വിധിച്ചാൽ മതിയോ നടപ്പാക്കേണ്ടേ നീതി?
text_fieldsനീതിപീഠത്തിന്റെ ഇടപെടൽ, അതും വംശീയവും വർഗീയവുമായ മുൻവിധികൾ നിറഞ്ഞാടുന്ന ഭരണകൂടങ്ങളുടെ കാലത്ത് സാമാന്യജനങ്ങൾക്കും ദുർബല സമൂഹങ്ങൾക്കും പകരുന്ന ആശ്വാസവും പ്രത്യാശയും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. പ്രതിലോമകരവും ഭരണകൂട-കോർപറേറ്റ് താൽപര്യങ്ങൾ പ്രതിഫലിക്കുന്നതുമായ വിധികളുടെയും കോടതി ഇടപെടലുകളുടെയും അസംഖ്യം ഉദാഹരണങ്ങൾ എണ്ണിക്കാണിക്കാനുണ്ടാവാമെങ്കിലും സാധാരണക്കാരായ മനുഷ്യരും ഈ മണ്ണിന്റെ ഭാഗമാണെന്നും ഭരണഘടന പുസ്തകത്തിന്റെ ആമുഖ വാചകങ്ങളുടെ ജീവസ് നിലനിർത്താൻ ജാഗ്രത തുടരുന്നുവെന്നും തോന്നിപ്പിക്കുന്ന ജനപക്ഷ വിധികൾ വിളങ്ങിത്തന്നെ നിൽക്കുന്നുണ്ട്.
ഭരണകൂടമോ അവരുടെ ഏജൻസികളോ കുറ്റക്കാരെന്ന് കാണുന്നവരുടെ വീടും സ്വത്തുവകകളും ഒരു നിയമപിൻബലവുമില്ലാതെ തച്ചുതകർക്കുന്ന ബുൾഡോസർ രാജിനെതിരെ പരമോന്നത നീതിപീഠം ബുധനാഴ്ച പുറപ്പെടുവിച്ച വിധിയെ അതിന്റെ ഒടുവിലത്തെ ഉദാഹരണമായി വിശേഷിപ്പിക്കാം. ജാതിയും മതവും നോക്കിയാണ് യു.പി, അസം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ ബി.ജെ.പി സർക്കാറുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ ഈ ബുൾഡോസർ സർവാധികാരം നടമാടിയിരുന്നതെന്ന് പറയുന്നതിൽ തരിമ്പ് അതിശയോക്തിയില്ല. ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന സംഘ്പരിവാർ ശക്തികൾക്കും അഹിതകരമായ നിലപാട് സ്വീകരിച്ചതിനു പോലും വീട് തകർത്തുകളഞ്ഞ ഒട്ടനവധി സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.
നേരത്തേയും ഈ അനാശ്യാസ പ്രവണതക്കെതിരെ നീതിപീഠം താക്കീതുകൾ നൽകിയിരുന്നുവെങ്കിലും ഭരണഘടനക്കും മീതെയാണ് തങ്ങളെന്ന് സ്വയം വിശ്വസിക്കുന്ന യു.പി സർക്കാറും മറ്റും അതിനെ ഗൗനിച്ചിരുന്നില്ല. കുറ്റവാളികളോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ മറ്റ് നിർമിതികളോ തകർക്കാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി ചെയ്യേണ്ട കാര്യങ്ങൾ സർക്കാറോ അനുബന്ധ അതോറിറ്റികളോ ചെയ്യുന്നത് വകവെച്ചുകൊടുക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് തീർത്തുപറഞ്ഞത് ഇനിയെങ്കിലും സർക്കാറുകൾ കേൾക്കുകയും പാലിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുക.
വിദ്വേഷപ്രസംഗകർക്കെതിരെ മതം നോക്കാതെ നടപടിയെടുക്കണമെന്ന അതിശക്തമായ വിധി ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ചിട്ട് ഒന്നര വർഷം പിന്നിട്ടു. രാജ്യത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന ഈ കുറ്റംകൃത്യം ചെയ്യുന്നവർക്കെതിരെ ആരെങ്കിലും പരാതി നൽകാൻ കാത്തുനിൽക്കുക പോലും ചെയ്യാതെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും മുതൽ ശാഖാ പ്രമുഖന്മാർ വരെ തെരഞ്ഞെടുപ്പുകാലങ്ങളിലും അല്ലാതെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഉന്നംവെച്ച് വിദ്വേഷം ചീറ്റൽ തുടർന്നിട്ടും കോടതി വിധി മാനിച്ച് കേസെടുക്കാൻ പല സംസ്ഥാന സർക്കാറുകളും തയാറല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല, കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള ഇൻഡ്യ മുന്നണി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതിന് അപവാദമല്ല എന്നതാണ് ഖേദകരം.
നീതിപീഠം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കാതെ, കോടതിയലക്ഷ്യ സമീപനം സ്വീകരിക്കുന്ന സർക്കാറുകളെക്കുറിച്ചാണ് മുകളിൽ പറഞ്ഞതെങ്കിൽ ഇനി ചൂണ്ടിക്കാണിക്കാനുള്ളത് വിധിയും നീതിയും പാലിക്കുന്നതിൽ കോടതികൾ പുലർത്തുന്ന ഉപേക്ഷയെക്കുറിച്ചാണ്.
തടവറയിൽ തള്ളപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കുന്നതിനെതിരെയും അന്യായമായി ജാമ്യം നിഷേധിക്കുന്നതിനെതിരെയും നമ്മുടെ കോടതികൾ പലവുരു അത്യുജ്ജ്വലമായ വിധിപ്രസ്താവങ്ങൾ നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആംആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള വിജയ് നായർക്ക് 24 മാസത്തെ തടവിനുശേഷം ജാമ്യമനുവദിച്ച ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത് ‘‘ഏറിയാൽ ഏഴുവർഷം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റത്തിന് ഒരാളെ ഇത്രയും കാലം വിചാരണയില്ലാതെ കസ്റ്റഡിയിൽ വെച്ചാൽ ജാമ്യമാണ് നിയമം ജയിൽ അപവാദമാണ് എന്ന നിർദേശം പൂർണമായും പരാജയപ്പെടും’’ എന്നായിരുന്നു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവ മുഖേന ചുമത്തപ്പെട്ട കേസുകളിൽ പോലും ഇത് ബാധകമാണെന്ന കോടതിയുടെ പരാമർശം നിയമ-പൗരാവകാശ വൃത്തങ്ങളിൽ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ജാമ്യവിഷയത്തിൽ ഇടപെടണമെന്നഭ്യർഥിച്ച് കഴിഞ്ഞ തിങ്കളാഴ്ച വന്ന ഒരു റിട്ട് പെറ്റീഷൻ പരിഗണിക്കാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. ഡൽഹി വംശീയാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് യു.എ.പി.എ പ്രകാരം അറസ്റ്റിലായ ഗുൽഫിഷ ഫാത്തിമയാണ് ജാമ്യം തേടി സുപ്രീംകോടതിയുടെ വാതിലിൽ മുട്ടിയത്.
ഡൽഹി ഹൈകോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് തീർത്തുപറഞ്ഞ് മടക്കി സുപ്രീംകോടതി. സുപ്രീംകോടതി പൗരസ്വാതന്ത്ര്യത്തിന്റെ വിഷയം എടുത്തുപറഞ്ഞ കേസിൽ വിജയ് നായർ വിചാരണ കൂടാതെ ജയിലിൽ കിടന്നത് രണ്ടു വർഷമാണെങ്കിൽ അതിന്റെ ഇരട്ടിയിലുമധികം കാലം കൃത്യമായി പറഞ്ഞാൽ നാലുവർഷവും ഏഴുമാസവുമായി തടവിൽ കഴിയുകയാണ് ഗുൽഫിഷ ഫാത്തിമ. പ്രിസൈഡിങ് ഓഫിസർ അവധിയിലായതിനാൽ 24 തവണയും വാദം പോലും കേൾക്കാതെ 26 തവണയുമാണ് ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി മാറ്റിവെച്ചതെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചെങ്കിലും നിലപാട് മയപ്പെടുത്തിയില്ല നീതിപീഠം.
ബലാത്സംഗ-കൊലപാതകക്കേസുകളിൽ കുറ്റക്കാരനെന്നു കണ്ട് കോടതി ജയിലിൽ തള്ളിയ ഗുർമീത് റാംറഹീം സിങ് എന്ന വിവാദ പുരുഷൻ തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുറതെറ്റാതെ പരോളിലിറങ്ങി മന്ത്രിമാരുടെ സാന്നിധ്യത്തിൽ സത്സംഗങ്ങൾ നടത്തുന്ന നാട്ടിൽ സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിന്നതിന്റെ പേരിൽ കേസിൽ കുരുക്കപ്പെട്ട ഗുൽഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണനക്കുപോലും എത്താത്തതിന്റെ പൊരുൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാനെങ്കിലും കുറഞ്ഞ പക്ഷം കോടതി തയാറാവണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.