ജമ്മു-കശ്മീരിലെ ജനാധിപത്യ പ്രക്രിയ
text_fields2019 ആഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന ആർട്ടിക്കിൾ എടുത്തുകളഞ്ഞതിനുശേഷം ജമ്മു-കശ്മീർ ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. നവംബർ 28നും ഡിസംബർ 19നും ഇടയിൽ എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ജില്ല വികസനസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കേന്ദ്രവും ബി.ജെ.പിയും കരുതിയിരുന്നത് ജമ്മു-കശ്മീരിലെ പ്രധാന രാഷ്ട്രീയപാർട്ടികൾ അത് ബഹിഷ്കരിക്കുമെന്നായിരുന്നു. ജനാധിപത്യപ്രക്രിയയോട് താഴ്വരയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അവിശ്വസിച്ച് പിന്തിരിയുന്നത് ഒരു വർഷമായി അവിടെ തുടരുന്ന വേട്ടയാടലിന് സാധൂകരണമായി പ്രചരിപ്പിക്കാമെന്നും അതോടൊപ്പം സൈനികപിന്തുണയോടെ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് വിജയം അനായാസമാക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടി. എന്നാൽ, 84കാരനായ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കർ റോഡിലെ വസതിയിൽ നാഷനല്‍ കോണ്‍ഫറൻസ്, പീപ്ള്‍സ് െഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി), സി.പി.എം, സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസ് എന്നിവയടക്കം പ്രധാന ഏഴ് രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച പി.എ.ജി.ഡി (പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ) ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനിച്ചതോടെ കേന്ദ്ര സർക്കാറിെൻറ തന്ത്രങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഏകോപനം ബി.ജെ.പിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അതിെൻറ വെപ്രാളവും അങ്കലാപ്പും വിദ്വേഷജനകമായ പ്രസ്താവനകളിലൂടെയും ജനാധിപത്യവിരുദ്ധ ഇടപെടലുകളിലൂടെയും മറികടക്കാൻ ശ്രമിക്കുകയാണ് സർക്കാറും സംഘ്പരിവാറും.
കഴിഞ്ഞ ഒരു വർഷമായി കേന്ദ്രസർക്കാറിെൻറ അന്യായമായ നടപടിക്രമങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട താഴ്വരയിലെ ജനങ്ങളുടെ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള സുവർണാവസരമാകും, അവിടെ നടക്കുന്ന ജനാധിപത്യ പ്രക്രിയ സുതാര്യവും നീതിപൂർവകവുമാെണങ്കിൽ. യഥാർഥത്തിൽ അവിടെ കേന്ദ്രസർക്കാർ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ സഖ്യത്തെയും അവരുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെയും സ്വാഗതം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. പ്രത്യേകാധികാരങ്ങൾ റദ്ദാക്കി ജമ്മു-കശ്മീരിനെ തുറന്ന ജയിലാക്കിമാറ്റിയ ശേഷവും പ്രമുഖ പാർട്ടികൾ ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്നുവെന്ന് തെളിയിച്ചിരിക്കെ അതംഗീകരിക്കാനും ഉൾകൊള്ളാനുമുള്ള ബാധ്യത കേന്ദ്രസർക്കാറിനുണ്ടായിരുന്നു. പക്ഷേ, ഗുപ്കർ സഖ്യം ഭീകരവാദത്തെ വളർത്തുന്നു, കശ്മീരിനെ ഇന്ത്യയിൽനിന്ന് അകറ്റുന്നു, കലാപത്തെ ഓർമിപ്പിക്കുന്നു, ദേശദ്രോഹപരമായ അവിശുദ്ധ ആഗോള കൂട്ടുകെട്ടാണ് തുടങ്ങിയ പ്രതിലോമപരമായ പ്രസ്താവനകളിറക്കി അവിടെ സംഘർഷഭരിതമാക്കുന്നത് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ മാത്രമല്ല, ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ്, പ്രഹ്ലാദ് ജോഷി തുടങ്ങിയവർ കൂടിയാണ്.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവിയും ജനതയുടെ അവകാശങ്ങളും പുനഃസ്ഥാപിക്കാൻ ഒരുമിച്ച് പൊരുതുകയാണ് ഗുപ്കർ ജനകീയ സഖ്യത്തിെൻറ ലക്ഷ്യം. 'ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ഇവിടെയുണ്ട്, എെൻറ ജോലി പൂർത്തിയാക്കുന്ന ദിവസം ഞാൻ ഈ ലോകം വിട്ടുപോകും. അതുവരെ ഞാൻ മരിക്കില്ല' എന്ന് ഏറെ വൈകാരികമായാണ് ഫാറൂഖ് അബ്ദുല്ല ഒരു വർഷത്തിനുശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഗുപ്കർ സഖ്യവുമായി യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കുമ്പോഴും അതിലെ കക്ഷികളുമായി പ്രാദേശിക നീക്കുപോക്കിന് അവരും തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, പ്രമുഖ കക്ഷികളുടെ ഈ ഏകോപനം വരുന്ന തെരഞ്ഞെടുപ്പിൽ സഖ്യത്തിന് അനുകൂലമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ വിജയം കേന്ദ്ര സർക്കാറിെൻറയും ബി.ജെ.പിയുടെയും കശ്മീർ നയത്തിനെതിരായ ജനവിധിയായി വിലയിരുത്തപ്പെടുമെന്നും അവർ കരുതുന്നു. 2016ലെ വനാവകാശം ലഡാക്ക്, കശ്മീർ മേഖലകളിൽ നടപ്പാക്കാൻ അതോറിറ്റി ശ്രമം ആരംഭിച്ചപ്പോൾതന്നെ ഗുജ്ജർ, ബക്കർവാല സമുദായങ്ങൾ പ്രക്ഷുബ്ധരായിട്ടുണ്ട്. മേഖലയിലൊന്നാകെ നിലനിൽക്കുന്ന അപ്രഖ്യാപിത കർഫ്യൂകളും വിവേചനപരമായ ഭരണകൂട ഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഉപാധ്യക്ഷ മഹ്ബൂബയും കൺവീനർ യൂസുഫ് തരിഗാമിയും.
ഗുപ്കർ സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ മേൽക്കൈ ആർട്ടിക്ക്ൾ 370, 35 എ റദ്ദാക്കൽ കശ്മീരികൾക്ക് അസ്വീകാര്യമാെണന്ന വാദത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം ഭയക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ കശ്മീരികളുടെ വിമോചനം പൂർണമായി എന്ന പ്രചാരണം പൊള്ളയാെണന്നു ആഗോളതലത്തിൽ സ്ഥാപിക്കപ്പെടുമെന്നും അവർ ആശങ്കിക്കുന്നു. അതുകൊണ്ടുതന്നെ, എന്തു വിലകൊടുത്തും ഇതിനെ ചെറുക്കണമെന്നാണ് ബി.ജെ.പിയുടെ തീരുമാനം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അതിവേഗ ഇൻറർനെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടി 20 ജില്ലകളിൽ 18ലും 3ജി, 4ജി ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് നീട്ടി ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര ഉത്തരവിട്ടിരിക്കുന്നു. സുരക്ഷക്രമീകരണത്തിെൻറ പേരിൽ 25,000 അധിക സുരക്ഷാ ഉദ്യോഗസ്ഥരെ നിശ്ചയിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ്. കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാറും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള വേർതിരിവ് പൂർണമായി ഇല്ലാതാകുകയാണ്. ചുരുക്കത്തിൽ, ജമ്മു-കശ്മീരിലെ വികസന സമിതി തെരഞ്ഞെടുപ്പ് കശ്മീരികളെ നമ്മിൽനിന്ന് കൂടുതൽ അകറ്റുകയാണോ അതോ ജനാധിപത്യപ്രക്രിയയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ സഹായകരമാകുമോ എന്ന് കൃത്യമായി അറിയാൻ ഡിസംബർ 22ലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.