Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightധാർമിക ജീർണതയുടെ...

ധാർമിക ജീർണതയുടെ സയണിസ്റ്റ് നാട്

text_fields
bookmark_border
ധാർമിക ജീർണതയുടെ സയണിസ്റ്റ് നാട്
cancel

മുക്കാൽ നൂറ്റാണ്ടുകാലത്തെ അധിനിവേശത്തിനിടക്ക് അനധികൃത കുടിയേറ്റം മുതൽ വംശഹത്യ വരെ നടത്തി, ഒടുവിലിപ്പോൾ മേഖലയിലാകെ യുദ്ധം വ്യാപിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇസ്രായേൽ. സ്വയംകൃതാനർഥങ്ങൾമൂലം തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാക്കി അതിനെ ‘വളർത്തിയ’ സയണിസ്റ്റ് ഭരണകൂടം, പുറമേക്ക് ശക്തിയും ധാർമികതയും ഭാവിക്കുമ്പോഴും പിടിച്ചുനിൽക്കാൻ വേണ്ടി മറ്റു രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണിപ്പോൾ. യുദ്ധമില്ലാത്ത അവസ്ഥയെ ഭയക്കുന്ന സർക്കാറായിരിക്കുന്നു അവിടത്തേത്. യുദ്ധം നിലക്കുന്നതോടെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സർക്കാർ തകരുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ലോക കോടതിയുടെ അറസ്റ്റ്‍വാറന്റ് കാത്തിരിക്കുന്ന നെതന്യാഹു നിലനിൽപിനു വേണ്ടി സ്വന്തം പാപങ്ങളുടെ ഭാണ്ഡം ലോകത്തിനു മേൽ കെട്ടിവെക്കാനുള്ള ശ്രമത്തിലാണത്രെ. സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ക്ഷയിക്കുന്ന ഈ ഹിംസാത്മക രാഷ്ട്രത്തെ പിന്താങ്ങുന്നവർപോലും നിന്ദ ഏറ്റുവാങ്ങുന്ന അവസ്ഥയാണിന്ന്.

ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാൻ പത്തുമാസം തീവ്രമായി യത്നിച്ചിട്ടും ഒന്നും നേടാനായില്ല. ലക്ഷങ്ങളെ കൊന്നുകൂട്ടി; യുദ്ധക്കുറ്റങ്ങൾ ധാരാളമായി ചെയ്തുകൂട്ടി; കുറേ എതിർപക്ഷ നേതാക്കളെ ചതിയിൽ കൊന്നു. ഒരു ഭൂപ്രദേശമാകെ തരിപ്പണമാക്കി. പക്ഷേ, സൈനികമായി ഒന്നും നേടിയില്ല. പത്തുമാസത്തിനു മുമ്പത്തേതിനേക്കാൾ മോശമാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘മിഡിലീസ്റ്റിലെ അവസാന യൂറോപ്യൻ കോളനി’യായ ഇസ്രായേലിനെ നയിക്കുന്ന യൂറോപ്യർക്ക് യുദ്ധമൊഴിച്ച് മറ്റൊരു അജണ്ടയുമില്ലാതായിരിക്കുന്നു. പ്രസിഡന്റ് ഹെർസോഗ് (അയർലൻഡ്), പ്രധാനമന്ത്രി നെതന്യാഹു (പോളണ്ട്), പ്രതിരോധ മന്ത്രി ഗാലന്റ് (പോളണ്ട്), ധനമന്ത്രി സ്മോട്രിച്ച് (യുക്രെയ്ൻ), യുദ്ധ മന്ത്രിസഭാംഗം ഗ്രാന്റ്സ് (ഹംഗറി), പ്രതിപക്ഷ നേതാവ് ലപിദ് (സെർബിയ), യു.കെ അംബാസഡർ ഹൊട്ടോവെലി (ജോർജിയ), യു.എൻ പ്രതിനിധി എർദാൻ (റുമേനിയ) തുടങ്ങിയവർ ഫലസ്തീൻ പ്രദേശത്തുവന്ന് അവിടത്തുകാരെ അടിച്ചൊതുക്കാനും കൊന്നുതീർക്കാനും നോക്കുന്നതിലെ ‘സുരക്ഷാ’വാദം ഇതിനകം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

നയതന്ത്രതലത്തിൽ ഇസ്രായേൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനേകം രാജ്യങ്ങൾ ഫലസ്തീന് ഔദ്യോഗിക അംഗീകാരം നൽകിവരുന്നു. വിവിധ രാജ്യങ്ങളുടെ ജനപ്രതിനിധി സഭകളിലും ഒളിമ്പിക്സ് വേദികളിലും ഇസ്രായേൽ വിമർശിക്കപ്പെടുന്നു. സയണിസ്റ്റ് രാഷ്ട്രത്തിന് ശക്തമായ പിന്തുണ നൽകിവരുന്ന ബ്രിട്ടനിൽ, സയണിസ്റ്റ് പക്ഷക്കാരനും ഫലസ്തീൻ വിരുദ്ധനുമായി അറിയപ്പെടുന്ന പുതിയ പ്രധാനമന്ത്രിക്കുകീഴിൽ അവിടത്തെ സർക്കാർ എടുത്ത ഒരു തീരുമാനം ശ്രദ്ധേയമാണ്. നെതന്യാഹുവിനെതിരെ ലോകകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാൽ അതിനെ എതിർക്കില്ല എന്നത്രെ അത്. നാഗസാക്കി അനുസ്മരണത്തിലേക്ക് ഇസ്രായേലിനെ ജപ്പാൻ ക്ഷണിച്ചില്ല. നെതന്യാഹു യു.എസ് കോൺഗ്രസിൽ പ്രസംഗിച്ചപ്പോൾ ഒരുപാട് അംഗങ്ങൾ വിട്ടുനിന്നതും ഒരു സൂചനയാണ്. ഇത്തരം രാഷ്ട്രീയ പരാജയങ്ങൾക്ക് പുറമെയാണ് ആ രാജ്യം നേരിടുന്ന സാമ്പത്തികത്തകർച്ച.

കഴിഞ്ഞ പത്തുമാസങ്ങളിൽ 17 ശതമാനം തൊഴിലാളികൾ ഒഴിഞ്ഞുപോയതോടെ വ്യാപാരമേഖല ക്ഷീണിക്കുകയാണ്. അഞ്ചുലക്ഷത്തിലേറെ ‘ഇസ്രായേലികൾ’ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോയതായാണ് കണക്ക്. 46000 ബിസിനസ് സ്ഥാപനങ്ങൾ പൂർണമായും നിലച്ചുകഴിഞ്ഞു. ഇക്കൊല്ലമവസാനത്തോടെ അത് 60,000 ആകുമത്രെ. ‘തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇസ്രായേൽ’ എന്നാണ് അവിടത്തെ പത്രമായ ‘മആരിവ്’ ഈയിടെ തുറന്നെഴുതിയത്. അവിടത്തെ ബഹുരാഷ്ട്ര കമ്പനികൾക്ക് ബഹിഷ്‍കരണംമൂലം വൻനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇസ്രായേലിലേക്കുള്ള നാവികപാതകളിൽ പരക്കെ ഉയരുന്ന തടസ്സങ്ങൾ ഇതിന് പുറമെയാണ്.

ഇപ്പോഴിതാ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ബാധിച്ച വേരുചീയൽ രോഗവും ലോകം കാണുന്നു. ഫലസ്തീൻ തടവുകാരെ പൈശാചികമായി പീഡിപ്പിക്കുന്നതിന്റെ അനേകം വാർത്തകൾ മുമ്പേ കേൾക്കുന്നതാണ്. ഒടുവിൽ, ലോകകോടതിയുടെ ഇടപെടൽ പേടിച്ചാണത്രെ, ഒരു ഫലസ്തീൻകാരനെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പത് ഇസ്രായേലി സൈനികർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചു. സൈനികർ പ്രതിഷേധിച്ച്, കുറ്റവാളികളെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞു. ജനങ്ങൾ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി സൈനിക ബേസ് ആക്രമിച്ച് അകത്തുകയറി. കുറ്റവാളികളെ അറസ്റ്റിൽനിന്ന് രക്ഷിക്കാൻ കഴിയാതെവന്നപ്പോൾ മറ്റൊരു സൈനികബേസിലേക്കും സൈനിക ആസ്ഥാനത്തേക്കും ജനം പ്രതിഷേധമാർച്ച് നടത്തി.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇസ്രായേലി പാർലമെന്റായ നെസറ്റിന്റെ പ്രത്യേക യോഗം വിളിച്ചുചേർത്തു. അതിൽ ഒരു ഭരണപക്ഷ അംഗം സൈനികരെ ന്യായീകരിച്ചപ്പോൾ മറ്റൊരംഗം ചോദിച്ചു: മലദ്വാരത്തിൽ വടി കുത്തിക്കയറ്റി രക്തം വാർന്ന അവസ്ഥയിൽ ആശുപത്രിയിലാണ് ഫലസ്തീൻകാരൻ. ‘ഈ ചെയ്തി നിയമാനുസൃതമാണെന്നോ?’ ഉടനെ വന്നു മറുപടി: ‘അവരോട് എന്തുചെയ്താലും നിയമാനുസൃതമാണ്’. ഒരു സമൂഹത്തിന്റെ, ഒരു രാജ്യത്തിന്റെ, ധാർമിക ജീർണതയുടെ നെല്ലിപ്പടിയാണ് ഇസ്രായേൽ. അപ്പാർതൈറ്റിനും വംശഹത്യക്കും ഉത്തരവാദി എന്നും, അനധികൃത അധിനിവേശകരെന്നും ലോകകോടതി വിധിച്ച ഈ നാട് ഇപ്പോൾ ലോകത്തെത്തന്നെ നശിപ്പിക്കാൻ പോന്ന ഹിംസയിലേക്കാണ് ഊളിയിടുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും യു.എൻ നേതൃത്വത്തിനും ഉണ്ടായില്ലെങ്കിൽ ഫലം സർവനാശമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelZionistZionist genocide
News Summary - Zionist genocide, Zionist, Israel
Next Story