രാമരാജ്യത്തിന്റെ കേളികൊട്ട്
text_fieldsജനുവരി 22 തിങ്കളാഴ്ച അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട അതേ സ്ഥാനത്ത് അസാമാന്യ വേഗത്തിൽ നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മുഖ്യ യജമാനപദവിയിൽ വിരാജിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം പ്രമുഖരുടെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ ഭാഷയിൽ രാജ്യം പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിക്കുകയാണ്. വരാനിരിക്കുന്ന ആയിരം വർഷങ്ങൾക്കുള്ള അടിത്തറയാണ് പാകിയിരിക്കുന്നതെന്ന് മോദി ആഹ്ലാദപൂർവം പ്രഖ്യാപിച്ചിരിക്കുന്നു. ഇനിമേൽ ഇന്ത്യ എന്ന ഭാരതം രാമരാജ്യമായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് സംഘ്പരിവാറിന്റെയും അവർ നേതൃത്വം നൽകുന്ന സർക്കാറിന്റെയും അവകാശവാദം. കഴിഞ്ഞ പത്തുവർഷമായി കേന്ദ്രത്തിലും പ്രധാന സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന ഹിന്ദുത്വപാർട്ടി കാഴ്ചവെച്ച മാതൃകയിൽനിന്ന് എന്ത് മാറ്റമാണ് ഇനിമേൽ ഉണ്ടാവുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. രാമരാജ്യമാണ് വരാനിരിക്കുന്നതെന്നും ഈ ദിവസം ഇന്ത്യയുടെ ശബ്ദം മാത്രമല്ല, അഭിമാനവും തിരികെയെത്തിയെന്നും മോദിയോടൊപ്പം ചടങ്ങിൽ സംബന്ധിച്ച ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അവകാശപ്പെട്ടിട്ടുണ്ട്.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയുടെ പേരിൽ പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ഗതകാല ഭരണാനുഭവങ്ങളാണ് പുതിയ ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ രാജ്യത്തിന്റെ മുന്നിലുള്ളത്. അതാവട്ടെ, തികഞ്ഞ സമഗ്രാധിപത്യത്തിന്റെയും വംശീയ പക്ഷപാതിത്വത്തിന്റെയും നേർകാഴ്ചയായിരുന്നുവെന്ന് അനുഭവിച്ചവർക്ക് നിഷേധിക്കാനാവില്ല. ഒരുവശത്ത് ഒരുമാതിരിപ്പെട്ട പൊതുവ്യവസായങ്ങൾ മുഴുവൻ മേലേക്കിട കോർപറേറ്റുകൾക്ക് അടിയറവെച്ചതോടൊപ്പം അവരുടെ നിയമലംഘനങ്ങൾക്കെതിരെ ചെറുവിരലനക്കാൻ ധൈര്യപ്പെട്ടില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളിൽ 22 കോടിയോളം പേർ കൊടിയ ദാരിദ്ര്യത്തിൽ ജീവിതമെന്ന ശിക്ഷ അനുഭവിച്ചുതീർക്കുന്നു. ഇളംതലമുറയിൽ ഗണ്യമായ ഭാഗം ഉപരിവിദ്യാഭ്യാസവും തൊഴിലും തേടി പുറംനാടുകളിലേക്ക് ചേക്കേറാൻ വഴിതേടുന്നു. വിദ്യാഭ്യാസ വ്യവസ്ഥയെ സഹസ്രാബ്ദങ്ങൾക്ക് പിന്നിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണ്. സയൻസ്, ചരിത്രം തുടങ്ങിയ സർവ വിഷയങ്ങളും വർത്തമാന യാഥാർഥ്യങ്ങളുടെ നേരെ കൊഞ്ഞനം കുത്തി പ്രാകൃതമായി പൊളിച്ചെഴുതപ്പെടുന്നു.
ഇനി ഈ രാജ്യത്ത് ജീവിക്കാനാവില്ലെന്ന് ചിന്തിക്കാൻ ഇളംതലമുറയെ നിർബന്ധിക്കുന്ന സാഹചര്യം ഇതാണ്. മതന്യൂനപക്ഷങ്ങളുടെ പൗരത്വം മുതൽ വ്യക്തിത്വം വരെ കടുത്ത വെല്ലുവിളി നേരിടുകയാണ്. വെറുപ്പും വിദ്വേഷവുമാണ് മാധ്യമങ്ങളിലൂടെ പ്രസരിക്കുന്നത്. അത് ചൂണ്ടിക്കാട്ടുന്ന സ്വതന്ത്ര മാധ്യമങ്ങളെ നിയമക്കുരുക്കിൽ തളച്ചിടുന്നു. ഒപ്പം മുതലാളിമാരിലൂടെ വിലക്കുവാങ്ങി സർക്കാറിന്റെ കുഴലൂത്തുകാരാക്കാനുള്ള നീക്കങ്ങൾ ഏതാണ്ട് വിജയിച്ചുകഴിഞ്ഞു. അവസാനത്തെ അവലംബമായ ജുഡീഷ്യറിയെവരെ സ്വന്തം ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമം വിജയകരമായി പുരോഗമിക്കുന്നു. ഈ കാളരാത്രി അവസാനിക്കണമെങ്കിൽ മാസങ്ങൾക്കകം നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിൽ മതേതര കൂട്ടായ്മ ജയിക്കണമെന്നതാണ് ജനങ്ങളിൽ 60 ശതമാനത്തിന്റെയെങ്കിലും ആഗ്രഹം. പക്ഷേ, ഇൻഡ്യ മുന്നണിയിലെ അപസ്വരങ്ങൾ അവസാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്തരമൊരു പ്രതീക്ഷയുടെ സാധ്യതപോലും. ഇതെല്ലാം നല്ലപോലെ തിരിച്ചറിഞ്ഞുതന്നെയാണ് പണിതു പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനസ്ഥാനം തന്നെ കൈയടക്കി പ്രധാനമന്ത്രി കളിക്കുന്ന കളി.
ബാബരി മസ്ജിദ് തകർത്തത് അന്യായവും തെറ്റുമാണെന്നും അവിടെ ഒരുവിധ ക്ഷേത്രവുമുണ്ടായിരുന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതിതന്നെ ‘ഗതകാലാനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ’ ഭൂരിപക്ഷ സമുദായത്തിന് രാമക്ഷേത്രം പണിയാൻ ഭൂമി വിട്ടുകൊടുത്തപ്പോൾ പിടിച്ചതിനെക്കാൾ വലുത് മാളത്തിൽ എന്നോർത്തിട്ടുണ്ടാവില്ല. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ കുതന്ത്രം. അങ്ങനെയാണ് മൂന്നാമൂഴം തേടുന്ന നരേന്ദ്ര മോദി രാമന്റെ പേരിൽ ക്ഷേത്രം പണിയുകയെന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ റെക്കോഡ് വേഗത്തിൽ നടപടികളെടുത്തത്. 1800 കോടികൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി, ശേഷിക്കുന്ന 1400 കോടികൊണ്ട് സമ്പൂർണ രാമരാജ്യം സ്ഥാപിക്കുമെന്ന് ഉറപ്പും നൽകിയിരിക്കുന്നു. ഇതിഹാസ കഥാപാത്രം മാത്രമായ ശ്രീരാമനെ രമിപ്പിക്കുന്നവനായി മാത്രം കണ്ട ജനം സംഹാരരുദ്രന്റെ അവതാരമായി ഇനി അനുഭവിക്കേണ്ടിവരുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. കാരണം സ്നേഹം, സമാധാനം, സൗഹൃദം, സഹിഷ്ണുത എന്നിത്യാദി മാനവിക ഗുണങ്ങൾ സംഘ്പരിവാറിന്റെ നിഘണ്ടുവിൽ ഇതുവരെ സ്ഥലംപിടിച്ചിട്ടുള്ളതല്ല.
ഒരു നട്ടുച്ചക്ക് മോദി വന്ന് രാം ലല്ലക്ക് മുന്നിൽ കമിഴ്ന്നുകിടന്നത് ലോകമാകെ കാണിച്ചതുകൊണ്ട് മാത്രം മൗലികമാറ്റം പ്രതീക്ഷിക്കാമെങ്കിൽ അതൊരു നവ്യാനുഭവമായിരിക്കും. യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിന്റെ ഭാഗമായ സുന്നി സെൻട്രൽ വഖഫ് ബോർഡ് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനുകീഴിൽ 22 കിലോമീറ്റർ അകലെ നിർമിക്കാൻ പോവുന്ന ബദൽ പള്ളിക്ക് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേർ നൽകിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നാളിതുവരെയായി വിട്ടുകിട്ടിയ അഞ്ചേക്കർ കൃഷിഭൂമിയുടെ തരംമാറ്റൽപോലും അധികൃതരുടെ നിസ്സഹകരണംമൂലം പൂർത്തിയായിട്ടില്ല. ആറുമാസം മുമ്പുവരെ സംഭാവനയായി ലഭിച്ചത് വെറും 50 ലക്ഷം! 300 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന മസ്ജിദ് സമുച്ചയം സംഭാവനകളിലൂടെ പണം സ്വരൂപിച്ച് മൂന്നോ നാലോ വർഷംകൊണ്ട് പണി പൂർത്തിയാകുമെന്ന പ്രഖ്യാപനം കേട്ട് ബന്ധപ്പെട്ട സമുദായക്കാർ ചിരിക്കും. കാരണം, അവർക്ക് അത് വേണ്ടെന്ന് ആദ്യമേ പറഞ്ഞതാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.