സഭയിലെ കണ്ണീരും തെരുവിലെ രക്തവും
text_fieldsനിയമനിർമാണസഭകളെക്കുറിച്ച് ജനങ്ങളിൽ അവശേഷിക്കുന്ന പ്രതീക്ഷയും മതിപ്പും നഷ്ടപ്പെടുത്തിക്കളയും അവിടെ നടക്കുന്ന ചില നാടകങ്ങൾ. കാലാവധി പൂർത്തിയാക്കി മടങ്ങുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിലെ 'കണ്ണീർ പ്രയോഗം' അത്തരത്തിലൊന്നായി മാത്രമേ കാണാനാവൂ.
ഇത്തരം വിദ്യകൾ വാർത്തയിൽ നിറയാൻ നേതാക്കളെ സഹായിക്കുന്നതുപോലെ മനസ്സിൽനിന്ന് എളുപ്പത്തിൽ മാഞ്ഞുപോകാത്ത ചില വാർത്തകളും സംഭവങ്ങളും സാമാന്യ ജനത്തെ ഓർമപ്പെടുത്തുകയും ചെയ്യും.
അവകാശ സംരക്ഷണത്തിനായി സമരംചെയ്യുന്ന കർഷകരെ അടിമുടി പുച്ഛത്തോടെ 'സമരജീവി'കളെന്ന് തലേദിവസം പരിഹസിച്ച അതേ പ്രസംഗപീഠത്തെ സാക്ഷിനിർത്തി,പടിയിറങ്ങുന്ന പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെ സ്വന്തം പാർട്ടിയെ മാത്രമല്ല, രാജ്യത്തെയും പരിഗണിച്ച നേതാവ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി കണ്ണീർ വാർത്തു.
ഇത് പ്രതിപക്ഷ ബഹുമാനത്തിെൻറ പകരംവെക്കാനാവാത്ത ഉദാഹരണമായും മറ്റും ഭരണപക്ഷ ബെഞ്ചുകളും അവർ നിയന്ത്രിക്കുന്ന വാർത്താ ഡെസ്കുകളും വാഴ്ത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രശംസയും പരാമർശങ്ങളും വെള്ളം ചേർക്കാതെ വിശ്വസിച്ച മട്ടിലാണ് രാഷ്ട്രീയ വിയോജിപ്പുകൾക്കതീതമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളെന്നും ഈദിന് മുടങ്ങാതെ ആശംസ അറിയിക്കുന്ന നേതാവെന്നും വിശേഷിപ്പിച്ച് ഗുലാംനബി കൈകൂപ്പി കണ്ണീർ വാർത്ത് മറുപടി പറഞ്ഞത്.
ആഘോഷവേളകളിൽ വിളിച്ച് ആശംസ അറിയിക്കുന്നതും വിടവാങ്ങൽ ചടങ്ങുകളിൽ സങ്കടം പറയുന്നതുമാണോ സത്യത്തിൽ പ്രതിപക്ഷ ബഹുമാനം? സാങ്കേതികത്വത്തിെൻറ പേരിൽ ഏഴുവർഷമായി പ്രതിപക്ഷ നേതാവില്ലാത്ത ലോക്സഭയാണ് നമ്മുടേതെന്ന് ആരെങ്കിലുമോർക്കുന്നുണ്ടോ? സഭയിൽ വൻഭൂരിപക്ഷം നേടിയ പാർട്ടിയും അതിെൻറ നേതാവും പുലർത്തുന്ന ദുശ്ശാഠ്യമാണ് ഇതിനു കാരണമെന്നും വാഴ്ത്തു മാധ്യമങ്ങൾ ജനങ്ങളോടു പറഞ്ഞിട്ടുണ്ടോ?
ഭരണഘടന നൽകിയ പ്രത്യേകാധികാരം കീറിയെറിഞ്ഞ് ജമ്മു-കശ്മീരിെൻറ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളയാനും അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാനും മുന്നിട്ടിറങ്ങവെ കശ്മീരിൽനിന്നുള്ള 'പാർട്ടിയെപ്പോലെ രാജ്യത്തെ സ്നേഹിക്കുന്ന' രാജ്യസഭാ പ്രതിപക്ഷ നേതാവിനോട് അഭിപ്രായമാരായാനുള്ള രാഷ്ട്രീയ മര്യാദ ഇപ്പോൾ വികാരജീവി ചമയുന്ന പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നുേവാ? ദുരിതമനുഭവിക്കുന്ന കശ്മീരി ജനതക്ക് സമാശ്വാസമേകാൻ സർവകക്ഷി സംഘത്തെ അയക്കണമെന്ന ഇദ്ദേഹമുൾപ്പെടെയുള്ള നേതാക്കളുടെ അഭ്യർഥനകൾക്ക് വില കൽപിച്ചിരുന്നുവോ? ഇല്ല തന്നെ.
കശ്മീർ സന്ദർശിക്കാനുള്ള ഗുലാം നബിയുടെ ശ്രമം പോലും തടയപ്പെട്ടു. മോദി അദ്ദേഹത്തെ വിളിച്ച് ഈദ് മുബാറക് പറഞ്ഞ ചില പെരുന്നാൾ ദിവസങ്ങളിൽ കശ്മീരിലെ മാതാപിതാക്കൾക്ക് സ്വന്തം മക്കളുമായി ആശയവിനിമയം നടത്താൻപോലും അവസരമില്ലാത്തവിധം ഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു ഭരണകൂടം.
അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ കശ്മീരിൽനിന്നുള്ള തെൻറ രാഷ്ട്രീയ സുഹൃത്തിനെയോർത്തല്ല, ആ ദേശത്തിന് വരുത്തിവെച്ച കെടുതികളെയോർത്താണ് പ്രധാനമന്ത്രി കണ്ണുനിറക്കേണ്ടിയിരുന്നത്.
താൻ ഗുജറാത്തിലും ഗുലാംനബി കശ്മീരിലും മുഖ്യമന്ത്രിമാരായിരിക്കെ 2007ൽ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തുന്നതുവരെ സ്വന്തം കുടുംബാംഗങ്ങളുടെ കാര്യത്തിലെന്ന ആത്മാർഥതതോടെ അദ്ദേഹം ഇടപെട്ടുവെന്ന് ഓർത്തെടുക്കുന്ന നരേന്ദ്ര മോദി സ്വന്തം നാട്ടിൽ വർഗീയ-ജാതീയ ഭീകരവാദികളുടെ അതിക്രമങ്ങളിൽ കൊല്ലപ്പെടുന്നവരോട് പുലർത്തിയ സമീപനം എന്തായിരുന്നുവെന്നും രാഷ്ട്രം വ്യക്തമായി ഓർമിക്കുന്നുണ്ട്.
2014ൽ അധികാരമേൽക്കുന്നതിനു തൊട്ടുമുമ്പ് തുടങ്ങിയതാണ് മോദിയുടെ കണ്ണീർ പ്രസംഗങ്ങൾ. 2015ൽ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന ചോദ്യോത്തര പരിപാടിയിൽ അമ്മയെ ഓർത്ത് കരഞ്ഞു, രാജ്യത്തെ സാധുജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധ ശേഷം ഗോവയിൽ നടന്ന പൊതുപരിപാടിയിൽ താൻ വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ചത് ഈ രാജ്യത്തിന് വേണ്ടിയാണെന്ന അവകാശവാദത്തിെൻറ അകമ്പടിയോടെ ഇതാവർത്തിച്ചു.
56 ഇഞ്ചിെൻറ വീമ്പു പറഞ്ഞ് വീരപരിവേഷം സ്ഥാപിക്കുന്നതിനൊപ്പം തന്നെ അതിശക്തനെങ്കിലും തനി പച്ചമനുഷ്യനാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന അനുകമ്പ ജനങ്ങളിൽ പടച്ചുവിടാനാണീ കലാപരിപാടി.
അവകാശങ്ങൾ ചോദിക്കുന്ന ജനങ്ങളെ കണ്ണീർ വാതക ഷെല്ലുകളെറിഞ്ഞ് ആട്ടിപ്പായിക്കുന്ന, സുതാര്യമായ രാഷ്ട്രീയ കാഴ്ചപ്പാട് നഷ്ടമായ ധാർഷ്ട്യക്കാരായ പല നേതാക്കളും മുമ്പും അവലംബിച്ചിട്ടുള്ള ആയുധമാണ് പൊതുവേദിയിലെ കണ്ണീർ പൊഴിക്കൽ. ഹിറ്റ്ലർ, മുസോളിനി, ചർച്ചിൽ എന്നിങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ലോക ചരിത്രത്തിൽ ലഭ്യം. പലപ്പോഴുമത് ഭരണപരാജയം കഴുകിക്കളയാനും അധികാരം വീണ്ടെടുക്കാനും പര്യാപ്തമായിത്തീരുന്നു.
ഇത്തരം നാടകങ്ങളെ മുഖവിലക്കെടുക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് പകരം ലഭിക്കുന്നതാവട്ടെ തീർത്തും ദ്രോഹകരമായ നയങ്ങളും തോരാക്കണ്ണീരുമാണെന്നത് ചരിത്രത്തിലെ അടുത്ത അധ്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.