അശോക സർവകലാശാലയിലെ രോഗലക്ഷണം
text_fieldsഅന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും പുതുചിന്തകളുടെയും പ്രഭവകേന്ദ്രങ്ങളായാണ് ലോകമൊട്ടുക്കുമുള്ള സർവകലാശാലകൾ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു രാജ്യത്ത് ജനാധിപത്യ സാമൂഹിക മൂല്യങ്ങൾക്ക് എത്രമാത്രം ഇടമുണ്ട് എന്നറിയാൻ അവിടത്തെ സർവകലാശാലകളെ വിലയിരുത്തിയാൽ മതിയെന്നും പറയാറുണ്ട്. ഇതിനെ പിഴവുകളില്ലാത്ത ഒരു പൊതു മാനദണ്ഡമായി കണക്കാക്കാനാവില്ലെങ്കിലും, മാറുന്ന ഇന്ത്യയുടെ പ്രതിബിംബം ഭീതിദമാംവിധത്തിൽ ദൃശ്യമാകുന്നുണ്ട് നമ്മുടെ സർവകലാശാലകളിൽ എന്നു പറയേണ്ടിവരുന്നു.
പത്തു വർഷത്തിൽ താഴെയുള്ള ഭരണംകൊണ്ട് സമസ്ത മേഖലകളിലും സമഗ്രാധിപത്യ സ്വഭാവം പ്രകടമാക്കിയ നരേന്ദ്ര മോദിയുടെ വലതുപക്ഷ ഹിന്ദുത്വ സർക്കാർ അതിന്റെ ആദ്യനാളുകൾ മുതൽ ഉന്നമിടുന്നുണ്ട് രാജ്യത്തെ സർവകലാശാലകളെ.
സ്വതന്ത്രചിന്തകളുടെയും പ്രതിപക്ഷ വിദ്യാർഥിത്വത്തിന്റെയും വളർത്തുതൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെട്ട ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലക്കുനേരെ തികഞ്ഞ ശത്രുതാമനോഭാവം പ്രകടമാക്കിയ സർക്കാർ, വിദ്യാർഥി ആക്ടിവിസ്റ്റുകളെ വേട്ടയാടി. ലോകമൊട്ടുക്ക് പുകൾപെറ്റ കേന്ദ്ര സർവകലാശാലക്കെതിരായ അപവാദപ്രചാരണങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ഉന്നതർതന്നെ മേൽനോട്ടം വഹിച്ചു.
ഹൈദരാബാദ് സർവകലാശാലയിലെ അധഃസ്ഥിത പിന്നാക്ക സമൂഹത്തിൽനിന്നുള്ള വിദ്യാർഥികളെ തല്ലിക്കെടുത്താനുള്ള നടപടികൾ രോഹിത് വെമുല എന്ന പ്രതിഭയുടെ ജീവിതം ഇല്ലാതാക്കുന്നതിൽ കൊണ്ടെത്തിച്ചു. രാജ്യത്തെ പൗരജനങ്ങൾക്കിടയിൽ വിവേചനത്തിന് വഴിവെക്കുന്ന അന്യായ നിയമത്തിനെതിരെ പൗരത്വസമരവുമായി മുന്നിട്ടിറങ്ങിയ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാർഥികളെ പാഠം പഠിപ്പിക്കാൻ പൊലീസിനെയും ഗുണ്ടകളെയും കയറൂരിവിട്ടു. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ചാൻസലർ എന്ന ആലങ്കാരിക പദവി കൈയാളുന്ന ഗവർണർമാരെ ചട്ടുകങ്ങളാക്കി സർവകലാശാലകളിൽ കടന്നുകയറി ഭരണകൂട താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനും രാജ്യം സാക്ഷിയായി.
മുകളിൽ പരാമർശിച്ചവ ഏറെയും കേന്ദ്ര സർവകലാശാലകളോ ഭരണകൂടങ്ങളുടെ സാമ്പത്തിക-സാങ്കേതിക പിന്തുണയോടെ പ്രവർത്തിക്കുന്നവയോ ആണെങ്കിൽ അലോസരപ്പെടുത്തുന്ന പുതിയ വർത്തമാനങ്ങൾ കേൾക്കുന്നത് സ്വകാര്യ മൂലധനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സർവകലാശാലയിൽനിന്നാണ്. മഹാനായ അശോക ചക്രവർത്തിയുടെ ജ്ഞാനാന്വേഷണത്തിലും പരിവർത്തനത്തിലും പ്രചോദിതമായി, ഉദാരവും ഉദാത്തവുമായ സമഗ്ര വിദ്യാഭ്യാസം ലഭ്യമാക്കുക എന്നലക്ഷ്യത്തോടെ, ആഴത്തിലുള്ള വിമർശനാത്മക ചിന്തക്ക് അവസരം വാഗ്ദാനം ചെയ്ത് ആരംഭംകുറിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി കൈവരിച്ച വിജയത്തിന്റെ ആധികാരികതയെ പ്രശ്നവത്കരിച്ച് ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ ജനാധിപത്യ വ്യതിചലനങ്ങൾ’ എന്ന തലക്കെട്ടിൽ അശോകയിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്ന സബ്യസാചി ദാസ് ഒരു പ്രബന്ധം തയാറാക്കിയിരുന്നു. വോട്ടർമാരുടെ എണ്ണത്തിലെ ക്രമക്കേട്, കടുത്ത മത്സരമുണ്ടായ മണ്ഡലങ്ങളിൽ ബി.ജെ.പി നേടിയ ക്രമാതീത വിജയം എന്നിവയെല്ലാം വിശകലനം ചെയ്യുന്ന പ്രബന്ധം പുറത്തുവന്നത് സ്വാഭാവികമായും ബി.ജെ.പിയെ അസ്വസ്ഥമാക്കി. തൊട്ടുപിന്നാലെ ഗവേഷണ സാധ്യതകളും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർവകലാശാല പ്രബന്ധത്തിൽനിന്ന് അകലം പാലിച്ചും അവലോകന പ്രക്രിയ പൂർത്തിയാക്കാത്ത പഠനമാണിതെന്നും പരസ്യപ്രസ്താവനയിറക്കി. ഒപ്പം തങ്ങളുടെ സ്വതന്ത്ര നിലപാടിനെയും പാരമ്പര്യത്തെയും സംബന്ധിച്ച് ന്യായവാദങ്ങളും നിരത്തി. വൈകാതെ സബ്യസാചി ദാസിന് രാജിക്കത്ത് നൽകി സർവകലാശാലയിൽനിന്ന് ഇറങ്ങിപ്പോരേണ്ടിയുംവന്നു.
ഭരണകൂടത്തിന് പ്രഹരമേൽക്കുമ്പോൾ ഒരു സ്വതന്ത്ര സർവകലാശാലക്ക് വേദനിക്കുന്നുവെന്നുവരുകിൽ അത് അതികലശലായ രോഗത്തിന്റെ ലക്ഷണമാണ്. ഇത് ആദ്യ സംഭവമായിരുന്നെങ്കിൽ യാദൃച്ഛികം എന്നുപറഞ്ഞ് തള്ളിക്കളയാമായിരുന്നു. എന്നാൽ, അശോകയുടെ വി.സി പദവിവരെ വഹിച്ചിട്ടുള്ള ലോകപ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും നിർഭയനായ രാഷ്ട്രീയ നിരീക്ഷകനുമായ പ്രതാപ് ഭാനു മേത്തക്ക് രണ്ടുവർഷം മുമ്പ് രാജിവെക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ ‘രാഷ്ട്രീയ ബാധ്യത’യായി മാറുന്നുവെന്ന് നടത്തിപ്പുകാരിൽനിന്ന് ലഭിച്ച വ്യക്തമായ സന്ദേശത്തെ തുടർന്നായിരുന്നുവെന്നത് മറക്കാനാകുമോ? മേത്തയെ രാജിവെപ്പിച്ചതിൽ പ്രതിഷേധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ അരുൺ സുബ്രഹ്മണ്യനും രൂക്ഷമായ വിമർശനങ്ങളുമായി പടിയിറങ്ങിയിരുന്നു.
സബ്യസാചിയെ സർവകലാശാല കൈയൊഴിഞ്ഞെങ്കിലും സ്വതന്ത്രചിന്തകൾക്ക് വിലകൽപിക്കുന്ന സഹപ്രവർത്തകരിൽ കുറച്ചുപേരെങ്കിലും ചേർത്തുപിടിക്കാൻ മുന്നോട്ടുവന്നുവെന്നത് പ്രതീക്ഷ പകരുന്നു. സർവകലാശാല ഇക്കണോമിക്സ് വിഭാഗത്തിൽ അധ്യാപകനായിരുന്ന ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. പുലാപ്രെ ബാലകൃഷ്ണനാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആദ്യം രാജിവെച്ചത്. സബ്യസാചിയെ തിരിച്ചെടുക്കുന്നതുവരെ ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് ഇക്കണോമിക്സ് വിഭാഗത്തിലെയും ഇംഗ്ലീഷ് ആൻഡ് ക്രിയേറ്റിവ് റൈറ്റിങ് വിഭാഗത്തിലെയും അധ്യാപകരും സർവകലാശാല അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്. സർവകലാശാല മേധാവികൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ പ്രയോഗിക്കുന്ന സമ്മർദത്തിന്റെ തന്ത്രം സർവകലാശാലകൾക്കുമേലും പ്രയോഗിക്കാൻ ഭരണകൂടം ഒരുമ്പെട്ടിറങ്ങുന്നത് വിമർശന-വിമതസ്വരങ്ങളോട് അവർക്കുള്ള അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കിത്തരുന്നു. അക്കാദമിക-വിദ്യാർഥി സമൂഹത്തിന്റെ ഇടർച്ചയില്ലാത്ത ചെറുത്തുനിൽപിലൂടെ മാത്രമേ ഈ ഭീകരാവസ്ഥയെ രാജ്യത്തിന് അതിജയിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.