മാധ്യമസ്വാതന്ത്ര്യത്തിന് മരണമണി
text_fields
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിെൻറ ആത്മാവാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏകസ്വരത്തിലുള്ള പ്രഘോഷം കേൾക്കാൻ അവസരമുണ്ടാക്കിയതാണ് കഴിഞ്ഞദിവസം മാധ്യമ ദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറിെൻറ ഏറ്റവും ശ്രദ്ധേയമായ സംഭാവന. മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ഏതു നീക്കവും ശക്തമായി എതിർത്തു തോൽപിക്കാൻ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയാണെങ്കിൽ രാജ്യത്തിെൻറ ജനാധിപത്യ മൂല്യങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന സംഭാവനകൾ മഹത്തരമെന്ന് ശ്ലാഘിച്ചു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായും ഊന്നിപ്പറഞ്ഞത്. രാജ്യത്തിെൻറ കടിഞ്ഞാൺ കൈയിലേന്തിയ നാലംഗ സംഘത്തിെൻറ ഈ പ്രഖ്യാപനവും ഉറപ്പും ശ്രദ്ധിച്ച മാധ്യമ ഉടമകളും പ്രവർത്തകരും മാത്രമല്ല ജനാധിപത്യ പ്രേമികളായ മുഴുവൻ പൗരരും കൈയടിക്കാതിരിക്കില്ല. ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യത്തിെൻറയും സംരക്ഷണത്തിേൻറതുമായ സുവർണകാലം വരാൻപോകുന്നു എന്ന് സ്വപ്നംകാണാൻ അരങ്ങൊരുങ്ങുന്നതുതന്നെ രോമാഞ്ചജനകമായ അനുഭവമാണ്.
പക്ഷേ, സ്വപ്നത്തിൽനിന്നുണർന്ന് യാഥാർഥ്യത്തിലേക്ക് വന്നാലോ? ലോകത്തെ 180 രാജ്യങ്ങളിൽ 'റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ്' എന്ന അന്താരാഷ്ട്ര ഏജൻസി നടത്തിയ പഠനത്തിൽ മാധ്യമസ്വാതന്ത്ര്യത്തിെൻറ പട്ടികയിൽ 2015ൽ 138ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ 2020ൽ 142 ആയി താഴ്ന്നു! ആഭ്യന്തര യുദ്ധം മൂലം ക്രമസമാധാനംപോലും തകർന്നുകിടക്കുന്ന താലിബാെൻറ നാടായ അഫ്ഗാനിസ്താൻപോലും 122ാം സ്ഥാനത്ത് നമ്മേക്കാൾ എത്രയോ മുന്നിൽ നിൽക്കുേമ്പാഴാണ് ഈ 'അഭിമാനാർഹമായ' നേട്ടം. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതുതായി കരിനിയമങ്ങളൊന്നും ചുട്ടെടുത്തതുകൊണ്ടല്ല മോദി സർക്കാറിെൻറ കീഴിൽ സ്ഥിതി ഇവ്വിധം മോശമാവാൻ കാരണമെന്നോർക്കണം. മാധ്യമപ്രവർത്തകരുടെ നേരെയുള്ള പൊലീസ് അതിക്രമങ്ങൾ, രാഷ്ട്രീയ പ്രവർത്തകരുടെ മോശമായ പെരുമാറ്റം, ക്രിമിനലുകളുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും ഭീഷണികൾ എന്നിവയൊക്കെ മാധ്യമസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നു പഠനം ചൂണ്ടിക്കാട്ടുന്നു. അതിലുപരി പ്രധാനമന്ത്രി മോദിയുടെ പാർട്ടിയായ ബി.ജെ.പി ഹിന്ദുത്വ ദേശീയസർക്കാറിെൻറ നയനിലപാടുകൾ പിന്തുടരാൻ ചെലുത്തുന്ന അതിശക്തമായ സമ്മർദം പത്രങ്ങൾക്ക് ഭീഷണിയാവുന്നു എന്നാണ് പഠനം കണ്ടെത്തിയത്. 'ദേശീയ വിരുദ്ധം' എന്നാരോപിച്ച് ഭിന്നാഭിപ്രായങ്ങളെ ഒതുക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമവും അവരെ അലോസരപ്പെടുത്തുന്ന അഭിപ്രായങ്ങളും വിമർശനങ്ങളും പറയുകയോ എഴുതുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന വെറുപ്പ് പ്രചാരണവും സംഘടന എടുത്തുപറയുന്നുണ്ട്. അധികാരികളെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെ മേൽ, ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും റിപ്പോർട്ട് അനാവരണം ചെയ്യുന്നുണ്ട്. ഇക്കൊല്ലം ഇന്ത്യയുടെ റാങ്ക് ഏറെ താഴോട്ടുപോവാനുള്ള പശ്ചാത്തലം ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി മാത്രമല്ല, സാധാരണ സംസ്ഥാനാസ്തിത്വംപോലും എടുത്തുകളഞ്ഞ് മാധ്യമ പ്രവർത്തനത്തിന് സമ്പൂർണ വിലക്കേർപ്പെടുത്തുകയും കശ്മീരിലെ ഒേട്ടറെ മാധ്യമ പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തതാണ്. സ്വദേശത്തെയോ വിദേശത്തെയോ മാധ്യമ പ്രവർത്തകർക്ക് അവിടെ പ്രവേശനം നിേഷധിക്കുകയും ചെയ്തു.
കൂനിന്മേൽ കുരുവെന്നവണ്ണം ഒടുവിൽ രാജ്യത്തെ ഓൺലൈൻ പോർട്ടലുകളെയും ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ് ഫോമുകളെയും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ കീഴിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ തുടങ്ങിയവയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പെടുന്നത്. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളും നിരീക്ഷണവിധേയമാവും. വ്യാജവാർത്തയും വിദ്വേഷ പ്രചാരണവും സ്ത്രീവിരുദ്ധ പരാമർശങ്ങളും തടയുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെടുന്നു. തീർച്ചയായും അതൊക്കെ തടയപ്പെടേണ്ടതുതന്നെ. പക്ഷേ, ജനാധിപത്യത്തോടോ മതനിരേപക്ഷതയോടോ ധാർമികതയോടോ പോലും ഒരുവിധ പ്രതിബദ്ധതയും ഇന്നുവരെ തെളിയിച്ചിട്ടില്ലാത്ത ഒരു സർക്കാറും അതിെൻറ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരും പുതിയ നിയമത്തെ ദുർവിനിയോഗം ചെയ്യാനുള്ള സാധ്യത അനിഷേധ്യമാണ്. ആരെങ്കിലും അത് ചൂണ്ടിക്കാട്ടിയാൽ അവർക്കാണ് പണി കിട്ടുക. എല്ലാവിധ മാധ്യമങ്ങൾക്കുമായി ഒരു പെരുമാറ്റച്ചട്ടം അവ സ്വയം ആവിഷ്കരിച്ച് അതിെൻറ ലംഘനം യഥാസമയം ചൂണ്ടിക്കാണിക്കപ്പെട്ടാൽ അർഹിക്കുന്ന ശിക്ഷാ നടപടി വിധിക്കുന്ന സംവിധാനമാണ് താരതമ്യേന സുരക്ഷിതമായ മാർഗം. ചുരുങ്ങിയപക്ഷം, അത്തരമൊന്ന് പരീക്ഷിക്കപ്പെട്ടു പരാജയമാണെന്ന് തെളിഞ്ഞാൽ മാത്രമേ കൂടുതൽ കർക്കശ നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ. ഇപ്പോഴത്തെ നീക്കം കുരങ്ങന് ഏണിവെച്ചുകൊടുക്കലാണ്. അത് സ്വതേ ദുർബലമായ മാധ്യമസ്വാതന്ത്ര്യത്തെ പൂർവാധികം പരിക്ഷീണിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.