ആ മൃതശരീരങ്ങള്‍ ലോകത്തോട് പറയുന്നത്
text_fields2015 സെപ്റ്റംബര്‍ രണ്ടിന് മധ്യധരണ്യാഴിയുടെ തീരത്തടിഞ്ഞ ഐലന്‍ കുര്‍ദി എന്ന മൂന്നുവയസ്സുകാരന്‍ അഭയാര്‍ഥിക്കുഞ്ഞിന്‍െറ മൃതശരീരം ആ ഗണത്തില്‍ അവസാനത്തേതായിരിക്കട്ടെ എന്നു ലോകം മനംനൊന്തു പ്രാര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ളെന്നതിന്‍െറ തെളിവാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന 74 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ നിരയായി കിടത്തിയ ഭയാനകമായ ചിത്രം. ഐലനെപ്പോലെ ഇത്രയും ജന്മങ്ങള്‍ മുങ്ങിമരിക്കാനിടയാകുന്ന ഭീകര സാഹചര്യങ്ങളറിയുമ്പോള്‍ നടുക്കം മരവിപ്പായി മാറും. ആഭ്യന്തരയുദ്ധങ്ങളുടെ എരിതീയില്‍നിന്ന് ഓടി രക്ഷപ്പെടുന്ന മനുഷ്യജന്മങ്ങള്‍ പിശാചുക്കള്‍ കാവലിരിക്കുന്ന വറചട്ടിയിലേക്കാണ് എടുത്തെറിയപ്പെടുന്നതെന്ന് മെഡിറ്ററേനിയന്‍െറ ലിബിയന്‍ തീരമായ സാവിയയില്‍ കരക്കടിഞ്ഞ പെണ്ണും കുഞ്ഞും വൃദ്ധരുമെല്ലാമടങ്ങുന്നവരുടെ മൃതശരീരങ്ങള്‍ വിളിച്ചുപറയുന്നു. 150ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ, അവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല.
യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം ശക്തമായതോടെ അതു മുതലെടുക്കാനായി അന്താരാഷ്ട്രതലത്തില്‍ വന്‍ മാഫിയ പ്രവര്‍ത്തിച്ചുതുടങ്ങിയതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന സംഭവവികാസങ്ങളില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ തീരമണഞ്ഞ ഈ അജ്ഞാത ജഡങ്ങള്‍. ആഭ്യന്തരയുദ്ധം കലുഷമാക്കിയ സിറിയ, ലിബിയ എന്നിവിടങ്ങളില്‍നിന്നും പട്ടിണിയും വരള്‍ച്ചയും രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേക്കു കടക്കുന്ന അഭയാര്‍ഥികളെ കടത്തിക്കൊടുക്കാനെന്ന വ്യാജേന എത്തി വന്‍തുക കൈക്കലാക്കുകയും അടിമച്ചന്തയില്‍ വില്‍ക്കുകയും മാഫിയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധസംഘടനകളും ഇതു സംബന്ധിച്ചു പല വട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അന്താരാഷ്ട്രസമൂഹം അതിനു ചെവികൊടുത്തിട്ടില്ല.
എന്നുമാത്രമല്ല, യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുനിന്ന ബ്രിട്ടന്‍െറ നിലപാടും അഭയാര്‍ഥികളെ വംശീയമുദ്രയടിച്ച് വിലക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനവുമൊക്കെ ഈ മനുഷ്യക്കച്ചവടക്കാര്‍ക്കും കടല്‍ക്കിഴവന്മാര്‍ക്കും ആവേശം പകര്‍ന്നു. ഈ വര്‍ഷം പിറന്ന ശേഷം മാത്രം സമുദ്രം കടക്കുമ്പോള്‍ യാനപാത്രം മുങ്ങി മൃതിയടയുന്ന അഭയാര്‍ഥികളുടെ എണ്ണം 330 ആയെന്ന് ലിബിയയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പറയുന്നു. യു.എന്നിന് ഒൗദ്യോഗികമായി ലഭ്യമായ കണക്കു മാത്രമാണിത്്. സിറിയ, അഫ്ഗാനിസ്താന്‍, നൈജീരിയ, ഇറാഖ്, എറിത്രീയ എന്നീ രാജ്യങ്ങളില്‍നിന്നായി ഈ വര്‍ഷം 12,000ത്തിലേറെ അഭയാര്‍ഥികള്‍ യൂറോപ്പിലത്തെിയിട്ടുണ്ട്. മരംകോച്ചുന്ന ശിശിരത്തിലും ദുര്‍ഘടമായ സമുദ്രവഴിയെ നിസ്സഹായരായ അഭയാര്‍ഥികളെ കളിവള്ളങ്ങളിലും മത്സ്യബന്ധന ബോട്ടുകളിലും വരെ കടത്തിക്കൊണ്ടുപോകുന്ന മാഫിയകള്‍ അധികൃതരുടെ പിടിയിലകപ്പെടുമെന്നു വരുമ്പോഴും വേണ്ടത്ര സാമ്പത്തികനേട്ടം കൈവരില്ളെന്നു സംശയിക്കുമ്പോഴും പാവം മനുഷ്യമക്കളെ സമുദ്രത്തിലുപേക്ഷിക്കുകയോ യാനപാത്രങ്ങള്‍ മുക്കിക്കളയുകയോ ചെയ്യുന്ന സംഭവങ്ങള്‍ സാധാരണമായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം അയ്യായിരത്തിലേറെ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിട്ടുണ്ട്. ലോകത്തെതന്നെ ഏറ്റവും അപായകരമായ കടല്‍ക്കടത്തു മാര്‍ഗമായി അറിയപ്പെടുന്ന മധ്യ മെഡിറ്ററേനിയനിലെ ലിബിയന്‍ റൂട്ടാണ് ഈ മനുഷ്യക്കടത്തുകാര്‍ ഉപയോഗിക്കുന്നതെന്നറിയുമ്പോള്‍ മാനവികതക്കെതിരായ എത്ര കൊടിയ പാതകമാണ് ഇക്കൂട്ടര്‍ ചെയ്തുകൂട്ടുന്നതെന്നു മനസ്സിലാക്കാം. അഞ്ചു വര്‍ഷമായി ആഭ്യന്തരയുദ്ധം നടന്നുവരുന്ന ലിബിയയില്‍ വിവിധ സായുധസംഘങ്ങള്‍തന്നെ അഭയാര്‍ഥികളെ വെച്ച് വിലപേശാനും പണമുണ്ടാക്കാനും രംഗത്തുണ്ട്. ലിബിയയില്‍ നിലവിലുള്ള ഭരണകൂടം മനുഷ്യക്കടത്ത് മാഫിയയെ നിയന്ത്രിക്കാനാവശ്യമായ പരിശീലനത്തിനും മറ്റുമായി നാറ്റോയോട് സഹായമര്‍ഥിച്ചിരുന്നു. ബ്രിട്ടന്‍ നിലവില്‍ 17 ലക്ഷം പൗണ്ടിന്‍െറ സഹായം ലിബിയയിലെ തടങ്കല്‍പാളയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊക്കെ നാമാവശേഷമാക്കുന്ന പ്രതിസന്ധിയാണ് ലിബിയയിലേത്.
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് സമാനമായ വിചാരണത്തടങ്കല്‍ പാളയങ്ങളില്‍ മനുഷ്യര്‍ ഞെങ്ങിഞെരുങ്ങുകയാണെന്നും ഈ സ്ഥിതിവിശേഷം മാഫിയകള്‍ മുതലെടുക്കുകയാണെന്നും യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച മാള്‍ട്ടയില്‍ ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി കൂടിയെങ്കിലും പ്രശ്നത്തിന് കൃത്യമായ പരിഹാരം കണ്ടത്തൊന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍ യൂറോപ്പിന്‍െറയും അമേരിക്കയുടെയും സ്വയം കൃതാനര്‍ഥങ്ങളാല്‍ സിറിയയും ലിബിയയും അഫ്ഗാനുമൊക്കെ കലുഷമായതിന്‍െറ ഫലമാണിപ്പോള്‍ അഭയാര്‍ഥിപ്രവാഹമായി അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൊന്ന പാപം തിന്നു തീര്‍ക്കേണ്ടിവരുമെന്നു കണ്ടറിഞ്ഞുതന്നെ അഭയാര്‍ഥികളെ മനുഷ്യത്വരഹിതമായ രീതിയില്‍ ദുരവസ്ഥയില്‍ കൊണ്ടുതള്ളുന്ന തീരുമാനമാണ് പടിഞ്ഞാറന്‍ ശക്തികളുടേത്.
ലിബിയയില്‍ കുമിഞ്ഞുകൂടിയ അഭയാര്‍ഥികള്‍ക്ക് അവിടെ ‘വിശാലമായ’ സൗകര്യങ്ങളൊരുക്കുകയും അവര്‍ സമുദ്രം വഴി യൂറോപ്പിലേക്കു കടക്കാതിരിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ചെയ്തുകൊടുക്കുകയുമാണിപ്പോള്‍ അന്താരാഷ്ട്ര സമൂഹം ചെയ്തുവരുന്നത്. ലിബിയയില്‍നിന്ന് രക്ഷപ്പെടാന്‍ വെമ്പുന്നവരെ അവിടത്തെന്നെ പിടിച്ചിടാനുള്ള തീരുമാനത്തിനെതിരെ സന്നദ്ധസംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും ഗൗനിക്കപ്പെട്ടിട്ടില്ല. ഫ്രാന്‍സും ജര്‍മനിയും നെതര്‍ലന്‍ഡ്സും തെരഞ്ഞെടുപ്പിനൊരുങ്ങിയിരിക്കെ തീവ്ര വലതുപക്ഷവുമായി മുഖാമുഖം നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്ക് അഭയാര്‍ഥികളെ യൂറോപ്പ് തീണ്ടിക്കാതെ നോക്കിയെന്നു വരുത്താനുള്ള വ്യഗ്രതയുടെ ഫലംകൂടിയാണ് മെഡിറ്ററേനിയന്‍ തീരങ്ങളില്‍ വന്നടിയുന്ന അഭയാര്‍ഥികള്‍. അവരെ ദുരിതത്തില്‍തന്നെ ചിറകെട്ടിനിര്‍ത്താനുള്ള നീക്കങ്ങള്‍ വന്‍ദുരന്തമായി യൂറോപ്പിനെ വിഴുങ്ങും. ഇനിയെത്ര കാതം എന്നേ നോക്കാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.