രാജ്യം വിൽപനക്കു വെച്ചിരിക്കുന്നു
text_fieldsകടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന രാജ്യത്തിെൻറ രക്ഷക്ക് എന്ന പേരിൽ മോദി സർക്കാർ നടപ്പാക്കുന്ന ദേശീയ ധനസമാഹരണ പദ്ധതി കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. പ്രതിപക്ഷം അതിനെ വിശേഷിപ്പിക്കുന്നത് 'നിയമാനുസൃതവും സംഘടിതവുമായ കൊള്ള, രാജ്യത്തിെൻറ സമ്പത്ത് കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് ദാനംനൽകാനുള്ള പദ്ധതി എന്നിങ്ങനെെയല്ലാമാണ്. ഇത്രയും വലിയ വിൽപനക്ക് മാനദണ്ഡങ്ങൾ സുതാര്യമല്ലെന്നും മതിയായ കൂടിയാലോചനകൾ നടത്തിയിട്ടില്ലെങ്കിൽ പൊതുസമ്പത്ത് അന്യാധീനപ്പെടുന്നതിന് ഇത് വഴിതുറക്കുമെന്നും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുമേഖലയെ തകർക്കുന്ന നീക്കത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനംചെയ്യുകയാണ് തൊഴിലാളി സംഘടനകൾ. ഇത്രയേറെ വിമർശനങ്ങളുയരുേമ്പാഴും പ്രഖ്യാപിത പദ്ധതിയിൽനിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ധനമന്ത്രി നിർമല സീതാരാമനും കേന്ദ്ര സർക്കാറും.
നോട്ടുനിരോധനം, അശാസ്ത്രീയ ജി.എസ്.ടി പരിഷ്കരണം തുടങ്ങിയ സ്വയംകൃതാനർഥങ്ങളിലൂടെ തകർന്നടിഞ്ഞ സാമ്പത്തികാവസ്ഥയിൽനിന്ന് കരകയറാൻ കേന്ദ്രം കണ്ടെത്തിയ വഴി കൂടുതൽ മാരകമായിരുന്നു- പൊതുേമഖല സ്ഥാപനങ്ങളുടെ ഓഹരി നിർലോഭമായി വിറ്റഴിക്കൽ. അതിലൂടെ സംഭവിച്ചത് രാജ്യത്തിെൻറ വിലപ്പെട്ട സ്വത്തും സമ്പത്തുകളും അനായാസം പ്രധാനമന്ത്രിയുടെ ചങ്ങാതിമാരുടെ കൈപ്പിടിയിലെത്തി. ലോകം സാമ്പത്തികമാന്ദ്യം നേരിടുേമ്പാഴും അവർ വർധിത ആസ്തികളുമായി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ തിളങ്ങി വിളങ്ങി മുന്നിലെത്തി. രാജ്യത്തെ സാധാരണക്കാരാകട്ടെ, നികുതികളുടെയും ടോളുകളുടെയും അനിയന്ത്രിതമായ വർധനയിൽ ഞെരിഞ്ഞമർന്നു.
കോവിഡ് മഹാമാരി ആഞ്ഞുവീശുകകൂടി ചെയ്തതോടെ അങ്ങേയറ്റം ദുർബലമായിരുന്ന സമ്പദ്ഘടനയെ 'വെൻറിലേറ്ററിലെത്തിച്ചു. സാമ്പത്തിക സുസ്ഥിരതയും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ അധ്വാനവും ആസൂത്രണവും രാജ്യത്തിന് അത്യന്താപേക്ഷിതമായ സമയത്തുതന്നെ സാമ്പത്തികരംഗത്ത് (സാമൂഹിക ജീവിതത്തിലും) വമ്പിച്ച സങ്കീർണതകൾ സൃഷ്ടിക്കുന്ന തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? അടുത്ത നാലു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികൾ സ്വകാര്യ സംരംഭകർക്ക് കൈമാറി ആറു ലക്ഷം കോടി സമാഹരിക്കാൻ വെപ്രാളപ്പെടുന്നതിന് ഒറ്റ കാരണമേയുള്ളൂ; നോട്ടുനിരോധനത്തിലൂടെ തുടക്കംകുറിച്ച സമ്പദ്വ്യവസ്ഥയുടെ ദുരന്തപരമ്പര രാജ്യത്തെ പാപ്പരാക്കിയിരിക്കുന്നു. ശൂന്യമായ ഖജനാവിനെ നിറക്കാൻ മോദി സർക്കാറിന് അറിയാവുന്ന ഒരു വഴി മാത്രമേയുള്ളൂ -ആസ്തി വിൽപന. അവസാന വിത്തുകൂടി എടുത്തുകൊണ്ടുള്ള കുത്താണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികൾ പണമാക്കുക എന്ന തീരുമാനം ഒന്നാം മോദി സർക്കാറിെൻറ അവസാനകാലത്തുതന്നെ എടുത്തിരുന്നു. പേക്ഷ, അവ നടപ്പാക്കാൻ തീരുമാനിച്ചത് ഇപ്പോഴാെണന്നുമാത്രം. 13 അടിസ്ഥാന സൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികൾ വിറ്റഴിക്കലിലൂടെ, ലക്ഷ്യംവെച്ചിരിക്കുന്ന പശ്ചാത്തല വികസന പദ്ധതികളുടെ 16 ശതമാനത്തോളം പണം (ആറു ലക്ഷം കോടി) കരഗതമാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ. അതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡ്, പവർഗ്രിഡിെൻറ വൈദ്യുതി പ്രസാരണ ലൈനുകൾ, കൊങ്കണടക്കമുള്ള റെയിൽവേ പാതകളും അവരുടെ സ്ഥലങ്ങളും, കരിപ്പൂർ ഉൾപ്പെെടയുള്ള 25 വിമാനത്താവളങ്ങൾ, ടെലികോം, വ്യോമയാന, ഷിപ്പിങ്, വാതക, ഖനന മേഖലകൾ തുടങ്ങിയവ ആഭ്യന്തര, വിദേശ കോർപറേറ്റുകളുടെ മുന്നിൽ വിൽപനക്കു വെച്ചിരിക്കുകയാണ്.
നിലവിലെ ആസ്തികൾ നടത്തിപ്പിന് പാട്ടക്കരാറിലാണ് കൈമാറുകയെന്നും ഉടമസ്ഥത സർക്കാറിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലാവധി കഴിഞ്ഞാൽ മൂല്യവർധനയോടെ തിരിച്ചുലഭിക്കുമെന്നുമാണ് ധനസമാഹരണ പദ്ധതി സംബന്ധിച്ച് ധനമന്ത്രിയുടെ വിശദീകരണം. ആസ്തികളുടെ കൈമാറ്റപ്രക്രിയ പൂർണമായി സുതാര്യമായിരിക്കുമെന്നും ഒാഹരി വിറ്റഴിക്കാനുള്ള പ്രത്യേക വകുപ്പിന് (DIPAM) കീഴിൽ അവ സമയബന്ധിതമായി വിലയിരുത്തലുകൾ നടത്തുമെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ, ആസ്തി വിൽപനയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ സർക്കാർ സന്നദ്ധമല്ല. 25/30 വർഷം വരെ സ്വകാര്യ സംരംഭകർക്ക് പാട്ട/വാടക വ്യവസ്ഥകളിൽ പട്ടയം നൽകാതെ കൈമാറുമെന്നാണ് കരുതപ്പെടുന്നത്. കാലാവധിക്കുശേഷം കരാർ പുതുക്കുമോ? അവരേെറ്റടുക്കുന്ന ആസ്തികളുടെ സേവനമൂല്യവും വിലയും നിശ്ചയിക്കുന്നതിൽ സർക്കാറിന് നിയന്ത്രണമുണ്ടാകുമോ തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്കുപോലും മൗനമാണ് മറുപടി.
ഈ ആസ്തി വിൽപനയിലൂടെയുണ്ടാകുന്ന പണലഭ്യതയിലൂടെ ഖജനാവിനു വീണ ഓട്ടയെ താൽക്കാലികമായി മറച്ചുവെക്കാനാകും. ധനകമ്മി കുറഞ്ഞുവെന്ന് വീരസ്യംപറയാനും സാധിച്ചേക്കും. എന്നാൽ, പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കണമെങ്കിൽ കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവരാവശ്യപ്പെടുന്ന എല്ലാ ഇളവുകളും അംഗീകരിക്കാൻ കേന്ദ്രം നിർബന്ധിതരാകും. ഇതുവരെയുള്ള അനുഭവം അതിന് കേന്ദ്രത്തിന് യാതൊരു വൈമുഖ്യവുമിെല്ലന്നതാണ്. റിസർവ് ബാങ്കിലെ കരുതൽ ധനം പിടിച്ചെടുത്ത് ഉൽപാദനരഹിത മേഖലകളിൽ ദുർവിനിയോഗം ചെയ്യുന്ന പതിവുപണികളാണ് ആവർത്തിക്കപ്പെടുന്നതെങ്കിൽ രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വത്തിെൻറ വേലിയേറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.