ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്ന വിധി
text_fieldsഡൽഹി െലഫ്റ്റനൻറ് ഗവർണറുടെ അധികാര അവകാശങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ബുധനാഴ്ച പുറപ്പെടുവിച്ച വിധി ഫെഡറൽ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതും അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന് തിരിച്ചടി നൽകുന്നതുമാണ്. അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ 2015ൽ ആം ആദ്മി സർക്കാർ അധികാരമേറ്റ ശേഷം തുടരുന്ന അധികാര തർക്കത്തിന് ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നതൊഴിച്ച് താൻ ഹരജിയിൽ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രീംകോടതി അംഗീകരിച്ചത് കെജ്രിവാളിന് വലിയ വിജയംതന്നെയാണ്. ‘ഡൽഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിെൻറയും വിജയം’ എന്നതാണ് വിധിയോടുള്ള കെജ്രിവാളിെൻറ ആദ്യ പ്രതികരണം. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളൊഴികെ സ്റ്റേറ്റ് ലിസ്റ്റിലും കൺകറൻറ് ലിസ്റ്റിലും പെട്ട എല്ലാ വിഷയങ്ങളിലും നിയമം നിർമിക്കാനും നടപ്പാക്കാനുമുള്ള അധികാരം ഡൽഹി സർക്കാറിനുണ്ടായിരിക്കും. ഗവർണറെ ഉപയോഗിച്ചോ അല്ലാതെയോ ഈ അധികാരത്തിൽ കൈകടത്താൻ കേന്ദ്രത്തിന് കഴിയില്ല. ഗവർണർക്കല്ല, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ് നിയമപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം എന്ന കാര്യം െെലഫ്. ഗവർണർ മനസ്സിലാക്കണം -ഇങ്ങനെ കൃത്യമായിത്തന്നെ തീർപ്പുകൽപിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ വിധിപ്രസ്താവം. അതേസമയം, ഡൽഹി മറ്റെല്ലാ സംസ്ഥാനങ്ങളെ പോലൊരു സംസ്ഥാനമല്ലെന്നും ദേശീയ തലസ്ഥാന പ്രദേശം (നാഷനൽ കാപിറ്റൽ ടെറിറ്ററി -എൻ.സി.ടി) എന്ന അതിെൻറ നിലവിലെ പദവിയിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി നിലപാട്. ഭരണഘടനയുടെ 239 എ എ (4) ഖണ്ഡിക അനുസരിച്ച് െലഫ്. ഗവർണർക്കുള്ള അധികാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനുള്ള തീരുമാന അധികാരത്തെ ഹനിക്കുന്ന തരത്തിലേക്ക് ഉപയോഗിക്കാൻ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. ഡൽഹിയുടെ ഭരണത്തലവൻ െലഫ്. ഗവർണറാണെന്നും അദ്ദേഹത്തിന് വിവേചനാധികാരങ്ങളുണ്ട് എന്നുമുള്ള 2016 ആഗസ്റ്റിലെ ഡൽഹി ഹൈകോടതി വിധി ഇതോടെ അസാധുവായിരിക്കുകയാണ്.
ആം ആദ്മി സർക്കാർ അധികാരമേറ്റത് മുതൽ അതിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ െലഫ്. ഗവർണറിലൂടെ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയോടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയവിരോധം മാത്രമല്ല ഈ നിലപാടിന് കാരണം. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ആവുംവിധം കവർന്നെടുത്ത് കേന്ദ്രീകൃതമായ സമഗ്രാധിപത്യം എന്ന സംഘ്പരിവാറിെൻറ രാഷ്ട്രീയപദ്ധതിയുടെ ഭാഗംകൂടിയാണത്. ഡൽഹിയുടെ കാര്യത്തിൽ, അതിന് പൂർണ സംസ്ഥാന പദവിയില്ലാത്തത് ഈ പദ്ധതി നടപ്പാക്കാൻ അവർക്ക് സൗകര്യം നൽകുക മാത്രമായിരുന്നു. അങ്ങനെയാണ് ഡൽഹി സർക്കാറിെൻറ ചെറിയ നടപടികൾ പോലും െലഫ്. ഗവർണറുടെ ഓഫിസ് തടയുകയും തിരുത്തുകയും ചെയ്യുന്ന നിലയുണ്ടായത്. സഹികെട്ട മുഖ്യമന്ത്രി കെജ്രിവാൾ ഗവർണറുടെ വസതിയിൽ ദിവസങ്ങളോളം കുത്തിയിരിപ്പ് സമരം നടത്തുന്ന സ്ഥിതിയിൽ കാര്യങ്ങളെത്തി. ഒരു മുഖ്യമന്ത്രി ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിലെത്തന്നെ അപൂർവമായ അനുഭവമായിരുന്നു. കെജ്രിവാളിെൻറ സമരം കടന്ന കൈയായിപ്പോയി എന്ന് വിമർശിച്ചവർക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധി.
സുപ്രീംകോടതി വിധിയെ തുടർന്ന് സുഗമമായി ഭരണം നടത്തിക്കൊണ്ടു പോവാൻ സാധിക്കുമെന്ന് എ.എ.പി നേതൃത്വം വിചാരിക്കേണ്ടതില്ല. ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ക്രമസമാധാനം എന്നത് വളരെ നിർണായകമായ വിഷയമാണ്. എന്നാൽ, ഡൽഹി പൊലീസിന് മേലും ക്രമസമാധാന പാലനത്തിലും ഡൽഹി സർക്കാറിന് ഒരു റോളുമില്ല. അതിനാൽതന്നെ, കെജ്രിവാളിനെ ഇനിയും പല നിലയിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്ര സർക്കാറിന് കഴിയും. കഴിഞ്ഞ കാലങ്ങളിൽ അവർ അത് നിർബാധം നടപ്പാക്കിയിട്ടുണ്ട്. കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെയും എം.എൽ.എമാർക്കെതിരെയും നിരന്തരമായി കേസെടുക്കുക ഡൽഹി പൊലീസിെൻറ പതിവായിരുന്നു. അത് ഇനിയും തുടരാൻതന്നെയാണ് സാധ്യത. കേന്ദ്ര സർക്കാറിെൻറ മൂക്കിനു മുന്നിൽ അവരുടെ രാഷ്ട്രീയത്തെ എതിർക്കുന്ന ഒരു കക്ഷിയുടെ സർക്കാറിനെ സഹിക്കാനുള്ള ജനാധിപത്യ വിശാലത ബി.ജെ.പിക്കില്ല എന്നതാണ് വാസ്തവം.
സുപ്രീംകോടതി വിധിയെ ഗുണാത്്മകമായി കാണാൻ ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാറും സന്നദ്ധമാവുകയാണെങ്കിൽ അവർക്ക് അതിൽ പാഠങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്ന് കേന്ദ്രത്തിെൻറ സമഗ്രാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന പരാതി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ ഇതിനകം ഉയർത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ വികാരം ശക്തമാണ്. കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായുള്ള സന്ദർശനാനുമതി പോലും രണ്ടുതവണ നിഷേധിക്കപ്പെട്ട അനുഭവമുണ്ടായി. സുശക്തമായ ഫെഡറൽ ഘടന എന്ന നമ്മുടെ ഭരണഘടനാ മൂല്യം ചോദ്യംചെയ്യപ്പെടുന്നു എന്ന വികാരം വ്യാപകമാണ്. അതിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ കേവല രാഷ്ട്രീയ ആരോപണം എന്നതിനപ്പുറമുള്ള സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്. ഫെഡറലിസം എന്ന നമ്മുടെ ഭരണഘടനാ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി. അതിെൻറ ആത്്മാവ് ഉൾക്കൊണ്ട് പെരുമാറാൻ ഭരണഘടനയോട് പ്രതിബദ്ധതയുള്ള എല്ലാവർക്കും ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.