ഇസ്ലാമോഫോബിയയുടെ ഫ്രഞ്ച് നവതരംഗങ്ങൾ
text_fieldsഫ്രാൻസിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡൻറാണ് ഇമ്മാനുവൽ ഫ്രെഡറിക് മാക്രോൺ. സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം, 2016ൽ സ്വന്തമായി രൂപംനൽകിയ 'എൻമാർച്ചെ' എന്ന പ്രസ്ഥാനത്തെ ജനകീയമാക്കിയാണ് തൊട്ടടുത്ത വർഷം, 39ാം വയസ്സിൽ, പ്രസിഡൻറ്പദത്തിലെത്തിയത്. സോഷ്യലിസത്തിൽനിന്ന് തീവ്രവലതുപക്ഷത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ജനതയെ രാഷ്ട്രീയമായി മധ്യമ നിലപാടിൽകൊണ്ടെത്തിക്കുന്നതിൽ മാക്രോണിനും അദ്ദേഹത്തിെൻറ പാർട്ടിക്കും ചെറുതല്ലാത്ത പങ്കുണ്ട്. പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നുമുള്ള അഭയാർഥികളോട് ഇതര പ്രസ്ഥാനങ്ങൾ പുറംതിരിഞ്ഞുനിന്നപ്പോൾ, അവരോട് അനുഭാവപൂർവം പെരുമാറാൻ അദ്ദേഹം തയാറായി. ഇസ്ലാമിക ചിഹ്നങ്ങൾ പൊതു ഇടങ്ങളിൽ വിലക്കപ്പെട്ടപ്പോഴും അതിനെതിരെ അദ്ദേഹം ശബ്ദിച്ചു. യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോയി സ്വയം തുരുത്തുകളായി ജീവിക്കാൻ ബ്രിട്ടൻ അടക്കമുള്ള പല അംഗരാജ്യങ്ങളും തയാറെടുത്തപ്പോൾ അതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും മുൻപന്തിയിലുണ്ടായിരുന്നു അദ്ദേഹം. മറ്റൊരർഥത്തിൽ, പരിമിതികളും ബലഹീനതകളും ഏറെയുണ്ടെങ്കിലും യൂേറാപ്യൻ യൂനിയൻ എന്ന ആശയം മുന്നോട്ടുവെച്ച അടിസ്ഥാന മാനവികമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചാണ് മാക്രോൺ രാജ്യത്ത് മറ്റൊരു നവതരംഗം തീർത്ത് അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ, കാനഡയിൽ ജസ്റ്റിൻ ട്രൂഡോക്കും ജർമനിയിൽ അംഗല മെർകലിനും ന്യൂസിലൻഡിൽ ജസീന്ത ആർേഡനും ലഭിച്ച സ്വീകാര്യത മാക്രോണിനും കിട്ടി. എന്നാൽ, കുറച്ചുകാലമായി മാക്രോൺ ഇൗ രാഷ്ട്രീയത്തിൽനിന്ന് പ്രത്യക്ഷമായിതന്നെ വ്യതിചലിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പലപ്പോഴും യൂറോപ്പിലെ തീവ്രവലതുപക്ഷത്തിെൻറ നാവായി മാക്രോൺ മാറുന്നുവെന്നാണ് സമീപകാലാനുഭവങ്ങൾ. ഏറ്റവുമൊടുവിൽ അദ്ദേഹം ഇസ്ലാമിനെതിരെ നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ലോകം മുഴുക്കെ പ്രതിസന്ധി നേരിടുന്ന മതമായി ഇസ്ലാം മാറിയിരിക്കുന്നുവെന്നും ഇസ്ലാമികതീവ്രവാദത്തിന് ഫ്രാൻസിെൻറ മണ്ണ് വിട്ടുനൽകില്ലെന്നും മറ്റുമാണ് അദ്ദേഹം പറഞ്ഞത്. ഒക്ടോബർ 16ന്, ക്ലാസ്മുറിയിൽ പ്രവാചകെൻറ കാർട്ടൂൺ പ്രദർശിപ്പിച്ച സാമുവൽ പാറ്റി എന്ന അധ്യാപകനെ ചെച്നിയൻ വംശജനായ വിദ്യാർഥി കൊലപ്പെടുത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ പ്രസ്താവന. ഒരു ന്യായീകരണത്തിനും വകയില്ലാത്ത ആ പൈശാചികവൃത്തിയെ ലോകം മുഴുവൻ അപലപിച്ചതാണ്. മുസ്ലിം വേൾഡ് ലീഗ് ഉൾപ്പെടെയുള്ള സംഘടനകളും സൗദി, ജോർഡൻ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും ആ ക്രൂരകൃത്യത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും, ഏകപക്ഷീയമായി അതിനെ 'ഇസ്ലാമികവത്കരി'ക്കാനാണ് മാക്രോൺ തുനിഞ്ഞത്. പാരിസിെൻറ പ്രാന്തപ്രദേശങ്ങളിലൊന്നിൽ നടന്ന ആ നിർഭാഗ്യകരമായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും കുഴപ്പം ഇസ്ലാമിനുതന്നെയാണെന്നുമുള്ള ഇസ്ലാമോഫോബിയയുടെ വംശീയതയിലധിഷ്ഠിതമായ അടിസ്ഥാന തത്ത്വം തന്നെയാണ് മാക്രോൺ ആവർത്തിച്ചുപറഞ്ഞത്. സ്വാഭാവികമായും മുസ്ലിം രാഷ്ട്രങ്ങൾ ആ പ്രസ്താവനക്കെതിരെ രംഗത്തെത്തി; ഇപ്പോഴത് വലിയ നയതന്ത്രപ്രശ്നമായി വളർന്നിരിക്കുന്നു. ഫ്രാൻസിെൻറ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ഒരു ഡസൻ രാജ്യങ്ങളെങ്കിലും തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
വാസ്തവത്തിൽ, സാമുവൽ പാറ്റിയുടെ കൊലപാതകത്തിനു മുന്നേ മാക്രോൺ ഇസ്ലാംപേടി പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം അദ്ദേഹം രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പുതിയ നിയമത്തെക്കുറിച്ച് നടത്തിയ പ്രസംഗംതന്നെ ഇതിെൻറ മുന്തിയ തെളിവ്. 'ഇസ്ലാമിക വിഘടനവാദ'ത്തിൽനിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കാനാണത്രെ പുതിയ നിയമം. രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങളെയും ഇമാമുമാരെയും പ്രത്യേകനിരീക്ഷണത്തിലാക്കുക, 'മതേതര ഉടമ്പടി'യിൽ ഒപ്പുവെച്ച സംഘടനകൾക്കു മാത്രം വിദേശഫണ്ടിങ് അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളടങ്ങുന്ന നിയമം മുസ്ലിം ജനവിഭാഗങ്ങളെ സംശയത്തിെൻറ നിഴലിലാക്കാനേ സഹായിക്കൂ എന്നത് സാമാന്യബുദ്ധിക്കുപോലും മനസ്സിലാകും. ഇപ്പോൾ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 20ഒാളം പള്ളികൾ അടച്ചുപൂട്ടുകയും ചെയ്തിരിക്കുന്നു.
മുസ്ലിംലോകത്തിന് പ്രതീക്ഷയുടെ നാമ്പുകൾ സമ്മാനിച്ച ഒരാളിൽനിന്നുതന്നെയാണ് തീവ്രവലതുപക്ഷത്തെപ്പോലും നാണിപ്പിക്കുന്ന ഇൗ നീക്കങ്ങളെന്നത് ആരെയും അത്ഭുതപ്പെടുത്തും. ഫ്രാങ്സ്വ ഒാലൻഡിെൻറ സോഷ്യലിസ്റ്റ് ഭരണകാലത്ത് യൂനിവേഴ്സിറ്റികളിൽ ശിരോവസ്ത്രം നിരോധിച്ചപ്പോൾ അതിനെതിരെ ശബ്ദിച്ചയാളാണ് മാക്രോൺ.
ഇന്നിപ്പോൾ, രാജ്യത്തെ പള്ളികൾ അടച്ചുപൂട്ടുന്നതിലാണ് അദ്ദേഹത്തിന് താൽപര്യം. അഭയാർഥികളോടുണ്ടായിരുന്ന അദ്ദേഹത്തിെൻറ മൃദുസമീപനവും മാറിത്തുടങ്ങിയിരിക്കുന്നു. യൂറോപ്പിലെ തീവ്രവലതുപക്ഷം മുന്നോട്ടുവെക്കുന്ന 'മുസ്ലിം അഭയാർഥികൾ അഥവാ ഭീകരവാദികൾ' എന്ന സമീകരണം അദ്ദേഹവും ഏറ്റെടുത്തതോടെ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചുരുക്കം അഭയാർഥികൾക്കു മാത്രമാണ് ഫ്രാൻസിൽ പ്രവേശിക്കാനായത്. ഫ്രാൻസിെൻറ പൊതുമണ്ഡലങ്ങളിലും കാണാം ഇൗ മാറ്റം. ഹിജാബ് ധരിച്ചെത്തിയ വനിതകൾക്ക് പല യൂനിവേഴ്സിറ്റികളിലും പ്രവേശനം നിഷേധിക്കപ്പെടുന്നതും ഇൗഫൽ ഗോപുരമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അവർ ആക്രമിക്കപ്പെടുന്നതും നിത്യേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നു. പലയിടത്തും പള്ളികളും തകർക്കപ്പെട്ടു. രാജ്യത്ത് തീവ്ര വലതുപക്ഷസംഘടനകൾ നടത്തുന്ന വംശീയവിദ്വേഷത്തിലധിഷ്ഠിതമായ കൊലവിളിക്കുനേരെ മൗനം പാലിക്കുക മാത്രമല്ല മാക്രോൺ; ഇരകളെ പൈശാചികവത്കരിക്കുന്ന 'നവനാസി' തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇസ്ലാമോഫോബിയയുടെ ഇൗ ഫ്രഞ്ച് നവതരംഗത്തിൽനിന്ന് ദൈവം യൂറോപ്പിനെ രക്ഷിക്കെട്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.