഫ്രണ്ട് പ്രവർത്തകരായ മൂന്നു പേരും പിടിയിലായത്.
യു.പി പൊലീസ് അവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഹാഥറസിൽ സമാധാനവും സൗഹാർദവും തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടു എന്നായിരുന്നു പൊലീസ് ചുമത്തിയ കുറ്റം. ഹാഥറസ് ഭീകരകൃത്യത്തിൽ മുഖം നഷ്ടപ്പെട്ട യു.പി സർക്കാർ ജനശ്രദ്ധ തിരിക്കാൻ തല്ലിപ്പടച്ചതായിരുന്നു കേസും നടപടികളുമെന്ന് അന്നേ ആരോപണമുയർന്നിരുന്നു. അറസ്റ്റിനു കാരണമായി പറഞ്ഞ കാര്യങ്ങൾക്കു പുറമെ പുതിയ കുറ്റങ്ങൾ ഒന്നൊന്നായി സിദ്ദീഖിനുമേൽ ചുമത്തുന്നതാണ് പിന്നീട് കണ്ടത്. ജാമ്യം കിട്ടാനുള്ള സാധ്യത കൊട്ടിയടക്കാൻ വേണ്ടിയുള്ളതായിരുന്നു ഇവയിലധികവും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിനുള്ള 124 എ വകുപ്പ്, ഭിന്നമതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ചതിനുള്ള 153 എ, മതവികാരങ്ങൾ വ്രണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചതിനുള്ള 295 എ, ഐ.ടി നിയമത്തിന്‍റെ 65, 72, 75 വകുപ്പുകൾ എന്നിവയും എഴുതിച്ചേർത്തു. അമേരിക്കയിൽ കറുത്ത വർഗക്കാർക്കുനേരെ നടന്ന വിവേചനാതിക്രമങ്ങൾക്കെതിരായ പോസ്റ്ററും ലഘുലേഖകളും കൈവശംവെച്ചു, അത് ഹാഥറസിൽ പ്രചരിപ്പിച്ച് കലാപം ഇളക്കിവിടാൻ ഗൂഢാലോചന നടത്തി, പോപുലർ ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു, അവരുടെ ഫണ്ടുകൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തു...
അങ്ങനെ ബാലിശവും അവാസ്തവവുമായ ഒട്ടേറെ കുറ്റങ്ങളാണ് യു.പി സർക്കാറും ബി.ജെ.പിയും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും സിദ്ദീഖിനെതിരെ വ്യാപകമായി പ്രചരിപ്പിച്ചത്. സിദ്ദീഖിന്‍റെ കൈവശം കണ്ടെത്തിയ ലഘുലേഖകൾ നിരോധിക്കപ്പെട്ടതാണോ, അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടന നിരോധിക്കപ്പെട്ടതോ ഭീകരപ്പട്ടികയിലുൾപ്പെട്ടതോ ആണോ തുടങ്ങിയ ന്യായാന്യായങ്ങൾക്കൊന്നും ആരും മറുപടി പറഞ്ഞില്ല. അലഹബാദ് ഹൈകോടതി വരെ ന്യായാസനങ്ങളും ഈ ദുർന്യായങ്ങളെ ജാമ്യം നിഷേധിക്കാനുള്ള നിമിത്തമായി കണ്ടു എന്നതാണ് അത്യന്തം ദൗർഭാഗ്യകരം.
എന്നാൽ, വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ജെ.പി സർക്കാറിന്‍റെ ഈ കുയുക്തികളെയെല്ലാം പൊളിച്ചടുക്കിയാണ് ജാമ്യവിധി പുറപ്പെടുവിച്ചത്. ഇരകളുടെ നീതിക്കുവേണ്ടി ശബ്ദിക്കുന്നതും അന്യായത്തിനെതിരെ പ്രതിഷേധിക്കുന്നതും എങ്ങനെയാണ് കുറ്റകരമായിത്തീരുക എന്നാണ് പരമോന്നത നീതിപീഠം ചോദിച്ചത്. കാപ്പൻ കൈവശംവെച്ച നോട്ടീസുകളും ലഘുലേഖകളും അക്രമത്തിനുള്ള ടൂൾകിറ്റ് ആണെന്നും അക്രമത്തിനു തിരികൊളുത്തിയശേഷം രംഗം വിടാനും തനിനിറം മറച്ചുവെക്കാനുമുള്ള ശ്രമമാണ് പിടിയിലായവർ നടത്തിയത് എന്നുമാണ് യു.പി സർക്കാറിന്‍റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, അഭിപ്രായപ്രകടനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഓർമപ്പെടുത്തിയ കോടതി ഹാഥറസ് ഇരക്കു നീതി ലഭ്യമാക്കാൻ ശബ്ദമുയർത്താൻ നടത്തിയ ആഹ്വാനം ഒരു കുറ്റമായി മാറുന്നതെങ്ങനെ എന്നു മറുചോദ്യം ഉന്നയിച്ചു. 2012ൽ രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ നിർഭയ പെൺകുട്ടിയുടെ വിഷയത്തിൽ നിയമം മാറ്റാൻ വേണ്ടി പ്രതിഷേധസമരങ്ങൾ നടന്നതും അങ്ങനെ നിയമം മാറിയതും കോടതി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് എടുത്തുകാട്ടാൻ പ്രതിഷേധങ്ങൾ അത്യാവശ്യമായി വരുമെന്നും അതു പ്രകോപനമായി കാണാനാവില്ലെന്നുംകൂടി സുപ്രീംകോടതി നിരീക്ഷിച്ചു.
പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിലൂടെ സിദ്ദീഖ് പുറത്തെത്തുമ്പോഴും അകാരണമായി അറസ്റ്റ് ചെയ്ത് തടവിലിട്ട നിരവധി പേർ യു.പിയിലും രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലും ജയിലിൽ കഴിയുകയാണ്. സർക്കാർ അപ്പീൽ തീർപ്പാക്കാത്തതുകൊണ്ടു മാത്രം 853 വിചാരണത്തടവുകാർ 10 കൊല്ലത്തിലേറെയായി തടവിൽ കഴിയുന്നുണ്ട്. ജാമ്യമാണ് നിയമം എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് നീതിപീഠങ്ങൾ. എന്നിട്ടും അലഹബാദ് ഹൈകോടതി പല കേസുകളിലും ജാമ്യം അനുവദിക്കാതിരിക്കാനുള്ള യു.പി സർക്കാറിന്‍റെ നിക്ഷിപ്തതാൽപര്യങ്ങൾക്ക് വഴങ്ങുകയായിരുന്നു. ഹൈകോടതി നടപടിയെയും അന്നു സുപ്രീംകോടതി വിമർശിച്ചു. ഇപ്പോൾ കാപ്പന്‍റെ കേസിൽ സംസ്ഥാന ഭരണകൂടവും ഹൈകോടതിയും അറച്ചുനിന്നിടത്ത് സുപ്രീംകോടതി നീതിന്യായത്തിന്‍റെ വഴി കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ജയിലുകളിലെ 4,88,511 തടവുകാരിൽ 76 ശതമാനം (3,71,848) പേരും വിചാരണത്തടവുകാരായിരിക്കെ, സിദ്ദീഖിന്‍റെ വിധി ആ ഹതഭാഗ്യർക്കുകൂടി വിമോചനത്തിന്‍റെ വഴികാണിക്കുമെന്നു പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.