ബാഹ്യ ശക്തികൾക്കിടയിൽ സിറിയയുടെ ഭാവി
text_fieldsഡിസംബർ എട്ടിന് സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഹൈഅത്ത് തഹ്‌രീർ അശ്ശാം (എച്ച്.ടി.എസ്) രാജ്യഭരണം പിടിച്ചടക്കുകയും മുൻ പ്രസിഡന്‍റ് ബശ്ശാറുൽ അസദ് നാടുവിട്ട് റഷ്യയിൽ അഭയം തേടുകയും ചെയ്തതോടെ ആരാവും സിറിയയെ ഇനി നിയന്ത്രിക്കുക എന്നും അതിൽ വിദേശശക്തികളുടെ പങ്ക് എന്തായിരിക്കുമെന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമുള്ള ഭരണകൂടങ്ങൾക്കെതിരെ സഹസ്രാബ്ദത്തിന്‍റെ ആദ്യദശകത്തിൽ അറബ് വസന്തമെന്നറിയപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. അതിൽ ഈജിപ്ത്, തുനീഷ്യ, അൽജീരിയ, ലിബിയ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ കടപുഴകിയെങ്കിലും നീണ്ട സൈനിക ചെറുത്തുനിൽപിലൂടെയും അതിക്രൂര മർദനങ്ങളിലൂടെയും പിടിച്ചുനിന്ന രാജ്യമാണ് സിറിയ. റഷ്യ, ഇറാൻ, ഇറാൻ വഴി ലബനാനിലെ ഹിസ്ബുല്ല എന്നിവരുടെ പിന്തുണയാണ് അതിനു സിറിയയെ ഏറെ തുണച്ചത്. എന്നാൽ, ഈ മാസാദ്യം എത്തുമ്പോഴേക്കും യുക്രെയ്ൻ യുദ്ധത്തിൽ മുഴുകിയ റഷ്യക്കോ ഇസ്രായേലിനെ നേരിടുന്നതിൽ വെല്ലുവിളികളെ എതിരിടേണ്ടിവന്ന ഇറാനോ ഹിസ്ബുല്ലക്കോ അസദിനെ രക്ഷിക്കാൻ വലിയ നിർബന്ധമില്ലാതായി എന്നതാണ് നേര്. റിപ്പോർട്ടുകളനുസരിച്ച് സിറിയയുടെ സഹായാഭ്യർഥന റഷ്യയും ഇറാനും തൽക്കാലം ആവില്ലെന്ന് പറഞ്ഞു നിരസിച്ചുവത്രെ.
ആഭ്യന്തര നിയന്ത്രണം എച്ച്.ടി.എസിനു എത്രമാത്രം സാധ്യമാവും എന്ന ചോദ്യമാണ് ആദ്യമുയരുക. വേറെയും ചില സൈനിക ശക്തികൾക്കും ചെറുതോ വലുതോ ആയ സ്വാധീനമുണ്ട്. സിറിയൻ ദേശീയ സൈന്യം (എസ്.എൻ.എ) എന്നറിയപ്പെടുന്ന ഗ്രൂപ്പിന് തുർക്കിയയുടെ പിന്തുണ ഉണ്ടെന്നതിനാൽ എച്ച്.ടി.എസിലൂടെ തന്നെ തുർക്കിയക്ക് ഒരു റോൾ ഉണ്ടാവും എന്നതിൽ സംശയമില്ല. മാത്രമല്ല എസ്.എൻ.എയുടെ കൂടി സഹകരണത്തിലാണ് സൈനികമുന്നേറ്റം നടത്തിയതും. കൂടാതെ, സിറിയൻ കുർദുകളുടെ സൈനികവത്കൃത വിഭാഗമായ സിറിയൻ ജനാധിപത്യസൈന്യവും (എസ്.ഡി.എഫ്) ചിത്രത്തിലുണ്ട്. പക്ഷേ, എസ്.ഡി.എഫിന്റെ മുഖ്യസാന്നിധ്യം മുമ്പ് ഇസ്ലാമിക സ്റ്റേറ്റിനെതിരെ പ്രതിരോധിച്ച അമേരിക്കൻ-പിന്തുണയുള്ള കക്ഷി എന്ന നിലക്കായിരുന്നു. ഇതിനെല്ലാം പുറമെ, അസദ് കുടുംബത്തിന്റെ തന്നെ വിഭാഗമായ അലവികളുടെ മിലീഷ്യയും എഴുതിത്തള്ളാവുന്ന ഒന്നല്ല, അലവികൾ ജനസംഖ്യയുടെ 15 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും. അമേരിക്കക്ക് സിറിയയുടെ കാര്യത്തിലുള്ള താൽപര്യം ഇസ്രായേലിനു ഭീഷണി ആവുമ്പോൾ മാത്രമാണ്. ഇസ്രയേലിനെ നേരിടുന്നതല്ല തന്‍റെ പ്രഥമ അജണ്ട എന്ന് സൂചന നൽകിയ എച്ച്.ടി.എസ് നേതാവ് ജൂലാനി, സിറിയയിൽ നിന്ന് ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ആരെയും അനുവദിക്കില്ല എന്നു കൂടി പറഞ്ഞുവെച്ചു.
തകർന്നടിഞ്ഞ രാജ്യത്തിന്‍റെ പുനർനിർമാണം തന്നെയാവും ജൂലാനിയുടെ മുൻഗണന. അഭയാർഥികളായി പോയ ദശലക്ഷക്കണക്കിന് പൗരർ തിരിച്ചു വരവിനുള്ള ഒരുക്കത്തിലുമാണ്. മേഖലയിൽ മറ്റിടങ്ങളിൽ അമേരിക്ക ഇടപെട്ടപ്പോഴുണ്ടായ ചരിത്രവും അദ്ദേഹത്തിന്‍റെ മുന്നിലുണ്ട്. രാസായുധങ്ങളുണ്ടെന്ന പേരിൽ ഭരണമാറ്റം വരുത്താൻ കടന്നുകയറി ജീവനും സ്വത്തും നശിപ്പിച്ച ഇറാഖിൽ ഇന്നും സമാധാനം ലഭിച്ചിട്ടില്ല. അഫ്‌ഗാനിസ്താനിൽ റഷ്യക്കെതിരെ മുജാഹിദീൻ സൈന്യത്തെ സഹായിച്ചു. പിന്നെ, ബിൻ ലാദിന്‍റെ പേരിൽ കൂട്ടക്കുരുതിക്കും കുഴപ്പങ്ങൾക്കും ശേഷം സൈന്യത്തെ പൊടുന്നനെ പിൻവലിച്ച് ഭരണം താലിബാന്‍റെ കൈയിൽ ഏൽപിച്ചുകൊടുക്കേണ്ടി വന്നു. ആഫ്രിക്കയിലെ ശക്ത ഭരണകൂടങ്ങളിൽ ഒന്നായിരുന്ന ലിബിയയിൽ ഖദ്ദാഫിയിൽനിന്ന് മോചിപ്പിക്കാൻ സർവതും ബോംബിട്ടു നശിപ്പിച്ച് രാജ്യത്തെ അനാഥമാക്കി വിട്ടു. ഇതാണ് അമേരിക്കൻ ഇടപെടലിന്‍റെ ബാക്കി പത്രം.
അമേരിക്ക മറ്റെല്ലാ രാജ്യങ്ങളിലെയും കാര്യം ശരിയാക്കാൻ പോകേണ്ട എന്ന ട്രംപോക്തി നിലനിൽക്കുന്നുവെങ്കിലും, സെൻറ്‌കോം കമാൻഡർ മൈക്കൽ കുറില്ല ഒരു വിധത്തിലും ഐസിസ് സൈന്യത്തെ സിറിയയിലെ ശൂന്യത ചൂഷണം ചെയ്യാൻ അനുവദിക്കില്ല എന്ന് പറയുന്നുണ്ട്. പക്ഷേ, അതിനിനി വലിയ പ്രസക്തിയില്ല. ഇറാഖിൽ കുറെ ജയിൽവാസം അനുഭവിക്കുകയും യു.എസ് ഭീകര പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത മുൻ ഐസിസുകാരൻ ജൂലാനിയിൽ പ്രതീക്ഷയർപ്പിക്കുന്ന ധ്വനിയിലാണ് ഇപ്പോൾ അമേരിക്കയുടെ പ്രതികരണങ്ങൾ. എച്ച്.ടി.എസിനെ അംഗീകരിക്കുന്ന വേറെയും പാശ്ചാത്യ പ്രതികരണങ്ങൾ കേൾക്കാനുണ്ട്. ഫ്രാൻസ് തങ്ങളുടെ സ്ഥാനപതി കാര്യാലയത്തിൽ ഫ്രഞ്ച് പതാക ഉയർത്തി. എച്ച്.ടി.എസ് പലരാജ്യങ്ങളുടെയും ഭീകര പട്ടികയിലുണ്ടെങ്കിലും, യൂറോപ്യൻ യൂനിയൻ സ്ഥാനപതി കാര്യാലയം തുറക്കുമത്രേ. ഐക്യരാഷ്ട്ര സഭയുടെ മാനുഷികസഹായ തലവൻ ടോം ഫ്ലെച്ചർ സിറിയയിലെ മാറ്റങ്ങളെ സ്വാഗതം ചെയ്ത് മാനുഷിക സഹായം വർധിപ്പിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു. ജർമൻ നയതന്ത്രജ്ഞരും ഡമസ്കസിൽ എത്തി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മേലോനി പറഞ്ഞത്, പുതിയ നേതൃത്വവുമായി ബന്ധപ്പെടാൻ സന്നദ്ധമാണെന്നാണ്.
ഇതിനെല്ലാമിടയിൽ തന്നെ പുതിയ സിറിയ തങ്ങൾക്കു ഒരു തരത്തിലും ഭീഷണിയാവരുതെന്ന ഒറ്റ ക്കാര്യത്തിലാണ് ഇസ്രായേലിന്‍റെ ശ്രദ്ധ. സൈനികമായി ദുർബലമായ സിറിയയെ കൂടുതൽ ദുർബലമാക്കാൻ മിസൈൽ ശേഖരണ കേന്ദ്രത്തിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കു നേരെയും ഇസ്രായേൽ ആക്രമണം നടത്തി. തർത്തൂസ് മേഖലയിലെ കപ്പൽപട മൊത്തം നശിപ്പിച്ചെന്നും കഴിഞ്ഞ പത്ത് വർഷത്തിൽ ഉണ്ടായിട്ടില്ലാത്ത തോതിലായിരുന്നു ആക്രമണമെന്നുമാണ് റിപ്പോർട്ടുകൾ. അതിനർഥം ലോക പൊലീസ് ചമയുന്ന അമേരിക്കയും അവരുടെ മേഖലാ സ്ഥാനപതിയായി വർത്തിക്കുന്ന ഇസ്രായേലും, സുരക്ഷിതമാവുക എന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അതിനു ഏതു സൈനിക ഇടപെടലിനും തങ്ങൾ മുതിരുമെന്നുമാണ്.
മാത്രമല്ല, ഇസ്രായേൽ അതിർത്തിയിൽ 1967ലെ യുദ്ധം വരെ സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾക്കിടയിലെ സൈന്യമുക്ത ബഫർ മേഖലയിലും ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നു-ഡമസ്കസിലെ ശൂന്യതയിൽ ആരും അവിടെ പിടിച്ചടക്കില്ലെന്ന് ഉറപ്പുവരുത്താൻ. എങ്ങനെ നോക്കിയാലും സിറിയയെ വെറുതെ വിട്ടാൽ എന്താകുമെന്നു കാണാനുള്ള അവസരമാണിപ്പോൾ കൈവന്നിരിക്കുന്നത്. താരതമ്യേന സ്വീകാര്യവും നീതിയുക്തവുമായ ആദർശ പ്രചോദിത വിഭാഗമെന്ന മുഖം നിലനിർത്തുകയും ഇതര സൈനിക ഗ്രൂപ്പുകളെ ചേർത്തുനിർത്തി രാഷ്ട്രഭരണം നടത്തുകയും ചെയ്യാൻ എച്ച്.ടി.എസിനു കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിറിയയുടെ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.